Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമർ അക്ബർ അന്തോണീസിന്റെ പുന്നാരപാത്തു

meenakshi-anoop

എന്നോ ഞാനെന്‍റെ മുറ്റത്തൊരറ്റത്ത് പുന്നാരിച്ചൊരു മുല്ല നട്ടു....ആ മുല്ലയിൽ വിരഞ്ഞ പൂക്കളുടെ സുഗന്ധമുണ്ട് മീനാക്ഷിക്കും. ഓമനത്തമുള്ള ഈ വരികൾ പാടിയത് ശ്രേയയാണെങ്കിൽ പാട്ടിന്റെ ഭാവത്തിനൊത്ത് അഭിനയിച്ചത് മീനാക്ഷിയാണ്. അമർ അക്ബർ അന്തോണി കണ്ടിറങ്ങുമ്പോൾ മീനാക്ഷിയും പ്രേക്ഷകന്റെ മനസിനൊപ്പം പോരും. പ്രായത്തിനപ്പുറം നീളുന്ന അഭിനയ ഭാവുകത്വമുള്ള കുഞ്ഞു പ്രതിഭകളുടെ ഇടയിലാണ് ഇനി മീനാക്ഷിക്കും സ്ഥാനം.

കുഞ്ഞു താരകത്തിന്റെ വിശേഷങ്ങളറിയാൻ വിളിച്ചപ്പോൾ ചിരി മാത്രമായിരുന്നു അപ്പുറത്തു നിന്ന്. സിനിമാനുഭവം എങ്ങനുണ്ടായിരുന്നുവെന്ന് ചോദിച്ചപ്പോൾ ഏയ് ഞാൻ അഭിനയിച്ചൊന്നുമില്ല കളിക്കുകയായിരുന്നുവെന്നായിരുന്നു മറുപടി. സെറ്റിലെ കൂട്ടുകാരൻ പൃഥ്വിരാജാണ്. ഒത്തിരി നേരം പൃഥ്വിരാജുമൊത്ത് കളിച്ചു. കുസൃതി നിറഞ്ഞ ചിരിയോടെയിരുന്ന മീനാക്ഷിയുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങിയിട്ട് അച്ഛൻ പറഞ്ഞു, അത് വേറൊന്നും കൊണ്ടല്ല മകളുടെ ഇഷ്ടതാരം പൃഥ്വിരാജ് ആണ് പണ്ടേ. അതുകൊണ്ടാ,. കിടങ്ങൂർ അരവിന്ദ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് മീനാക്ഷി. സ്കൂളിൽ മിമിക്രിയും മോണോ ആക്ടുമൊക്കെ അവതരിപ്പിച്ച് സ്കൂളിൽ പണ്ടേ താരം. ഇപ്പോൾ ശരിക്കും താരമായി. അഭിനേത്രിയായ ഡോക്ടറാകണമെന്നാണ് മീനാക്ഷിയുടെ ആഗ്രഹം.

meenakshi

മീനാക്ഷിയെന്ന പേരു പോലും പലർക്കുമറിയില്ല. സിനിമയിലെ കഥാപാത്രത്തിന്റെ പേരായ പാത്തുവെന്ന് വിളിച്ച് പലരും പരിചയപ്പെടാൻ വരുന്നമ്പോൾ, സ്വന്തം മകളഭിനയിച്ച സിനിമയ്ക്ക് തിരക്ക് മൂലം ടിക്കറ്റ് കിട്ടാതെ വരുമ്പോൾ മീനാക്ഷിയുടെ അച്ഛൻ അനൂപിനും അമ്മ രമ്യയ്ക്കും സന്തോഷമടക്കാനാകുന്നില്ല. ഷോട്ട് ഫിലിമുകളിലെ ഡയറക്ടർമാർ മുതൽ ഓരോ സീനുകളിലും മീനാക്ഷിയെ സഹായിച്ച് കൂടെ നിന്ന അമർ അക്ബർ അന്തോണിയിലെ എല്ലാ പ്രവർത്തകരുമാണ് മീനാക്ഷിയുടെ വിജയത്തിന് പിന്നിലെന്ന് ഈ അച്ഛൻ പറയുന്നു.

അഭിനയ പാരമ്പര്യമൊന്നുമില്ലാത്ത കുടുംബമാണ് മീനാക്ഷിയുടേത്. മീനാക്ഷിയുടെ വീടിനടുത്തുള്ള അഖിൽ എസ് കിരണ്‍ സംവിധാനം ചെയ്ത മധുരം നൊമ്പരമെന്ന ഷോർട്ട് ഫിലിമിലൂടെയാണ് മീനാക്ഷി ആദ്യമായി കാമറയ്ക്ക് മുന്നിലെത്തുന്നത്. കാണാൻ നല്ല ചന്തമുള്ളതുകൊണ്ടായിരുന്നു മീനാക്ഷിയിലേക്ക് ഇവരെത്തിയത്. പക്ഷേ എല്ലാവരേയും അത്ഭുതപ്പെടുത്തി ഫ്രെയിമുകളിൽ നിന്ന് ഫ്രെയിമുകളിലേക്ക് അനായാസം മീനാക്ഷി മാറിക്കൊണ്ടിരുന്നു. പിന്നീട് ഒട്ടേറെ ഷോട്ട് ഫിലിമുകളിൽ മീനാക്ഷി അഭിനയിച്ചു. സ്പർശം, എന്റെ കുഞ്ഞാവയ്ക്ക്, സാൽവേഷൻ, തുടങ്ങിയ ചെറുചിത്രങ്ങളിലെല്ലാം മീനാക്ഷി അഭിനയിച്ചു. കുട്ടി സിനിമകളുടെ സംവിധായകരെല്ലാം മീനാക്ഷിയുടെ അച്ഛനോടു പറഞ്ഞു ഇവൾ നിങ്ങളുദ്ദേശിക്കുന്ന കുട്ടിയല്ല, നല്ല കഴിവുണ്ട്. അത് പാഴാക്കരുത്.

srinta-meenakshi

അവരുടെ വാക്കുകൾ പാഴായില്ല. അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത 1 by 2 ആയിരുന്നു മീനാക്ഷിയുടെ ആദ്യ സിനിമ. പക്ഷേ ആ രംഗം പിന്നീട് സിനിമയിലുൾപ്പെടുത്താനായില്ല. എങ്കിലും മകളഭിനയിച്ച ആ കുഞ്ഞ് സീൻ പോലും മീനാക്ഷിയുടെ അച്ഛനിന്നും സന്തോഷമാണ്. കാരണം ഇത്തരമൊരനുഭവം പ്രതീക്ഷകൾക്കപ്പുറമാണ്. കൈയിലെത്തിയിട്ട് വഴുതിപ്പോയ ഒരുപാട് അവസരങ്ങൾക്കപ്പുറം മീനാക്ഷിക്കിന്ന് മികച്ച ഇടമുള്ള സിനിമകൾ പിന്നീട് ഒരുപാട് വന്നു. 1000 ഒരു നോട്ടു പറഞ്ഞ കഥ, ജമ്നാപ്യാരി, കുമ്പസാരം ഇനിയിറങ്ങാൻ പോകുന്ന സിനിമകളായ ആന മയിൽ ഒട്ടകം, സക്കറിയാ പോത്തൻ‌ ജീവിച്ചിരിപ്പുണ്ട്, വേട്ട എന്നിങ്ങനെ മീനാക്ഷിയുടെ സിനിമകളേറെയാണ്. കാമറയിലൂടെ മീനാക്ഷിയെ കണ്ടവർക്കെല്ലാം ഒരേ അഭിപ്രായമാണ്, ഒറ്റ ടേക്കിൽ ശരിയാകുന്ന അഭിനയ പാടവം.

കോട്ടയം ജില്ലയിലെ അയർകുന്നത്തിനടുത്ത് പാദുവ എന്ന സ്ഥലത്താണ് മീനാക്ഷിയുടെ കുടുംബം. കംപ്യൂട്ടർ അക്കൗണ്ടിങ് ഫാക്കൽറ്റിയാണ് മീനാക്ഷിയുടെ അച്ഛൻ അനൂപ്. വിദ്യാർഥിനിയായിരുന്ന രമ്യയെയാണ് വിവാഹം കഴിച്ചത്. മീനാക്ഷിയെ കൂടാതെ രണ്ടു വയസുകാരൻ ആരിഷുമുണ്ട് ഇവർക്ക്. എല്ലായിടത്തേക്കും മീനാക്ഷിയെ ഒരുക്കി വിടുന്നതോടെ രമ്യയുടെ റോൾ കഴിഞ്ഞു. ചുറു ചുറുക്കോടെ മീനാക്ഷിയ്ക്കൊപ്പം സെറ്റുകളിലേക്ക് പോകുന്നത് മുതു മുത്തശ്ശിയാണ്. മീനാക്ഷിയുടെ കാര്യത്തിൽ വീട്ടിൽ ഏറ്റവും ആവേശം ഈ മുത്തശ്ശിക്കാണ്. മകൾ ഭാവിയിൽ നടിയാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ ഞങ്ങൾ തീർത്തും സാധാരണക്കാരാണ് അതുകൊണ്ട് അതൊന്നുമറിയില്ല. അവൾക്ക് അഭിനയിക്കാനിഷ്ടമാണ്. അങ്ങനെയാകുന്നെങ്കിൽ സന്തോഷം. അച്ഛനുമമ്മയും പറയുന്നു.