Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ ആളുകള്‍ക്ക് ഞാന്‍ എന്ത് ഇട്ടാലും ഗ്ലാമറസ് ’

ansiba-latest

സോഷ്യല്‍ മീഡിയയില്‍ ഒരുപാട് തേജോവധം ചെയ്യപ്പെട്ട നടിയാണ്അന്‍സിബ ഹസ്സന്‍ . വിമര്‍ശനങ്ങളോടും പരിഹാസങ്ങളോടും താരം ഇതുവരെയും പ്രതികരിച്ചിട്ടുമില്ല. ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ബുദ്ധസന്യാസികള്‍ക്കൊപ്പം നില്‍ക്കുന്ന അന്‍സിബയുടെ ചിത്രവും വിവാദമായി. ഫേസ്ബുക്കില്‍ ഒരു ചിത്രവും പോസ്റ്റ് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഇപ്പോള്‍ അന്‍സിബ. ഇതാദ്യമായി വിവാദങ്ങളോട് അന്‍സിബ പ്രതികരിക്കുന്നു....

അൻസിബയും ഇപ്പോൾ ചെമ്മീന്റെ ഭാഗമായിരിക്കുന്നു. വിശ്വാസം അതല്ലേ എല്ലാം എന്തൊക്കെയാണ് വിശേഷങ്ങൾ?

ചെമ്മീന്റെ മൂന്നാം ഭാഗത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചതു തന്നെ ഒരു ഭാഗ്യമായി കരുതുന്നു. ഷലോമി െന്നാണ് ിതിലെ കഥാപാത്രത്തിന്റെ പേര്. ഒരു ക്രിസ്ത്യൻ കുടുംബത്തിലെ കുട്ടിയാണ്. ഞാൻ ഇതുവരെ ചെയ്ത കാരക്ടറുകളിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു വേഷമാണ് ഷലോമിയുടേത്. ഇതുവരെ ചെയ്തതെല്ലാം ഒരു പാവം കാരക്ടറായിരുന്നെങ്കിൽ ഇതിൽ ഞാൻ നേരേ തിരിച്ച് നായകൻ ഷൈൻ ടോമുമായി എപ്പോഴും വഴക്കുണ്ടാക്കുന്ന വേഷമാണ്. പുറകേ നടന്ന് പ്രേമിക്കുകയും ഉപദ്രവിക്കുകയും ചെയ്യും. വളരെ എജ്യുക്കേറ്റഡ് ആയ ഒരാളാണ്. എംബിഎ ബിരുദമൊക്കെയുണ്ട്. പക്ഷേ പറഞ്ഞിട്ടു കാര്യമില്ല എപ്പോഴും അടി ഉണ്ടാക്കുക തന്നെ. ഷൈനാകട്ടെ, പണിക്കൊന്നും പോകാതെ മടി പിടിച്ചിരിക്കുന്ന ഒരാളാണ്. അച്ഛൻ പൊലീസ് ഓഫീസറാണ്. അച്ഛന്റെ കാശിൽ അടിച്ചു പൊളിച്ചു ജീവിക്കുന്ന മകൻ. മകന്റെ ഏക സമാധാനക്കേട് ഈ ഗേൾ ഫ്രണ്ട് ഉണ്ടാക്കിവയ്ക്കുന്ന പ്രശ്നങ്ങളാണ്. ശങ്കറാണ് അച്ഛന്റെ വേഷം ചെയ്തിരിക്കുന്നത്. തൽക്കാലം ഇപ്പോൾ ഇത്രയും വിശേഷമേ പറയാൻ സാധിക്കൂ. ശേഷം സ്ക്രീനിൽ.

utharachemeen-ansiba

അൻസിബയുടെ കാരക്ടറുമായി ഷലോമിക്ക് എന്തെങ്കിലും സാമ്യമുണ്ടോ? അൻസിബയും ഇതുപോലൊരു വഴക്കാളിയാണോ?

ഏയ്, ഒരിക്കലുമില്ല. എന്റെ കാരക്ടറുമായി സാമ്യമുള്ളത് ദൃശ്യത്തിലെ കഥാപാത്രത്തിനാണ്. എല്ലാ വിശേഷവും വീട്ടിൽ ഷെയർ ചെയ്യുന്ന ഒരാളാണ് ഞാൻ. സ്കൂളിലെ ആയാലും കോളജിലെ ആയാലും ഷൂട്ടിങ് ലൊക്കേഷനിലെ ആയാലും എല്ലാ കാര്യങ്ങളും ഇങ്ങനെ വാതോരാതെ പറഞ്ഞു കണ്ടിരിക്കും. കേൾക്കുന്നവർ മടുത്താലും ഞാൻ മടുക്കില്ല.

അടി ഉണ്ടാക്കാനാണേൽ തീരെ താൽപര്യവുമില്ല. ദേഷ്യം വന്നാൽ മിണ്ടാതിരിക്കും. ആയങ്കര ദേഷ്യം വരികയാമേൽ വേറെ എവിടെയെങ്കിലും പോയി കുറേ നേരം മിണ്ടാതിരിക്കും. അതോടെ എല്ലാ ദേഷ്യവും പമ്പ കടക്കും. വീട്ടിൽ ആരോടും വഴക്കും ഉണ്ടാക്കാറില്ല.

drishyam-success

ഷീ ടാക്സിയിൽ കാവ്യാ മാധവനോടൊപ്പവും അഭിനയിച്ചിരുന്നല്ലോ? എങ്ങനെ ഉണ്ടായിരുന്നു കാവ്യയുമായുള്ള സൗഹൃദം?

ഷീ ടാക്സിയുടെ സെറ്റ് നല്ല ജോളി ആയിരുന്നു. ഞാനാണെങ്കിൽ നമ്മളൊക്കെ മനസിൽ ആരാധിക്കുന്ന, ബഹുമാനിക്കുന്ന ഒരു കാവ്യ ചേച്ചി ഉണ്ടല്ലോ ആ ലൈനിലായിരുന്നു ആദ്യം ചേച്ചിയെ കണ്ടത്. ചേച്ചിക്കാകട്ടെ ദൃശ്യം കണ്ട ഫീലിങ്ങിലുള്ള അൻസിബയും. പക്ഷേ, ആദ്യത്തെ ഫോട്ടോഷൂട്ട് കഴിഞ്ഞതോടെ തന്നെ ആ ഫീലിങ്ങെല്ലാം മാറി. ഞങ്ങൾ വലിയ സുഹൃത്തുക്കളായി.

ഷൂട്ട് കഴിഞ്ഞ് രാത്രി ഞങ്ങൾ രണ്ടാളും കൂടി ഷോപ്പിങ്ങിനു പോകും. ചോക്കളേറ്റും സ്നാക്സുമൊക്കെ വാങ്ങിക്കഴിച്ച് കറങ്ങി നടക്കും. കർണാടകയിലും കൂർഗിലുമായതിനാൽത്തന്നെ മലയാളികൾ അല്ലാത്തവർക്ക് നമ്മളെ പരിചയവുമില്ല. ഷോപ്പിങ് മോളിലൊക്കെ പോയി എന്ത് രസകരമായ ദിവസങ്ങളായിരുന്നെന്നോ!

ഷൂട്ടിങ് കഴിഞ്ഞിരിക്കുന്ന ഒഴിവു സമയങ്ങളിൽ ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കും, അത് സിനിമാവിശേഷങ്ങളൊന്നുമല്ല. വീട്ടിലെ വിശേഷങ്ങളും കുക്കിങ്ങും മലബാർഭാഷയും ഒക്കെയായിരുന്നു ഞങ്ങളുടെ സംസാരത്തിൽ കടന്നു വന്നിരുന്നത്. ഞങ്ങൾ കൊളോക്കിയൽ ഭാഷയാണ് സംസാരിക്കുന്നതെന്നു പറഞ്ഞ് ചേച്ചി കളിയാക്കുമായിരുന്നു.

അൻസിബയെ ഫെയ്സ്ബുക്കിൽ ടാർഗറ്റ് ചെയ്യുന്നതായി തോന്നിയിട്ടുണ്ടോ? ഫോട്ടോ പോസ്റ്റ് ചെയ്യുമ്പൾ പലപ്പോഴും വിമർശനങ്ങൾക്ക് പാത്രമാകുന്നുണ്ടല്ലോ?

എനിക്ക് അറിയില്ല. പേഴ്സണലി എനിക്ക് ഫെയ്സ്ബുക്ക് അക്കൗണ്ട് ഇല്ല. കംപ്യൂട്ടറിൽ നിന്ന് വളരെ അകലം പാലിക്കുന്ന ഒരാളാണ് ഞാൻ. അതിനെക്കുറിച്ചുള്ള കൂടുതൽ അറിവുകളൊന്നും എനിക്കില്ല. ഞാൻ ലാപ്ടോപ്പ് തുറക്കുന്നത് ഗെയിം കളിക്കാൻ മാത്രമാണ്. അതും കുറച്ചു കഴിയുമ്പോൾ നിർത്തി വയ്ക്കും.

she-taxi-ansiba

ഞാൻ ഫോട്ടോകളെല്ലാം ഒരു ഏജൻസിക്കാണ് അയച്ചു കൊടുക്കുന്നത്. ഷീ ടാക്സിയുടെ ഷൂട്ടിങ് സമയത്ത് ബുദ്ധസന്യാസികളുടെ ഒപ്പം നിന്ന് എടുത്ത ഫോട്ടോയാണ് വിവാദമായത്. ആ ഫോട്ടോ എടുത്ത സമയത്തു തന്നെ ഞാൻ ഏജൻസിക്ക് അയച്ചതാണ്. പക്ഷേ ആ ചേട്ടൻ ഫോട്ടോ പോസ്റ്റ് ചെയ്തത് മ്യാൻമറിൽ പ്രശ്നം നടന്ന സമയത്തായിരുന്നു. അതാണ് വിമർശനങ്ങൾ ഉണ്ടാക്കിയതെന്നു തോന്നുന്നു.

ആ ഫോട്ടോ ഫെയ്സ്ബുക്കിൽ നിന്ന് ഡിലീറ്റ് ചെയ്തിരുന്നല്ലോ?

അതേ, ഞാൻ തന്നെ വിളിച്ചു പറഞ്ഞ് ഡിലീറ്റ് ചെയ്യിപ്പിച്ചതാണ്. ഫെയ്സ്ബുക്ക് നോക്കാത്തതിനാൽത്തന്നെ വന്ന കമന്റുകളോ, പ്രശ്നങ്ങളോ ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല. പലരും എന്നോട് വിളിച്ചു പറഞ്ഞപ്പോഴാണ് അനിയന്റെ അക്കൗണ്ടിൽ കയറി ഞാൻ ചെക്ക് ചെയ്തത്. വന്ന നെഗറ്റീവ് കമന്റുകളെല്ലാം ഫെയ്ക്ക് ഐഡിയിൽ നിന്നായിരുന്നു. അതുകൊണ്ടാ പ്രതികരിക്കാതിരുന്നതും പരാതിപ്പെടാതിരുന്നതും. അവർ തന്നെ ഫെയ്ക്ക് ആണ്, പിന്നെ അങ്ങനെ ഉള്ളവരോട് ഞാൻ പ്രതികരിച്ചിട്ടെന്തു കാര്യം.

തമിഴ് ലോകവും അൻസിബയെ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞല്ലോ? പുതിയ തമിഴ്സിനിമാ വിശേഷം?

പറഞ്ചോതിയാണ് പുതിയ തമിഴ് ചിത്രം.

പറഞ്ചോതിയിൽ ഗ്ലാമറസ് ആയി എന്നൊരു ആക്ഷേപവും ഉണ്ടല്ലോ?

ഞാൻ എന്തിട്ടാലും ഉടൻ പറയും ഗ്ലാമറസ് ആയെന്ന്. അത് എന്തുകൊണ്ടാണെന്ന് എനിക്കു മനസിലാകുന്നില്ല. ഫുൾ സ്ലീവ് സൽവാറിട്ടാലും ദാവണി ഉടുത്താലും ഒക്കെ പ്രശ്നമാ. ഇതൊരു റെയ്നി സോങ് ആണ്. അതിനനുസരിച്ചുള്ള വേഷം മാത്രമേ ഞാൻ ഇട്ടിട്ടുള്ളു. ഞാൻ ഇടുന്നതിനെക്കാൾ ഇറക്കം കുറഞ്ഞ സ്കർടിട്ട് പലരും അഭിനയിക്കുന്നുണ്ട്. അപ്പോഴൊന്നും ഒരു പ്രശ്നവുമില്ല. ഞാൻ ആയതുകൊണ്ട് ആരും അക്സപ്റ്റ് ചെയ്യാത്തതാണോ എന്ന് അറിയില്ല.

ഫിലിം ചെയ്യുമ്പോൾ ഡയറക്ടർ പറയുന്നത് അനുസരിക്കണം. പറ്റില്ലെന്നു പറഞ്ഞാൽ മോള് വീട്ടിൽ പോയി ഇരുന്നു കൊള്ളാൻ പറയില്ലേ! വൃത്തികെട്ട രീതിയിൽ ഡ്രസ്സ് ചെയ്ത് ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ല. ഇനിയൊട്ട് ചെയ്യുകയുമില്ല.