Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹന്‍ലാല്‍ മഹാനായ മനുഷ്യന്‍: കൈനത്ത് അറോറ

ലൈലാ ഓ ലൈലാ പാടി സംവിധായകന്‍ ജോഷി മറ്റൊരു ഉത്തരേന്ത്യന്‍ താരത്തെക്കൂടി മോളിവുഡിന് പരിചയപ്പെടുത്തുകയാണ്. പ്രശസ്ത മോഡലും ബോളിവുഡിലെ സജീവ സന്നിധ്യവുമായ കൈനത്ത് അറോറ. ബോളിവുഡ് ചിത്രമായ ഗ്രാന്‍ഡ് മസ്തിയില്‍ അഭിനയിച്ചാണ് ആരാധക ഹൃദയം കീഴടക്കിയത്. തുടര്‍ന്ന് , ഒട്ടനവധി ബോളിവുഡ് ചിത്രങ്ങളില്‍ തന്റെ ഭാഗ്യം പരീക്ഷിച്ച കൈനത്തിനു 2015 നല്‍കിയ ഏറ്റവും വലിയ ബോണസ് ആണ് ലൈലാ ഓ ലൈലായിലെ കഥാപാത്രം.

ആദ്യ മലയാള ചിത്രമാണല്ലോ ലൈലാ ഓ ലൈലാ , ചിത്രത്തെ എങ്ങനെ വിലയിരുത്തുന്നു?

ഏതൊരു അഭിനേതാവിനെ സംബന്ധിച്ചും തന്റെ ആദ്യ പ്രൊജക്റ്റ് ഏറെ ആശങ്കയുളവാക്കുന്ന ഒന്നാണ്. എല്ലാവര്‍ക്കും അറിയുന്ന പോലെ ഇതൊരു ബിഗ് ബജറ്റ് മൂവിയാണ്. ഇത്രയേറെ പണം മുടക്കി, നൂറുകണക്കിന് ആളുകളുടെ ശ്രമഫലമായി ഒരു സിനിമ ഇറങ്ങുന്നു. അതും മോഹന്‍ലാലിനെ പോലെ ഒരു ഹിറ്റ് മേക്കര്‍ നായകനായി കൊണ്ട്, അതിന്റേതായ സന്തോഷവും സമ്മര്‍ദ്ദവും ഷൂട്ടിംഗ് സമയത്ത് ഉണ്ടായിരുന്നു. എന്നാല്‍ കൂടെ വര്‍ക്ക് ചെയ്ത എല്ലാവരും മികച്ച പിന്തുണയാണ് നല്‍കിയത്, പ്രത്യേകിച്ച് മോഹന്‍ലാല്‍ .

kainat-arora-stills

മലയാളത്തില്‍ അരങ്ങേറ്റം, രാംഗോപാല്‍ വര്‍മ്മയുടെത് ഉള്‍പ്പെടെ അഞ്ചു ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് തയാറെടുക്കുന്നു, 2015 ഒരു ഭാഗ്യ വര്‍ഷമാണ് എന്ന് വിശ്വസിക്കുന്നുണ്ടോ?

തീര്‍ച്ചയായും . ഈ വളര്‍്ച്ചയില്‍ എനിക്ക് വളരെ സന്തോഷവും ഉണ്ട്. ലൈലാ ഓ ലൈലാ എനിക്ക് വളരെ നല്ലൊരു ബ്രേക്ക് ആണ് നല്‍കുന്നത്. അതിനൊപ്പം തന്നെ സന്തോഷം നല്‍കുന്ന ഒരു കാര്യമാണ് എന്റെ 5 സിനിമകള്‍ അടുത്തടുത്ത് പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നു എന്നത്. ആദ്യ ചിത്രം രാം ഗോപാല്‍ വര്‍മ്മയുടെ സംവിധാനത്തിലാണ്. രണ്ടാമത്തെ ചിത്രം പേരിടാത്ത ഒരു ഹൊറര്‍ ചിത്രമാണ്. മൂന്നാമതാണ് ലൈല ഓ ലൈലാ.നാലാമത് ഋഷി കപൂര്‍ - രാം കപൂര്‍ ടീമിന്റെ ഒപ്പം ഒരു കോമഡി ചിത്രമാണ്. അഞ്ചാമത്തെ ചിത്രം ഒരു തെലുങ്ക് പടമാണ്.ആകെ മൊത്തം സന്തോഷിക്കാനുള്ള കാര്യങ്ങള്‍ ആയതു കൊണ്ട് തന്നെ, 2015 ഒരു ഭാഗ്യ വര്‍ഷമായാണ് ഞാന്‍ കാണുന്നത്.

kainat-arora-stills01

ഉത്തരേന്ത്യയില്‍ നിന്നു, ദക്ഷിണേന്ത്യയിലേക്കുള്ള ചുവടുമാറ്റം എപ്പോഴായിരുന്നു? , എങ്ങനെയാണ് മലയാള സിനിമയില്‍ എത്തിയത് ?

സത്യത്തില്‍ ഞാന്‍ സിനിമാ ലോകത്തേക്ക് എത്തിയതിനു തന്നെ കാരണം മോളിവുഡ് ആണ്. മിസ് കേരള പേജന്റ് ഫാഷന്‍ ഷോയുടെ ജഡ്ജ് ആയി ഇരുന്ന എന്നെ കണ്ട്, അക്ഷയ് കുമാറിനൊപ്പം ഗ്രാന്ഡ് മസ്തിയില്‍ ഒരു ഡാന്സ് ചെയ്യാമോ എന്ന് ചോദിച്ചത് സംവിധായകന്‍ പ്രിയദര്‍ശന്‍ ആണ്. ഞാന്‍ അത് അപ്പോള്‍ തന്നെ സമ്മതിക്കുകയും ചെയ്തു. ഗ്രാന്‍്ഡ് മസ്തിയുടെ കോറിയോഗ്രഫി ചെയതത് പ്രസന്ന മാസ്റ്റര്‍ ആയിരുന്നു. അദ്ദേഹം തന്നെയാണ് ലൈലാ ഓ ലൈലായുടെയും കോറിയോഗ്രഫി. പ്രസന്ന മാസ്റ്റര്‍ മുഖാന്തരം തിരക്കഥാകൃത്തായ സുരേഷ് നായരെ പരിചയപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ലൈലാ ഓ ലൈല ചെയ്തത്.

kainat-arora-stills02

ആദ്യ ചിത്രം മലയാള സിനിമയിലെ രണ്ടു മഹാ രഥന്മാരായ മോഹന്‍ലാലിന്റെയും ജോഷിയുടെയും കൂടെ, എന്തായിരുന്നു എക്സ്പീരിയന്‍സ്?

മോഹന്‍ലാല്‍ സര്‍ ആയാലും ജോഷി സര്‍ ആയാലും ശരി, രണ്ട് ലിവിംഗ് എന്‍സൈക്ളോപീഡിയ എന്ന് വേണം പറയാന്‍. ഒരു മികച്ച അഭിനേതാവ് എന്ന നിലയില്‍ മോഹന്‍ലാലും സംവിധായകന്‍ എന്ന നിലയില്‍ ജോഷിയും എന്നെ ഏറെ സഹായിച്ചു. ആദ്യം എനിക്ക് കുറച്ച് പേടി ഉണ്ടായിരുന്നു, കാരണം മലയാളം എന്നെ സംബന്ധിച്ച് ഒരു പുതിയ ഭാഷയാണ്, അത് കൊണ്ട് തെറ്റ് പറ്റുമോ എന്ന ഭയം എന്നെ വല്ലാതെ പിന്തുടര്‍ന്നിരുന്നു. എന്നാല്‍ അഭിനയത്തിന്റെ ഓരോ ഘട്ടത്തിലും ഇവര്‍ രണ്ടു പേരും തന്ന ഉപദേശങ്ങള്‍, പിന്തുണ , ആത്മവിശ്വാസം എന്നിവയെല്ലാം ഒരു തുടക്കക്കാരി എന്ന നിലയില്‍ വളരെ വിലപ്പെട്ടതാണ്.

ലൈലാ ഓ ലൈലയുടെ ചിത്രീകരണ വേളയില്‍ മറക്കാനാവാത്ത എന്തെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ടോ?

ഈ ചിത്രത്തെ സംബന്ധിച്ചിടത്തോളം, ഏറ്റവും വലിയ മറക്കാനാവാത്ത അനുഭവം എന്ന് പറയുന്നത് , മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭാസത്തെ പരിചയപ്പെട്ടു എന്നതാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് അദ്ദേഹത്തെ അടുത്തറിയാനും, അദ്ദേഹത്തില്‍ നിന്നും അഭിനയത്തിന്റെ പാഠങ്ങള്‍ പഠിക്കുവാനും കഴിഞ്ഞു. വളരെ രസികനായ വ്യക്തിയാണ് അദ്ദേഹം. കലയുടെ തികഞ്ഞ ആരാധകനും. പെയ്ന്റിങ്ങുകള്‍ ഏറെ ഇഷ്ടമുള്ള അദ്ദേഹം തന്റെ ശേഖരത്തിലുള്ള ചില ചിത്രങ്ങള്‍ കാണിച്ചു തരികയും, അവയെകുറിച്ച് പറഞ്ഞു തരികയും ചെയ്തു. ലോകം മുഴുവന്‍ ബഹുമാനിക്കുന്ന ഒരു വലിയ ഒരു വ്യക്തിയാണ് താന്‍ എന്ന് തോന്നിപ്പിക്കാത്ത രീതിയിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. തികച്ചും മഹാനായ മനുഷ്യന്‍.

സിനിമയ്ക്കപ്പുറം ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍?

ഇപ്പോള്‍ സിനിമയല്ലാതെ, മറ്റൊരു ചിന്തയും എനിക്കില്ല. ഭാഷ ഏതായാലും ധാരാളം നല്ല സിനിമകള്‍ ചെയ്യണം. സിനിമാ ലോകം എന്നും ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് നല്‍കണം. ഇപ്പോള്‍ അത് മാത്രമാണ് ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.