Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ പാർവതി, ഇനി ലീല

parvathy-nambiar പാർവതി നമ്പ്യാർ

മലയാളത്തിൽ ഭരതനും പത്മരാജനും അരവിന്ദനും രഞ്ജിത്തും പെൺമയുടെ കരുത്തറിയിച്ച ഒട്ടേറെ ചിത്രങ്ങൾ നമുക്ക് തന്നിട്ടുണ്ട്. ലീലയുടെ ഗണവും അതു തന്നെയാണ്. രഞ്ജിത്തിന്റെ ലീലയിൽ, ലീലയായി വേഷമിടുന്നത് പാർവതിയാണ്. ലീലയെ പോലെ വലിയ കണ്ണുകളും വെളുത്ത നിറവുമുള്ള കണ്ണൂരുകാരി െചയ്തു തീർത്തത് മലയാളത്തിലെ ഏറ്റവും മികച്ച സ്ത്രീ കഥാപാത്രങ്ങളിലൊന്നിനെയാണ്.

ഒരു പ്രമുഖ ചാനലിന്റെ റിയാലിറ്റി ഷോയിൽ ഫൈനലിസ്റ്റായ പാർവതിയ്ക്ക് രഞ്ജിത് വേദിയില്‍ വച്ചു തന്നെ വാക്കു നല്‍കിയിരുന്നു, എന്റെ അടുത്ത ചിത്രത്തിൽ ശക്തമായ ഒരു കഥാപാത്രത്തെ പാർവതിക്ക് നൽകുമെന്ന്.

അതുകഴിഞ്ഞ് മൂന്ന് നാല് വര്‍ഷങ്ങൾക്കിപ്പുറം രഞ്ജിത് പാർവതിയെ വിളിച്ചു. ലീല വായിച്ചിട്ടുണ്ടോയെന്ന് ചോദിച്ചു. ഇല്ലെന്ന് ഉത്തരം പറഞ്ഞപ്പോൾ അതൊന്ന് വായിച്ചു നോക്കൂവെന്നായി. പിന്നീട് വീണ്ടും ആ കോള്‍ എത്തിയപ്പോൾ പാർവതി പറഞ്ഞു, സ്റ്റോറി ഡിഫറന്റ് ആണ്. ആ നിമിഷം അങ്ങേത്തലക്കൽ നിന്നു കേട്ട ആ മറുപടിയെ അഭിമാനം എന്നു മാത്രം പറയുവാനാണ് പാർവതിക്കിഷ്ടം. ഇത്തരത്തിലൊരു കഥാപാത്രം തന്നെ തേടിയെത്തുമെന്ന് പാർവതി കരുതിയിരുന്നേയില്ല. ലീല വായിച്ചവരുടെ ഇനി അറിയാനിരിക്കുന്നവരുടെ മനസിലെ ലീല, അല്ല പാർവതി സംസാരിക്കുന്നു...

ഇതെനിക്ക് കിട്ടിയ അവാർഡ്

ഇതെനിക്ക് കിട്ടിയ അവാർഡാണ്. ഒരുപാട് അഭിമാനമുണ്ട് രഞ്ജിത് സാറിന്റെ ചിത്രത്തിന്റെ ഭാഗമാകുന്നതിൽ. ലീലുമായി എന്റെ മുഖം ഏറെ ചേർന്നു നില്‍ക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇനിയുളള കാലം രഞ്ജിത് ചിത്രത്തിലെ നായിക എന്ന് അറിയപ്പെടാൻ കഴിഞ്ഞാൽ അതെന്റെ ഭാഗ്യമാണ്.

ranjith-parvathy രഞ്ജിത്തിനൊപ്പം

ലീല പോലെ വ്യത്യസ്തമായ കഥയെ രഞ്ജിത് ചലച്ചിത്ര രൂപത്തിലാക്കുമ്പോൾ പ്രേക്ഷകരും ഏറെ പ്രതീക്ഷിക്കുമല്ലോ. അതിൽ സ്ത്രീ വേഷത്തിന് നല്ല പ്രാധാന്യമുണ്ടെന്നാകുമ്പോൾ നായികയിലേക്ക് ശ്രദ്ധയേറെയാണ്. വെല്ലുവിളി നിറഞ്ഞ ഈ വേഷം തിരഞ്ഞെടുക്കാൻ ധൈര്യമായത് രഞ്ജിത്ത് എന്ന സംവിധായകനെ കണ്ടാണ്. അതുതന്നെയാണ് എന്റെ ധൈര്യവും. അഭിനയിച്ച് കഴിഞ്ഞപ്പോൾ പൂർണസംതൃപ്തി.

രഞ്ജിത് സാർ സ്ട്രിക്ട് ആണെന്ന് കേട്ടു...പക്ഷേ

രഞ്ജിത് വളരെ സ്ട്രിക്ട് ആയ സംവിധായകനാണെന്നാണ് കേട്ടിട്ടുണ്ടായിരുന്നത്. പക്ഷേ എനിക്ക് വിഷമമുണ്ടാക്കുന്ന ഒരു കാര്യം പോലും ഷൂട്ടിങിനിടയിലുണ്ടായില്ല. ഒരുപാട് എൻജോയ് ചെയ്തു. ഓരോ സീനും എങ്ങനെ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു തരും. പാറൂ...ഇവിടെ ഇങ്ങനെയാണ് ചെയ്യേണ്ടത്...എവിടെയെങ്കിലും വച്ച് ശ്രദ്ധയൊന്ന് പാളിയാല്‍, മെച്ചപ്പെടുത്തണമെന്ന് തോന്നിയാൽ കുറച്ചു കൂടി ഇൻവോൾവ്ഡ് ആകൂ എന്നുമാത്രം പറയാം. അദ്ദേഹം സ്ട്രിക്ട് ആണ്. പക്ഷേ നമുക്കൊരിക്കലും അത് ഫീൽ ചെയ്യില്ല. നമുക്കുള്ളിലെ അഭിനേതാവിൽ നിന്ന് അത് പുറത്തെത്തിക്കാൻ അദ്ദേഹത്തിനറിയാം. നമ്മളിലൊട്ടും സമ്മർദ്ദം ചെലുത്താതെ അത് നേടിയെടുക്കും. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെല്ലാം പ്രതിഭകളായിരുന്നു. ശരിക്കും അഭിനയ പഠനമായിരുന്നു ലീല.

unni-parvathy ഉണ്ണി ആറിനൊപ്പം

കുട്ടിയപ്പനും അതിന്റെ സൃഷ്ടാവും

ഉണ്ണി സാർ ആയിരുന്നു മറ്റൊരു അത്ഭുതം. നമുക്കൊപ്പമുണ്ടായിരുന്നു ഫുൾ ടൈം. രാവിലെ ചെല്ലുമ്പോൾ കാണുന്നത് അദ്ദേഹം തിരക്കഥയെഴുതുന്നതാണ്. അതെന്നെ അത്ഭുതപ്പെടുത്തുന്ന കാര്യമായിരുന്നു. അനായാസകരമായിട്ടായിരുന്നു ഡയലോഗുകളൊക്കെ സൃഷ്ടിക്കുന്നത്. അഭിനേതാവെന്ന നിലയില്‍ ബിജു മേനോൻ ബ്രില്യന്റ് ആക്ടറാണ് കൂടാതെ നല്ലൊരു വ്യക്തിത്വത്തിനുടമയും.

biju-parvathy ബിജു മേനോനൊപ്പം

പഠനം, വീട്

പാലക്കാട് മേഴ്‌സി കോളെജിൽ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദമെടുത്തു. ഇനി പിജി ചെയ്യണം. അച്ഛൻ രവി കുമാർ, അമ്മ രാജശ്രീ. ഇരുവരും മെഡിക്കൽ ഫീൽഡ് ആണ്. ഒരു ചേട്ടനുണ്ട് വിനയ് മാധവ്. ഷിപ്പിൽ ജോലി നോക്കുന്നു ചേട്ടൻ. ഫാമിലിയാണ് സിനിമയിലെത്തുവാൻ ഏറ്റവും സപ്പോർട്ട്. ചേട്ടനും എന്നെ പോലെ സിനിമയിൽ വരുവാൻ ഒരുപാട് ആഗ്രഹമുണ്ട്. തൽക്കാലം ജോലി നോക്കുന്നു. ചേട്ടനും എനിക്കൊപ്പം റിയാലിറ്റി ഷോയിൽ ഉണ്ടായിരുന്നു. ചേട്ടൻ ഫസ്റ്റ് റണ്ണർ അപ്പും ഞാൻ സെക്കൻഡ് റണ്ണർ അപ്പും ആയിരുന്നു.

Your Rating: