Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംവിധായകൻ സീരിയലിൽ അഭിനയിക്കുകയാണ്

padma-kumar

സ്വന്തം സിനിമയ്ക്ക് മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചപ്പോൾ സംവിധായകൻ സീരിയലിൽ അഭിനയിക്കുകയായരുന്നു. കാരണം ജീവിക്കാൻ പണം ആവശ്യമാണല്ലോ. അത് സിനിമയിൽ നിന്ന് കിട്ടുന്നുമില്ല. സംവിധായകനാകാൻ നടന്ന് നടനായി ഒടുവിൽ വെല്ലുവിളികൾ ഒരുപാട് അതിജീവിച്ച് ഒരു സിനിമ ചെയ്ത് അവാർഡ് വാങ്ങിക്കഴിഞ്ഞും പത്മകുമാറിന് പറയാനുള്ളത് ഒന്നേയുള്ളൂ. സിനിമയിലെ പ്രശസ്തിയോ പണമോ അല്ല ഞാൻ ചോദിക്കുന്നത് കാലുറപ്പിച്ച് നിൽക്കാനുള്ള സഹായമാണ്.

19-ാം വയസ് മുതൽ സിനിമയ്ക്ക് പിറകെയായിരുന്നു പത്മകുമാർ. നടനാവുകയായിരുന്നില്ല, മറിച്ച് സംവിധായകനാവുകയായിരുന്നു ലക്ഷ്യം. എന്നിട്ടും അവസരം ലഭിച്ചത് അഭിനയിക്കാൻ. നടൻ പിന്നീട് സംവിധായകനാകാൻ‌ ശ്രമിച്ചത് അദ്ദേഹത്തിന്റെ ലക്ഷ്യം വിദൂരമാക്കി. സിനിമയിൽ അവസരങ്ങൾ കുറഞ്ഞതു കൊണ്ട് ഇവൻ പടം പിടിക്കാനിറങ്ങിയതാണെന്ന് പലരും വിചാരിച്ചു. എല്ലാവരോടും പത്മകുമാറിന് പറയാനുള്ളത് ഇതാണ്.

നടനായി പിന്നെ സംവിധായകനും ?

സംവിധായകനാവുക എന്നതായിരുന്നു എന്റെ എക്കാലത്തെയും വലിയ ആഗ്രഹം. അതിനായി പലരുടെയും അടുത്ത് പോയി. ജയരാജ് സാറിന്റെയും ലോഹി സാറിന്റെയുമൊക്കെ സഹായിയായി പ്രവർത്തിച്ചു. പിന്നെ നിവേദ്യം എന്ന സിനിമയിൽ അഭിനയിച്ചു. വീണ്ടും ചില സിനിമകളിൽ വേഷങ്ങൾ ലഭിച്ചു. കഥ പറയാൻ ചെല്ലുന്നിടത്തെല്ലാം നടൻ എന്ന ലേബലായി. ആതോടെ എല്ലാവരുടെയും താൽപര്യവും കുറഞ്ഞു. ജീവിക്കാൻ പണം തന്നെ വേണം. കുടുംബം പട്ടിണിയിലാവരുത്. അതിനായി തമിഴ് തെലുങ്ക് സീരിയലുകളിലൊക്കെ അഭിനയിക്കാൻ തുടങ്ങി. മൈ ലൈഫ് പാർട്നർ ചെയ്ത ശേഷവും ഞാൻ അഭിനയം തുടർന്നു.

മൈ ലൈഫ് പാർട്നർ ഉണ്ടായത് ?

കഥ നേരത്തെ തന്നെ എഴുതിയതാണ്. പല നിർമാതാക്കളെയും സമീപിച്ചു. പ്രമുഖ നടന്മാരില്ലാതിനാൽ സാറ്റ്ലൈറ്റ് ലഭിക്കില്ലെന്നറിഞ്ഞ് പലരും പിൻവലി‍ഞ്ഞു. ഒടുവിൽ റെജിമോൻ എന്ന നിർമാതാവ് സമ്മതം മൂളി. 19 ദിവസം കൊണ്ട് പറഞ്ഞ തുകയെക്കാൾ 5 ലക്ഷം കുറച്ച് സിനിമ പൂർത്തിയാക്കി. സിനിമ ലാഭമാകാഞ്ഞതിനാൽ ഞാൻ പ്രതിഫലം പോലും വാങ്ങിയില്ല. അസിസ്റ്റൻസ് ഒന്നുമില്ലാതെ ഞാൻ ഒറ്റയ്ക്ക് ചെയ്ത ചിത്രമാണത്. സിനിമയെക്കുറിച്ച് ഒന്നുമറിയാത്ത സഹായികളായിരുന്നു ഒപ്പമുണ്ടായിരുന്നത്.

സ്വവർഗ പ്രണയം സിനിമയുടെ പ്രമേയമാക്കിയപ്പോൾ ?

ചിത്രീകരണം തുടങ്ങിയപ്പോള്‍ ഒരു പാട് എതിർപ്പുകൾ വന്നു. ഫെയ്സ്ബുക്കിൽ നിന്ന് പലരും അൺ ഫ്രണ്ട് ചെയ്തു. വിളിക്കുമ്പോൾ പലരും ഫോൺ എടുക്കാതായി. നേരെ കണ്ടാൽ പോലും മിണ്ടാത്ത അവസ്ഥ. മകന് സ്കൂളിൽ സ്കൂളിൽ സെക്സ് സിനിമ എടുത്തയാളുടെ മോൻ എന്ന പേരു വരെ വീണു. പക്ഷേ അപ്പോഴും എന്റെ കുടുംബവും ചില നല്ല സുഹൃത്തുക്കളും എനിക്കൊപ്പം നിന്നു. ഇൗ സിനിമയിൽ സെക്സില്ലെന്നും ഹോമോ സെക്ഷ്വാലിറ്റി ഇതിലെ ഒരു ഘടകം മാത്രമാമാണെന്നതുമാണ് സത്യം. മൈ ലൈഫ് പാർട്നർ ഒരു ഉദാത്ത സിനിമയാണെന്നൊന്നും ഞാൻ അവകാശപ്പെടുന്നില്ല. പക്ഷേ ഇൗ സിനിമയിലൊരു സത്യമുണ്ട്.

shooting-still

തീയറ്ററുകൾ തഴഞ്ഞപ്പോൾ ?

40 തീയറ്ററുകൾ ചിത്രം റിലീസ് ചെയ്യാമെന്നേറ്റതാണ്. പക്ഷേ പിന്നെ അവർ പിന്മാറി. 6 തീയറ്ററുകളിൽ മാത്രമാണ് സിനിമ റിലീസ് ചെയ്യാനായത്. ഏറ്റവും അടുത്ത് തന്നെ ചിത്രം വീണ്ടും റിലീസ് ചെയ്യാനാണ് തീരുമാനം. നിർമാതാവ് ബോംബെയിൽ നിന്നു വന്നാലുടൻ അതിനുള്ള നടപടികൾ ആരംഭിക്കും.

ചിത്രത്തിന്റെ കഥ പറയാൻ ചെന്നപ്പോൾ ഒരു യുവനടൻ മോശമായി പെരുമാറിയെന്നു കേട്ടു ?

ഒരിക്കലുമില്ല. ഞാൻ ഒരുപാട് പേരോട് ഇൗ കഥ പറഞ്ഞിരുന്നു. പക്ഷേ അവരാരും എന്നോട് മോശമായൊന്നും പെരുമാറിയില്ല. ജയസൂര്യയയോടാണ് ഞാൻ ആദ്യം ഇതു ചർച്ച ചെയ്തത്. മലയാളത്തിലെ ഇന്നുള്ള മികച്ച നടന്മാരിൽ ഒരാൾ ജയസൂര്യയാണ്. പക്ഷേ വേറെ ചിത്രങ്ങളുടെ തിരക്കുള്ളതിനാൽ അദ്ദേഹത്തിന് ഇതിലഭിനയിക്കാൻ സാധിച്ചില്ല. അവാർഡ് ഉണ്ടെന്നറിഞ്ഞ് ജയസൂര്യ വിളിച്ച് അഭിനന്ദിച്ചിരുന്നു. പിന്നീട് ഫഹദിനോടും ഇതേ കഥ പറയുകയുണ്ടായി. ബാംഗ്ലൂർ ഡെയ്സിനാണ് അദ്ദേഹം പ്രാധാന്യം കൊടുക്കുന്നതെന്നു പറഞ്ഞു. അതു പക്ഷേ സ്വാഭാവികം മാത്രമാണ്. സണ്ണി വെയ്ൻ, ടൊവിനോ എന്നിവരോടും ഞാൻ കഥ പറഞ്ഞിരുന്നു. അവർ‌ക്കും മറ്റു ചിത്രങ്ങളുടെ തിരക്കുണ്ടായിരുന്നു. അവരഭിനയിക്കാഞ്ഞത് ഒരിക്കലും ഒരു കുറ്റമായി ഞാൻ പറയില്ല. കാരണം ഞാനായിരുന്നു അവരുടെ സ്ഥാനത്തെങ്കിലും ഇങ്ങനെ ഒരാൾ സിനിമയുമായി വരുമ്പോൾ ആദ്യം ഒന്നു മടിക്കും.

സുദേവ് നായര്‍ അനുസരണയുള്ള നടനാണ്. കഥാപാത്രങ്ങൾക്ക് വേണ്ടി ജീവിക്കുന്ന വലിയ കലാകാരൻ. സുദേവ് അവതരിപ്പിച്ച കിരൺ എന്ന കഥാപാത്രത്തിന് ശക്തി പകർന്നത് അമീർ അവതരിപ്പിച്ച റിച്ചാർഡും അനൂശ്രീയിൽ ഭദ്രമായ പവിത്രയുമാണ്.

ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് ?

എന്നെ ഇതു വരെയെത്തിച്ച ഒരു അദൃശ്യ ശക്തിയോട്. പിന്നെ ലോഹി സാറിനോടും. പിന്നെ കൂടെ നിന്ന നല്ല സുഹൃത്തുക്കളോടും.