Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഴമയിലെ പുതുമയാണ് ചിറകൊടിഞ്ഞ കിനാവുകള്‍

സിനിമയില്‍ കോമഡി അവതരിപ്പിച്ച് ഫലിപ്പിക്കുക എന്നത് ഏറെ ശ്രമകരമാണ്. ഒരു മുഴുനീള ആക്ഷേപഹാസ്യ ചിത്രമാണെങ്കില്‍ പ്രയത്നം രണ്ടോ മൂന്നോ ഇരട്ടിയാകുമെന്ന് സാരം. മലയാളത്തിലെ ആദ്യത്തെ സ്പൂഫ് സിനിമയെന്ന വിശേഷണവുമായി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിറകൊടിഞ്ഞ കിനാക്കള്‍ സാക്ഷാത്കരിക്കാന്‍ സംവിധായകന്‍ കാത്തിരുന്നത് നീണ്ട അഞ്ചു വര്‍ഷങ്ങള്‍. 19 വര്‍ഷങ്ങള്‍ക്കു മുമ്പ് തിരസക്കരിക്കപ്പെട്ടുപോയ എന്‍.പി. അംബുജാക്ഷന്റെ നോവലിനു ചിറക് മുളച്ച കഥ സംവിധായകന്‍ സന്തോഷ് വിശ്വനാഥന്‍ പങ്കുവെയ്ക്കുന്നു. 

ആദ്യ സിനിമയില്‍ തന്നെ ഇത്ര വലിയ പരീക്ഷണത്തിനു മുതിരാന്‍ കാരണം

ഞാന്‍ സിനിമയില്‍ താരതമ്യേനേ പുതുമുഖമാണ്. പത്ത്, പന്ത്രണ്ട് വര്‍ഷത്തോളം കെ.കെ. രാജീവിനൊപ്പം ടെലിവിഷന്‍ സീരിയല്‍ രംഗത്ത് സജീവമായിരുന്നു. എല്ലാ പുതുമുഖ സംവിധായകരെ പോലെ എന്റെ ആദ്യത്തെ ചിത്രത്തിലും എന്തെങ്കിലുമൊരു വ്യത്യസ്ത കൊണ്ടുവരണം എന്ന് ആഗ്രഹിച്ചിരുന്നു. തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ്യിലെ സഞ്ജയ്യാണ് അഴകിയ രാവണനിലെ എന്‍.പി. അംബുജാക്ഷന്റെ നോവല്‍ സിനിമയാക്കാവുന്നതിലെ സാധ്യത ചൂണ്ടികാട്ടിയത്. 19 വര്‍ഷങ്ങളും പിന്നിടുമ്പോഴും അതിലൊരു മികച്ച സ്പൂഫ് സിനിമയ്ക്കുള്ള സാധ്യതയുണ്ടെന്നു തിരിച്ചറിഞ്ഞു. 

വെറുതെ വന്ന് ഒരു സിനിമയെടുത്തു പോകുന്ന സംവിധായകന്‍ എന്നതിന് അപ്പുറത്തേക്ക് നമ്മുടെ കയ്യൊപ്പുള്ള ഒരു സൃഷ്ടിയാവണം എന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു. അതേസമയം പ്രേക്ഷകര്‍ക്ക് നന്നായി രസിക്കുന്ന ഒരു ചിത്രമായിരിക്കണം. കലയ്ക്കും കച്ചവടത്തിനും ഒരുപോലെ പ്രധാന്യവും വേണം. വളരെ സൂക്ഷമമായി കൈകാര്യം ചെയ്തിട്ടില്ലെങ്കില്‍ വഴുതി പോകാന്‍ സാധ്യതയുള്ള ഒരു സബ്ജക്റ്റായിരുന്നു ഇത്. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചത് തിരക്കഥയെഴുതാനാണ്. 65 തവണയോളം തിരക്കഥയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സിനിമയുടെ എല്ലാ മേഖലകളിലും പഴമയില്‍ എങ്ങനെ പുതുമ കൊണ്ടുവരാം എന്നാണ് ശ്രമിച്ചിരിക്കുന്നത്. 

chirakodinja-kinavukal-stil

19 വര്‍ഷങ്ങള്‍ക്കു ശേഷവും അംബുജാക്ഷന്റെ നോവലിന് പ്രസക്തിയുണ്ടെന്ന് പറയുമ്പോള്‍ മലയാള സിനിമ ക്ളീഷേയില്‍ കുടുങ്ങി കിടക്കുന്നു എന്നല്ലേ അര്‍ഥം

ക്ളീഷേ എന്നു പറയുന്നത് സിനിമയില്‍ മാത്രമല്ല നിത്യജീവിതത്തിലും ഉണ്ട്. സിനിമയിലോ ജീവിതത്തിലോ നമുക്ക് പൂര്‍ണമായും ക്ളീഷേകള്‍ ഒഴിവാക്കാനും കഴിയില്ല. നമുക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം ജീവിതത്തിലേയും സിനിമയിലേയും തനിയാവര്‍ത്തനങ്ങളെ വ്യത്യസ്ത രീതിയില്‍ അവതരിപ്പിക്കുക, സമീപിക്കുക എന്നതാണ്. എങ്കില്‍ മാത്രമേ സിനിമയാണെങ്കിലും ജീവിതമാണെങ്കിലും കൂടുതല്‍ ആസ്വാദ്യമാകു. 

ഇവിടെ അഴകിയ രാവണനില്‍ അംബുജാക്ഷന്‍ പറഞ്ഞ കഥ അതുപോലെ സ്ക്രീനില്‍ അവതരിപ്പിക്കുകയല്ല ചെയ്തിരിക്കുന്നത്. അത് അതുപോലെ അവതരിപ്പിച്ചാല്‍ പുതുമയില്ലല്ലോ. അംബുജാക്ഷന്‍ പറയാത്ത പ്രേക്ഷകര്‍ക്ക് അറിയാത്ത അദ്ദേഹത്തിന്റെ സ്വന്തം കഥ വെളിപ്പെടുത്തുന്നത് ഇത്തരമൊരു പുതുമ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ്.

ഈ സിനിമയ്ക്കു രണ്ട് ലെയറുകളുണ്ട്. ഒന്ന് എല്ലാവര്‍ക്കും അറിയുന്നതുപോലെ ഇതിന്റെ ഫണ്‍ എലമെന്‍റാണ്. അതിനോടൊപ്പം ഒരു വിഷ്വല്‍ ട്രീറ്റ്മെറ്റ് കൂടി നല്‍കാനാണ് ശ്രമിച്ചിട്ടുള്ളത്. അത്യാവശം നല്ല ബഡ്ജറ്റില്‍ പൂര്‍ത്തിയാക്കിയൊരു ചിത്രമാണിത്. ഇതൊരു സ്പൂഫ് സിനിമയുടെ പരിധിക്കുള്ളില്‍ നിര്‍ത്തി വളരെ ചെലവ് കുറഞ്ഞ രീതിയില്‍ പൂര്‍ത്തിയാക്കാവുന്ന ഒരു ചിത്രമായിരുന്നു. പക്ഷേ ചിത്രം മികച്ചൊരു വിഷ്വല്‍ ട്രീറ്റ്മെന്‍റ് കൂടിയാകണം എന്ന് നിര്‍ബന്ധം ഉള്ളതുകൊണ്ടാണ് കോപ്രമെയിസ് ചെയ്യാതിരുന്നത്. 

പൊതു സമൂഹത്തിലും സിനിമക്കുള്ളിലുമുള്ള തെറ്റായ പ്രവണതകള്‍ക്കെതിരെ ആഞ്ഞടിക്കുന്നുണ്ടല്ലോ?

ഈ പ്രവണതകളൊക്കെ നമുക്ക് പരിചിതമാണ്. ഞങ്ങള്‍ ശ്രമിച്ചത് വിമര്‍ശിക്കപ്പെടുന്ന ആളുകള്‍ പോലും ആ രംഗങ്ങള്‍ കണ്ട് ചിരിക്കണം എന്നാണ്. സിനിമ ആരംഭിക്കുന്നത് തന്നെ സംവിധായകനെയും തിരക്കഥാകൃത്തിനെയും സ്വയം വിമര്‍ശിച്ചു കൊണ്ടാണ്. ശ്രീനിവാസന്റെ കഥാപാത്രം അദ്ദേഹത്തെ തന്നെ പരിഹസിക്കുന്നുണ്ട്. സിനിമക്കുള്ളിലെയും പൊതു സമൂഹത്തിലെയും മോശ പ്രവണതകളെ പൊതുവില്‍ വിമര്‍ശിക്കാനാണ് ശ്രമിച്ചത്. വ്യക്തിഹത്യയോ വിവാദങ്ങളോ ഉണ്ടാകാതെ ഇരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. 

kunchakko-santhosh

ചാക്കോച്ചന്റെ ഇരട്ടവേഷങ്ങള്‍

ചാക്കോച്ചന്‍ വളരെ കഴിവുള്ള ഒരു നടനാണ്. അദ്ദേഹത്തെ വേണ്ടവിധത്തില്‍  ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് ഞാന്‍ പറയും. ചാക്കോച്ചനെ തയ്യല്‍ക്കാരനായി കാസ്റ്റ് ചെയ്യാന്‍ കാരണം അദ്ദേഹത്തിന്റെ രൂപത്തിലും മാനറിസത്തിലുമൊക്കെ എവിടെയോ ഒരു പഴയ നടന്‍ ഒളിഞ്ഞ് കിടപ്പുണ്ട്. കറുത്ത നിറമുള്ളയാള്‍ തിന്മയുടെ പ്രതീകവും വില്ലനുമാണെന്നും മറിച്ച് വെള്ളുത്ത നിറമുള്ളവന്‍ നായകനും നന്മയുടെ പ്രതീകവുമാണെന്ന ക്ളീഷേയെ ചോദ്യം ചെയ്യുക എന്നൊരു അജ‍ണ്ടയും ചാക്കോച്ചന്റെ ഇരട്ടവേഷത്തിനുണ്ട്. 

സിനിമയിലെ സകല ക്ളീഷേകളെയും വിമര്‍ശിച്ച സംവിധായകന്റെ രണ്ടാമത്തെ ചിത്രം വലിയ വെല്ലുവിളിയാകുമല്ലോ?

തീര്‍ച്ചയായും. കഴിഞ്ഞ ദിവസം ജോയ് മാത്യു വിളിച്ചപ്പോള്‍ അദ്ദേഹവും ഇത് തന്നെ പറ‍ഞ്ഞു. ഇനി ഏതൊരു തിരക്കഥാകൃത്ത് എഴുതാന്‍ പേനയെടുക്കുമ്പോഴും അവരുടെ കൈകള്‍ വിറക്കുമല്ലോ എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ അദ്ദേഹത്തിനു നല്‍കിയ മറുപടി നമ്മുടെ തിരക്കഥാകൃത്തിന്റെ കൈകളും നിര്‍ബന്ധമായും വിറക്കണമെന്നാണ്. ഈ സിനിമയില്‍ നിന്ന് മറ്റാരേക്കാളും പാഠങ്ങള്‍ പഠിക്കാനുള്ളത് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് തന്നെയാണ്. 

പ്രതികരണങ്ങളില്‍ തൃപ്തനാണോ ?

കോപ്പിയടിക്കാതെ പരീക്ഷ എഴുതിയതു കൊണ്ടു തന്നെ സിനിമ പാസാകുമോ എന്ന ടെന്‍ഷന്‍ ഉണ്ടായിരുന്നു. പുതുമ സ്വീകരിക്കാന്‍ നമ്മുടെ പ്രേക്ഷകര്‍ എപ്പോഴും തയ്യാറാണ് എന്നാണ് പ്രതികരണങ്ങളില്‍ നിന്ന് എനിക്ക് മനസ്സിലാകുന്നത്. സിനിമയില്‍ നമുക്ക് ഒറ്റ ദിവസം കൊണ്ടു മാറ്റം കൊണ്ടുവരാന്‍ പറ്റില്ല. പുതുമ പരീക്ഷിക്കപ്പെടുമ്പോള്‍ അതിനെ സ്വീകരിച്ച് പ്രേക്ഷകര്‍ തന്നെയാണ് ഇവിട മാറ്റങ്ങള്‍ സൃഷ്ടിക്കേണ്ടത്. എങ്കില്‍ മാത്രമേ കൂടുതല്‍ ചലഞ്ചിങായിട്ടുള്ള സബ്ജക്റ്റുകള്‍ ഏറ്റെടുക്കാന്‍ നിര്‍മാതാക്കള്‍ മുന്നോട്ട് വരൂ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.