Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുരസ്കാര പ്രഭയിൽ ഇതിഹാസ സംവിധായകൻ

I V Sasi ഐവി ശശി

പുരസ്കാര പ്രഭയിലാണ് മലയാളത്തിന്റെ ഇതിഹാസ സംവിധായകൻ ഐവി ശശി. നാലു പതിറ്റാണ്ട് നീണ്ട സിനിമാ ജീവിത്തിലെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സർക്കാർ നൽകിയ ജെസി ഡാനിയൽ പുരസ്ക്കാരത്തിൽ തൃപ്തനാണ് ഇദ്ദേഹം. ഇൗ മികച്ച സംവിധായകനെ ഇത്രയും കാലം മലയാള ചലച്ചിത്ര ലോകം മറന്നോ എന്ന് നമുക്ക് തോന്നിയേക്കാം, എന്നാൽ അദ്ദേഹത്തിന് അത്തരം യാതൊരു പരിഭവവുമില്ല. തന്റെ സിനിമ അനുഭവങ്ങളെക്കുറിച്ച് ഐവി ശശി സംസാരിക്കുന്നു.

ഇത്തരത്തിലൊരു പുരസ്കാരം ലഭിക്കാൻ വൈകിയോ?

ആദ്യം തന്നെ ജെസി ഡാനിയൽ പുരസ്കാര ലബ്ധിയിലുള്ള സന്തോഷം ഞാൻ അറിയിക്കുന്നു. പുരസ്കാരം ലഭിക്കാൻ വൈകിയോ എന്നൊന്നും ഞാൻ ആലോചിക്കുന്നില്ല. ഇപ്പോഴെങ്കിലും കിട്ടിയല്ലോ എന്ന സന്തോഷമേ ഉളളൂ. ഞാൻ ഇൗ പുരസ്കാരം ഇൗ സമയത്ത് തീരെ പ്രതീക്ഷിച്ചിരുന്നില്ല. അതു കൊണ്ട് തന്നെ പ്രതീക്ഷിക്കാതെ ലഭിക്കുന്ന സമ്മാനത്തിന് മധുരമേറും.

ഇത്തരം പുരസ്കാരദാനത്തിന് എന്തെങ്കിലും മാറ്റം ആവശ്യമുണ്ടോ?

എന്റെ അഭിപ്രായത്തിൽ മാറ്റം വേണം. പ്രായം നോക്കിയല്ല ഇത്തരം പുരസ്കാരങ്ങ​ൾ നൽകേണ്ടത്. പ്രായം നോക്കണമെന്നു നിയമമുണ്ടോ എന്ന് എനിക്കറിയില്ല. ചെറുപ്പക്കാരേയും ഇതിനു വേണ്ടി പരിഗണിക്കണം. ഒാരോരുത്തരും സിനിമയ്ക്ക് നൽകിയ സംഭാവന മാത്രം നോക്കിയാൽ മതി. ചെറുപ്പക്കാരായ ചലച്ചിത്ര പ്രവർത്തകരും കാര്യമായ സംഭാവന ചലച്ചിത്ര ലോകത്തിന് നൽകിയിട്ടുണ്ടെങ്കിൽ അവരെയും പുരസ്കാരത്തിന് പരിഗണിക്കണമെന്നാണ് എന്റെ പക്ഷം. അത്തരം സംഭാവനകൾ നൽകിയ ഒരു പാട് പേരുണ്ട്.

സിനിമയോട് കുറച്ചു നാളായി അകലം പാലിക്കുന്നു, കാരണം?

അതെന്റെ അസുഖങ്ങൾ കാരണമായിരുന്നു. അഞ്ചാറു വർഷമായി ഞാൻ സിനിമയോട് വിട്ടുനിൽക്കുന്നു. വീണ്ടും തിരിച്ചുവരവിനൊരുങ്ങുകയാണ്. എന്നെന്നും ഒ ാർമിക്കാനായി ഒരു ചിത്രം ഉടനെ ഉണ്ടാവും.

ദേവാസുരം പോലെ ഒന്നാവുമോ അത്?

ഒരു സിനിമപോലെ മറ്റൊന്ന് എന്നു പറയാനാവില്ല. താരതമ്യവും പറ്റില്ല. എങ്കിലും ദേവാസുരം പോലെ ഒാർമിച്ചുവയ്ക്കാവുന്ന ചിത്രമാവും അത്. പേരിന് വേണ്ടിയൊരു ചിത്രമാവില്ല. മോഹൻലാലിയിരിക്കും നായകൻ. രാഷ്ട്രീയമൊന്നും ചിത്രത്തിന്റെ വിഷയമായിരിക്കില്ല. മറ്റുള്ള നടീ നടന്മാരെയൊന്നും തീരുമാനിച്ചിട്ടില്ല. നായകനും നായികയ്ക്കും പ്രാധാന്യമുണ്ടാവും. ചിത്രത്തിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്. സാമൂഹ്യ പ്രസ്ക്തിയുള്ള ഒരു ചിത്രമായിരിക്കും എന്നേ ഇപ്പോൾ പറയുന്നുള്ളൂ. മമ്മൂട്ടിയെ വച്ചും ചിത്രം ചെയ്യും . ആദ്യം ഇതൊന്നു കഴിയട്ടെ.

iv-sasi ഐവി ശശി

പുതിയ സിനിമകൾ കാണാറുണ്ടോ?

കഴിയുന്നതും എല്ലാ സിനിമകളും കാണാറുണ്ട്, എന്ന് നിന്റെ മൊയ്തീൻ ആണ് അടുത്തിടെ കണ്ട ചിത്രങ്ങളിൽ ഇഷ്ടപ്പെട്ടത്. 1980 കളിലെ കാലം അപ്പാടെ എടുത്തുകാണിക്കുന്നുണ്ട് ഇൗ സിനിമയിൽ. യഥാർഥത്തിൽ ഉള്ളതുപോലെ തോന്നും ഒാരോ വിഷ്വലും കണ്ടാൽ. ബാംഗ്ലൂർ ഡേയ്സും ഉസ്താദ് ഹോട്ടലുമെല്ലാം ഒരു പാട് ഇഷ്ടപ്പെട്ട ചിത്രങ്ങളാണ്.

പ്രേമം സിനിമ കണ്ടിരുന്നോ? സിനിമ യുവാക്കളെ സ്വാധീനിക്കുമെന്ന് പറയുന്നതിനെക്കുറിച്ച്?

പ്രേമം സിനിമ ഞാൻ കണ്ടു. എനിക്കിഷ്ടപ്പെട്ടു. അല്ലാതെ വേറെ ഒന്നും തോന്നിയില്ല. അത് കണ്ടിട്ട് കുട്ടികൾ വഴിതെറ്റി എന്നൊക്കെ പറയുന്നത് വെറുതെയാണ്. അതെല്ലാം ഒാരോരുത്തരുടേയും മാനസീകാവസ്ഥ അനുസരിച്ചിരിക്കും. പണ്ടെത്തെ ചിത്രങ്ങളിലും ബലാത്സംഗവും കള്ളുകുടിയുെ‌മല്ലാം ഉണ്ടായിരുന്നു. അതൊന്നും കണ്ട് ആരും വഴിെതറ്റിയല്ലോ?

പുതു തലമുറയോട് പറയാനുള്ളത്?

പുതുതലമുറ സ്വയം വലുതാണെന്ന് അഹങ്കരിക്കരുത്. ഒന്നോ രണ്ടോ ചിത്രങ്ങൾ വിജയിച്ചാൽ താൻ വലിയ സംവിധായകനോ അഭിനേതാവാണ് എന്ന് സ്വയംഅഹങ്കരിക്കരുത്. എല്ലാവർക്കും കുറച്ച് അഹങ്കാരമൊക്കെ ഉണ്ടാകും. അത് പ്രകടിപ്പിക്കാതിരിക്കാൻ ശ്രമിക്കുക. പത്തോ പന്ത്രണ്ടോ ചിത്രങ്ങൾ വിജയിച്ചാൽ നമുക്ക് കരുതാം നാം കുറച്ചു സംഭവമാണെന്ന്. മുതിർന്നവരെ ബഹുമാനിക്കാൻ പഠിക്കുക. മര്യാദ കാണിക്കുക. ഒന്ന് രണ്ട് പരിപാടികളിൽ വച്ച് ചില ചെറുപ്പക്കാരായ സിനിമക്കാരൊക്കെ എന്നെക്കണ്ടിട്ട് പരിചയ ഭാവം പോലും കാണിച്ചില്ല, അതിൽ വിഷമമുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.