Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതു ഗോകുലല്ല, 22 വയസുള്ള സുരേഷ് ഗോപിയാണ് !

vipin-gokul വിപിൻ ദാസ് , ഗോകുൽ

‘മുദ്ദുഗൗ’ ഈ വാക്ക് മലയാളപ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാകില്ല. കാർത്തുമ്പി മാണിക്യനോട് ചോദിച്ച് ചോദിച്ച് വട്ടംചുറ്റിച്ച അതേ മുദ്ദുഗൗ. ആ പേരിൽ ഒരു സിനിമയിറങ്ങുന്നുവെന്ന് കേട്ടവരൊക്കെ ചോദിച്ചു. അതു തന്നെയാണോ ഇത് ? സംവിധായകനായ വിപിൻ ദാസിനോട് തന്നെ നമുക്ക് ചോദിക്കാം. വിപിനെ അതു തന്നെയാണോ ഇതും ?

മുദ്ദുഗൗവിലൂടെ പ്രേക്ഷകർക്കു നൽകുന്നത്?

എല്ലാ പ്രായക്കാർക്കും ഒരുപോലെ കണ്ട് ആസ്വദിക്കാൻ പറ്റുന്ന ഒരു ഫൺ മൂവിയാണ് മുദ്ദുഗൗ. ദൃശ്യങ്ങളിലും ശബ്ദത്തിലുമെല്ലാം കുറച്ച് വ്യത്യസ്തത കൊണ്ടു വരാൻ ശ്രമിച്ചിട്ടുണ്ട്. കുടുംബപ്രേക്ഷകർക്കും യൂത്തിനും ഉൾപ്പടെ എല്ലാത്തരം പ്രേക്ഷകരെയും ഉദ്ദേശിച്ചു ചെയ്തിരിക്കുന്ന ഒരു കുഞ്ഞു ചിത്രം. ‘ജിഗർതാണ്ട, സൂദുകാവു പോലുള്ള തമിഴ് ചിത്രങ്ങളിലെ അവതരണരീതി. സാധാരണ തമിഴിലും ഹിന്ദിയിലുമൊക്കെ സിനിമകൾ ഇറങ്ങുമ്പോൾ എന്തുകൊണ്ട് ഇത്തരം ചിത്രങ്ങൾ മലയാളത്തിൽ ഇറങ്ങുന്നില്ല എന്നതിന് ഒരുത്തരമാണ് ഈ സിനിമ. ഇതു വലിയൊരു പരീക്ഷണമാണ്. ഇതിനു പ്രേക്ഷകർ നൽകുന്ന പ്രോത്സാഹനം, പുതിയ കാര്യങ്ങൾ പരീക്ഷിക്കാനും ഇതുപോലുള്ള പുതിയ സിനിമകൾ ഇറങ്ങാനുമുള്ള പ്രചോദനമാകുകയുള്ളു.

vipin-das

മുദ്ദുഗൗവിനു പ്രചോദനമായത്?

അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല. മനസിൽ തോന്നിയ ഒരു ആശയം. ഈ ആശയം കുറച്ചു കാലം മനസിലിട്ട് വലുതാക്കി. പിന്നീട് ഇത് അടുത്ത സുഹൃത്തുക്കളോടൊക്കെ ഒന്നു പങ്കുവച്ചപ്പോൾ അവർ തന്ന ധൈര്യം. അജു എന്നോടു പറഞ്ഞു, എന്തായാലും ഇതിനകത്ത് ഒരു സിനിമ ഉണ്ട്, ധൈര്യപൂർവം മുന്നോട്ടു പോകാം. ഏകദേശം രണ്ടര വർഷത്തോളമെടുത്താണ് സ്ക്രിപ്റ്റ് പൂർത്തിയാക്കിയത്. ഒരിടത്തും കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഒരു വിഷയമാണ്. അതുകൊണ്ടു തന്നെ വിഷയത്തെ പിടിച്ച് ചെയ്യാൻ പറ്റിയ റെഫറൻസ് ഒന്നും ഒരിടത്തു നിന്നും കിട്ടില്ല. വ്യത്യസ്തമായ ഒരു വഴിയേ പോകുകയും വേണം, അതേസമയം രസകരം ആകുകയും വേണം. മുഷിപ്പ് തോന്നരുതാത്ത രീതിയിൽ എഴുതി പൂർത്തിയാക്കിയപ്പോൾ രണ്ടര മൂന്നു വർഷം പോയി. അതു കഴിഞ്ഞാണ് നായകനിലേക്കും മറ്റു താരങ്ങളിലേക്കുമൊക്കെ എത്തിയത്.

എങ്ങനെയായിരുന്നു ഗോകുലിലേക്ക് എത്തിയത്?

ഈ സിനിമയുടെ കഥ മുഴുവനായി ആദ്യം കേട്ട ഒരേഒരാൾ വിജയ്ബാബു സാർ ആയിരുന്നു. തിരക്കഥ വായിച്ചാൽ ഒരു പക്ഷേ ഇതു കൃത്യമായി മനസിലാകണമെന്നില്ല. ഭാവനാത്മകമായതുകൊണ്ട് ഓരോരുത്തരും ഓരോ രീതിയിലായിരിക്കും എടുക്കുക. അതുകൊണ്ട് കൃത്യമായി അതിന്റെ റൂട്ട് പറഞ്ഞു മനസിലാക്കുകയാണ് എളുപ്പവഴി എന്നതുകൊണ്ട് ആദ്യം ഈ ട്രാക്കിൽ പറഞ്ഞത് വിജയ്ബാബു സാറിനോടാണ്.

gokul-sureshgopi

അദ്ദേഹത്തിന് ഇഷ്ടപ്പെട്ടപ്പോഴും മനസിൽ ഉണ്ടായിരുന്ന സംശയം ആരു ചെയ്യും എന്നതായിരുന്നു. നായകൻ ക്യൂട്ട് ആയിട്ടുള്ള ഒരാൾ വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. 20–22 വയസുള്ള ഒരാളുമാകണം. ഇപ്പോഴത്തെ ഇൻഡസ്ട്രിയിൽ ഈ പ്രായത്തിലുള്ള ഒരാളില്ല. അതൊരു ബുദ്ധിമുട്ടായിരുന്നു. അങ്ങനെ ചിന്തിച്ചിരിക്കുമ്പോഴാണ് വിജയ്ബാബു സാർ ഗോകുലിന്റെ കാര്യം പറയുന്നത്. അങ്ങനെയാണ് ഗോകുലിലേക്ക് എത്തിയത്.

ഗോകുലിന്റെ ഭാഗത്തു നിന്ന് ആദ്യമേ തന്നെ പോസിറ്റീവ് പ്രതികരണം ലഭിച്ചോ?

ഗോകുലിനോടു പറയുന്നതിനു മുൻപ് ഈ കഥ പറഞ്ഞത് സുരേഷ് ഗോപി സാറിനോടായിരുന്നു. അദ്ദേഹത്തോടും ഒറ്റയിരുപ്പിൽതന്നെ രണ്ടു മണിക്കൂർ കഥ പറയാനുള്ള ഒരവസരം കിട്ടി. മുഴുവൻ കേൾക്കാനുള്ള ഒരു മനസും അദ്ദേഹം കാണിച്ചു. വളരെ വ്യത്യസ്തവും രസകരവുമാണെന്ന തോന്നൽ അദ്ദേഹത്തിനുണ്ടായി. അതു കഴിഞ്ഞാണ് ഗോകുലിനോടു കേൾക്കാൻ പറഞ്ഞത്. കേട്ടു കഴിഞ്ഞപ്പോൾ ഉടൻ ഗോകുൽ ചെയ്യാമെന്നു സമ്മതിക്കുകയായിരുന്നു. എല്ലാവരും ഒറ്റവാക്കിൽ തന്നെ മറുപടി നൽകിയതു കൊണ്ടാണ് ഈ സിനിമ ഉണ്ടായത്. ആലോചിച്ചു പറയാമെന്ന മറുപടി ആരെങ്കിലുമൊക്കെ പറഞ്ഞിരുന്നെങ്കിൽ ഇത്ര പെട്ടെന്ന് ഈ സിനിമ നടക്കില്ലായിരുന്നു.

gokul

കഥ കേട്ടു കഴിഞ്ഞപ്പോൾ സുരേഷ് ഗോപിയുടെ പ്രതികരണം എന്തായിരുന്നു?

ഇത് അവനു പറ്റിയ സാധനമാണ്, ഇപ്പോഴത്തെ ട്രെൻഡിന് യോജിച്ച വിഷയമാണ്. നന്നായിട്ട് വർക്ഔട്ട് ആയിട്ടുണ്ട്. ഗോകുൽ കേൾക്കുന്നത് നന്നായിരിക്കും. ഇതു കേട്ടപ്പോൾ തന്നെ എനിക്കു എന്തോ വലിയൊരു സർട്ടിഫിക്കറ്റ് ലഭിച്ച ആശ്വാസമാണു തോന്നിയത്. അദ്ദേഹത്തെപ്പോലെ സീനിയർ ആയിട്ടുള്ള ഒരാളിൽ നിന്നു ലഭിച്ച കമന്റ് അതെനിക്ക് നൽകിയ ധൈര്യം അതു വാക്കുകൾക്ക് അതീതമാണ്.

സുരേഷ് ഗോപിയുടെ ഡയലോഗുകൾ ഗോകുൽ അനുകരിക്കുന്നുണ്ടോ?

അതേ. അദ്ദേഹത്തിന്റെ ഒന്നു രണ്ടു ഡയലോഗുകൾ പറയുന്നുണ്ട്. ഗോകുൽ ശരിക്കും ഒരു 22 വയസുള്ള സുരേഷ് ഗോപി ആയിട്ടാണ് ഫീൽ ചെയ്യുന്നത്. ശരീരവും നടപ്പും സംസാരശൈലിയുമെല്ലാം സുരേഷ് ഗോപിയെ പോലെയാണ്. ഇത് എല്ലാവർക്കും ഒരു കൗതുകമായിരുന്നു. ലൊക്കേഷനിലായാലും അഞ്ചു മിനിറ്റിൽ ഒരാളെങ്കിലും പറയുന്നുണ്ടാകും കറക്ട് സുരേഷ് ഗോപിയെ പോലെയാണല്ലോ എന്ന്. ഗോകുൽ വന്ന് ഒരു ഡിസ്കക്ഷനൊക്കെ കഴിഞ്ഞപ്പോൾ ഗോകുലിനു വേണ്ടിത്തന്നെ ചില സാധനങ്ങളൊക്കെ ചേർത്തിട്ടുണ്ട്. സുരേഷ്ഗോപി സാറിനെ ഗോകുൽ അസാധ്യമായിട്ട് അനുകരിക്കുകയും ചെയ്യും. ഈ ഡയലോഗുകൾ അതേ ഒഴുക്കോടെ ഗോകുൽ പറയുമ്പോൾ സുരേഷ്ഗോപി സാർ പറയുന്നതായേ തോന്നുകയുമുള്ളു. ചില സ്ഥലങ്ങളിൽ ഇതുപോലുള്ള ഒന്നുരണ്ടു സാധനങ്ങൾ യൂസ് ചെയ്തിട്ടുണ്ട്.

gokul.jpg

രാഹുൽരാജിന്റെ സംഗീതം?

രണ്ടു മണിക്കൂർ ഞങ്ങളുടെ കൂടെ ഇരുന്ന് കഥ കേട്ടിട്ട് സംഗീതം ചെയ്താൽ മതിയെന്ന ഒരു നിർബന്ധം എനിക്കുണ്ടായിരുന്നു. രാഹുൽരാജിനോടു കഥ പറഞ്ഞപ്പോൾ ആ എക്സൈറ്റ്മെന്റ് എല്ലാം അദ്ദേഹത്തിന്റെ മുഖത്തു കാണാമായിരുന്നു. കഥ കേട്ടു കഴിഞ്ഞപ്പോൾ തന്നെ അദ്ദേഹം സംഗീതത്തിന്റെ ഒരു ട്രാക്കിലേക്ക് ആയിരുന്നു. ഇതിലെ എല്ലാ സീനും അദ്ദേഹത്തിനു കാണാപ്പാഠമായിരുന്നു. എന്തെങ്കിലും സംശയം വന്നാൽ ഉടൻ പറയും അല്ല മച്ചാനേ, അന്നു നിങ്ങൾ ഇങ്ങനെ അല്ലേ പറഞ്ഞിരുന്നത് എന്നു ചോദിക്കുമായിരുന്നു. പുതിയ ഒരാളിന്റെ പടം എന്നു കരുതാതെ വളരെ നന്നായിട്ടു സഹകരിച്ചു. അദ്ദേഹത്തിന്റെ കരിയറിൽ ചെയ്ത വൺ ഓഫ് ദ് ബെസ്റ്റ് ആൽബം എന്നു തന്നെ ഇതു വിശേഷിപ്പിക്കാം.

മുദ്ദുഗൗ എന്ന ടൈറ്റിലിന്റെ ഉത്ഭവം?

പേരു തന്നെയാണ് സിനിമയും. അതൊരു സസ്പെൻസ് ആണ്. സിനിമ കാണുമ്പോൾ എന്തുകൊണ്ടാണ് ഈ പേര് എന്നതു മനസിലാകും. സിനിമയിൽ ഏറ്റവുമധികം ഉള്ളതും മുദ്ദുഗൗ തന്നെയാണ്. അത് എങ്ങനെ? എന്ത്? എപ്പോൾ?  അതൊക്കെയാണ് സിനിമയുടെ സസ്പെൻസ്.

gokul-arthana

അർഥന എങ്ങനെയാണ് ഈ ചിത്രത്തിന്റെ ഭാഗമായത്?

ഗോകുൽ നായകനായപ്പോൾ ഗോകുലിന്റെ ഏജ് ഗ്രൂപ്പിൽ വരുന്ന നായിക എന്ന സങ്കൽപ്പത്തിൽ പലരെയും നോക്കിയിരുന്നു. എന്നാൽ ആരെയും ശരിയാകാതെ വന്നപ്പോൾ സാന്ദ്രയാണ് അർഥനയുടെ പേര് നിർദേശിക്കുന്നത്. സാന്ദ്ര തന്നെയാണ് അർഥനയെ വിളിച്ചതും. ഗോകുലിനോളം തന്നെ നന്നായിട്ട് അര്‍ഥന അഭിനയിച്ചിട്ടുമുണ്ട്. അവർ തമ്മിലുള്ള ഒരു കെമിസ്ട്രിയും ആക്ടിങ് കോംപറ്റീഷനും നന്നായിട്ട് ഉപയോഗിക്കാൻ പറ്റിയിട്ടുണ്ട്. സിനിമയിലെ എല്ലാ കഥാപാത്രങ്ങൾക്കും ഈക്വൽ സ്ക്രീൻ സ്പെയ്സ് ആണ്. ഗോകുൽ ആയാലും, അർഥന ആയാലും വിജയ് ബാബു ആയാലും ഒരേ സ്ക്രീൻ സ്പെയ്സ് ആയതുകൊണ്ട് എല്ലാവരുടെയും അഭിനയവും വളരെ പ്രധാനപ്പെട്ടതായിരുന്നു. അർഥനയും ഈ ചിത്രത്തിലെ ഒരു സർപ്രൈസ് ഫാക്ടർ ആയിരിക്കും.

rambo-vijay

വിജയ്ബാബു റാംബോ ആയതിനെക്കുറിച്ച്?

ഞാൻ നേരത്തേ പറഞ്ഞതു പോലെ ആദ്യം കഥ പറഞ്ഞത് അദ്ദേഹത്തിനോടായിരുന്നു. കഥ കേട്ടു കഴിഞ്ഞപ്പോൾ അദ്ദേഹം ചോദിച്ചു, ഇത് ആരൊക്കെയാണ് ചെയ്യുന്നത്? ഞാൻ പറഞ്ഞു റാംബോ എന്ന കഥാപാത്രം ചെയ്യുന്നത് വിജയേട്ടൻ ആണെന്നു പറഞ്ഞപ്പോൾ അദ്ദേഹം ഷോക്കായി. ഞാനോ, എന്നായി. ചേട്ടനു വേണ്ടിയിട്ടാണ് ഇതു വന്നതു തന്നെ എന്നു പറഞ്ഞപ്പോൾ കുറച്ചു സമയം ആലോചിച്ചു. ഞാൻ തന്നെ ചെയ്യണോ എന്നൊക്കെ ചോദിച്ചു. പുറത്തു നിന്ന് ആരെങ്കിലും ചെയ്താലോ എന്ന രീതിയിലുള്ള സംഭാഷണം വരുമ്പോഴും ഞാൻ വിജയ്ബാബു എന്ന പേരിൽത്തന്നെ മുറുകെ പിടിച്ചു. ഞാൻ തന്നെയാണ് പ്രൊഡ്യൂസർ, അപ്പോൾ ഞാൻ തന്നെ അഭിനയിക്കുകയാണെങ്കിൽ അതൊരു നെഗറ്റീവ് ഇമേജ് ആകില്ലേ എന്നൊക്കെ ചോദിച്ചെങ്കിലും വിജയ്ബാബു തന്നെ വേണം അതൊരു സർപ്രൈസ് ആയിരിക്കും എന്നത് എന്റെ തന്നെ തീരുമാനമായിരുന്നു. എക്സ്പീരിയൻസ് ആയിട്ടുള്ള ഒരു വില്ലൻ വരുന്നതിനെക്കാൾ, ഒരാൾ പുതിയ രീതിയിൽ ചെയ്യുന്നതിന്റെ ഒരു ഭംഗി ഉണ്ടാകും, പ്രത്യേകിച്ച് ഗെറ്റപ്പ്, പുതിയ വസ്ത്രധാരണ ശൈലി ഒക്കെ വരുമ്പോൾ. പക്ഷേ വിജയേട്ടൻ എപ്പോഴും ടെൻഷനിലായിരുന്നു, ഞാൻ വേണോ? ഞാൻ ചെയ്താൽ ശരിയാകുമോ എന്നെക്കെ. പ്രൊഡ്യൂസ് ചെയ്യുന്ന പടത്തിൽ അഭിനയിക്കണോ എന്ന കൺഫ്യൂഷനും. അദ്ദേഹത്തിന്റെ കരിയറിൽ ചെയ്ത നല്ലൊരു വേഷമാണ് ഇതെന്ന് ഉറപ്പിച്ചു പറയാൻ പറ്റും. വ്യത്യസ്തമായിട്ടുള്ള ഒരുപാട് റോളുകൾ അദ്ദേഹത്തിനു ചെയ്യാൻ പറ്റുമെന്ന് തെളിയിക്കുന്ന ഒരു വേഷമായിരിക്കും ഈ ചിത്രത്തിലേത്.

gokul-vijay

സിനിമയുമായി വിപിനുള്ള ബന്ധം?

ഞാൻ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. സിനിമയോടുള്ള താൽപര്യം കൊണ്ട് ജോലി രാജിവച്ച് സിനിമയെക്കുറിച്ച് പഠിക്കുകയും കുറച്ച് ഷോർട്ട് ഫിലിമുകളൊക്കെ ചെയ്യുകയും ചെയ്തു. ആരെയും അസിസ്റ്റ് ചെയ്യാനുള്ള ഒരവസരം എനിക്കു കിട്ടിയില്ല. അതിന്റെ ഒരു ടെൻഷനും എനിക്കുണ്ടായിരുന്നു. എന്റെ സ്ക്രിപ്റ്റ് തയാറായപ്പോൾ സിനിമ ആക്കാനുള്ള തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. മുഴുവൻ ക്രൂവിന്റെയും സപ്പോർട്ട് കൊണ്ട് നല്ലൊരു റിസർട്ട് ഉണ്ടാക്കാൻ കഴിഞ്ഞു. എന്റെ ആഗ്രഹത്തിനു ഫുൾ സപ്പോർട്ടു തന്ന കുടുംബത്തിനു പ്രത്യേകം നന്ദി.

പുതിയൊരു സംവിധായകൻ, നായകനും നായികയും പുതുമുഖങ്ങൾ, പ്രൊഡ്യൂസർ ചിത്രത്തിൽ അഭിനയിക്കുന്നുമുണ്ട്. ഏതെങ്കിലും രീതിയിലുള്ള ടെൻഷൻ?

സിനിമയുടെ ഓരോ ഫ്രെയിമും എത്ര മിനിട്ട് സിനിമ ഉണ്ടാകും, എത്ര മിനിട്ട് സ്ക്രീൻ പ്രസൻസ് ഉണ്ടാകും, എവിടെയൊക്കെ ബാക്ഗ്രൗണ്ട്് സ്കോർ ഉണ്ടാകും എന്നതെല്ലാം കൃത്യമായി പേപ്പറിൽ വർക് ചെയ്തിത്, ചാർട്ട്, ഗ്രാഫ് എല്ലാം ആയാണ് വിജയ്ബാബുവിനെ കാണുന്നത്. അതിൽത്തന്നെ കോൺഫിഡന്റ് ആയതു കൊണ്ടാകാം പുതിയൊരു സംവിധായകനായിട്ടും ചിത്രം റിലീസ് ചെയ്യുന്നതിന്റെ തലേ ദിവസം പോലും ആർക്കും ഒരു ടെൻഷൻ തോന്നാത്തത്. ഏകദേശം നാലുവർഷമായിട്ട് എന്രെ ജീവിതത്തിൽ ഈ സിനിമ മാത്രമാണ് ഉണ്ടായിരുന്നത്. എനിക്ക് ഇപ്പോഴും ടെൻഷനുണ്ട്. ഒരു എക്സൈറ്റ്മെന്റിന്റെ ലെവലിലേക്ക് ഞാൻ ഇതുവരെ പോയിട്ടില്ല.

vipin

സിനിമ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും, ആദ്യ ചിത്രമാണ്, അതെങ്ങനെ ഉൾക്കൊള്ളും എന്നൊക്കെയുള്ള ടെൻഷനുണ്ട്. ഒരു ഫൺ മൂവിയാണ്. അതുകൊണ്ട് ആ മൂഡിൽത്തന്നെ കാണണം എന്നാണ് എന്റെ അഭ്യർഥന. സിനിമയ്ക്കകത്ത് വലിയൊരു കഥയൊന്നും ഇല്ല. ചെറിയൊരു കഥ വളരെ രസകരമായിട്ട് വ്യത്യസ്തമായിട്ട് പറയുന്നു എന്നു മാത്രമേയുള്ളു. ആ രണ്ടു മണിക്കൂർ പ്രേക്ഷകർ എൻജോയ് ചെയ്തിരിക്കും. കാമറാമാനും റൈറ്റേഴ്സും സംവിധായകനും നായകനും നായികയുമെല്ലാം പുതുമുഖങ്ങളും കൂടെ ബാക്ഗ്രൗണ്ടിൽ വിജയ്ബാബു, സൗബിൻ, ഹരീഷ്, ബൈജു തുടങ്ങിയവരൊക്കെ വരുമ്പോൾ ഒരു ഡിഫറന്റ് ടോൺ ഉണ്ട്. ഇതുവരെ മലയാളത്തിൽ കണ്ടു ചിരിക്കാത്ത ഒരു ടോൺ. ഇതു തന്നെയാണ് ചിത്രത്തിന്റെ ഒരു പ്രതീക്ഷയും ടെൻഷനും.

കുടുംബം?

തിരുവനന്തപുരത്ത് തിരുമലയിലാണു വീട്. അച്ഛൻ, അമ്മ, ഒരു അനുജത്തി, ഭാര്യ എന്നിവരടങ്ങുന്നതാണ് കുടുംബം. അനുജത്തിയുടെ കല്യാണം കഴി‍ഞ്ഞു.  

Your Rating: