Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ കോട്ടകൊത്തളങ്ങളും ആയുധശേഖരവും സാബുവിന്‍റേതാണ്

sabu-cyril സാബു സിറില്‍

ഹൈദരാബാദിലെ റാമോജി റാവു സ്റ്റുഡിയോയിലെ എഴുനൂറ്റി മൂന്നാം നമ്പർ ഹോട്ടൽ മുറിയിൽ ഊണും ഉറക്കവുമില്ലാതെ പല രാജ്യങ്ങൾക്കായി കൊട്ടാരങ്ങളും ആയുധങ്ങളും നിർമിക്കുകയായിരുന്നു അയാൾ. ഇതുവരെയാരും കാണാത്തത്ര വലിയ മൃഗങ്ങളെ സൃഷ്ടിക്കുകയുമായിരുന്നു. അവസാനം സംവിധായകൻ രാജമൗലി പറഞ്ഞു,‘സാബു സിറിൾ നിങ്ങൾ പ്രൊഡക്‌ഷൻ ഡിസൈനറല്ല. ശാസ്ത്രജ്ഞനാണ്. ഓരോ ദിവസവും പുതിയതു കണ്ടെത്തിക്കൊണ്ടേയിരിക്കുന്നു.’ 25 വർഷം മുൻപ് അയ്യർ ദി ഗ്രേറ്റ്, അമരം എന്നീ സിനിമകളിലൂടെ മലയാളത്തിൽ പ്രൊഡക്ഷന്‍ ഡിസൈനറായ സാബു സിറിളിനെ ഇന്ത്യൻ സിനിമ ഇപ്പോൾ കാത്തിരിക്കുകയാണ്.

∙മൂന്നു വർഷം മറ്റൊരു സിനിമയ്ക്കും പോകാതെ സാബു ബാഹുബലിക്കുവേണ്ടി ജീവിക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടാണ്?

രാജമൗലി എന്ന സംവിധായകനെ നമുക്കറിയാം. അദ്ദേഹം വിളിച്ച് ഇത്തരമൊരു സിനിമയെക്കുറിച്ചു പറയുമ്പോൾ എന്നെപ്പോലെ സ്വപ്നം കണ്ടു നടക്കുന്ന ആരും ഇതു ചെയ്യും. ഇത്തരമൊരു സിനിമ എനിക്കു സ്വപ്നമായിരുന്നു.

∙രാജമൗലിയുടെ എല്ലാ അഭിമുഖത്തിലും നിറഞ്ഞു നിൽക്കുന്നതു സാബുവാണ്.

രാജമൗലിയൊരു അദ്ദേഹമൊരു അത്‌ലറ്റിക് കോച്ചിനെപ്പോലെയാണ്. നമ്മുടെ ഉള്ളിലെ ശക്തി പരമാവധി പിഴിഞ്ഞെടുക്കും. ഒരു സെക്കൻഡിലെ ഒരംശം കൂടി വേഗത്തിൽ ഓടാനാണ് ഓരോ കോച്ചും നോക്കുന്നത്. നമുക്കു പരമാവധി പറ്റുന്നതിന്റെ ഒരിഞ്ചുകൂടി മുന്നോട്ടു കൊണ്ടുപോകാൻ രാജമൗലിക്കു കഴിയും.

sabu-set വിഷ്വല്‍ ഇഫക്റ്റ്സ് ഡയറക്ടര്‍ ശ്രീനിവാസമോഹനൊപ്പം

∙എങ്ങനെയാണു തുടക്കം?

രാജമൗലിയുടെ മനസ്സിലാണ് ആദ്യം സിനിമയുണ്ടായത്. അദ്ദേഹമതു വാക്കുകളിലൂടെ എനിക്കു കാണിച്ചുതന്നു. പിന്നീട് ആറുമാസത്തോളം ലൊക്കേഷനുകൾ തേടി ഞങ്ങൾ യാത്ര ചെയ്തു. രാജ്യത്തിനകത്തും പുറത്തുമായി. അവസാനം പ്രധാന ലൊക്കേഷൻ റാമോജി സ്റ്റുഡിയോ തന്നെയായി. രാജമൗലി പറഞ്ഞതു നാം ഇതുവരെ കണ്ടതിലെല്ലാം വലിയ കൊട്ടാരങ്ങളും യുദ്ധക്കളങ്ങളും ആയുധങ്ങളും ഉണ്ടാക്കാനാണ്. ആദ്യം വരച്ചു. പിന്നീടു ജോലി ചെയ്തു.

∙എത്ര പേർ ?

രണ്ടര വർഷം 250 പേർ നിരന്തരം കലാവിഭാഗത്തിൽ മാത്രം ജോലി ചെയ്തു. 25 വലിയ ചിത്രകാരന്മാർ ഉൾപ്പെടെയാണിത്. അവരുടെ മനസ്സിലുള്ള കൊട്ടാരവും യുദ്ധക്കളവും ഞങ്ങൾ പറഞ്ഞുകൊടുത്തതുപോലെ അവർ പുനഃസൃഷ്ടിച്ചു.

ബാഹുബലിക്കായി സാബു സിറിൾ ഒരുക്കിയ ഡിസൈനുകൾ ബാഹുബലിയ്ക്കായി ചെയ്ത സ്കെച്ചുകള്‍

∙യുദ്ധക്കളമായിരുന്നോ പ്രധാന തലവേദന ?

ഓരോ ദിവസവും യുദ്ധം ചെയ്യുന്നത് 2000 പേരാണ്. സിനിമയ്ക്കുവേണ്ടി 30,000 ആയുധങ്ങൾ നിർമിച്ചു. എന്തുപയോഗിച്ച് ഈ ആയുധങ്ങൾ നിർമിക്കണമെന്നു മാസങ്ങളോളം ഗവേഷണം നടത്തി. ശരിക്കും യുദ്ധം ചെയ്യുന്നതുപോലെ വേണമെന്നു രാജമൗലിക്കു നിർബന്ധമായിരുന്നു. ആയുധങ്ങൾക്കും പടച്ചട്ടകൾക്കും ഭാരം പാടില്ല. പൊട്ടാനും പാടില്ല. ലോഹം പോലെ തോന്നുകയും വേണം. വ്യവസായ ആവശ്യത്തിനുള്ള പ്രത്യേക തരം കാർബൺ ഫൈബറാണ് ഇതിനായി ഉപയോഗിച്ചത്. പലതരം സാധനങ്ങൾകൊണ്ടു ആയുധങ്ങൾ ഉണ്ടാക്കി നോക്കി. ഓരോ ദിവസവും 30% ആയുധമെങ്കിലും പൊട്ടും. തൊട്ടടുത്ത ദിവസത്തേക്ക് അത്രയും ആയുധം കരുതിവയ്ക്കണം. ആയിരക്കണക്കിനു വസ്തുക്കളാണു സെറ്റിൽ ഓരോ ദിവസവും വേണ്ടത്. വിചാരിക്കുന്ന സമയത്ത് അതുണ്ടാകണം.

∙പഴയ കാലം തിരിച്ചുകൊണ്ടുവരാൻ ആദ്യം ചെയ്തതെന്താണ്.

ഓരോ കാലത്തേയും വസ്ത്രവും ആയുധവും ജീവിത രീതിയും പഠിച്ചു. അവയിൽ നിന്നു സ്വപ്നത്തിലെ ഈ കാലം ഞങ്ങൾ എല്ലാവരും ചേർന്നുണ്ടാക്കി. നീണ്ട ഗവേഷണത്തിനു ശേഷമാണ് ഓരോ വസ്തുവും എങ്ങനെ വേണമെന്നു തീരുമാനിച്ചത്.

സംവിധായകൻ രാജമൗലിക്കൊപ്പം സാബു സിറിൾ രാജമൗലിയ്ക്കൊപ്പം

∙ഇതിലെ ചലിക്കുന്ന മൃഗങ്ങളെയും ഉണ്ടാക്കിയതല്ലെ?

ഇന്ത്യയിൽ മൃഗങ്ങളെ ഉപയോഗിച്ചു സിനിമ എടുക്കാനാകില്ല. അവ വീഴുന്നതോ കരയുന്നതോ ആയ സീനുകൾ ചിത്രീകരിക്കാനാകില്ല. ബാഹുബലിയിലെ ആനകളിൽ പലതും ഞങ്ങൾ ഉണ്ടാക്കിയതാണ്. പല ആനകളുടെയും അകത്ത് ആളെ ഇരുത്തി ചലിപ്പിക്കുകയായിരുന്നു. ആനയുടെ ചലനങ്ങൾ പോലും കൃത്യമായി വരുന്ന വിധത്തിലാണ് അവയെ നിർമിച്ചത്. 100 അടി ഉയരമുള്ള ശിൽപവും 35 വൻ കുതിരകളെയും ഞങ്ങൾ നിർമിച്ചു. ആന വീഴുന്നതുപോലുള്ള രംഗങ്ങളിൽ വീണതു യന്ത്ര ആനയാണ്. രാജമൗലിയുടെ കംപ്യൂട്ടർ ഗ്രാഫിക് സംഘം ഞാൻ മനസ്സിൽ കണ്ടതിൽ അപ്പുറത്തേക്കു വലുതാക്കി. അതിരപ്പള്ളി വെള്ളച്ചാട്ടമെല്ലാം അവർ തിരിച്ചറിയാനാകാത്ത വിധം വലുതാക്കി. അവിടെ കൃത്യമായി സെറ്റിട്ട് അന്തരീക്ഷമുണ്ടാക്കിയതു ഞാനായിരുന്നു. രണ്ടര വർഷത്തിൽ ഒരു ദിവസം പോലും വിശ്രമിക്കാതെ നൂറുകണക്കിനാളുകളാണു ജോലി ചെയ്തത്.

ബാഹുബലിക്കായി സാബു സിറിൾ ഒരുക്കിയ ഡിസൈനുകൾ

∙ഈ സിനിമ ആളുകളെ വിസ്മയിപ്പിക്കുന്നത് എന്തുകൊണ്ടാണ്?

സംവിധാനവും കലാ സംവിധാനവും കംപ്യൂട്ടർ ഗ്രാഫിക്സുമെല്ലാം ചേർന്നു തിരിച്ചറിയാനാകാത്ത വിധം ലയിച്ചു ചേർന്ന സിനിമയാണിത്. രാജമൗലിയെന്ന മനുഷ്യന്റെ മനസ്സിൽ ഉണ്ടായിരുന്നതെന്തോ അതു കൊടുക്കുകയാണ് എല്ലാവരും ചെയ്തത്. അതുകൊണ്ടാണിതു വിസ്മയമായത്.

∙സാബു നിർമിച്ച യന്ത്രമൃഗങ്ങൾ, കൊട്ടാരങ്ങൾ, ആയുധങ്ങൾ അതെല്ലാം ഇനി എന്താകും?

അവയെല്ലാം ചേർത്തൊരു വലിയ മ്യൂസിയം ഉണ്ടാക്കുന്ന കാര്യം ആദ്യമെ നിർമാതാക്കൾ ആലോചിച്ചിട്ടുണ്ട്. ഇപ്പോൾ എല്ലാവരുടെയും മനസ്സിൽ രണ്ടാം ഭാഗം മാത്രമാണ്. ഉടൻ തുടങ്ങുകയാണ്. ആദ്യ സിനിമയിലും കൂടുതൽ ജോലി അതിനുണ്ട്. സാബു സിറിൾ എന്ന പ്രൊഡക്‌ഷൻ ഡിസൈനർക്കുള്ള സമ്മാനം സിനിമ റിലീസ് ചെയ്ത ദിവസം തന്നെ രാജമൗലി നൽകിയിരുന്നു. അദ്ദേഹം പറഞ്ഞു, ‘സാബു ഇല്ലായിരുന്നുവെങ്കിൽ ഇത് ഇതുപോലെ സംഭവിക്കില്ലായിരുന്നു.’

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.