Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉണ്ണിക്കാ കസറി !

siddique-loham

പതിഞ്ഞ താളത്തിൽ മുന്നേറുന്ന രഞ്ജിത് എന്ന സംവിധായകന്റെ സിനിമയാണ് ലോഹം. പതിവ് ആക്ഷൻ ചിത്രങ്ങളിൽ നിന്നും മാറി സഞ്ചരിച്ച ചിത്രത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രം വില്ലൻ വേഷത്തിലെത്തിയ നടൻ സിദ്ദിഖായിരുന്നു. രഞ്ജിത് എന്ന സംവിധായകന്റെ ചിത്രത്തിൽ മോഹൻലാലിന് എതിരായുള്ള വില്ലൻ കഥാപാത്രത്തെക്കുറിച്ചോർക്കുമ്പോൾ മലയാള സിനിമാ പ്രേമികൾക്ക് മനസിൽ ഓടിവരുന്നത് രാവണപ്രഭുവിലെ ശ്രീനിവാസൻ ഐപിഎസ് എന്ന പോലിസ് ഓഫിസറെയാണ്. എന്നാൽ ഈ കഥാപാത്രത്തിന്റെ ലാഞ്ചന ലവലേശമില്ലാത്തതാണ് മുഹമ്മദ് ഉണ്ണി എന്ന ലോഹത്തിലെ സിദ്ദിഖിന്റെ വില്ലൻ വേഷം. ഹ്യൂമറും വില്ലത്തരവും ഒന്നിച്ച് കൊണ്ടുപോകുന്ന ഉണ്ണിക്കായെ ഇഷ്ടപ്പെടാത്തവർ ഉണ്ടാകില്ലെന്ന് തന്നെ പറയാം. ലോഹത്തിലെ തന്റെ വേഷത്തിന്റെ വിശേഷങ്ങൾ പങ്കുവച്ച് സിദ്ദിഖ്.

ഇത്രയും പ്രാധാന്യമുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല

മുഹമ്മദ് ഉണ്ണിയെന്ന കഥാപാത്രത്തെക്കുറിച്ച് രഞ്ജിത് പറയുമ്പോൾ സിനിമയിൽ ഇത്രയും പ്രാധാന്യം എനിക്കുണ്ടാകുമെന്ന് കരുതിയില്ല. ഹ്യൂമർ ചെയ്തിട്ടുണ്ട്, വില്ലൻ വേഷവും ചെയ്തിട്ടുണ്ട്. ഇത് രണ്ടും ഒരുമിച്ചുള്ള കഥാപാത്ര ആവിഷ്കാരം അത്ര ഈസിയല്ല. അതിനാൽ തന്നെ വളരെ ശ്രദ്ധാപൂർവമായിരുന്നു ഇതിൽ അഭിനയിച്ചത്.

ബാബു (ബാലൻ) മികച്ച കോമ്പിനേഷൻ

ബാബു എന്ന കഥാപാത്രം ചെയ്തിരിക്കുന്ന ബാലൻ എന്നെക്കാൾ അഭിനയ ജ്ഞാനമുള്ള വ്യക്തിയാണ്. നാടക അഭിനയത്തിൽ നിന്നും വന്നയാളായതിനാൽ തന്നെ അഭിനയത്തിൽ നല്ല റേഞ്ചാണ്. പാലേരി മാണിക്യത്തിലും അദ്ദേഹം മികച്ച ഒരു വേഷം ചെയ്തിരുന്നു. അദ്ദേഹവുമായുള്ള കോമ്പിനേഷൻ സീനുകൾ മികച്ചതാണെന്ന് സിനിമ കണ്ടവർ പറഞ്ഞു. അതിൽ സന്തോഷമുണ്ട്.

loham-still

ഞാൻ വേണമെന്ന് സംവിധായകർക്ക് തോന്നണം

സിനിമകളിൽ സെലക്റ്റീവാകാൻ എനിക്ക് കഴിയില്ല. ഞാൻ അത്ര വലിയ നടനായിട്ടില്ല. ഞാൻ സെലക്റ്റീവായാൽ ചിലപ്പോൾ എനിക്ക് സിനിമയിൽ തുടരാൻ കഴിയില്ല. കഥ കേട്ടശേഷം അത് വേണ്ടയോ വേണമോ എന്നൊക്കെ തീരുമാനിക്കാനുള്ള നിലയിലേക്ക് ഞാൻ എത്തിയിട്ടില്ല. സൂപ്പർ സ്റ്റാറുകൾക്കും കേന്ദ്ര കഥാപാത്രം ചെയ്യുന്നവർക്കും സെലക്റ്റീവാകാം. ജോഷി ചേട്ടന്റെ ചിത്രത്തിലേ ഞാൻ അഭിനയിക്കൂ എന്നത് പോലുള്ള തീരുമാനങ്ങൾ എടുക്കാം. എന്നാൽ അദ്ദേഹത്തിന്റെ സിനിമയിൽ ഞാൻ വേണമെന്ന് ആ സംവിധായകന് കൂടി തോന്നണമല്ലോ. ചിലപ്പോൾ പലരെയും ആ കഥാപാത്രത്തിനായി പരിഗണിച്ചിട്ടാകും എന്നെ പരിഗണിക്കുന്നത്. അങ്ങനെ വരുമ്പോൾ കിട്ടുന്ന അവസരം മുതലാക്കി പോയി അഭിനയിക്കുക എന്നത് തന്നെയാണ് ധർമ്മം. രഞ്ജിതിന്റെ ചിത്രത്തിലാണെങ്കിൽ പിന്നെ കൂടുതൽ ചോദ്യവും പറച്ചിലും ഒന്നുംവേണ്ട സമയം നിശ്ചയിച്ച പോലെ, വേറെയൊന്നും ആലോചിക്കാതെ പോയി അഭിനയിക്കുക.

രാവണപ്രഭുവിൽ ഇടികിട്ടി; ലോഹത്തിലോ?

രാവണപ്രഭുവിൽ പോലിസ് ഓഫിസറിന്റെ വീറും വീര്യവുമുള്ള ഒരു കഥാപാത്രമായിരുന്നു. മോഹൻലാലിനെ മെരുക്കാൻ സ്വയം ഇറങ്ങുമ്പോൾ ഇടിവാങ്ങുന്ന കഥാപാത്രവും. എന്നാൽ ലോഹത്തിൽ അങ്ങനെയല്ല. മുഹമ്മദ് ഉണ്ണി അൽപം പ്രായമായ കഥാപാത്രമാണ്. ഒരു കള്ളക്കടത്തുകാരൻ. സംഘട്ടനങ്ങളിലൊന്നും ഏർപ്പെടാൻ തക്ക ശാരിരിക ക്ഷമതയുള്ള കഥാപാത്രമല്ല. അത് രഞ്ജിത്തിന്റെ കഥാപാത്ര രൂപീകരണത്തിലുള്ളതാണ്. അതിനാൽ വില്ലന് കൂടുതൽ ഇടികിട്ടുന്ന രംഗങ്ങൾ ഇല്ലായിരുന്നു.

മുഹമ്മദ് ഉണ്ണി എന്ന പേരിലെ കൗതുകം

മുഹമ്മദ് ഉണ്ണിയെന്ന പേര് രഞ്ജിത്തിന്റെ സൃഷ്ടിയാണ്. അതിനുപിന്നിൽ പ്രത്യേകിച്ച് കഥകൾ ഒന്നുമില്ല. പിന്നെ ഉണ്ണിക്കാ എന്നുള്ള വിളി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. മോഹൻലാൽ ഉണ്ണി കാക്ക എന്ന് രണ്ട് പ്രാവശ്യം വിളിക്കുന്നുണ്ട്. അത് കേൾക്കാൻ ഒരു സുഖമുണ്ടായിരുന്നു.

siddique-still

ഫെയ്സ്ബുക്കിലെ ചാറ്റിങ് ചതി

എന്റെ പേരിൽ ഏതോ ഒരുത്തൻ ഒരു പ്രൊഫൈൽ ഉണ്ടാക്കി മറ്റുള്ളവരോട് ചാറ്റ് ചെയ്യുന്നതായി നിരവധി ചങ്ങാതിമാർ പറഞ്ഞിരുന്നു. ഇതിനെതിരെ പോലിസിലും സൈബർ പോലിസിലുമെല്ലാം ഞാൻ പരാതി കൊടുത്തിരുന്നു. ഞാൻ പോസ്റ്റുചെയ്യുന്നത് പോലെ സ്റ്റാറ്റസുകളും ആ പ്രൊഫൈൽ ഉപയോഗിച്ച വ്യക്തി ഇടുന്നുണ്ടായിരുന്നു. പോലിസിന്റെ ഭാഗത്ത് നിന്നും കാര്യമായ നടപടികൾ ഒന്നും ഉണ്ടാകില്ലെന്ന് കണ്ടപ്പോൾ പിന്നെ ഞാൻ തന്നെ അതിനെക്കുറിച്ച് സ്വയം ഒരു വിഡിയോ ഷൂട്ട് ചെയ്ത് എല്ലാവർക്കും അയച്ചുകൊടുക്കുകയായിരുന്നു. അത് എല്ലാവരുടെയും ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യാൻ പറഞ്ഞു. എനിക്ക് ഫെയ്സ്ബുക്കിൽ ഒരു ഒഫിഷ്യൽ പേജ് മാത്രമാണുള്ളത്. അതിൽ ഞാൻ ചാറ്റ് ചെയ്യാറില്ല. സോഷ്യൽ മീഡിയയിൽ കൂടുതൽ ആക്റ്റീവുമല്ല. എന്തായാലും മനോരമ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ അത് വാർത്തയാക്കിയതിൽ വളര നന്ദിയുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.