Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിപിയും പേളിയും സെപ്റ്റംബർ 13 ഉം എന്റമ്മോ !

govind-padmasurya

ഗോവിന്ദ് പത്മസൂര്യ എന്ന ജിപിയും പേളി മാണിയും സെപ്റ്റംബർ 13 ഞായറാഴ്ച ആകാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ. അത് എന്താണെന്നല്ലേ? അതിനു ശേഷം അറിയാം വീട്ടിൽ നിന്ന് പുറത്തിറങ്ങണോ, അതോ വീട്ടിനകത്തു തന്നെ ഒളിച്ചു താമസിച്ചാൽ മതിയോന്ന്. ഇതു ജിപി പറയുമ്പോഴും ആകാംക്ഷ നിറഞ്ഞ കള്ളച്ചിരിയുണ്ട് ആ മുഖത്ത്. കാരണം മറ്റൊന്നുമല്ല, അന്നാണ് മഴവിൽ മനോരമയുടെ ഡി ഫോർ ഡാൻസിന്റെ ഗ്രാൻഡ് ഫിനാലെ പ്രേക്ഷകർ കാണാൻ പോകുന്നത്.

പക്ഷേ അതല്ല പ്രശ്നം അതിൽ ജിപിയും പേളിയും കൂടി ഒപ്പിച്ചു വച്ചിരിക്കുന്ന കലാപരിപാടികളാണ്. പ്രേക്ഷകർ ഞങ്ങളിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് അരങ്ങേറിയിരിക്കുന്നത്. രണ്ടാൾക്കും തൊലിക്കട്ടി കുറച്ചു കൂടുതലായതുകൊണ്ട് കുഴപ്പമില്ല. എന്നാലും.... വാക്കുകൾ മുഴുവിപ്പിക്കാൻ പോലും ജിപിക്ക് ആകുന്നില്ല. ഏവരേയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ജിപി മനോരമ ഓൺലൈനുമായി സംസാരിക്കുന്നു.

ഡി ഫോർ ഡാൻസിലെ ജിപി

അങ്ങനെ ഡി ഫോർ ഡാൻസ് അതിന്റെ കലാശക്കൊട്ടിൽ എത്തി നിൽക്കുന്നു. ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു സ്റ്റേജാണ് ഡി ഫോർ ഡാൻസ് നൽകിയത്. ഞാനും പേളിയും നീരവ്ജിയും( നീരവ് ബവ്ലേച്ച) പ്രസന്ന മാസ്റ്ററും പ്രിയാജിയും (പ്രിയാമണി) നിര്‍മാതാവും ചേർന്ന് ശരിക്കും ഒരു കുടുംബം മാത്രമായിരുന്നു. പ്രോഗ്രാമിൽ പറയുന്ന മണ്ടത്തരങ്ങൾ ഞങ്ങൾ ഓഫ് സ്ക്രീനിൽ പറയുന്നവരെ വച്ചു നോക്കിയാൽ ഒന്നുമല്ലായിരുന്നു. ഓഫ് സ്ക്രീനിലും ഇതേപോലെ തലതെറിച്ച സ്വഭാവം തന്നെയാണ്. ഞങ്ങൾ തമ്മിലുള്ള കെമിസ്ട്രി നന്നായി പ്രോഗ്രാമിൽ പ്രതിഫലിച്ചിട്ടുണ്ടെന്നു തന്നെയാണ് എന്റെ വിശ്വാസം.

D2 D 4 Dance I Your favorite anchors will make you fall in love I Mazhavil Manorama

നോ സ്ക്രിപ്റ്റ് ആൻഡ് ഡയലോഗ്

യാതൊരു വിധ മുൻസ്ക്രിപ്റ്റിങ്ങുമില്ലാതെയാണ് മിക്കപ്പോഴും ഡി ഫോർ ഡാൻസ് അരങ്ങേറുന്നത്. നേരത്തേ പറഞ്ഞ് തൊലിക്കട്ടി കൂടുതൽ കൊണ്ട് പരസ്പരം ചെളി വാരി എറിയുന്നതിനും യാതൊരു മടിയുമില്ല. വിരലിൽ എണ്ണാവുന്ന എപ്പിസോഡുകളിൽ മാത്രമേ ഞങ്ങൾ മുൻകൂട്ടി എല്ലാം പ്ലാൻ ചെയ്തിട്ടുള്ളു. അതാകട്ടെ സ്റ്റേജിൽ കയറിക്കഴിയുമ്പോൾ എല്ലാം കൈയിൽ നിന്നു പോയി നോ സ്ക്രിപ്റ്റിങ്ങിലേക്ക് എത്തും.

ഗ്രാൻഡ് ഫിനാലേയിലും ഇതു തന്നെയാണ് ചെയ്തിരിക്കുന്നത്. ഏത് പാറ്റേൺ ഫോളോ ചെയ്യണം, ഓരോരുത്തരുടെയും എൻട്രി എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങളൊഴികെ യാതൊന്നും മുൻകൂട്ടി പ്ലാൻ ചെയ്തതല്ല.

gp-pearly

പ്രേക്ഷക പ്രതികരണം

രസകരമായ കുറേ മുഹൂർത്തങ്ങളും പ്രതീക്ഷിക്കാത്ത നിമിഷങ്ങളുമൊക്കെ നിറഞ്ഞ ഒരു ഫൺഫിൽഡ് ഗ്രാൻഡ് ഫിനാലേ ആയിരിക്കും ഞായറാഴ്ച കാണാൻ പോകുന്നത്. അവിടെ കൂടിയിരുന്ന പ്രേക്ഷകരിൽ നിന്ന് നല്ല സപ്പോർട്ടായിരുന്നു കിട്ടിയിരുന്നത്. സാധാരണ ഞങ്ങൾ പ്രോഗ്രാം ചെയ്യുമ്പോൾ കാമറയ്ക്കു മുന്നിലാണ്. അവിടെ പ്രേക്ഷകരുടെ ലൈവ് പ്രതികരണം അറിയാൻ സാധിച്ചിരുന്നില്ല. പിന്നെ ടെലികാസ്റ്റ് ചെയ്തു കഴിയുമ്പഴാണ് അറിഞ്ഞിരുന്നത്. എന്നാൽ ഇവിടെ നേരേ മറിച്ച് അവരുടെ കൈയടികളും പൊട്ടിച്ചിരികളുമൊക്കെ ഞങ്ങളെ കുറച്ചൊന്നുമല്ല മോട്ടിവേറ്റ് ചെയ്തിരിക്കുന്നത്. അവർ നൽകിയ പ്രതികരണങ്ങളും തികച്ചും പോസിറ്റീവ് ആയിട്ടു തന്നെയായിരുന്നു. ഇതു മുൻകൂട്ടി തയാറാക്കിയ സ്ക്രിപ്റ്റ് ആണോയെന്ന സംശയം പലരും ചോദിക്കുകയുമുണ്ടായി. അതുകൊണ്ട് ഒരിക്കൽക്കൂടി പറയട്ടെ നോ സ്ക്രിപ്റ്റിങ്. വായിൽ വരുന്നത് എന്തു മണ്ടത്തരമായാലും അതങ്ങു പറയുക തന്നെ.

D2 D 4 Dance I Yes, your favorite star is here to shake a leg I Mazhavil Manorama

തേങ്ങാക്കൊല ഉണ്ടോ ഇല്ലയോ?

എല്ലാവരും പെർഫോമൻസ് ചെയ്യുമ്പോൾ നമുക്കും തോന്നില്ലേ ഒന്നു പെർഫോം ചെയ്യാൻ. നമ്മൾക്കുമില്ലേ ആശകളും പ്രതീക്ഷകളുമൊക്കെ. അതൊരു തെറ്റാണോ? അല്ലല്ലോ! അങ്ങനെ ആഗ്രഹം കൂടിയപ്പോഴാണ് ഞാനും പേളിയും കൂടി ഒരു പാട്ട് പാടിയത്. അത് മഹാബോറായിരുന്നെന്ന് എല്ലാവരും പറഞ്ഞു. അതു പോട്ടെ അതിന്റെ പേരിൽ കേട്ട കളിയാക്കലുകളും കൂവലുകളും. എന്റമ്മോ. ഓർക്കാൻ കൂടി വയ്യ. പക്ഷേ നമ്മൾ തോറ്റു പിൻമാറാൻ പാടില്ലല്ലോ. അന്ന് ഞാനും പേളിയും കൂടി തീരുമാനിച്ചതാ ഇതിനുള്ള പ്രതികാരം നമ്മൾ ഗ്രാൻഡ് ഫിനാലേയിൽ തീർക്കുമെന്ന്. അന്നു തൊട്ടുള്ള ഷോകളിൽ ഞങ്ങൾ പറഞ്ഞിട്ടുമുണ്ട് ഞങ്ങൾ തന്നെ എഴുതി പാടി, പെർഫോം ചെയ്ത തേങ്ങാക്കൊല എന്ന പേരിട്ടിരിക്കുന്ന ഞങ്ങളുടെ ആൽബം. അത് ഫിനാലേയിൽ റിലീസ് ചെയ്യാനുള്ള അനുവാദം ജഡ്ജസിനോട് ചോദിച്ചെങ്കിലും അവർ തന്നിട്ടില്ല. അതിനുള്ള ശ്രമം ഞങ്ങൾ എപ്പോഴും തുടർന്നു കൊണ്ടേയിരുന്നു. പക്ഷേ ഇത് ഞങ്ങൾ ഫിനാലേയിൽ റിലീസ് ചെയ്തോ ഇല്ലയോ? പല പ്രേക്ഷകരും ഞങ്ങളോട് ഇതിനെക്കുറിച്ച് ചോദിക്കുന്നുമുണ്ട്. പ്ലീസ് ഞായറാഴ്ച വരെ ഒന്നു വെയ്റ്റ് ചെയ്യൂ, തേങ്ങാക്കൊല ഉണ്ടോ, ഇല്ലയോ എന്ന് അന്ന് അറിയാം.

കാത്തിരിക്കുന്ന ഫിനാലേ

എല്ലാവരുടെയും പെർഫോമൻസ് കൊണ്ട് നിറഞ്ഞു നിൽക്കുന്ന ഒന്നായിരിക്കും ഫിനാലേ. ഞാൻ, പേളി, മാസ്റ്റർ, നീരവ്ജി, പ്രിയാജി എന്നിവരുടെ തകർപ്പൻ പ്രകടനങ്ങൾ. പുറത്തു നിന്നുള്ള കലാപരിപാടികളൊന്നും ഫിനാലേയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഒരു സ്റ്റേജ്ഷോയ്ക്കു വേണ്ട എല്ലാ ചേരുവകളും ഇതിലുണ്ട്. വിജയി ആരായിരിക്കുമെന്നതിനെക്കുറിച്ച് യാതൊരു മുൻകൂർ ധാരണയും വയ്ക്കാൻ സാധിച്ചിട്ടില്ലെന്നതും ഇത്തവണത്തെ പ്രത്യേകതയായിരുന്നു. ഒന്ന്, രണ്ട് മാർക്കിന്റെ വ്യത്യാസമൊക്കെ മാത്രമാണ് മത്സരാർഥികൾ തമ്മിലുള്ളത്. അതിനാൽത്തന്നെ ഫിനാലേയിൽ എങ്ങനെ വേണമെങ്കിലും മാറിമറിയാം. ജഡ്ജസിനെ സംബന്ധിച്ചാണെങ്കിൽ ഏറ്റവും കഷ്ടപ്പെട്ട ടാസ്ക് ആയിരുന്നിരിക്കണം വിജയിയെ കണ്ടെത്തുക എന്നത്. അതിനാൽത്തന്നെ ആ ഏരിയ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് ഒരു വിഷയമായിരുന്നു. ഔപചാരികമായി കൈകാര്യം ചെയ്യാമെന്നു വച്ചാൽ ഞങ്ങൾ ഒരു പിരി ലൂസ് ഉള്ളവരുമാണ്.

gp-masters

ഒരുപാട് സർപ്രൈസുകൾ നിറഞ്ഞ ഒന്നാണ് ഫിനാലേ. ജിപി -പേളിയുടെ സർപ്രൈസുകൾക്കു പുറമേ ആരും പ്രതീക്ഷിക്കാത്ത ഒത്തിരി സർപ്രൈസുകൾ വരുന്നുണ്ട്. സർപ്രൈസ് സമ്മാനങ്ങൾ, പ്രതീക്ഷിക്കാത്ത ആളുകൾ, നമ്മൾ കണ്ടു മറന്ന ചിലർ ഇങ്ങനെ ആ നിര നീളുന്നു.

ദിലീപേട്ടനും ഫിനാലേയും

ഞാനും പേളിയും തമ്മിൽ ഒരു കെമിസ്ട്രി ഉണ്ട്. പലപ്പോഴും സെലിബ്രിറ്റികൾ പരിപാടിയിൽ എത്തുമ്പോൾ നമ്മളുമായി സിങ്ക് ആകാൻ കുറച്ചു സമയം എടുക്കാറുണ്ട്. നമ്മുടെ മണ്ടത്തരങ്ങൾ കേൾക്കുമ്പോൾ എന്ത് കുട്ടിക്കളിയാണ് ഇവിടെ നടക്കുന്നതെന്നൊക്കെ ചിന്തിക്കാം. പക്ഷേ ആ സഭാകമ്പം വിട്ട് സിങ്ക് ആയി വരാൻ കുറച്ചു സമയം എടുക്കും. ഫിനാലേയിൽ ദിലീപേട്ടൻ വന്നപ്പോളും ആ ഒരു ഭയം ഞങ്ങൾക്ക് ഉണ്ടായിരുന്നു. ഞങ്ങളാണെങ്കിൽ മുൻകൂട്ടി തയാറെടുത്തിട്ടുമില്ല, ദിലീപേട്ടനുമൊത്ത് ഇതിനു മുൻപ് സ്റ്റേജ് ചെയ്തിട്ടുമില്ല. എന്നാൽ പ്രതീക്ഷിച്ചതിലും രസകരമായിരുന്നു ദിലീപേട്ടനുമൊത്തുള്ള നിമിഷങ്ങൾ. വന്നു 30 സെക്കൻഡ് മുതൽ ഒരു മിനിട്ടിനകം സ്റ്റേജ് കൈയിലെടുത്തു. ദിലീപേട്ടൻ ദിലീപേട്ടനായി തന്നെയാണ് ഫിനാലെയിൽ എത്തിയത്. വിജയിയെ പ്രഖ്യാപിക്കുന്ന നിമിഷം വരെ വളരെ എന്റർടെയ്നിങ് ആയിരുന്നു. നിങ്ങൾ ദിലീപുമായി മുൻകൂട്ടി ഡയലോഗൊക്കെ പ്ലാൻ ചെയ്തിരുന്നല്ലേ എന്നു വരെ ഓഡിയൻസിനെക്കൊണ്ട് ചോദിപ്പിക്കുന്ന തലത്തിലേക്കെത്തിക്കാൻ കഴിഞ്ഞു. ആളുകളുടെ മൂഡ് കറക്ട് ആണെങ്കിലേ ഇങ്ങനെ ചെയ്യാൻ പറ്റൂ എന്നാണ് ദിലീപേട്ടൻ ഫിനാലെ കഴിഞ്ഞു പറഞ്ഞത്. കഴിഞ്ഞ ദിവസം ഞാനൊരു ഷൂട്ടിങ് സെറ്റിൽ പോയപ്പോൾ ദിലീപേട്ടനെ കണ്ടിരുന്നു. കണ്ട ഉടൻ അദ്ദേഹം എന്നോടു ചോദിച്ചത് എന്നാടാ നമ്മുടെ പ്രോഗ്രാം ടെലികാസ്റ്റ് ചെയ്യുന്നത് എന്നായിരുന്നു. മാത്രമല്ല മംമ്തയോട് വളരെ എക്സൈറ്റ്മെന്റോട് പ്രോഗ്രാമിന്റെ വിവരങ്ങൾ പറഞ്ഞുകൊടുക്കുന്നതു കേട്ടപ്പോൾ എനിക്കു മനസിലായി ദിലീപേട്ടൻ ഫിനാലേ ശരിക്കും എൻജോയ് ചെയ്തിട്ടുണ്ടെന്ന്.

ആദ്യ സിനിമയ്ക്കുള്ള അതേ കാത്തിരിപ്പ്

സാധാരണ ഒരു സിനിമ വിജയിക്കുമോ ഇല്ലയോ എന്നു മനസിലാക്കുന്നത് അതിന്റെ ഫസ്റ്റ് ഷോ കഴിയുമ്പോഴാണ്. ഫസ്റ്റ് ഷോ കഴിഞ്ഞുള്ള പ്രേക്ഷക പ്രതികരണങ്ങൾക്കായി കാത്തിരിക്കും പോലെയാണ് ഇപ്പോൾ ഞങ്ങളും. ഞായറാഴ്ച കഴിഞ്ഞു വേണം എല്ലാം ഒന്നു തീരുമാനിക്കാൻ...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.