Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ജുവിന്റെ കൂട്ടുകാരനാകാൻ ടെൻഷനടിച്ച കിരൺ

kiran

അഭിനയ മോഹം ആദ്യം മനസിൽ ഇല്ലാതിരുന്ന ഒരാൾ, എന്നാൽ പെട്ടെന്ന് ആ മോഹം എവിടെ നിന്നോ മനസിലിടം നേടി. കൂടുതൽ മനസിലാക്കി കഴിഞ്ഞപ്പോൾ അതിനെ ഇറക്കി വിടാൻ തോന്നിയില്ല. അതിനു വേണ്ടി എന്തു ത്യാഗവും സഹിക്കാൻ ഉറച്ച തീരുമാനവുമായി എൻജിനീയറിങും കിട്ടിയ ജോലിയും ഉപേക്ഷിച്ച് വീട്ടുകാരെപ്പോലും അറിയിക്കാതെ അഭിനയം പഠിക്കാൻ ഇറങ്ങി തിരിച്ചു. അങ്ങനെ അവസാനം ആഗ്രഹിച്ച മേഖലയിൽ തന്നെ എത്തപ്പെടുകയും ചെയ്തു. മഞ്ജുവാര്യയരടം സ്വന്തം കൂട്ടുകാരനായി ജോ ആൻഡ് ദ് ബോയിയിലൂടെ പ്രേക്ഷകർ കണ്ട കിരണിന്റെ വിശേഷങ്ങളിലേക്ക്

ആദ്യ സിനിമയാണോ ജോ ആൻഡ് ദ് ബോയ്?

ശരിക്കും പറഞ്ഞാൽ എന്റെ മൂന്നാമത്തെ സിനിമയാണ് ജോ ആൻഡ് ദ് ബോയ്. ഞാൻ ഒരു മുഴുനീള കാരക്ടർ ചെയ്യുന്ന ആദ്യ ചിത്രം. ഇതിനു മുൻപ് ഫിലിപ്സ് ആൻഡ് ദ് മങ്കിപെന്നിലും മുന്നറിയിപ്പിലും ചെറിയ വേഷം ചെയ്തിട്ടുണ്ട്. എന്നെ ആളുകൾ തിരിച്ചറിയാൻ തുടങ്ങിയത് ജോ ആൻഡ് ദ് ബോയിക്കു ശേഷമാണ്.

munnariyipp

സിനിമാ ഇൻഡസ്ട്രിയിലേക്കുള്ള പ്രവേശനം എങ്ങനെയായിരുന്നു?

അതൊരു കഥ തന്നെയാണ്. പഠിച്ചിരുന്ന കാലത്തൊന്നും അഭിനയിക്കണം എന്ന മോഹമേ ഉണ്ടായിരുന്നില്ല. എൻജിനീയറിങ് കഴിഞ്ഞ് ടെക്നോപാർക്കിൽ ചെറിയൊരു ജോലിയും കിട്ടി. ആ സമയത്താണ് അഭിനയത്തെക്കുറിച്ചും തിയേറ്ററിനെക്കുറിച്ചുമൊക്കെ കൂടുതൽ അറിയുന്നത്. അപ്പോൾ ഒരു ആകാംക്ഷ തോന്നി. അങ്ങനെ കാലടിയിൽ പോയി എംഎ തിയേറ്റർ ചെയ്തു. അതിനു ശേഷം കൊച്ചിൻ മീഡിയ സ്കൂളിൽ മുരളി മേനോൻ സാറിന്റെ ഒരു വർക് ഷോപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. അവിടെയാണ് കഥയ്ക്ക് വഴിത്തിരിവുണ്ടാകുന്നത്. അവിടെവച്ച് റോജിനെയും ഷാനിലിനെയും രാഹുലിനെയുമൊക്കെ പരിചയപ്പെട്ടു.

kiran-actor

തുടർന്ന് നമ്മൾ ഒരുമിച്ചായിരുന്നു കൊച്ചിയിൽ താമസമൊക്കെ. റോജിനും രാഹുലുമാണ് എന്നെ മങ്കിപെന്നിലേക്ക് സജസ്റ്റ് ചെയ്തത്. അതിനു മുൻപ് റോജിന്റെ ഷോർട്ട് ഫിലിമിൽ ഞാൻ അഭിനയിച്ചിട്ടുണ്ടായിരുന്നു. അവർ എന്റെ നാടകമൊക്കെ കണ്ടിട്ടുണ്ട്. പിന്നെ അഭിനയിക്കണം എന്ന എന്റെ അതിയായ ആഗ്രഹവും കൂടിയായപ്പോൾ അവർ എന്നെത്തന്നെ സ്വീകരിച്ചതായിരിക്കും. ചലച്ചിത്ര മേഖലയിൽ എത്താൻ വേണ്ടി ഒരു ആറേഴ് വർഷം ഞാൻ ശരിക്കും കഷ്ടപ്പെട്ടിട്ടുണ്ട്.

കിട്ടിയ ജോലി ഉപേക്ഷിച്ച് സിനിമയിലേക്കു തിരിഞ്ഞപ്പോൾ വീട്ടുകാരുടെ സപ്പോർട്ടും കിട്ടിയിരുന്നോ?

ഏയ് ഒരിക്കലുമില്ല. ജോ ആൻഡ് ദ് ബോയ്ക്കു ശേഷം അവർ ഒരുവിധം പൊരുത്തപ്പെട്ടു വരുന്നതേയുള്ളു. ഞാൻ തിയേറ്റർ പഠിക്കാൻ പോയതു പോലും അവർ അറിഞ്ഞിരുന്നില്ല. ഞാൻ എപ്പോഴും ടെക്നോപാർക്കിൽ ജോലി ചെയ്യുകയാണെന്നായിരുന്നു അച്ഛനും അമ്മയും ചേട്ടനുമൊക്കെ ധരിച്ചിരുന്നത്. ഒരു വരുമാന മാർഗം എന്ന നിലയിൽ എത്തപ്പെടാൻ കഴിയാത്തതിന്റെ വിഷമമാണ് അവർക്ക്. ജോ ആൻഡ് ദ് ബോയ് കണ്ടു കഴിഞ്ഞപ്പോൾ അത്യാവശ്യം കുഴപ്പമില്ലാതെ അഭിനയിച്ചിട്ടുണ്ടെന്നും ചെറിയ കഴിവ് ഉണ്ടെന്നുമൊക്കെ പറഞ്ഞു. അതുകൊണ്ടാകാം ഇപ്പോൾ വലിയ പ്രശ്നമില്ലാതെ സപ്പോർട്ട് തരുന്നുണ്ട്.

ജോ ആൻഡ് ദ് ബോയിയിൽ ഇത്രയും നല്ലൊരു കഥാപാത്രം പ്രതീക്ഷിച്ചിരുന്നോ?

ഞാൻ നേരത്തേ പറഞ്ഞല്ലോ ഞാനും റോജിനും രാഹുലുമൊക്കെ ഒരുമിച്ചാണ് താമസമെന്ന്. അതുകൊണ്ടു തന്നെ ഈ സിനിമയുടെ എല്ലാ വിശേഷങ്ങളും സ്ക്രിപ്റ്റിങും എല്ലാം ഞാൻ അറിയുന്നുണ്ടായിരുന്നു. മഞ്ജു ചേച്ചി എന്നൊരാളെ മനസിൽ കണ്ട് ചെയ്ത സിനിമയാണ് ഇത്. മഞ്ജു ചേച്ചിയെ കാണാൻ പോകുന്നതൊക്കെ ‍‍‍ഞ‍ാനും അറിഞ്ഞിരുന്നു. അതിനു മുൻപ് റോജിൻ എന്നോടു പറഞ്ഞിരുന്നു ഈ സിനിമയിൽ നിനക്കൊരു വേഷമുണ്ടെന്ന്. പക്ഷേ ഇത് ആയിരിക്കുമെന്നൊന്നും ഞാൻ പ്രതീക്ഷിച്ചില്ല.

സ്ക്രിപ്റ്റ് വായിച്ചപ്പോൾ ഈ റോൾ എനിക്കു കിട്ടിയിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാലും പുതിയൊരാളെ വച്ച് പ്രധാനപ്പെട്ട ഒരു കഥാപാത്രം ചെയ്യാൻ പ്രൊഡ്യൂസർ സമ്മതിക്കുമോ എന്നും ഞാൻ വിചാരിച്ചു. എന്തായാലും ആഗ്രഹിച്ചതു പോലെ തന്നെ ജോയുടെ സുഹൃത്ത് അപ്പനായി അഭിനയിക്കാൻ സാധിച്ചു. എന്നെ വിശ്വസിച്ച് ആ വേഷം ഏൽപിച്ചതിന് റോജിനോടും രാഹുലിനോടും നന്ദി പറയുന്നു.

കൂട്ടുകാരന് ജോയോടൊപ്പം നിന്നപ്പോൾ ടെൻഷനുണ്ടായിരുന്നോ?

പിന്നെ. ടെൻഷൻ ഇല്ലാതിരിക്കുമോ? മഞ്ജു ചേച്ചിയെ പോലെ സീനിയറായ ഒരു ആർട്ടിസ്റ്റിന്റെ കൂടെ, അതും ജൂനിയറായ ഞാൻ... ദൈവമേ!

പിന്നെ എപ്പോഴാണ് ജോയുമായി കൂട്ടായത്?

ഷൂട്ടിങ് തുടങ്ങി അ‍ഞ്ചാമത്തെ ദിവസമാണ് മഞ്ജുചേച്ചിയുമൊത്തുള്ള ഷൂട്ട് തുടങ്ങിയത്. റോജിൻ, രാഹുൽ, നീൽ തുടങ്ങി ടീമിനെ മുഴുവൻ അറിയൊമെങ്കിലും മഞ്ജു ചേച്ചിയോടൊപ്പം ആദ്യമൊക്കെ പേടി തന്നെയായിരുന്നു. എനിക്ക് അഭിനയിക്കാൻ സാധിക്കുമോ എന്നു തന്നെ തോന്നിപ്പോയിട്ടുണ്ട്. അതു മനസിലാക്കിയിട്ടാമോ എന്നറിയില്ല മഞ്ജു ചേച്ചി നല്ല സപ്പോർട്ടായിരുന്നു. അതുകൊണ്ടു തന്നെ പിന്നെ നല്ല കംഫർട്ടായി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ടെൻഷനെല്ലാം മാറി ഫ്രീയായി മാറിക്കഴിഞ്ഞു.

ഫഹദ് ഫാസിലിനെ അനുകരിക്കുകയാണോ? കഷണ്ടി കണ്ടിട്ട് ചോദിച്ചതാണ്.

അയ്യോ, ആദ്യത്തെ ചോദ്യം കേട്ടപ്പോൾ ഞാൻ ഒന്നു ഞെട്ടിയായിരുന്നു. കഷണ്ടിയിൽ ആദ്യമൊക്കെ വിഷമം തോന്നിയിട്ടുണ്ട്. പ്ലസ്ടു കഴിഞ്ഞപ്പോൾ മുതൽ കൂടെക്കൂടിയതാണ്. മുടി ഇല്ലാത്തത് ആ കാലത്തൊക്കെ ഒരു കുറവായി തോന്നുമായിരുന്നു. അന്നൊക്കെ കഷണ്ടി എന്നു കേൾക്കുമ്പോൾ ഒരു വിരൂപ സങ്കൽപമായിരുന്നു. കൂട്ടുകാരൊക്കെ ഇപ്പോൾ കളിയായി പറയാറുണ്ട് കഷണ്ടിക്കാർക്കാണ് മാർക്കറ്റെന്ന്. സിനിമയിൽ മഞ്ജുചേച്ചി പറയുന്ന ഒരു ഡയലോഗുമുണ്ട്– ചിത്രത്തിൽ ഞാൻ ചേച്ചിയുടെ ജൂനിയറായി കോളജിൽ പഠിച്ചതായാണ്. അതിനു ശേഷം വർഷങ്ങൾക്കു ശേഷമാണ് നമ്മൾ കാണുന്നത്. ആദ്യ സീനിലൊക്കെ വിഗ് വച്ചാണ് അഭിനയിച്ചത്. പിന്നെ രണ്ടാമത്തെ കാഴ്ചയിൽ വിഗ് വച്ചിട്ടില്ല. അത് റോജിൻ തന്നെ പറഞ്ഞതാണ് വിഗ് വേണ്ടെന്ന്. അപ്പോൾ ചേച്ചി പറയുന്നുണ്ട് ഇപ്പോൾ നിന്നെ കണ്ടാൽ എന്റെ അപ്പനാണെന്നു പറയുമല്ലോ എന്ന്. ഇപ്പോൾ ഞാനും കഷണ്ടിയുമായി കൂട്ടു കൂടി.

jo-and-the-boy

അവസരം ചോദിച്ച് ആരെയെങ്കിലും സമീപിച്ചിട്ടുണ്ടോ?

പിന്നെ ഇല്ലാതെ. ജയരാജ് സാർ, രഞ്ജിത് സാർ എന്നിവരുടെ അടുത്തൊക്കെ പോയിട്ടുണ്ട്. രഞ്ജിത് സാറിന്റെ സ്പിരിറ്റ്, ഇന്ത്യൻ റുപ്പി എന്നീ ചിത്രങ്ങളിൽ ഡയലോഗില്ലാത്ത ചെറിയ കാരക്ടർ വേഷം ചെയ്തിട്ടുണ്ട്. അമൽ നീരദ് സാറിന്റെ ഓഡിഷനൊക്കെ പോയിട്ടുണ്ട്. അങ്ങനെ ബാച്ചിലേഴ്സ് പാർട്ടിയിലും ഒരവസരം ലഭിച്ചിരുന്നു. രണ്ടു പെൺകുട്ടികൾ എന്ന ചിത്രത്തിലും ആ പെൺകുട്ടികളുടെ അധ്യാപകാനായി ഒരു വേഷം ചെയ്തു.

അടുത്ത പദ്ധതി എന്താണ്?

ഇതുവരെ വേറേ കഥാപാത്രം ഒന്നും വന്നിട്ടില്ല. ഒരു നാടകം– സോളോ ചെയ്യാൻ പ്ലാൻ ഉണ്ട്. അതിനു വേണ്ടി ഇപ്പോൾ കളരി പഠിച്ചുകൊണ്ടിരിക്കുകയാണ്. അതിന് ഒരു സ്പോൺസറെ കണ്ടെത്താനുള്ള ഒരു ശ്രമത്തിലാണ്.

ആദ്യം എതിർക്കുകയും ഇപ്പോൾ ചെറിയ രീതിയിലെങ്കിലും സപ്പോർട്ട് തരാൻ തയാറായ ആ ഫാമിലിയെ കുറിച്ച്?

അച്ഛൻ മിലിട്ടറിയിലായിരുന്നു– അരവിന്ദാക്ഷൻ നായർ, അമ്മ കോട്ടയം അർബൻ ബാങ്കിലായിരുന്നു ഇപ്പോൾ റിട്ടേർഡ് ആയി പേര് പുഷ്പകുമാരി. ചേട്ടൻ ദുബായിൽ എൻജിനീയറാണ്. ചേട്ടത്തിയും ഒരു കുഞ്ഞുമുണ്ട്. അവർ ദുബായിൽ സെറ്റിൽഡാണ്. കോട്ടയം ചങ്ങനാശേരി തൃക്കൊടിത്താനത്താണ് വീട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.