Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഹ്ലാദം മാനം മുട്ടെ ബാബു ആന്‍റണി

babu-antony

ചലച്ചിത്ര നിരൂപകരുടെ പ്രശംസക്കൊപ്പം ബോക്സ് ഓഫിസ് ഹിറ്റുമായ തമിഴ് ചിത്രം കാക്കമുട്ടൈയുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്‍റെ ത്രില്ലില്ലാണ് നടന്‍ ബാബു ആന്‍റണി. മാസും ക്ലാസും ഒത്തുചേരുന്ന സിനിമയുടെ കാലമാണ് ഇനി വരാനിരിക്കുന്നതെന്നും അത്തരം സിനിമകളിലൂടെ മാത്രമേ ചലച്ചിത്ര വ്യവസായത്തിനു മുന്നോട്ട് പോകാന്‍ സാധിക്കു എന്നും അദ്ദേഹം പറയുന്നു. ‘സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട്’ എന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്ന് അദ്ദേഹം സിനിമയെക്കുറിച്ച് വാചാലനാകുന്നു.

കാക്കമുട്ടൈയുടെ ഭാഗമാകുന്നത്

മണികണ്ഠന്‍ എന്നൊരാള്‍ എന്നെ ഫോണില്‍ വിളിച്ചു. അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സംവിധാനത്തിലും ഛായഗ്രഹണത്തിലും ഡിപ്ലോമ പൂര്‍ത്തിയാക്കിയ ആളാണെന്നു പറഞ്ഞു. അദ്ദേഹത്തിന്‍റെ ആദ്യത്തെ സിനിമയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ പോകുകയാണെന്നും എനിക്ക് അതിലൊരു വേഷമുണ്ടെന്നും പറഞ്ഞു. അദ്ദേഹം കഥ പറഞ്ഞപ്പോള്‍ തന്നെ എനിക്ക് രസകരമായി തോന്നി. ഞാന്‍ തിരക്കഥയുടെ ചുരുക്കം ഇമെയില്‍ ചെയ്തു തരാന്‍ ആവശ്യപ്പെട്ടു. അത് വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല, സമ്മതം മൂളി.

ഇങ്ങനൊരു സബ്ജക്റ്റിനു നിര്‍മ്മാതാക്കളെ കിട്ടുമോ എന്നൊരു സംശയം അദ്ദേഹത്തോട് ഞാന്‍ പങ്കുവെച്ചു. സംവിധായകന്‍ വെട്രിമാരനും ധനുഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നതെന്ന് അദ്ദേഹം മറുപടി നല്‍കിയപ്പോള്‍ എന്‍റെ ആത്മവിശ്വാസം കൂടി.

ഒരേ സമയം നിരൂപക പ്രശംസയും ബോക്സ് ഓഫിസ് വിജയവും കാക്കമുട്ടൈയുടെ വിജയ രഹസ്യം

നല്ല സിനിമ ഉണ്ടാക്കാനുള്ള ആത്മാര്‍ഥമായ ശ്രമം ഇതിന്‍റെ അണിയറ പ്രവര്‍ത്തകരില്‍ ഉണ്ടായിരുന്നു. സിനിമയില്‍ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നു പറഞ്ഞാലും ബേസിക്കായിട്ട് അതിനൊരു വ്യാകരണമുണ്ട്. അത് കൃത്യമായി ഉപയോഗപ്പെടുത്താന്‍ മണികണ്ഠനു കഴിഞ്ഞിട്ടുണ്ട്. ഒരു നവാഗത സംവിധായകന്‍റെ പതര്‍ച്ചകളില്ലാതെ കാസ്റ്റിങിലും ചിത്രീകരണത്തിലുമൊക്കെ കയ്യടക്കവും സൂക്ഷമതയും പുലര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.

ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച രണ്ടു കുട്ടികളും അഭിനയത്തില്‍ മുന്‍പരിചയമുള്ളവരല്ല. ചേരിനിവാസികളായ ആ കുട്ടികളെ പരിശീലിപ്പിച്ച് ഇത്രയും മികച്ച പ്രകടനം പുറത്തെടുപ്പിച്ചതിന്‍റെ ക്രെഡിറ്റ് പൂര്‍ണമായും സംവിധായകന് ആവകാശപ്പെട്ടതാണ്(ഇരുവരും മികച്ച ബാലതാരങ്ങള്‍ക്കുള്ള ദേശീയ പുരസ്കാരം പങ്കിട്ടിരുന്നു). കുട്ടികളുടെ പ്രകടനം തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്ലസ്. 

babu-antony-still

നമ്മളാരും അമാനുഷിക ശക്തിയുള്ളവരല്ല. സാധാരണ മനുഷ്യരുമായി കമ്മ്യൂണിക്കേറ്റ് ചെയ്യുന്നിടത്താണ് സിനിമയുടെ വിജയം. മാസ് കമ്മ്യൂണിക്കേഷനാണല്ലോ സിനിമ.സംവിധായകന്‍ മുന്നോട്ട് വെച്ച ആശയം കൃത്യമായി പ്രേക്ഷകരുമായി സംവദിക്കാന്‍ കഴിഞ്ഞു എന്നത് തന്നെയാണ് സിനിമയുടെ വിജയം. ഒരു നല്ല സിനിമ നിര്‍മ്മിക്കാന്‍ മുന്നോട്ട് വന്ന വെട്രിമാരനും ധനുഷും പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു. 

ചിത്രീകരണത്തിനിടയിലെ രസകരമായ അനുഭവങ്ങള്‍

ഞാന്‍ വെട്രിമാരനെ സിനിമയുടെ ചിത്രീകരണത്തിനു മുമ്പ് നേരില്‍ കണ്ടിട്ടില്ല. ഒരു ദിവസം അദ്ദേഹം ലൊക്കേഷനില്‍ എത്തിയിട്ടുണ്ടെന്നു അറിഞ്ഞു. ഷോട്ടിന്‍റെ ഇടവേളയില്‍ ഞാന്‍ സഹസംവിധായരില്‍ ഒരാളോട് ചോദിച്ചു വെട്രിമാരന്‍ വന്നിട്ടുണ്ടെന്നു കേട്ടല്ലോ. പിന്നില്‍ നില്‍ക്കുന്ന ഒരാളെ ചൂണ്ടി കാണിച്ച് സാര്‍ അതാണ് വെട്രിമാരന്‍ എന്നു പറഞ്ഞു. ഞാന്‍ ശരിക്കും ഞെട്ടി പോയി, സത്യത്തില്‍ അദ്ദേഹത്തെ കടന്നാണ് ഞാന്‍ പോയത്. ലൈറ്റ്സിന്‍റെ സമീപത്തായി ഒരു ജാഡകളുമില്ലാതെ മാറി നില്‍ക്കുകയാണ് അദ്ദേഹം. തമിഴിലെ അണിയറ പ്രവര്‍ത്തകരുടെ എളിമ അത്ഭുതപ്പെടുത്തുന്നതാണ്.

സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച കുട്ടികളുടെ കാലിലും കയ്യിലുമൊക്കെ ചെളി പുരളുമ്പോള്‍ സംവിധായകന്‍ നേരിട്ട് വന്നു തുടച്ചു കൊടുക്കുമായിരുന്നു. അവരുടെ വിനയം കണ്ടു പഠിക്കേണ്ടതാണ്. മലയാളത്തില്‍ ഒരു സിനിമ ഹിറ്റായാല്‍ പിന്നെ പിറ്റേ ദിവസം മുതല്‍ ഈഗോയാണ്.

babu-antony-stills

തമിഴില്‍ എല്ലാതരം സിനിമകള്‍ക്കും സ്വീകാര്യതയുണ്ട്, മലയാളത്തില്‍ സ്ഥിതി വ്യത്യസ്തമാണല്ലോ

സിനിമയെ ആര്‍ട്ട് സിനിമ, കൊമേഴ്സ്യല്‍ സിനിമയെന്നു വേര്‍തിരിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ഒരേ സമയം കലാമൂല്യവും കച്ചവടം മൂല്യവുമുള്ള സിനിമകള്‍ വന്നാല്‍ മാത്രമേ ചലച്ചിത്ര വ്യവസായം മുന്നോട്ട് പോകുകയുള്ളു. മലയാളത്തില്‍ സാറ്റ് ലൈറ്റ് അവകാശമൊക്കെ വന്നപ്പോള്‍ സിനിമ തിയറ്ററില്‍ ഓടിയില്ലെങ്കിലും ഓടിയാലും നിര്‍മ്മാതാവിനോ സംവിധായകനോ അഭിനേതാവിനോ നഷ്ടം ഉണ്ടാകാത്ത അവസ്ഥ ഉണ്ടായി. സിനിമയുടെ ആത്യന്തികമായ ലക്ഷ്യം പ്രേക്ഷകരെ എന്‍റര്‍ടെയിന്‍ ചെയ്യുക എന്നതാണെന്ന് മറന്ന് പല അഭിനേതാക്കളും സാമ്പത്തികലാഭം മാത്രം നോക്കി സിനിമകള്‍ക്കു കരാര്‍ ഒപ്പിട്ടു. മലയാളത്തില്‍ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടാനുള്ള കാരണം അതാണ്. സിനിമയുമായി ഒരു ബന്ധമില്ലാത്ത കുറെ ആളുകള്‍ ഈ മേഖലയിലേക്ക് കടന്നു വന്നു. സാറ്റ് ലൈറ്റ് അവകാശം നേടിയെടുത്ത് ലാഭം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഒരു റാക്കറ്റ് തന്നെ സജീവമായിട്ട് ഉണ്ടായിരുന്നു.

സാറ്റ് ലൈറ്റ് അവകാശത്തില്‍ വന്ന ഭേദഗതിയിലൂടെ അത്തരം റാക്കറ്റുകള്‍ തകര്‍ന്നു തുടങ്ങി. ഫിലിം ഇന്‍ഡസ്ട്രിക്കു കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്ന ഒന്നായിരുന്നു സാറ്റ് ലൈറ്റ് അവകാശം. പക്ഷേ അതിന്‍റെ സാധ്യതകളെ കൃത്യമായി ഉപയോഗപ്പെടുത്താന്‍ കഴിയാതെ പോയി.

babu-antony-kanchana

വിണ്ണൈ താണ്ടി വരുവായാ, കാഞ്ചന, കാവിയതലൈവന്‍, കാക്കമുട്ടൈ തമിഴില്‍ തുടര്‍ച്ചയായി ഹിറ്റുകളാണല്ലോ

പൂവിനു പുതിയ പൂന്തെന്നല്‍ എന്ന സിനിമയുടെ റീമേക്കായ പൂവിഴി വാസലിലെയിലൂടെയാണ് തമിഴില്‍ സജീവമാകുന്നത്. ചിത്രത്തിന്‍റെ തമിഴ്, ഹിന്ദി, തെലുങ്ക് റീമേക്കില്‍ എല്ലാം വില്ലന്‍ വേഷം ഞാന്‍ തന്നെയാണ് ചെയ്തത്. പൂവിഴി വാസല്‍ മുതല്‍ കാക്കമുട്ടൈ വരെ തമിഴില്‍ നല്ല സിനിമകളുടെയും ഹിറ്റുകളുടെയും ഭാഗമാകാന്‍ പറ്റി. തമിഴില്‍ അല്‍പ്പം കൂടി സെലക്റ്റീവാണ് കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍.

ആക്ഷന്‍ റോളുകളില്‍ നിന്ന് ക്യാരക്ടര്‍ റോളുകളിലേക്കുള്ള ചുവടുമാറ്റം

മലയാളത്തില്‍ കഴിഞ്ഞ 10-12 വര്‍ഷമായി ആക്ഷന്‍ സിനിമകളെടുക്കാന്‍ സംവിധായകര്‍ മുന്നോട്ട് വരുന്നില്ല. പല കാരണങ്ങള്‍ ഉണ്ടാകും. പിന്നെ കൂറെ വില്ലന്‍ വേഷങ്ങളിലേക്കാണ് ഓഫര്‍ വന്നു കൊണ്ടിരുന്നത്. വില്ലന്‍ റോളുകളിലേക്ക് ടൈപ്പ് ചെയ്യപ്പെടാന്‍ താല്‍പര്യം ഇല്ലാത്തതു കൊണ്ടാണ് ആ ഓഫറുകളൊക്കെ നിരസിച്ചത്. ഇപ്പോള്‍ ചില ആക്ഷന്‍ സബ്ജക്റ്റുകളുടെ സ്ക്രിപിറ്റ് കേള്‍ക്കുന്നുണ്ട്. നല്ല തിരക്കഥയാണെന്ന് ബോധ്യപ്പെട്ടാല്‍ ചെയ്യും.

നവാഗതനായ ഉല്ലാസ് സംവിധാനം ചെയ്യുന്ന സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട് സിനിമയുടെ സെറ്റിലാണ് ബാബു ആന്‍റണി ഇപ്പോള്‍. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം എറണാകുളത്തെ ഒരു തിയറ്ററില്‍ അദ്ദേഹം കാക്കമുട്ടൈ കാണാന്‍ എത്തിയിരുന്നു. പ്രേക്ഷകരുടെ പ്രതികരണം നേരിട്ട് അനുഭവിച്ച് അറിഞ്ഞതിന്‍റെ ആഹ്ലാദത്തിലാണ് അദ്ദേഹം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.