Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘രജനീകാന്തിന്റെ അച്ഛനായിട്ടു വരെ അഭിനയിച്ചിട്ടുണ്ട് ’

ഒരുകാലത്ത് തമിഴകത്തെ വിറപ്പിച്ച വില്ലൻ ആയിരുന്നു എം.എൻ.നമ്പ്യാർ. ശിവാജി ഗണേശൻ സിനിമകളിലെ സ്ഥിരം വില്ലനായ എം.എൻ.നമ്പ്യാറിന്റെ പ്രതാപത്തിന് രജനികാന്ത്-കമൽഹാസൻ കാലഘട്ടമായപ്പോഴേക്കും നിറംമങ്ങി. എം.എൻ.നമ്പ്യാറിന് പകരം ആര് എന്ന ചോദ്യത്തിന് ഉത്തരമായിട്ടാണ് രങ്കരാജ് അഥവാ സത്യരാജ് എന്ന വില്ലൻ വരുന്നത്.

വില്ലനായി തുടങ്ങി നായകനായി മാറിയ സത്യരാജ് കമലിന്റെ ആഗതനിലൂടെ മലയാളത്തിലും എത്തി. മോഹൻലാലിന്റെ പുതിയ സിനിമ ലൈലാ ഓ ലൈലയിലുടെ വീണ്ടും സത്യരാജ് മലയാളത്തിൽ എത്തുകയാണ്. മലയാളസിനിമയിലെ സൗഹൃദങ്ങളെക്കുറിച്ചും ലൈലാ ഓ ലൈലായുടെ വിശേഷങ്ങളെക്കുറിച്ചും സത്യരാജ് മനോരമ ഓൺലൈനുമായി പങ്കുവെക്കുന്നു.

satyaraj-agathan

വില്ലന്‍ സത്യരാജിൽ നിന്നും നായകന്‍ സത്യരാജിലേക്കുള്ള മാറ്റം എങ്ങനെയായിരുന്നു?

എഴുപത്തിയഞ്ചിലധികം സിനിമകളിൽ ഞാൻ വില്ലനായിരുന്നു. വില്ലനിൽ നിന്ന് നായകനിലേക്ക് ഒരു മാറ്റം തന്നതിന് പ്രധാന കാരണം മലയാള സിനിമയാണ്. തമിഴിൽ ഞാൻ വില്ലനായി അഭിനയിക്കുന്ന കാലഘട്ടത്തിൽ മലയാളത്തിൽ മോഹൻലാലും മമ്മൂട്ടിയുമൊക്കെ നായകന്മാരായിക്കഴിഞ്ഞു. ‌അവരുടെ സിനിമകളുടെ റീമേക്കുകളിൽ നായകനായി അഭിനയിച്ചാണ് തമിഴിൽ ഞാനും നായകനാവുന്നത്.

മമ്മൂട്ടിയുടെ ആവനാഴിയുടെ തമിഴാണ് എനിക്ക് ബ്രേക്ക് നൽകിയ ചിത്രം. 100 ദിവസത്തിൽക്കൂടുതൽ ആ ചിത്രം തമിഴ്നാട്ടിൽ ഓടി. മമ്മൂട്ടിയുടെ ഹിറ്റ്ലർ ഉൾപ്പടെയുള്ള നിരവധി സിനിമകളുടെ തമിഴിൽ ഞാൻ നായകനായി. അതുപോലെ തന്നെ മോഹൻലാൽ സിനിമകളുടെ തമിഴിലും. അങ്ങനെ സത്യരാജ് എന്ന വില്ലനെ നായകനാക്കിയതിൽ വലിയൊരു പങ്ക് മലയാളസിനിമകളുണ്ട്.

പുതിയ മലയാളം സിനിമകൾ കാണാറുണ്ടോ?

കാണാറുണ്ട്. മലയാളം താരതമ്യേന ചെറിയ ഇൻഡസ്ട്രിയാണെങ്കിലും വൈവിധ്യമുള്ള ഒരുപാട് കഥകൾ ഇവിടെ ഉണ്ടാകാറുണ്ട്. തമിഴ് ഇൻഡസ്ട്രിയിൽ അത്തരം കഥകൾ കുറവാണ്. അതുകൊണ്ട് മലയാളസിനിമയിലെ മാറ്റം നന്നായി നിരീക്ഷിക്കാറുണ്ട്.

satyaraj-mohanlal-images

ജോഷി-മോഹൻലാൽ കൂട്ടുകെട്ടിന്റെ ലൈലാ ഓ ലൈലയുടെ ഭാഗമാകുന്നത് എങ്ങനെയാണ്?

തമിഴിൽ ജോഷി സർ സംവിധാനം ചെയ്ത എയർപോർട്ടിൽ ഞാൻ ആയിരുന്നു നായകൻ. 1993ൽ ഇറങ്ങിയ ചിത്രമാണത്. അന്നു തൊട്ട് അദ്ദേഹത്തിനെ അറിയാം. ആ പരിചയമാണ് ലൈല ഓ ലൈലയിൽ എത്തിച്ചത്.

ലൈല ഓ ലൈലയിലെ കഥാപാത്രത്തെക്കുറിച്ച്?

മോഹൻലാലിന്റെ മേൽഉദ്യോഗസ്ഥനായിട്ട് ഞാൻ അഭിനയിക്കുന്നത്. തമിഴ് സംസാരിക്കുന്ന കഥാപാത്രമാണ്. തമിഴ് മാത്രമേ എനിക്ക് വശമൊള്ളൂ. ഇതിലെ കഥാപാത്രം തമിഴ്നാട്ടുകാരനായതു കൊണ്ട് യാതൊരുവിധ ബുദ്ധിമുട്ടും ഇല്ലായിരുന്നു. ആഗതനിൽ എനിക്ക് വേണ്ടി ഡബ്ബ് ചെയ്യുകയായിരുന്നു. മലയാളം കേട്ടാൽ നന്നായി മനസ്സിലാകും സംസാരിക്കാനറിയില്ല.

joshy-sathyaraj

മലയാളസിനിമയിലെ മുതിർന്ന സംവിധായകരിൽ ഒരാളാണ് ജോഷി. അദ്ദേഹത്തിന്റെ സിനിമയിൽ വീണ്ടും അഭിനയിച്ചപ്പോഴുള്ള അനുഭവം?

സാങ്കേതികമായി വളരെ മികച്ചു നിൽക്കുന്ന സിനിമകളാണ് ജോഷി സാറിന്റേത്. മലയാളത്തിലെ ഒരു ബിഗ് ബജറ്റ് ചിത്രമാണ് ലൈല ഓ ലൈല. ആക്ഷൻ രംഗങ്ങളും ലൊക്കേഷനുകളുമെല്ലാം ഇംഗ്ലീഷ്സിനിമകളോടൊപ്പം നിൽക്കുന്നതാണ്. മോഹൻലാലിനെ ആയാലും അമലാപോളിനെ ആയാലും നേരത്തെ തന്നെ അറിയാം.

മോഹൻലാൽ എന്റെ നല്ല സുഹൃത്താണ്. സെറ്റിൽ ഞങ്ങൾ ഒന്നിച്ച് സംസാരിച്ചിരിക്കുന്നത് കണ്ടാൽ മുതിർന്ന രണ്ട് അഭിനേതാക്കളാണെന്ന് പറയില്ല, പഴയ ക്ലാസ്മേറ്റ്സ് ഒന്നിച്ചിരുന്ന് കളിയും തമാശയുമായി സംസാരിക്കുന്നതാണെന്നേ തോന്നൂ. അദ്ദേഹം എന്നെ സ്നേഹപൂർവ്വം അണ്ണാ എന്നാണ് വിളിക്കുന്നത്. അമലയോടൊപ്പം തലൈവായിൽ അഭിനയിച്ചിരുന്നു. അതുകൊണ്ട് അപരിചിതമായ ഒരു സെറ്റിലെത്തിയ തോന്നൽ ഇല്ലായിരുന്നു.

satyaraj-mohanlal

മുതിർന്ന താരങ്ങൾ പൊതുവേ അച്ഛൻ വേഷങ്ങളോട് വിമുഖത കാട്ടാറാണല്ലോ പതിവ്. പക്ഷെ താങ്കൾ സൂപ്പർതാരങ്ങളുടെ അച്ഛനായി വരെ അഭിനയിക്കാൻ തയ്യാറാണ്. കഥാപാത്രത്തെ തിരഞ്ഞെടുക്കുമ്പോൾ എന്തെല്ലാമാണ് ശ്രദ്ധിക്കുന്നത്?

ഒരു അഭിനേതാവ് കഥാപാത്രങ്ങളിൽ വേർതിരിവ് കാണിക്കാൻ പാടില്ല. തലൈവായിൽ ഞാൻ വിജയ്‌യുടെ അച്ഛനായാണ് അഭിനയിച്ചത്. സിനിമയെ മുന്നോട്ടു കൊണ്ടു പോകുന്ന കഥാപാത്രമായിരുന്നു അത്. രാജാറാണിയിൽ നയൻതാരയുടെ അച്ഛനായിട്ടായിരുന്നു അഭിനയിച്ചത്.

മകളുടെ ബെസ്റ്റ്ഫ്രണ്ട് കൂടിയായ അച്ഛൻ തമിഴ്നാട്ടുകാർക്ക് പുതുമയായിരുന്നു. രജനീകാന്തിന്റെ അച്ഛനായിട്ടു വരെ ഞാൻ അഭിനയിച്ചുണ്ട്. 1986ല്‍ ഇറങ്ങിയ മിസ്റ്റർ. ഭരത് എന്ന സിനിമയിലായിരുന്നു അത്. എന്റെ യൗവനത്തിൽ ഇറങ്ങിയ സിനിമയായിരുന്നു അത്. പ്രായകൂടുതലുള്ള കഥാപാത്രങ്ങളോട് നോ പറയേണ്ട ആവശ്യമില്ല നമുക്ക് അഭിനയസാധ്യതയുള്ള വേഷമാണോ, വൈവിധ്യമുള്ളതാണോ എന്ന് നോക്കിയാൽ മതി.

കേരളത്തിൽ ഇഷ്ടപ്പെട്ട മറ്റുകാര്യങ്ങൾ എന്തെല്ലാമാണ്?

കേരളത്തിലെ ഭക്ഷണം എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഇവിടുത്തെ അവിയൽ, അമ്പലപ്പുഴ പാൽപ്പായസം അതൊക്കെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. സിനിമയിൽ വൈവിധ്യമുള്ളത് പോലെ തന്നെ ഭക്ഷണത്തിലും വൈവിധ്യമുള്ള നാടാണ് കേരളം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.