Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണത്തെ തോൽപ്പിച്ച പ്രണയം

parvathy-prithvi-vimal വിമല്‍ പൃഥ്വിയ്ക്കും പാര്‍വതിയ്ക്കുമൊപ്പം

സ്വർഗ്ഗത്തിന്റെ കാവാടത്തിലൊരു ഫുട്ബോൾ കളി നടക്കുന്നുണ്ടെങ്കിൽ, അതിന്റെയാരവം ഇങ്ങ് ഭൂമിയിൽ കാഞ്ചനമാലയ്ക്ക് കേൾക്കാം. മേഘങ്ങളെ പ്രകമ്പനം കൊളിച്ച് നക്ഷത്രകുഞ്ഞുങ്ങളെ മൊയ്തീൻ ഗോളാക്കി മാറ്റുന്നത് കണ്ണടച്ചാൽ കാഞ്ചനമാലയ്ക്ക് കാണാം. ജാതയുടെയും മതത്തിന്റെയും മതൽക്കെട്ടുകളിലാതെ ഒരു മരണവാതിലിനപ്പുറം കാഞ്ചനയ്ക്കിന്നും മൊയ്തീനെ കാണാം, സംസാരിക്കാം, കത്തുകളിലൂടെ വിശേഷങ്ങൾ പങ്കുവെയ്ക്കാം.

ഒരുതുള്ളി കണ്ണുനീർ പോലും പൊഴിക്കാതെ ആർക്കും മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയകഥ കേൾക്കാൻ പറ്റില്ല. പ്രണയത്തിന്റെ ജീവിക്കുന്ന താജ്മഹലാണ് 73 കാരിയായ കാഞ്ചനമാല. മരണത്തിനും തകർക്കാൻ കഴിയാത്ത മൊയ്തീൻ- കാഞ്ചനമാല പ്രണയം സിനിമയാവുകയാണ് ആർ.എസ്. വിമലിന്റെ സംവിധാനത്തിലൂടെ എന്ന് നിന്റെ മൊയ്തീൻ എന്ന പേരിൽ. മൊയ്തീനെക്കുറിച്ച്, കാഞ്ചനമാലയെക്കുറിച്ച്, അവരുടെ പ്രണയലേഖനങ്ങളെക്കുറിച്ചും, എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയുടെ വിശേഷങ്ങളെക്കുറിച്ച് സംവിധായകൻ ആർ.എസ്.വിമൽ മനസ്സ് തുറക്കുന്നു.

മുക്കത്തുകാരുടെ മൊയ്തീനെയും കാഞ്ചനമാലയേയും മലയാളിയ്ക്ക് പരിചയപ്പെടുത്തിതരാമോ?

മൊയ്തീൻ ഒരു കാലഘട്ടത്തിന്റെ ഹീറോയാണ്. 1960 മുതൽ 82 വരെയുള്ള മുക്കത്തിന്റെ കഥ മൊയ്തീന്റെ കഥയാണ്. മൊയ്തീൻ കൈവെയ്ക്കാത്ത മേഘലകളില്ല. മൊയ്തീൻ സഞ്ചരിക്കാത്ത ദേശങ്ങളില്ല. മൊയ്തീൻ സംസാരിക്കാത്ത ഭാഷകളില്ല. മൊയ്തീൻ ഫുട്ബോൾ കളിക്കാരനായിരുന്നു, സാമൂഹികപ്രവർത്തകനായിരുന്നു, എഴുത്തുകാരനായിരുന്നു, അതിനുമെല്ലാമപ്പുറം മൊയ്തീൻ ഒരു റെബല്ലായിരുന്നു. ഒഴുക്കിനെതിരെ നീന്തുന്ന വ്യക്തി. മലബാറിന്റെ ഷോമാനായിരുന്നു മൊയ്തീൻ.

prithvi

മൊയ്തീനെപ്പോലെ തന്നെ വിപ്ലവകാരിയായിരുന്നു കാഞ്ചനമാലയും. ഈ വിപ്ലവമാണ് രണ്ടുപേരെയും ഒന്നിപ്പിക്കുന്നത്. മുക്കത്തെ നാട്ടുപ്രമാണിയുടെ മകളായിരുന്നു കാഞ്ചനമാല, മൊയ്തീനും അതുപോലെ തന്നെ പേരുകേട്ട മുസ്ലീം കുടുംബത്തിലെ അംഗം. മൊയ്തീന്റെ അച്ഛൻ മുക്കത്തെ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. അദ്ദേഹം അറിയാതെ ഒരു ഇലപോലും അനങ്ങാത്ത കാലം. ഈ സാഹചര്യത്തിലാണ് മൊയ്തീനും കാഞ്ചനമാലയും പ്രണയത്തിലാകുന്നത്. പ്രണയം വീട്ടിലറിഞ്ഞതോടെ കാഞ്ചനമാല വീട്ടുതടങ്കലിലായി. മൊയ്തീൻ മുഴുവൻ സമയം സാമൂഹിക പ്രവർത്തകനായി. എങ്കിലും പലവഴികളിലൂടെ അവർ ആയിരമായിരം കത്തുകൾ കൈമാറി. അവർക്ക് മാത്രം അറിയാവുന്ന ലിപികളിലൂടെ അവർ കത്തുകളെഴുതി. എന്റെ കാഞ്ചനക്കുട്ടിക്ക് എന്ന് നിന്റെ മൊയ്തീൻ എന്നെഴുതിയ കത്തുകളിലൂടെ 25 വർഷത്തെ വീട്ടുതടങ്കൽ കാലം കാഞ്ചന കഴിച്ചുകൂട്ടി. ഇരുവഴിഞ്ഞിപ്പുഴ മൊയ്തീനെ കട്ടെടുക്കും വരെ തുടർന്നു ഈ കത്തെഴുത്ത്. പിന്നീട് മൊയ്തീന്റെ കത്തുകളിലൂടെ കാഞ്ചനമാല ജീവിച്ചു. മരണത്തിനുമപ്പുറത്തുള്ള പ്രണയത്തിലേയ്ക്ക്. മൊയ്തീന്റെ മരണത്തിന് പത്ത് വർഷങ്ങൾക്ക് ശേഷമാണ് കബറിടം കാണാനുള്ള അവസരം പോലും കാഞ്ചനമാലയ്ക്ക് ലഭിയ്ക്കുന്നത്.

parvathy-kanchana

മൊയ്തീൻ- കാഞ്ചനമാല പ്രണയകഥ സിനിമയാക്കാൻ തീരുമാനിക്കുന്നതെങ്ങനെയാണ്?

കാഞ്ചനമാലയെക്കുറിച്ച് ജലം കൊണ്ട് മുറിവേറ്റവൾ എന്നൊരു ഡോക്യുമെന്ററി ചെയ്തു. 2006ലായിരുന്നു അത്. അന്നു തുടങ്ങിയ അടുപ്പമാണ് കാഞ്ചനമാലയുമായി. ആ അടുപ്പത്തിൽ നിന്നാണ് സിനിമ ചെയ്യാമെന്ന് തീരുമാനിക്കുന്നത്. ആശയം കാഞ്ചനമാലയോട് പറഞ്ഞപ്പോൾ ജീവിതകഥ സിനിമയാക്കാനുള്ള റൈറ്റ് അവർ തന്നു. അഞ്ച് വർഷത്തെ ഗവേഷണത്തിന് ശേഷമാണ് എന്ന് നിന്റെ മൊയ്തീനെന്ന സിനിമ ചെയ്യുന്നത്.

അഞ്ച് വർഷത്തെ ഗവേഷണത്തിന്റെ ആവശ്യമെന്തായിരുന്നു?

എന്ന് നിന്റെ മൊയ്തീൻ മലബാറിലെ 1960 മുതൽ 82 വരെയുള്ള കാലഘട്ടത്തിന്റെ സിനിമയാണ്. അതുകൊണ്ട് തന്നെ വേഷം, പശ്ചാത്തലം, ഭാഷ എല്ലാത്തിനും അതിന്റേതായ പ്രത്യേകതകളുണ്ട്.

moitheen-poster

സിനിമയെ വ്യത്യസ്തമാക്കുന്ന മറ്റ് പ്രത്യേകതകളെന്തെല്ലാമാണ്?

ആദ്യമായി പൂർണ്ണമായും ഡിജിറ്റൽ സ്റ്റോറിബോർഡിൽ ചെയ്യുന്ന സിനിമയാണ് എന്ന് നിന്റെ മൊയ്തീൻ. ഭാവിയിൽ അതിനെ ഇ-ബുക്ക് ആക്കാനുള്ള പദ്ധതിയുണ്ട്. സിനിമയുടെ പോസ്റ്ററുകളിൽ പോലും പ്രത്യേകയുണ്ട്. പഴയ ഈസ്റ്റ്മാൻ സെപിയ കളർടോണിലാണ് പോസറ്ററുകളുടെ ഡിസൈൻ. പിന്നെയുള്ള പ്രത്യേകത പൃഥ്വിരാജാണ്. ജീവിച്ചിരുന്ന ഒരു വ്യക്തിയെ പൃഥ്വിരാജ് വെള്ളിത്തിരയിലെത്തിയ്ക്കുന്നത് നാലമാത്തെ തവണയാണ്.

ക്ലാസ്മേറ്റ്സ്, തലപ്പാവ്, സെലുലോയിഡ് എന്നീ സിനിമകളിലാണ് പൃഥ്വിരാജ് നേരത്തെ ഇത്തരം കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്. തലപ്പാവിന് ശേഷം പൃഥ്വിരാജ്ലാൽ കൂട്ടുകെട്ടിനുള്ള ശക്തമായ വേദി കൂടിയാണ് എന്ന് നിന്റെ മൊയ്തീൻ. മൊയ്തീന്റെ പിതാവ് ഉണ്ണിമൊയീൻ സാഹിബിനെ അനശ്വരമാക്കുന്നത് ലാലാണ്. മൊയ്തീന്റെ അമ്മയുടെ വേഷത്തിലെത്തുന്നത് ലെനയാണ്. അങ്ങനെ നിരവധി പ്രത്യേകതകളുള്ള സിനിമയാണ് എന്ന് നിന്റെ മൊയ്തീൻ.

graphic-poster

പൃഥ്വിരാജ്-പാർവതി ജോഡികളിലേയ്ക്ക് വരുന്നതെങ്ങനെയാണ്?

കാഞ്ചനമാലയുടെ ആഗ്രഹപ്രകാരം കൂടിയാണ് പൃഥ്വി മൊയ്തീനാക്കുന്നത്. എന്നെങ്കിലും സ്വന്തം കഥ സിനിമയാക്കുകയാണെങ്കിൽ പൃഥ്വിയെ നായകനാക്കണമെന്ന് അവർക്ക് ആഗ്രഹമുണ്ടായിരുന്നു. ഇന്ന് മലയാളസിനിമയിൽ മൊയ്തീനുമായി ഒരുപാട് സാദൃശ്യമുള്ള ഏക നടൻ പൃഥ്വിരാജാണ്. ഏത് ആൾകൂട്ടത്തിൽ നിന്നാലും മൊയ്തീനെ തിരിച്ചറിയാൻ സാധിക്കും. അത്തരമൊരു ആകർഷണീയതയുള്ള ആളായിരുന്നു മൊയ്തീൻ. അയാളുടെ വെള്ളാരംകണ്ണുകളും, പൊക്കവും ശബ്ദവുമെല്ലാം പൃഥ്വിയുമായി ഒരുപാട് ഇണങ്ങുന്നതാണ്.

കുറച്ച് സിനിമകളിലൂടെ തന്നെ നല്ല അഭിനയത്രിയെന്ന പേരെടുത്ത വ്യക്തിയാണ് പാർവതി. പാർവതിയുടെ മരിയാനിലെ പ്രകടനമാണ് കാഞ്ചനമാലയാകാൻ പാർവതിയ്ക്ക് സാധിക്കുമെന്ന് തോന്നിപ്പിച്ചത്.

ഇരുവഴിഞ്ഞിപ്പുഴയും, പ്രകൃതിയും പ്രണയവും സിനിമയിലെ കഥാപാത്രമാണോ?

തീർച്ചയായുമാണ്, പ്രകൃതിയും, പുഴയും മഴയുമെല്ലാം എന്ന് നിന്റെ മൊയ്തീനിലെ അഭിവാജ്യ ഘടകളാണ്. പ്രണയം പറയാൻ പ്രകൃതിയോളം പറ്റുന്ന വേറൊന്നില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.