Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുത്രൻ പാത്രം കഴുകിച്ച പെൺകുട്ടി !

പ്രേമം സിനിമ എടുക്കുമ്പോൾ സംവിധായകൻ അൽഫോൻസ് പുത്രൻ പോലും വിചാരിച്ചു കാണില്ല ചിത്രം ഇത്രകണ്ട് പ്രേക്ഷകർ നെഞ്ചേറ്റുമെന്ന്. മലരും സെലിനും ബട്ടർഫ്ലൈ ഇഫക്റ്റുമെല്ലാം തിയ്യേറ്റർ വിട്ടിറങ്ങിയിട്ടും പലരുടെയും മനസിൽ പാറിക്കളിക്കുകയാണ്. ഇതിനിടയിൽ മലരിനും സെലിനും മേരിയ്ക്കുമൊപ്പം മറ്റൊരു നടികൂടി പ്രേമത്തിലൂടെ മലയാളത്തിനു കിട്ടിയിട്ടുണ്ട്. വളരെ കുറച്ചു സീനുകളേ ഉള്ളുവെങ്കിലും സിനിമ കണ്ടിറങ്ങിയ യുവാക്കൾ പലരും അന്വേഷിച്ചത് ആ റെസ്റ്റോറന്റ് ഗേളിനെക്കുറിച്ചാണ്.

മിനുട്ടുകൾ കൊണ്ടു മാത്രം പ്രേക്ഷകരെ കയ്യിലെടുത്ത ഒരാൾ മാത്രമേ പ്രേമത്തിലുള്ളു. അതാണ് ഗിരിരാജൻ കോഴിയ്ക്കു മുന്നിൽ മെനു ലിസ്റ്റ് പറയുന്ന സുന്ദരിപെൺകുട്ടി ഐശ്വര്യ രാഘവൻ. ഐശ്വര്യയുടെ വിശേഷങ്ങളിലേക്ക്....

പ്രേമത്തിലേക്കുള്ള എൻട്രി?

പ്രേമത്തിലേക്കുള്ള ഒഡിഷൻ നടക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ എന്റെ കൂട്ടുകാര്‍ ആണ് ഫോട്ടോ അയക്കാ‍ന്‍ പറയുന്നത്. അങ്ങനെ ഫേസ്ബുക്കിൽ ഉണ്ടായിരുന്ന കുറച്ച് ഫോട്ടോസ് ഒക്കെ വച്ച് ബയോഡാറ്റ ഉണ്ടാക്കി അയച്ചു. അതിൽ നിന്ന് എന്നെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തു. പിന്നീട് വീണ്ടും ഓഡിഷനു പോയി സെലക്റ്റഡ് ആയി. അൽഫോൻസ് നേരം എടുക്കുന്ന സമയം തൊട്ടേ സിനിമ എന്റെ മനസിലുണ്ട്. പിന്നെ ഇങ്ങനെയൊരു അവസരം കിട്ടിയപ്പോൾ വേറൊന്നും ചിന്തിച്ചില്ല.

സിനിമ കണ്ടിട്ട് എങ്ങനെയായിരുന്നു പ്രതികരണം? ഫ്രണ്ട്സ് ഒക്കെ എന്തുപറഞ്ഞു?

ഒട്ടും പ്രതീക്ഷിച്ചില്ല. വളരെ കുറച്ചു സീനുകളിൽ മാത്രല്ലേ ഉള്ളു അതുകൊണ്ട് എല്ലാവരും ഇത്രയ്ക്ക് തിരിച്ചറിയുമെന്ന് കരുതിയിരുന്നേയില്ല. ഞാൻ എങ്ങനെയാണോ അങ്ങനെ തന്നെയുണ്ടായിരുന്നു എന്നാണ് കൂടുതലാളുകളും പറഞ്ഞത്. നാച്ചുറൽ ആയിരുന്നു ആക്റ്റിങ് എന്നും പറഞ്ഞു. വളരെ സന്തോഷം തോന്നി. കുറച്ചു സീൻ മാത്രമേ ഉള്ളുവെങ്കിലും മനസിൽ നിൽക്കുന്നുണ്ടെന്നു കേട്ടപ്പോൾ വളരെ സന്തോഷം.

aishwaryaa

മലരും സെലിനും കഴിഞ്ഞാൽ പിന്നെ യുവാക്കൾ ചർച്ച ചെയ്യുന്നത് ഐശ്വര്യയെക്കുറിച്ചാണ്. അറിഞ്ഞോ?

അയ്യോ.. നോ ഐഡിയ.. മലരിനെ എല്ലാവർക്കും ഇഷ്ടമാവും. കാരണം സായ് പല്ലവി അത്രത്തോളം സ്വീറ്റ് ആണ്. സിനിമയിലെ കഥാപാത്രം മാത്രമല്ല. നേരിട്ടും അങ്ങനെതന്നെ. അതുപോലെ തന്നെ മഡോണയും. സെലിനെപ്പോലെതന്നെ ജീവിതത്തിലും സ്മാർട് ആയ പെൺകുട്ടിയാണ്. എന്നാൽ എന്നെക്കുറിച്ച് ഇത്രത്തോളം ടോക്ക് ഉണ്ടെന്നൊന്നും അറിഞ്ഞിട്ടില്ല. എഫ്ബിയിൽ ഫ്രണ്ട്സ് എനിക്കു ചില പോസ്റ്റുകൾ ടാഗ് ചെയ്തിരുന്നു. സിനിമയിലെ ഒരു സീനിനു താഴെ ആക്റ്റഡ് ഇൻ ജസ്റ്റ് ഫ്യൂ സീൻസ് യെറ്റ് ലവ്ഡ് ബൈ മെനി എന്ന ക്യാപ്ഷനോടെ പ്രേക്ഷകർ പോസ്റ്റ് ചെയ്ത പിക്ചർ ആയിരുന്നു അത്. കണ്ടപ്പോൾ വളരെ ഹാപ്പി ആയി.. കാരണം എന്റെ കയ്യിൽപ്പോലും പടത്തിലെ ഒരു സ്റ്റില്ലുമില്ല.

ചെറിയ കഥാപാത്രമായതുകൊണ്ട് എപ്പോഴെങ്കിലും വിഷമം തോന്നിയിരുന്നോ ?

ഞാൻ കഥാപാത്രത്തിനാണ് പ്രാധാന്യം നൽകുന്നത്. അല്ലാതെ ചെറിയ റോൾ വലിയ റോൾ എന്നൊന്നും നോക്കിയല്ല. ഒരു കഥാപാത്രത്തിലൂടെ നമ്മൾ വെറൊരാളായി മാറുകയാണ്. അതുകൊണ്ട് ഏതു റോൾ ആയാലും ഞാൻ ആസ്വദിക്കുന്നുണ്ട്. നേരത്തെമുതൽ തന്നെ സിനിമകൾ ഒത്തിരി കാണുമായിരുന്നു. അങ്ങനെയാണ് സിനിമയെ സീരിയസ് ആയി കാണാൻ തുടങ്ങിയത്. എത്രത്തോളം സിനിമയെ ഇഷ്ടമാണെന്നും പറഞ്ഞറിയിക്കാനാവില്ല. അതുകൊണ്ടുതന്നെ കഥാപാത്രത്തിന്റെ വലിപ്പത്തേക്കാൾ എന്നെ ഓർക്കുന്ന വിധത്തിൽ എന്തെങ്കിലും ചെയ്യാനുണ്ടോയെന്നു മാത്രമേ നോക്കുന്നുള്ളു.

എങ്ങനെയുണ്ടായിരുന്നു ആദ്യത്തെ ഷൂട്ടിങ് അനുഭവങ്ങൾ?

ഷൂട്ടിങ് എക്സ്പീരിയൻസ് വാക്കുകളിൽ പറയാനാവില്ല. അൽഫോൻസ് ചേട്ടനെപ്പോലുള്ള ഒരു സംവിധായകനൊപ്പം വർക് ചെയ്യാൻ കഴിഞ്ഞത് അനുഗ്രഹമായിക്കാണുന്നു. ഞാൻ ഒരു റെസ്റ്റോറന്റ് ഗേൾ ആയിരുന്നല്ലോ ചിത്രത്തിൽ. ഷൂട്ടിങിനിടയിൽ പാത്രം കഴുകുന്ന സീനിലൊക്കെ അൽഫോൻസ് ചേട്ടൻ പറയും പാത്രം ഉരച്ചു കഴുകിക്കോ ടേബിൾ അമർത്തി തുടച്ചോ എന്നൊക്കെ. ആ കഥാപാത്രം ആയി മാറാൻ വേണ്ടിയായിരുന്നു അതൊക്കെ. ഗിരിരാജനൊപ്പമുള്ള സീൻ ആയിരുന്നു ഏറ്റവും എക്സൈറ്റിങ്. ഷറഫ് ഇക്ക ഇല്ലായിരുന്നെങ്കിൽ ആ സീൻ ആരും ഇത്രത്തോളം ഓർക്കില്ലായിരുന്നു. അൽഫോൻസ് ചേട്ടൻ മാത്രമല്ല, നിവിൻ പോളി മുതൽ ഇൗ സിനിമയിൽ പ്രവർത്തിച്ച ഓരോരുത്തരും ഒരേരീതിയിൽ അർപ്പണബോധവും ആത്മാർത്ഥതയും കാണിച്ചിട്ടുണ്ട്. ഒപ്പം ഒരു തുടക്കക്കാരിക്കു വേണ്ട എല്ലാ സപ്പോർട്ടും പ്രേമം സെറ്റിൽ നിന്നു ലഭിച്ചിട്ടുണ്ട്. അതു നൽകിയ ആത്മവിശ്വാസം ചെറുതല്ല.

aishwarya

ഐശ്വര്യയുടെ പ്രേമം ആരോടാണ്?

എന്റമ്മേ...(ചിരി) പ്രേമം പലരോടും തോന്നിയിട്ടുണ്ട്. പ്രേമിക്കാത്ത ആൾക്കാര്‍ ഇൗ ലോകത്തുണ്ടോ..? അതൊക്കെ അറിയാതെ തന്നെ സംഭവിക്കുന്നതല്ലേ. പ്രേമിച്ചു മാത്രമേ വിവാഹം കഴിക്കൂ എന്നു പറയുന്ന പലരും പിന്നീട് അറേഞ്ച്ഡ് മാര്യേജ് ആണ് ചെയ്യാറുള്ളത്. അതുപോലെതന്നെ തിരിച്ചും. പ്രണയം ജീവിതത്തിൽ ഇന്ന ദിവസം വരും എന്നൊന്നും പറയാൻ പറ്റുന്ന കാര്യമല്ലല്ലോ. ദൈവം നിശ്ചയിക്കുന്ന പോലിരിക്കും. പിന്നെ പ്രണയിക്കുകയാണങ്കിൽ അതു ഞാൻ തീർച്ചയായും പറയും. അല്ലാതെ ഒളിച്ചു വയ്ക്കേണ്ട കാര്യമൊന്നുമില്ലല്ലോ.

മലർ, മേരി, സെലിൻ- ഇതിൽ ഫേവറിറ്റ് ആരാണ്?

നോ ഡൗട്ട്. അതു മലർ തന്നെ. ആ കഥാപാത്രത്തോടുള്ള ഇഷ്ടം മാത്രമല്ല സായ് പല്ലവി എന്ന വ്യക്തിയും വളരെ സോഫ്റ്റ് ആന്റ് സ്വീറ്റ് ആണ്. എല്ലാവരെയും പോലെ ഞാനും ഒരു മലർ ഫാൻ ആണ്.

പുതിയ സിനിമകൾ?

ഇപ്പോൾ പ്രേമത്തിന്റെ ഹാങ്ഓവറിലാണ് നല്ല അവസരങ്ങൾ വന്നാൽ തീർച്ചയായും ചെയ്യും. ഞാൻ പറഞ്ഞല്ലോ സിനിമയെ അത്രകണ്ട് സ്നേഹിക്കുന്നുണ്ട്. ഇനിയൊക്കെ ഇൗശ്വരന്റെ കയ്യിലാണ്.

ഓൺലൈൻ വായനക്കാർക്കു വേണ്ടി എശ്വെര്യയെ ഒന്നു പരിചയപ്പെടുത്താമോ?

ഞാൻ ജനിച്ചതും വളർന്നതുമൊക്കെ ഡൽഹിയിലാണ്. പിന്നീട് അച്ഛനു റിട്ടയർമെന്റ് ആയി ഞങ്ങൾ റാന്നിയിലേക്കു വന്നു. ചെന്നൈയിൽ സോഫ്റ്റ് വെയർ എഞ്ചനീയറിങ് കഴിഞ്ഞു. ഇപ്പോൾ ബാംഗ്ലൂരിൽ കോഗ്നിസന്റ് ടെക്നോളജി സൊല്യൂഷൻസിൽ ജോലി ചെയ്യുന്നു. വീട്ടിൽ അമ്മ, അച്ഛൻ, ചേട്ടൻ, ചേച്ചി, അനിയത്തി. ചേച്ചിയും കുടുംബവും എടക്കുളത്താണ്. ഒത്തിരിക്കാലങ്ങൾക്കു ശേഷം ഞങ്ങൾ കുടുംബം ഒന്നിച്ച് പോയി കണ്ട സിനിമ കൂടിയാണ് പ്രേമം.