Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉണ്ണി ശരിക്കും നല്ലവനാ: പിഷാരടി

ramesh-pisharady

ചില കഥാപാത്രങ്ങൾ മനസ്സിൽ കടന്നുകൂടാൻ നെടുനീളൻ ഡയലോഗുകളുടെ ആവശ്യമൊന്നുമില്ല. ഒറ്റസീൻ മതിയാകും. അമർ അക്ബർ അന്തോണിയിലൂടെ അങ്ങനെ പ്രേക്ഷകരുടെ മനസ്സിൽ കടന്നുകൂടിയ കഥാപാത്രമാണ് രമേശ് പിഷാരടിയുടെ നല്ലവനായ ഉണ്ണി. ഉണ്ണിയെക്കുറിച്ച് പിഷാരടി സംസാരിക്കുന്നു

അധികം ഡയലോഗില്ല സീനുകളുമില്ല എന്നിട്ടും എന്തുകൊണ്ടാണ് ഉണ്ണിയെ സ്വീകരിച്ചത്?

പണ്ടു തൊട്ടേ നാദിർഷയെ അറിയാമായിരുന്നു. തിരക്കഥ വായിക്കാൻ തന്നിട്ട് ഇക്ക പറഞ്ഞു ഇതിൽ മൂന്ന് നായകന്മാരുടെ കഥാപാത്രമൊഴിച്ച് നിനക്ക് ഇഷ്ടമുള്ള ഏതു കഥാപാത്രവും തിരഞ്ഞെടുക്കാമെന്ന്. ഞാൻ നോക്കിയപ്പോൾ നല്ലവനായ ഉണ്ണി എനിക്ക് ചേരുന്ന കഥാപാത്രമാണെന്ന് തോന്നി അങ്ങനെയാണ് ഈ കഥാപാത്രം തിരഞ്ഞടുക്കുന്നത്. കൂടുതൽ ഡയലോഗ് ആകെ നാലു സീൻ മാത്രമേ ഒള്ളൂ. ഉണ്ണി എന്ന കഥാപാത്രം ഇല്ലെങ്കിലും സിനിമ മുന്നോട്ടുപോകും. പക്ഷെ ഉണ്ണിയെ സിനിമയുടെ ഭാഗമാക്കി പ്രേക്ഷകരുടെ കൈയ്യടി വാങ്ങി തന്നതിന്റെ മിടുക്ക് തിരക്കഥാകൃത്തുകൾക്കാണ്. സിനിമ ഇറങ്ങിക്കഴിഞ്ഞപ്പോൾ എല്ലാവരും പറയുകയും ചെയ്തു എനിക്ക് പറ്റിയ കഥാപാത്രം ഉണ്ണി തന്നെയാണെന്ന്.

dharmajan-ramesh

ഇത്ര നല്ല കഥാപാത്രമായിട്ടും, പോസ്റ്ററിലൊന്നും രമേശ് പിഷാരടിയുടെ തലപോലും കാണാൻ ഇല്ലല്ലോ?

ഞാനും നാദിർഷയും കൂടി ഒന്നിച്ചെടുത്ത തീരുമാനമാണത്. പോസ്റ്റർ ഇറക്കുന്നതിന് മുമ്പ് ഇക്ക എനിക്ക് ഒരു പോസ്റ്റർ അയച്ചു തന്നു. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും എന്റെ പടം നോക്കി വായും പൊളിച്ച് നിൽക്കുന്ന പോസ്റ്റർ. എന്നിട്ട് ഇത് എനിക്കുള്ള സമ്മാനമാണെന്നും പറഞ്ഞു. ഇതു കണ്ടിട്ട് ഞാൻ തന്നെയാണ് പറഞ്ഞത്. ഇത് വേണ്ട ഇക്കാ. ആളുകൾ പോസ്റ്റർ കണ്ടിട്ട് ഒരുപാട് പ്രതീക്ഷിക്കും അതിന് അനുസരിച്ച് ഒന്നുമില്ലെങ്കിൽ അത് പിന്നെ നിരാശയാകും. പോസ്റ്ററിൽ പടം കൊടുക്കേണ്ട, സിനിമ കാണുമ്പോൾ സ്വീകരിക്കുന്നെങ്കിൽ സ്വീകരിക്കട്ടെയെന്ന്.

കുറച്ചു സിനിമകളെ ചെയ്തിട്ടുള്ളെങ്കിലും ഓർത്തിരിക്കുന്ന വേഷങ്ങളാണ് അവയെല്ലാം. മനപൂർവ്വം സിനിമയുടെ എണ്ണം കുറയ്ക്കുന്നതാണോ?

സ്റ്റേജിലും ടിവിഷോയിലുമൊക്കെ പലവേഷങ്ങൾ ചെയ്യാറുണ്ടെങ്കിലും സിനിമയിലെ കഥാപാത്രം എന്നുപറയുന്നത് ഒരിക്കലും മറക്കാൻ പറ്റാത്തതാണ്. വളരെ കുറച്ചു സിനിമകളെ ഞാൻ ചെയ്തിട്ടുള്ളൂ. മിക്കതും എന്റെ സുഹൃത്തുകളുടെ സിനിമയാണ് എനിക്ക് പറ്റുന്ന കഥയും കഥാപാത്രവുമാണെങ്കിൽ ഉറപ്പായിട്ടും അവർ വിളിക്കും. ചോറിന്റെ ഇടയ്ക്ക് ബിരിയാണി കിട്ടുന്നതു പോലെയായിരിക്കും ഇത്. നല്ലവനായ ഉണ്ണി എനിക്ക് അങ്ങനെ കിട്ടിയ ബിരിയാണിയാണ്.

കോമഡി കഥാപാത്രമാണെങ്കിലും ഇതിലൂടെ ഒരു സന്ദേശവും നൽകാൻ ശ്രമിച്ചിട്ടില്ലേ?

നമുക്ക് ചുറ്റും ഇത്തരം നല്ലവനായ ഉണ്ണിമാർ ധാരളം ഉണ്ട്. പണ്ടൊക്കെ ആളുകളെ നേരിട്ട് പറ്റിക്കുന്ന അവസ്ഥയായിരുന്നു. ഇന്ന് അങ്ങനെയല്ല, ഉണ്ണിയെപോലെ നമ്മളോടൊപ്പം താമസിച്ച്, നമ്മുടെ വിശ്വാസം പിടിച്ചു പറ്റിയതിനു ശേഷമുള്ള വഞ്ചനയാണ്. ഉണ്ണിയെപോലെ ചിരിച്ചു കൊണ്ട് വിശ്വാസവഞ്ചന നടത്തുന്ന ഒരുപാടുപേരുണ്ട്. അത്തരം വാർത്തകൾ സ്ഥിരമായി ജനങ്ങൾ കേൾക്കാറുമുണ്ട്. അതുകൊണ്ടു തന്നെയാണ് ഉണ്ണിക്ക് ഇത്രത്തോളം സ്വീകാര്യത ലഭിച്ചത്.

dileep-nivin

എന്തുകൊണ്ടാണ് 'നല്ലവനായ' ഉണ്ണി എന്ന ടൈറ്റിൽ കഥാപാത്രത്തിന് നൽകിയത്?

നമുടെ ഇവിടെ എന്ത് ചോദിച്ചാലും കുഴപ്പമില്ല, കുഴപ്പമില്ല എന്ന രീതിയാണ്. പരീക്ഷ എങ്ങനെയുണ്ടെന്ന് ചോദിച്ചാൽ കുഴപ്പമില്ല, അസുഖമെങ്ങനെയുണ്ട് എന്ന് ചോദിച്ചാൽ അതിനും കുഴപ്പമില്ല. അത് അല്ലാതെ നല്ലതാണോ ചീത്തയാണോ എന്ന് വ്യക്തമായ അഭിപ്രായമില്ല. ഈ കുഴപ്പമില്ലായ്മയുടെ ഇടയിലേക്കാണ് ഉണ്ണി എന്ന കഥാപാത്രം വരുന്നത്. കുഴപ്പമില്ലാത്ത നല്ലവനായ ഉണ്ണി എന്ന ടൈറ്റിൽ മനപൂർവ്വം നൽകിയതാണ്. അത് പ്രേക്ഷകർ സ്വീകരിച്ചതിൽ സന്തോഷമുണ്ട്.

nadhirsha-jayaram

ടിവി ഷോയിലൂടെ സ്വീകരണമുറിയിലെ സ്ഥിരം സാന്നിധ്യമാണ് താങ്കൾ. ജനങ്ങളുടെ പ്രതികരണം എന്താണ്?

ഒരു ദിവസം ഞാനൊരു സൂപ്പർമാർക്കറ്റിൽ നിൽക്കുകയായിരുന്നു. അപ്പോൾ ഒരാൾ വന്നിട്ട് ചുറ്റും നോക്കി, എന്നിട്ട് ചോദിച്ചു മുകേഷേട്ടൻ എവിടെയെന്ന്. ജനങ്ങളുടെ വിചാരം ഞങ്ങൾ എല്ലാം എപ്പോഴും ഒരുമിച്ചാണ് നടക്കുന്നതെന്നാണ്. പിന്നെ ആര്യ എന്റെ ഭാര്യയാണെന്ന് ചിന്തിക്കുന്ന ആളുകളുമുണ്ട്.

മലയാളി പ്രേക്ഷകർ ചിരിക്കാൻ പൊതുവേ വിമുഖതയുള്ള കൂട്ടത്തിലാണെന്ന് പറയാറുണ്ട്. അതിന് ഒരു മാറ്റം വന്നിട്ടുണ്ടോ?

പലതിനെയും മുൻവിധിയോടെ സ്വീകരിക്കുന്ന പ്രേക്ഷകരാണ് മലയാളികൾ. സ്റ്റേജ്ഷോ കാണാൻ വരുമ്പോൾ തന്നെ അവർ മനസ്സിൽ കണക്കുകൂട്ടും ഇവന് എന്നെ ചിരിപ്പിക്കാൻ പറ്റുമോ എന്ന് നോക്കട്ടെയെന്ന്. ആ പ്രതീക്ഷ അല്ലെങ്കിൽ മുൻധാരണ തിരുത്തുന്ന തരത്തിൽ അല്ല പ്രോഗ്രാമെങ്കിൽ കഥ കഴിഞ്ഞു. മലയാളി ചിരിക്കില്ല. ടിവിയിൽ തൃശൂർപൂരത്തിന്റെ മുഴുവൻ ആവേശവും എത്തിക്കാൻ സാധിക്കാത്തതുപോലെ തന്നെയാണ് സ്റ്റേജ്ഷോയുടെ കാര്യവും. പരിമിതികളുണ്ട്. രണ്ടും മൂന്നും മണിക്കൂർ ചിരിപ്പിക്കാൻ കഴിഞ്ഞുവെന്ന് വരില്ല, അതുപക്ഷെ നമ്മുടെ പ്രേക്ഷകർ അംഗീകരിക്കണമെന്നില്ല. അന്യരാജ്യങ്ങളിൽ ആളുകൾ ചിരിക്കാൻ തയ്യാറായിട്ടായിരിക്കും വരുന്നത്, അതുകൊണ്ട് അവർക്ക് കൂടുതൽ ആസ്വദിക്കാനാവും.