Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വിയെ പാവാടയുടുപ്പിച്ചപ്പോൾ...!

bipin-prithviraj ബിപിൻ ചന്ദ്രൻ, പൃഥ്വിരാജ്

കുടിയൻ ജോയുടെ പാമ്പു പോലെ ആടിയുലയുന്ന ജീവിതത്തെ കുറിച്ച് പറഞ്ഞ് പൃഥ്വിരാജിന്റെ പാവാടയെന്ന ചിത്രം തീയറ്ററുകളുടെ പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ അയയിൽ വിരിച്ചിട്ട പാവാടയ്ക്ക് പോലും ഒരു ഗമ വരാം. പോളണ്ട് പോലെ ദോശ പോലെ അയലത്തെ ചായക്കടയിലെ പരിപ്പുവടപോലെ സമൂഹത്തിന്റെ സംവാദങ്ങളിൽ പാവാടയുമൊരു നിത്യസാന്നിധ്യമാകുമോ?

പാവാടയുടെ രാഷ്ട്രീയമെന്തെന്നും മദ്യപാനിയുടെ ജീവിതം പാവാടയുമായി എങ്ങനെ ചേർന്നു നിൽക്കുന്നുവെന്നും തിരക്കഥാകൃത്തായ ബിപിൻ ചന്ദ്രൻ സംസാരിക്കുന്നു.

പാവാട വെറുമൊരു പേരല്ല

സിനിമ കാണാനൊരു കൗതുകമുണർത്താനോ അല്ലെങ്കിൽ ഒരു വ്യത്യസ്തയായിക്കോട്ടെന്നോ കരുതിയല്ല ഈ ചിത്രത്തിന് പാവാടയെന്ന് പേരിട്ടത്. അത്തരമൊരു പ്രവണത മലയാള സിനിമയിലുണ്ട്. പാവാട എന്ന പേരിനെ ആ കണ്ണിലൂടെ കാണരുത്. ചിത്രത്തിന്റെ കഥാഗതിയുമായി ചേർന്നുനിൽക്കുന്ന വളരെ പ്രാധാന്യമുള്ളൊരു പേരാണ് പാവാട. ഇതാണ് ചിത്രത്തിന്റെ സസ്പെൻസും ഉൾകാമ്പും.

maniyanpilla-prithvi മണിയൻ പിള്ള, പൃഥ്വിരാജ്

മദ്യം കേന്ദ്ര കഥാപാത്രമല്ല

പാമ്പ് ജോയ് തികഞ്ഞ മദ്യപാനിയാണ്. ചിത്രത്തിലെ ക്രേന്ദ്ര കഥാപാത്രമെങ്കിലും മദ്യപാനത്തിന് പ്രധാന്യമുള്ള ചിത്രമാണ് പാവാട എന്നു കരുതരുത്. ചിത്രത്തിലെ ചിലരംഗങ്ങളിൽ അത്തരത്തിലാണെന്നതൊഴിച്ചാൽ മദ്യവുമായി ചിത്രത്തിന് കാര്യമായ ബന്ധമില്ല. സ്പിരിറ്റ് പോലെയുള്ളൊരു ചിത്രമല്ല പാവാട.

ഇതിലുള്ളത് വ്യത്യസ്തനായ പൃഥ്വി

യുവ നടന്മാരിൽ അഭിനയ മികവുള്ളവരിലൊരാളാണ് പൃഥ്വിരാജ്. അദ്ദേഹത്തിനൊപ്പം ഞാൻ ചെയ്യുന്ന ആദ്യ ചിത്രമാണിത്. നിർമ്മാതാവായ മണിയൻപിള്ള രാജു 4 തിരക്കഥാകൃത്തുക്കളുടെ വ്യത്യസ്തമായ കഥകളുമായി പൃഥ്വിരാജിന്റെ അടുത്ത ചെന്നതാണ്. എന്നാൽ അദ്ദേഹത്തിനിഷ്ടപ്പെട്ട തിരക്കഥ ഇതായിരുന്നു. തിരക്കഥ വായിച്ചു നിര്‍ത്തിയപ്പോൾ പൃഥ്വി പറഞ്ഞു ഇതു തന്നെയാണ് എന്റെ അടുത്ത ചിത്രം. പൃഥ്വി ഇതുവരെ ചെയ്ത ചിത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായിരിക്കും പാവാട. അദ്ദേഹത്തിന്റെ വ്യത്യസ്തമായൊരു വേഷവുമായിരിക്കും പാമ്പു ജോയ്.

anoop-maniyanpilla പാവാട ചിത്രത്തിൽ നിന്നും

സിനിമയെ മനസിലാക്കുന്ന നടൻ

യുവതാരങ്ങളിൽ ഏറ്റവും ബുദ്ധിമാനായ നടനാണ് പൃഥ്വി എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്റെ വേഷം എന്റെ കാര്യം എന്ന ചിന്തയിലേക്ക് ഒതുങ്ങാത്ത നടനാണ് അദ്ദേഹം. ചലച്ചിത്രത്തിന്റെ പൂർണതയ്ക്കു വേണ്ടിയുള്ള നല്ല നിർദ്ദേശങ്ങളെപ്പോഴും ആ ചിന്തയിലുണ്ടാകും. നമ്മളോട് അതിനെ കുറിച്ച് സംവദിക്കുകയും ചെയ്യും. രംഗങ്ങളുടെ തുടർച്ച അതിന്റെ സാങ്കേതിക വശങ്ങൾ എന്നിവ പോലെ തിരക്കഥയിലും ക്രിയാത്മകമായ നിർദ്ദേശങ്ങൾ പൃഥ്വി തരാറുണ്ട്. കൂട്ടായ്മയുടെ ശക്തിയെന്തെന്ന് മനസിലാക്കി പ്രവർത്തിക്കുന്ന നടൻ.

prithviraj-vijay പൃഥ്വിരാജ്

പ്രതീക്ഷകളുടെ ഭാരം

ഞാൻ എഴുതിയ ഒരു ചിത്രത്തിനായി ആളുകൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ടെന്ന് അറിയുന്നത് സുഖമുള്ള കാര്യമാണ്. ഏതൊരു തിരക്കഥാകൃത്തും ആഗ്രഹിക്കുന്ന കാര്യം തന്നെയാണത്. ആ പ്രതീക്ഷ പൃഥ്വിരാജ് എന്ന നടനോടുള്ള സ്നേഹം കൂടിയാണ്. ആ നടൻ തന്റെ ചിത്രങ്ങളിലൂടെ ഉണ്ടാക്കിയെടുത്തൊരു നല്ല അഭിപ്രായം കൊണ്ടു കൂടിയാണ്. പ്രതീക്ഷകൾ എപ്പോഴും ഭയപ്പെടുത്തുക തന്നെ ചെയ്യും. ശരിക്കും പറഞ്ഞാൽ സുഖമുള്ളൊരു ഭയമാണ് ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ.

വീട്ടുകാരുമൊന്നിച്ചു പോകാം പാവാട കാണാൻ

ജീവിതത്തെ അലസമായി സമീപിക്കുന്നവര്‍ക്ക് സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഒരു തമാശ ചിത്രം എന്ന ലേബലിലേക്ക് പാവാടയെ ഒതുക്കരുത്. കുടുംബവുമായി പോയി കാണാൻ പറ്റുന്ന ചിത്രം. സസ്പെൻസും, വൈകാരിക മുഹൂർത്തങ്ങളുമെല്ലാം ഒരുമിക്കുന്ന ചിത്രം. തമാശയ്ക്ക് വേണ്ടി ഒരുക്കിയ പ്ലാസ്റ്റിക്ക് രംഗങ്ങൾ ചിത്രത്തിലില്ല. നാടകീയതയോ ഏച്ചുകെട്ടലുകളോ നിഴലിക്കാതെ പച്ചയായ ജീവിതത്തെ കുറിച്ച് ലളിതമായി പ്രതിപാദിക്കുന്ന ചിത്രം.

prithviraj-pavada

എക്സ്പീരിയൻസുള്ള സംവിധായകന്റെ കൂടെ ചെയ്യുന്ന ആദ്യ ചിത്രം

ഇതുവരെ പുതുമുഖ സംവിധായകരുടെ കൂടെ മാത്രമേ ജോലി ചെയ്തിട്ടുള്ളു. ആഷിഖ് അബു, മാർട്ടിൻ പ്രക്കാട്ട്, രാജ് പ്രഭാവതി മേനോൻ, ബാലാജി മോഹൻ തുടങ്ങിയ പുതിയ സംവിധായകരുടെ കൂടെയാണ് ജോലി ചെയ്തിട്ടുള്ളത്. ഇതിൽ ബാലാജി മോഹൻ തമിഴിലും തെലുങ്കിലും ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായിരുന്നു സംസാരം ആരോഗ്യത്തിന് ഹാനീകരം. അനുഭവ സമ്പത്തുള്ള സംവിധായകനൊപ്പം പ്രവര്‍ത്തിക്കാനായി എനിക്ക് പാവാടയിലൂടെ. അതൊരു നല്ല എക്സ്പീരിയൻസ് ആയിരുന്നു.

കഥ തിരക്കഥ സംഭാഷണം, ബിബിൻ ചന്ദ്രൻ

ഇത്തരത്തിലൊരു ടൈറ്റിൽ കാർഡ് വരുന്നത് ആദ്യമായിരിക്കും. കാരണം ആദ്യ ചിത്രത്തിൽ‌ ഡയലോഗ് മാത്രമേ എഴുതിയുള്ളു. ബെസ്റ്റ് ആക്ടറിന്റെ കഥ മാർട്ടിൻ പ്രക്കാട്ടായിരുന്നു. പിന്നീട് കഥയും തിരക്കഥയും എഴുതി. ആദ്യമാണ് കഥ, തിരക്കഥ, സംഭാഷണം എന്ന പേരു വരുന്നത്. ഷെബിന്‍ ഫ്രാന്‍സിസും ഞാനും ചേർന്നാണ് കഥ ഒരുക്കിയിരിക്കുന്നത്.

pavada-teaser

സൗഹൃദങ്ങള്‍ വഴി ചലച്ചിത്രത്തിലേക്ക്

പഠനകാലത്തെ സൗഹൃദങ്ങളാണ് വെള്ളിത്തിരയിലേക്ക് എന്റെ പേര് എഴുതിച്ചേർത്തത്. മാർട്ടിൻ പ്രക്കാട്ട്, ആഷിഖ് അബു, അൻവർ റഷീദ് തുടങ്ങിയവരുമായെല്ലാമുള്ള സൗഹൃദം വിദ്യാർഥിയായിരിക്കുമ്പോഴേ തുടങ്ങിയതാണ്. സിനിമ അന്ന് ഞങ്ങളെല്ലാവരുടേയും വിദൂര സ്വപ്നമായിരുന്നു. അവരുമായുള്ള സഹവാസമാണ് ബിപിൻ ചന്ദ്രൻ എന്ന തിരക്കഥാകൃത്തിന്റെ രൂപീകരണത്തിന് പിന്നിൽ.

അടുത്ത ചിത്രം കിംഗ് ലയർ

ദിലീപിന്റെ കിംഗ് ലയർ എന്ന ചിത്രമാണ് അടുത്തത്. അതില്‍ സംഭാഷണങ്ങളാണ് എഴുതിയിരിക്കുന്നത്. പിന്നെ മജ്ഞു വാര്യരും ജയസൂര്യയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റേയും ഡയലോഗ് എഴുതുന്നുണ്ട്. അതിനു ശേഷം ജീൻ പോൾ(ലാൽ ജൂനിയർ) സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.