Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴില്‍ പടരും കീർത്തി

keerthi-suresh

2013ല്‍ നായികയായി അരങ്ങേറ്റം; അതും സൂപ്പര്‍ താരം മോഹൻ‌ലാലിനൊപ്പം ‍. രണ്ടു വര്‍ഷംകൊണ്ടു വിവിധ തെന്നിന്ത്യന്‍ ഭാഷകളിലായി എട്ടു സിനിമകള്‍. അത്ര ചെറുതല്ല ഈ നേട്ടം. പറഞ്ഞുവരുന്നതു തെന്നിന്ത്യൻ സിനിമയിലെ പുതുതലമുറക്കാരിയായ കീര്‍ത്തി സുരേഷിനെക്കുറിച്ചാണ്. പുതിയ സിനിമാ വിശേഷങ്ങള്‍ കീര്‍ത്തി മെട്രോ മനോരമയുമായി പങ്കുവയ്ക്കുന്നു.

*രജനി മുരുകന്‍ *

ശിവകാര്‍ത്തികേയനൊപ്പം ഒരു ചിത്രം. ഏറെ ആഗ്രഹിച്ചിരുന്ന ഒരു അവസരമാണിത്. കരിയറിലെ ഒരു വഴിത്തിരിവാകും ഈ ചിത്രം എന്ന കാര്യത്തില്‍ സംശയമില്ല. ശിവകാര്‍ത്തികേയന്‍ നായകനായതുകൊണ്ടു മാത്രമല്ല ഈ ആത്മവിശ്വാസം. സംവിധായകന്‍ പൊന്‍ റാം, നിര്‍മാതാക്കളായി പ്രമുഖ സംവിധായകന്‍ എന്‍. ലിംഗുസാമിയും തിരുപ്പതി ബ്രദേഴ്സും, സംഗീതം ഡി. ഇമാന്‍ എന്നിങ്ങനെ വലിയ ഒരു ടീമാണ് ഇതിലുള്ളത്. വരുത്തപ്പെട്ട വാലിബര്‍ സംഘം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു പിന്നില്‍ അണിനിരന്ന അതേ ടീം. ഈ ടീമിന്‍റെ ഭാഗമാകാനായതുതന്നെ ഭാഗ്യമായി കരുതുന്നു. മധുരയിലെ ഒരു നാടന്‍ പെണ്‍കുട്ടിയുടെ വേഷമാണ്. കഥാപാത്രത്തിന്‍റെ പേര് കാര്‍ത്തികദേവി. വളരെ ബബ്ലി സ്മാര്‍ട്ട് ക്യാരക്ടര്‍. ചിത്രത്തിലെ പാട്ടുകള്‍ ഇപ്പോള്‍ത്തന്നെ ഹിറ്റായിക്കഴിഞ്ഞു.

keerthi-sivakarthikeyan

‘എന്നമ്മാ ഇപ്പടി പണ്‍റിംഗളേ മാ’ എന്ന പാട്ടു കേട്ട് കേരളത്തില്‍നിന്നു മാത്രം ലഭിച്ച ഫോണ്‍ കോളുകളുടെ എണ്ണം പറയാനാകില്ല. പാട്ടിനൊപ്പം ചിത്രവും ഹിറ്റാകുമെന്നുറപ്പാണ്. വിക്രം പ്രഭുവിനൊപ്പം ഇത് എന്ന മായം എന്ന ചിത്രത്തില്‍ അഭിനയിച്ചതും ഏറെ സന്തോഷം നൽകുന്നുണ്ട്. കാരണം, വിക്രം പ്രഭുവിന്‍റെ അച്ഛന്‍ നടന്‍ പ്രഭുവിനൊപ്പം, അമ്മ മേനക ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം മക്കളായ ഞങ്ങള്‍ നായികാ നായകന്മാരായി എത്തുന്നു എന്നതു രസകരമാണ്. ഷൂട്ടിങ്ങിനിടെ വിക്രം പ്രഭുവും ഇക്കാര്യം പറഞ്ഞിരുന്നു. വൈകാതെ ഈ ചിത്രവും റിലീസാവും. തെലുങ്കില്‍ ഐന ഇഷ്ടം നൂവു, ഹരികഥ എന്നീ ചിത്രങ്ങളും ഉടന്‍ റിലീസാകും.

keerthi-family

മലയാളത്തിലേക്ക് തിരിച്ച്?

മലയാളം ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല. മലയാളസിനിമ എപ്പോൾ വിളിച്ചാലും ഓടിയെത്തും. കാരണം, മലയാള ചലച്ചിത്ര ലോകമാണു ഞാൻ ഏറെ ഇഷ്ടപ്പെടുന്നത്. കൂടുതല്‍ അവസരങ്ങളും നല്ല കഥാപാത്രങ്ങളും ലഭിക്കുന്നതുകൊണ്ടാണ് തമിഴിലേക്കും തെലുങ്കിലേക്കും തല്‍ക്കാലത്തേക്കു മാറിയത്. മലയാളത്തിൽ പല കഥകളും കേള്‍ക്കുന്നുണ്ട്. എല്ലാം വലിച്ചുവാരി ചെയ്യാന്‍ താല്‍പര്യമില്ല. നല്ല കഥയും കഥാപാത്രങ്ങളും ഒത്തുവന്നാല്‍ മാത്രമേ ചെയ്യുന്നുള്ളൂ. അത്തരം നല്ല കഥാപാത്രങ്ങള്‍ തേടി വരുമെന്ന് എനിക്കുറപ്പുണ്ട്. അതിനായുള്ള കാത്തിരിപ്പിലാണു ഞാന്‍. ഭാഗ്യത്തിലുമുണ്ട് കാര്യം

ഭാഗ്യം അത്യാവശ്യത്തിനുള്ള ഒരാളാണു ഞാനെന്നാണ് എന്‍റെ വിശ്വാസം. കാരണം, ഞാന്‍ ആദ്യം അഭിനയിക്കുന്നതു ഗീതാഞ്ജലിയിലാണ്; അതും ലാലങ്കിളിനൊപ്പം (മോഹൻ‌ലാല്‍). സംവിധായകനാകട്ടെ, പ്രിയദര്‍ശന്‍. സ്വപ്നതുല്യമായ തുടക്കം എന്നു പറയാം. ആര്‍ക്കു കിട്ടും ഇത്രേം വല്ല്യ ഭാഗ്യം? പിന്നാലെ റിങ് മാസ്റ്ററില്‍ ദിലീപേട്ടനോടൊപ്പം അഭിനയിക്കാനായി. രണ്ടിലും എന്നാല്‍ കഴിയുന്നവിധം നന്നായി ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. ഒപ്പം തമിഴിലും തെലുങ്കിലും രണ്ടു ചിത്രങ്ങള്‍ വീതം റിലീസിന് ഒരുങ്ങി നില്‍ക്കുന്നു. കുഴപ്പമില്ല, അല്ലേ?

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.