Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടി എന്ന നടന്‍ തിളങ്ങുന്ന ചിത്രമാകും അച്ഛാ ദിൻ: മാർത്താണ്ഡന്‍

marthandan മാര്‍ത്താണ്ഡന്‍

രണ്ടാം ചിത്രം. മമ്മൂട്ടി തന്നെ നായകൻ. അച്ഛാ ദിൻ എന്ന ചിത്രത്തിന്റെ റിലീസിൽ സംവിധായകൻ മാർത്താണ്ഡനു പറയാൻ പ്രതീക്ഷാ നിർഭരമായ വിശേഷങ്ങളുണ്ട്. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രം നീണ്ട 18 വർഷത്തെ ചലച്ചിത്രശ്രമങ്ങൾക്കു ശേഷമുണ്ടായതാണ്. സഹസംവിധായകനായും അസോസിയേറ്റായും സിനിമാനുഭവങ്ങൾക്കൊപ്പം വളർന്നയാളാണു മാർത്താണ്ഡൻ. ആ അനുഭവച്ചൂടിൽ നിന്നാണു ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിന്റെ പിറവി.

മമ്മൂട്ടിയുടെ അനുഗ്രഹം കൂടിയായപ്പോൾ മാർത്താണ്ഡന്റെ തുടക്കം ഗംഭീരമായി. രണ്ടാം ചിത്രത്തിനു തയാറെടുക്കുമ്പോഴും മമ്മൂട്ടി തന്നെയായിരുന്നു മനസിൽ. എഴുത്തിൽ വലിയ ആലങ്കാരികതകൾ വയ്ക്കാതെ പച്ചയായ ജീവിതങ്ങൾ എഴുതുന്ന പുതിയ തിരക്കഥാകൃത്തുക്കളിൽ പ്രമുഖനായ വിജീഷിന്റെ വ്യത്യസ്തമായ കഥാവതരണത്തിൽ അച്ഛാദിൻ കഥയായി മാർത്താണ്ഡന്റെ മുന്നിലെത്തിയപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല. എസ്.ജോർജ് നിർമാണച്ചുമതല കൂടി ഏറ്റെടുത്തതോടെ സിനിമയുടെ നിർമിതിയിലേക്കിറങ്ങുകയായിരുന്നു.

∙എന്താണു പ്രതീക്ഷകൾ?

തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. അതിനായുള്ള പ്രാർഥനയുമുണ്ട്. മമ്മൂട്ടിയുടെ സിനിമകൾ ഇറങ്ങുമ്പോൾ കാണണമെന്നു കൊതിക്കുന്ന മലയാളികളുടെ എല്ലാ പ്രതീക്ഷകൾക്കൊപ്പവും ഈ ചിത്രം നിൽക്കുമെന്നുറപ്പുണ്ട്. മമ്മൂട്ടി എന്ന താരത്തിനപ്പുറം അദ്ദേഹത്തിലെ നടൻ നന്നായി തിളങ്ങിയ ചിത്രമാവും അച്ഛാദിൻ. മമ്മൂക്കയെ ആളുകൾ കാണാനാഗ്രഹിക്കുന്ന ഘടകങ്ങളെല്ലാം കോർത്തെടുത്ത ഒരു തികവുള്ള ഫാമിലി എന്റർടെയനറാവും അച്ഛാദിൻ.

marthandan-mammootty മാര്‍ത്താണ്ഡനും മമ്മൂട്ടിയും ചിത്രീകരണത്തിനിടയില്‍

∙പാട്ട് ഇതിനകം ആളുകൾ പാടിത്തുടങ്ങിയല്ലോ.?

ശരിയാണ്. അതിൽ ജി.വേണുഗോപാൽ പാടിയ ‘ നാട്ടിലൂടെ കളിയാടിയോടിടും ഇരുചക്രമുള്ള ശകടം’ എന്ന ഗാനം യൂട്യൂബിലും മറ്റും ഒട്ടേറെപ്പേർ കണ്ടുകഴിഞ്ഞു. അതിൽ വലിയ സന്തോഷമുണ്ട്. വേണുഗോപാലിന്റെ ശബ്ദത്തോട് മലയാളികൾക്കു വല്ലാത്തൊരു പ്രണയമുണ്ട്. അതിനിണങ്ങിയ ബിജിപാലിന്റെ ഈണവും സന്തോഷ് വർമ്മയുടെ വരികളും വേണിഗോപാലിന്റെ പാട്ടിനെ പ്രിയതരമാക്കുമെന്നു വേണം കരുതാൻ. ചിത്രത്തിൽ മൂന്നു പാട്ടുകളുണ്ട്. നാളെ പാട്ടുകളെല്ലാം പ്രേക്ഷകർ ഏറ്റെടുക്കുമെന്നാണു പ്രതീക്ഷ.

marthandan-george മാര്‍ത്താണ്ഡനും ജോര്‍ജും

∙താരവിശേഷം

കഥയ്ക്കനുയോജ്യമായ, കഥാപാത്രങ്ങൾക്കിണങ്ങിയ താരങ്ങളാണ് ഈ ചിത്രത്തിൽ വന്നുപോകുന്നത്. രഞ്ജിപണിക്കരും മണിയൻപിള്ള രാജുവും പാഷാണം ഷാജിയും പി.ബാലചന്ദ്രനും തമിഴ് താരം കിഷോറും കുഞ്ചനും ചാലി പാലായും അടങ്ങിയ കരുത്തുളള താരനിരയുണ്ടിതിൽ. നല്ല തമാശയുണ്ട്. കൊതിപ്പിക്കുന്ന കാഴ്ചകളുടെ വിഷ്വലുകളുണ്ട്. നല്ല കഥയുണ്ട്. നൊമ്പരപ്പെടുത്തുന്ന മുഹൂർത്തങ്ങളുമുണ്ട്. തിയറ്ററിൽ പോയി സിനിമ കണ്ടു മലയാളികൾ പ്രോൽസാഹിപ്പിക്കും എന്നാണെന്റെ പ്രതീക്ഷ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.