Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫഹദ് ഫാസിൽ എന്റെ ഭാഗ്യക്കൂട്ട്‌

Alancier3 മഹേഷിന്റെ പ്രതികാരത്തിൽ ബേബിച്ചായനായി

ഫഹദ് ഫാസിൽ നായകനായ മഹേഷിന്റെ പ്രതികാരം റിലീസ് ആയതിനു ശേഷം ബേബിച്ചായന്റെ ഫേസ്ബുക്ക് പേജിൽ വലിയ തിരക്കാണ്. സിനിമ കണ്ടവർ കണ്ടവർ ബേബിച്ചായനെ ഫേസ്ബുക്കിൽ തെരഞ്ഞു പിടിക്കുന്നു. ഇതുകേട്ട്, ഒരു ഫേസ്ബുക്ക് പൊങ്കാല ആരും പ്രതീക്ഷിക്കണ്ട. ബേബിച്ചായനെ അഭിനന്ദിക്കാനുള്ള തിരക്കാണ് അവിടെ. മഹേഷിന്റെ പ്രതികാരത്തിൽ അഭിനയിച്ച അലൻസിയർ ലെ ലോപ്പസിന്റെ കാര്യമാണ് പറയുന്നത്. ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ ബേബിച്ചായനെ ജനങ്ങൾ ഏറ്റെടുത്തു. ഇപ്പോൾ, മഹേഷിന്റെ പ്രതികാരം കണ്ടിറങ്ങുന്ന ഓരോ വ്യക്തിയുടെയും നാവിൽ, മഹേഷിനൊപ്പം ബേബിച്ചായന്റെ പേരും തത്തിക്കളിക്കുന്നു.

തന്റെ ഇരുപതാമത്തെ വയസ്സിൽ സിനിമയിൽ മുഖം കാണിച്ച അലൻസിയറിനെ പക്ഷേ, സിനിമ കടാക്ഷിച്ചത് 51 ആം വയസ്സിലാണ്. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് എന്ന് പറയുന്ന അലൻസിയെഴ്സ് അമേരിക്ക കൊണ്ടു തന്ന ഭാഗ്യമായാണ് മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ ബേബിച്ചായാൻ എന്ന കഥാപാത്രത്തെ കാണുന്നത്. അലൻസിയർ ലെ ലോപ്പസ്, ഒരുപാട് കനമുള്ള പേരും ഒട്ടും കനമില്ലാത്ത മനസുമായി മഹേഷിന്റെ സ്വന്തം ബേബിച്ചായൻ മനോരമ ഓൺലൈനിനോട് മനസ്സ് തുറക്കുന്നു.

ബേബിച്ചായൻ കലക്കി

ഒരുപാട് ഒരുപാട് സന്തോഷമുണ്ട്. കുറെ സിനിമകളിൽ അഭിനയിച്ചു എങ്കിലും ജനങ്ങൾ അറിയുന്ന, അംഗീകരിക്കുന്ന രീതിയിലുള്ള കഥാപാത്രങ്ങൾ വന്നത് ഇപ്പോഴാണ്. ആദ്യം ചെയ്തതെല്ലാം ആർട്ട് ഫിലിമുകൾ ആയിരുന്നു. ജനങ്ങൾ ഓർത്തിരിക്കുന്ന ഒരു റോൾ ആദ്യം ചെയ്യുന്നത് ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലാണ്. അതിനു ശേഷം മൺസൂൺ മാംഗോസിൽ നല്ലൊരു റോൾ ചെയ്തു. പിന്നീടാണ് മഹേഷിന്റെ പ്രതികാരം എന്നെ തേടി എത്തുന്നത്.

മഹേഷിന്റെ പ്രതികാരം അമേരിക്ക നൽകിയ ഭാഗ്യം

Alancier

മൺസൂൺ മാംഗോസിന്റെ ഷൂട്ട്‌ അമേരിക്കയിൽ വച്ചു നടക്കുന്ന സമയത്ത് ഫഹദ് ആണ് എന്നോട് ഇക്കാര്യം പറയുന്നത്. ആഷിക് അബുവിന്റെെ അസോസിയേറ്റ് ആയിരുന്ന ദിലീഷ് പോത്തൻ ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ട്, അതിൽ ചേട്ടന് പറ്റിയ ഒരു കഥാപാത്രമുണ്ട്. ഞാൻ ചേട്ടന്റെ നമ്പർ കൊടുത്തിട്ടുണ്ട് ദിലീഷ് വിളിക്കും എന്നാണ് ഫഹദ് പറഞ്ഞത്. ദിലീഷ് വിളിച്ചു കഥ പറഞ്ഞപ്പോൾ എനിക്ക് കഥാപാത്രത്തെ ഇഷ്ടമായി. എന്നാൽ, അത്തരമൊരു കോമഡി എനിക്ക് ചെയ്യാൻ കഴിയുമോ എന്ന് സംശയമുണ്ടായിരുന്നു. എന്നാൽ എനിക്കതിനു കഴിയുമെന്നു പറഞ്ഞ് ആത്മവിശ്വാസം നൽകിയത് ദിലീഷ് ആണ്. ദിലീഷിന്റെ സംവിധാന രീതിയും വ്യത്യസ്തമാണ്. അഭിനേതാക്കളോട് അഭിനയിക്കനല്ല, നാച്ചുറലായി പെരുമാറാനാണ് അദ്ദേഹം പറയുക. ബേബിച്ചായനെ ജനങ്ങൾ ഇഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും ദിലീഷിനാണ്.

ഫഹദ് ഫാസിലിനൊപ്പം വിജയത്തിന്റെ ഫോർമുല

ഞങ്ങൾ ഒരുമിച്ചു വരുന്ന ചിത്രങ്ങൾ വിജയിക്കുന്നു എന്നതിൽ കവിഞ്ഞ്, എന്തുകൊണ്ടാണ് അങ്ങനെ എന്ന് ചോദിച്ചാൽ എനിക്കറിയില്ല. വ്യക്തിപരമായി എനിക്ക് ഏറെ അടുപ്പവും ഇഷ്ടവും ഉള്ള വ്യക്തിയാണ് ഫഹദ് ഫാസിൽ. അന്നയും റസൂലും എന്ന ചിത്രത്തിൻറെ സെറ്റിൽ വച്ചാണ് ആദ്യമായി ഞങ്ങൾ കാണുന്നത്. എന്നാൽ ആദ്യമായി കാണുന്ന ഒരു സഹാനടനോട് എന്ന പോലെയല്ല ഫഹദ് പെരുമാറിയത്. ഷോട്ടിന് മുൻപ് പേര് വിളിച്ച് അടുത്തു വന്നു സംസാരിച്ചു. അതോടെ എനിക്ക് വലിയൊരു ടെൻഷൻ ഒഴിവായി. പിന്നെ വളരെ കംഫർട്ടബിൽ ആയി അഭിനയിക്കാൻ എനിക്ക് കഴിഞ്ഞു. ആ ബന്ധം പിന്നെ കൂടുതൽ ശക്തമായി തുടർന്നു. മൺസൂൺ മാംഗോസ് എന്ന ചിത്രത്തിലും എനിക്ക് റോൾ ലഭിക്കുന്നതിനു കാരണം ഫഹദ് തന്നെയാണ്. ഒരു ദിവസം എന്നെ വിളിച്ച് പാസ്പോർട്ട് ഉണ്ടോ? ജനുവരിയിൽ ഒന്ന് അമേരിക്ക വരെ പോയാലോ എന്ന് ചോദിച്ചു. ഞാൻ കരുതി ആരോ വിളിച്ച് കളിപ്പിക്കുകയാണ്‌ എന്ന്. തിരികെ വിളിച്ച് ഞാൻ ചൂടായി, അപ്പോഴാണ്‌ ഫഹദ് മൺസൂൺ മാംഗോസിലെ കഥാപാത്രത്തെ കുറിച്ച് പറയുന്നത്.

എന്റെ കണ്ണുകൾ നിറഞ്ഞ നിമിഷം

സിനിമയിൽ ഞങ്ങൾക്കിടയിലെ ഓരോ നിമിഷവും ഞാൻ ആസ്വദിക്കുന്നുണ്ട്. എന്നാൽ ഫഹദ് എന്ന വ്യക്തിത്വത്തെ ഞാൻ മനസിലാക്കിയത് സിനിമയ്ക്ക് പുറത്താണ്. മൺസൂൺ മംഗോസിന്റെ ഷൂട്ട്‌ കഴിഞ്ഞു അമേരിക്കയിൽ നിന്ന് മടങ്ങുന്ന സമയം. പ്രതിഫലത്തിന്റെ പേരിൽ എനിക്കൽപം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. ആ സമയത്ത് ഫഹദ് അടുത്തു വന്ന്, ഒന്നും കാര്യമാക്കണ്ട ചേട്ടാ ഇത് നല്ല അവസരങ്ങൾ ലഭിക്കുന്നതിനുള്ള തുടക്കമായി കണ്ടാൽ മതിയെന്ന് പറഞ്ഞു, കുറച്ചു ഡോളർ എടുത്തു കയ്യിൽ വച്ചു തന്നു. എന്നിട്ട് , മക്കൾ മിഠായി വാങ്ങിക്കൊടുക്കണം, ഞാൻ വാങ്ങി തരേണ്ടതാണ് പക്ഷേ ഷൂട്ടിംഗ് തിരക്കായി പോയി. അതുകൊണ്ട് എനിക്ക് വേണ്ടി ചേട്ടൻ എയർപോർട്ടിൽ നിന്നും വാങ്ങണമെന്ന് പറഞ്ഞു. സത്യം പറഞ്ഞാൽ എന്റെ കണ്ണുകൾ നിറഞ്ഞു. എന്നെ എന്തിനാണ് ഇങ്ങനെ സ്നേഹിക്കുന്നത് എന്ന് ചോദിച്ചപ്പോൾ, എന്റെ കണ്ണിൽ നോക്കി ഫഹദ് പറഞ്ഞു എനിക്ക് നല്ല നടന്മാരെ വളരെ ഇഷ്ടമാണെന്ന്. ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത സംഭവമാണത്.

ഇരുപതാം വയസ്സിൽ സിനിമയിൽ എത്തി

ഞാൻ എന്റെ ഇരുപതാം വയസ്സിൽ സിനിമയിൽ അഭിനയിച്ചതാണ്. പ്രേംകുമാർ നായകനായ സഖാവ് വിപ്ലവത്തിന്റെ ശുക്ര നക്ഷത്രം എന്ന സിനിമയിലാണ് അഭിനയിച്ചത്. എന്നാൽ സിനിമ റിലീസ് ആയില്ല. പിന്നീട് ദയയിൽ മഞ്ജുവാരിയർക്ക് ഒപ്പം അഭിനയിച്ചു. അതിനു ശേഷവും സിനിമകൾ ചെയ്തുവെങ്കിലും ചെറിയ ചെറിയ വേഷങ്ങൾ ആയതിനാൽ ശ്രദ്ധിക്കപ്പെട്ടില്ല. മൂന്നാം ക്ലാസ് മുതൽ അഭിനയിക്കുന്ന ആളാണ്‌ ഞാൻ സിനിമയിൽ വരണമെന്നില്ല എങ്കിലും നല്ല അഭിനേതാവാകണം എന്നുണ്ടായിരുന്നു. ഇപ്പോഴാണ് സമയം തെളിഞ്ഞത് എന്നതാണ് സത്യം.

സൗബിൻ ഒരു സംഭവമാണ്

ക്രിസ്പിൻ, അല്ല സൗബിൻ ഒരു സംഭവമാണ്. മികച്ചൊരു നടൻ ആണവൻ. നല്ല കഴിവുള്ള പയ്യൻ. ചിത്രത്തിലെ പല കോമഡിയും സ്ക്രിപ്റ്റിൽ ഉള്ളതല്ല. ഷോട്ട് പോകുമ്പോൾ തന്നെ അവൻ കയ്യിൽ നിന്നും എടുത്തിട്ടതാണ്. ഞാൻ ചെയ്ത പല കോമഡിയും വിജയിക്കുന്നതിന് പിന്നിലെ പ്രധാന പ്രോത്സാഹനം സൗബിൻ തന്നെയായിരുന്നു. ഞാൻ ചിത്രത്തിൽ ഏറ്റവും കൂടുതൽ ആസ്വദിച്ചു ചെയ്തതും സൗബിനൊപ്പമുള്ള സീനുകളാണ്.

മൂന്നാറിൽ ടൂറുപോയുള്ള പരിചയം മാത്രം

മൂന്നാറിൽ ടൂറ് പോയിട്ടുണ്ട് എന്നതൊഴിച്ചാൽ ഇടുക്കിയുമായി ഒരു ബന്ധവുമില്ല. ഷൂട്ടിങ്ങിന് വേണ്ടി വന്നപ്പോഴാണ് ഇവിടെ കുറെ നാൾ തുടർച്ചയായി താമസിക്കുന്നത് തന്നെ. നല്ല നാട്, അതിലും നല്ല നാട്ടുകാർ. ഞാൻ ഇടുക്കിയെ വല്ലാതെ സ്നേഹിച്ചു പോയി.

ഞാൻ അലൻസിയർ ലെ ലോപ്പസ് മകൻ സ്റ്റീവ് ലോപ്പസ്

ALANCIER2 ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിൽ അലൻസിയറും ഫർഹാൻ ഫാസിലും

തിരുവനന്തപുരം ജില്ലയിലെ കണിയാപുരത്തിനു അടുത്തായി പുത്തൻതോപ്പ് എന്ന സ്ഥലത്താണ് എന്റെ വീട്. പണ്ട് ഗോവ പോലെ തന്നെ പോർട്ടുഗീസ്‌ അധിനിവേശമുള്ള സ്ഥലമായിരുന്നു ഇത്. എന്റെയൊക്കെ ചെറുപ്പകാലത്ത് പുത്തൻതോപ്പിലെ താല്പര്യമുള്ള ജനങ്ങളെ പോർട്ടുഗീസ്‌ മിഷനറിമാർ അവരുടെ മതത്തിലേക്ക് മാറ്റുമായിരുന്നു. അങ്ങനെ ചെയ്യുമ്പോൾ പോർട്ടുഗീസ്‌ രീതിയിലുള്ള പേരും വീട്ടുപേരും കിട്ടും. അങ്ങനെ കിട്ടിയതാണ് അലൻസിയർ ലെ ലോപ്പസ് എന്ന ഈ പേര്. എന്റെ മകൻ അലൻസിയർ സ്റ്റീവ് ലോപ്പസ്. ആ പേര് കേട്ടാണ് രാജീവ് രവി പടത്തിന് പേരിട്ടതുതന്നെ.

പുതിയ ചിത്രങ്ങൾ

പുതിയതായി 3 ചിത്രങ്ങളാണ് റിലീസ് ചെയ്യാനുള്ളത്. രാജീവ് രവി നിർമ്മാതാവാകുന്ന, ഷാനവാസ് ബാവൂട്ടി സംവിധാനം ചെയ്യുന്ന കിസ്മത്ത്, മൻറോ തുരുത്ത്, ദുൽഖർ സൽമാന്റെ പേരിടാത്ത ചിത്രം എന്നിവയാണവ.