Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ പുലി എന്തേ ആളെപ്പിടിക്കുന്നില്ല ?

shibu-thameen ഷിബു തമീൻസ്

പ്രതീക്ഷകളുടെ അമിതഭാരവുമായിട്ടായിരുന്നു ഇളയദളപതി പുലിയുടെ വരവ്. എന്നാൽ അമിതപ്രതീക്ഷകളെ തൃപ്തിപ്പെടുത്താനാവാതെ സമിശ്രപ്രതികരണവുമായാണ് പുലിയുടെ പോക്ക്. 118 കോടി മുടക്കിയാണ് പുലി നിർമിച്ചത്. വമ്പൻ ബാനറും വിജയ് എന്ന സൂപ്പർസ്റ്റാറും മികച്ച അണിയറപ്രവർത്തകരുമൊക്കെ ഉണ്ടായിട്ടും പുലിയ്ക്ക് പറ്റിയ പിഴവ് എന്തായിരുന്നു? പുലിയുടെനിർമാതാക്കളിൽ ഒരാളായ മലയാളി കൂടിയായ ഷിബു തമീൻസ് മനസ്സുതുറക്കുന്നു.

പുലിയെക്കുറിച്ച് സമിശ്രപ്രതികരണമാണ്. വിജയ് എന്ന സൂപ്പർസ്റ്റാറിന്റെ സിനിമയേക്കുറിച്ച് നിർമാതാവെന്ന നിലയിൽ ഇതിലുമേറെ പ്രതീക്ഷിച്ചിരുന്നോ?

വിജയ്‌യെവച്ച് വ്യത്യസ്തമായൊരു സിനിമ എന്റെ സ്വപ്നമായിരുന്നു. അതിനുവേണ്ടിയാണ് ഞാൻ നിർമാതാവായത് തന്നെ. വിജയ് ഇതുവരെ ചെയ്യാത്ത ഒരു വേഷമാകണമെന്ന ആഗ്രഹമുണ്ടായിരുന്നു അങ്ങനെയാണ് പുലി നിർമിക്കുന്നത്. ഞാനും പി.ടി.സെൽവകുമാറും കൂടിയാണ് നിർമാണം. തമിഴ് സിനിമയിൽ ഏറെ പരിചയസമ്പത്തുള്ള വ്യക്തിയാണ് സെൽവകുമാർ. നിർമാതാക്കളെന്ന നിലയിൽ ഞങ്ങൾ സിനിമയോട് അങ്ങേയറ്റം നീതി പുലർത്തിയിട്ടുണ്ട്.

പക്ഷെ ഞങ്ങൾ ലക്ഷ്യംവെച്ച പ്രേക്ഷകരുടെ കാര്യത്തിലാണ് പിഴവ് സംഭവിച്ചത്. വിജയ്‌യുടെ സ്ഥിരം ആരാധകരെ തൃപ്തിപ്പെടുത്താൻ പുലിക്ക് സാധിച്ചിട്ടില്ല എന്നുള്ളത് സത്യമാണ്. കാലതാമസമെടുത്ത് വന്ന സിനിമയായത് കൊണ്ട് ആരാധകർക്ക് അമിതപ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷെ കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന സിനിമയാണ് പുലി. ഫാന്റസി കോമഡി ഗണത്തിലുള്ള സിനിമ കുട്ടികളിലേക്ക് എത്തിച്ചേരുന്നതിൽ കാലതാമസം വരുന്നുണ്ട്. വാരാന്ത്യമാകുന്നതോടെ കുട്ടിപ്രേക്ഷകർ തിയറ്ററിലേക്ക് എത്തുമെന്നു തന്നെയാണ് പ്രതീക്ഷ. അതുകൊണ്ട് സിനിമ സാങ്കേതികമായി പരാജയമല്ല.

vijay-shibu

പുലിയെ ഒരു മാസ് സിനിമാഗണത്തിൽപ്പെടുത്താൻ സാധിക്കില്ലേ?

ഇതൊരു ഫാന്റസി സിനിമയാണ്. നമ്മൾ ചിത്രകഥകളിലൊക്കെ വായിച്ച ഏഴുകടലും ഏഴു മലയും താണ്ടി മന്ത്രവാദികോട്ടയിൽ നിന്നും രാജകുമാരിയെ രക്ഷിക്കാൻ വരുന്ന രാജകുമാരന്റെ കഥകൾ ഇല്ലേ. ആ പഴയ കഥയുടെ പുതിയ ചലച്ചിത്രാവിഷ്ക്കാരമാണ് പുലി. ഒരു മുത്തശ്ശികഥ കാണാൻ സ്ക്രീനിൽ കാണാൻ പോവുന്ന ലാഘവത്തോടെ സിനിമ കണ്ടാൽ തീർച്ചയായും ഇഷ്ടപ്പെടും. കുട്ടികളാണ് പുലിയുടെ പ്രേക്ഷകർ. സംസാരിക്കുന്ന പക്ഷികൾ, തവള, ആമ, ലിലിപ്പുട്ട് എന്ന രാജ്യത്തെ കുഞ്ഞുമനുഷ്യർ ഇതൊക്കെ കുട്ടികൾക്ക് ഇഷ്ടപ്പെടും. യവനറാണിയായി ശ്രീദേവിയുടെ അഭിനയം കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കും. അവരുടെ മേക്കപ്പും വസ്ത്രങ്ങളുമെല്ലാം ചിത്രകഥകളിൽ നമ്മൾ വായിച്ച രാ‍‍ജ്ഞിയെ ഓർമ്മിപ്പിക്കും. യവനറാണിയായി മികച്ച പ്രകടനമാണ് ശ്രീദേവി കാഴ്ച്ചവെച്ചിരിക്കുന്നത്.

പുലിയുടെ ഗ്രാഫിക്സിനെക്കുറിച്ചും വിമർശനങ്ങൾ ഉണ്ടല്ലോ?

പുലിയെ ബാഹുബലിയുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇത്തരം വിമർശനങ്ങൾ വരുന്നത്. ദയവുചെയ്ത് അത്തരം ഒരു താരതമ്യത്തിന് മുതിരരുത്. പുലിയും ബാഹുബലിയും രണ്ടും രണ്ടാണ്. രാജമൗലി എന്ന സംവിധായകന്റെ രണ്ടുവർഷം നീണ്ട അശ്രാന്തപരിശ്രമമാണ് ബാഹുബലി. ഇന്ത്യൻ സിനിമയിൽ ചിലപ്പോൾ വേറെ ഒരു പി.കെയോ, ബജ്റംഗി ഭായ്ജാനോ, പിക്കുവോ ഒക്കെ ഉണ്ടാകും എന്നാൽ ഒറ്റ ബാഹുബലിയെ ഉണ്ടാകൂ. അതുകൊണ്ട് പുലിയെ ബാഹുബലിയുമായി താരതമ്യപ്പെടുത്തുന്നതെ ശരിയല്ല.

vijay-shibu-thameen

കംപ്യൂട്ടർ ഗ്രാഫിക്സിനേക്കാൾ കൂടുതൽ യഥാർഥ സെറ്റുകൾ നിർമിച്ചാണ് പുലി എടുത്തത്. നായകനായ മരുധീരൻ താമസിക്കുന്ന സ്ഥലവും, വേതാളകോട്ടയുമെല്ലാം സെറ്റിട്ടതാണ്. സെറ്റിന് മുകളിലാണ് കൂടുതൽ ഗ്രാഫിക്സ് ചെയ്തത്. ബാഹുബലിയിലേത് പോലെ കംപ്യൂട്ടർ ഗ്രാഫിക്സും അധികം ഇല്ലാത്ത സിനിമയാണ് പുലി. അത്രയും ബജറ്റും ഇല്ല. ആ ബജറ്റിൽ കഴിയുന്നത്ര നന്നായി ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. പുലിയെ തമിഴ് സിനിമയിലെ പുതിയ ഒരു ശ്രമമായി മാത്രം കണ്ടാൽ മതി. ബാഹുബലിയുടെ തരംഗം അവസാനിച്ച ശേഷം പുലി ഇറങ്ങിയിരുന്നെങ്കിൽ ഈ താരതമ്യം വരില്ലായിരുന്നു. പക്ഷെ നേരത്തെ നിശ്ചയിച്ച സമയത്തു നിന്നും മാറുന്നതിനനുസരിച്ച് ചെലവ് കൂടും. അത് സാധിക്കില്ലല്ലോ?

ഇത്രയൊക്കെ ചേരുവയുണ്ടെങ്കിലും പുലിയിൽ എന്തോ കുറവ് തോന്നിയിട്ടില്ലേ?

വിജയുടെ എല്ലാ സിനിമകളുമുള്ളതുപോലെ പാട്ടും ഡാൻസും അടിയുമൊക്കെ ഇതിലും ഉണ്ട്. എന്നാൽ സ്ഥിരം ആരാധകർ പ്രതീക്ഷിക്കുന്ന പഞ്ച് ഡയലോഗുകളും അമാനുഷിക പരിവേഷവും പുലിയിൽ കുറവാണ്. ഒരുപക്ഷെ അതാവും പുലിയിലെ കുറവ്. നിർമാതാവ് എന്ന നിലയിൽ നമുക്ക് റിസോഴ്സുകൾ നൽകാനല്ലേ പറ്റൂ. മികച്ച ടെക്നീഷ്യൻസിനെയും മികച്ച ഛായാഗ്രാഹകരെയും വസ്ത്രാലങ്കാരകരെയുമെല്ലാം ഞങ്ങൾ നൽകിയിരുന്നു. പിന്നെ സിനിമയുടെ ജയം പരാജയം നിർണയിക്കുന്നതിൽ സംവിധാനത്തിലും വലിയ പങ്കില്ലേ?

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.