Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബ്ദ പരീക്ഷണങ്ങൾക്ക് നല്ലത് മോളിവുഡ്: രംഗനാഥ് രവി

renganaath-ravi രംഗനാഥ് രവി

കാമറക്ക് മുന്നിൽ തെളിയുന്ന മുഖങ്ങൾക്കപ്പുറം സിനിമയെ സിനിമയാക്കുന്ന ഓരോ ഘടകത്തിന് പിന്നിലെയും കരങ്ങളെ കുറിച്ച് എത്ര പേർ ചിന്തിക്കും? ഒരു പക്ഷേ, ചിന്തിച്ചാൽ തന്നെ ആ ചിന്ത സംവിധായകന്റെയും ഛായാഗ്രാഹകന്റെയും അതിനുമപ്പുറം കലാസംവിധായകന്റെയും പേര് അറിയുന്നത് വരെ മാത്രമേ ഉണ്ടാകൂ. സിനിമ കാണാൻ വേണ്ടിയുള്ളതാണ് , സമ്മതിച്ചു. എന്നാൽ ശരിയായ ശബ്ദസംവിധാനമില്ലാതെ ഒരു സിനിമ ആസ്വദിക്കാനാകുമോ? ഒരിക്കലുമില്ല.

അപ്പോൾ ഒരു സിനിമയുടെ വിജയത്തിന് പിന്നിൽ സൗണ്ട് ഡിസൈനർ എന്ന പദവി അലങ്കരിക്കുന്ന വ്യക്തിയുടെ പങ്ക് പ്രത്യേകം പറയണ്ടല്ലോ. എന്ന് നിന്റെ മൊയ്ദീൻ എന്ന ചിത്രത്തിലെ മഴയുടെ സീൽക്കാരം, ഡബിൾ ബാരലിലെ തീ പാറുന്ന വെടിയുണ്ടകളുടെ മുഴക്കം , ധൂം 3 ലെ ചടുലമായ ബൈക്ക് ആക്ഷൻ രംഗങ്ങളും , ഒടുവിൽ ബിജോയ്‌ നമ്പ്യാരുടെ പുതുപുത്തൻ ബോളിവുഡ് ചിത്രമായ വസീറിലെ മനം കീഴടക്കുന്ന ശബ്ദ നിയന്ത്രണങ്ങളും നിങ്ങളെ ആകർഷിച്ചിട്ടുണ്ട് എങ്കിൽ , തീർച്ചയായും ഈ പേര് നിങ്ങൾക്ക് അന്യമായിരിക്കുകയില്ല. രംഗനാഥ് രവി , സൗണ്ട് ഡിസൈനിങ്ങിൽ ഇന്ത്യൻ സിനിമകളിലെ മലയാളി സാന്നിധ്യം.

തന്റെ 10 വർഷത്തെ പ്രവർത്തനകാലയളവിനുള്ളിൽ 8 ഭാഷകളിലായി രംഗനാഥ് ശബ്ദ വിഭാഗത്തിൽ പ്രവർത്തിച്ചത് 60 ൽ പരം സിനിമകളിലും അത്രതന്നെ ഡോക്യുമെന്റരികളിലും പരസ്യ ചിത്രങ്ങളിലും. 2006 ൽ സൗണ്ട് എഡിറ്ററായി ബോളിവുഡിൽ തന്റെ കരിയർ ആരഭിച്ച രംഗനാഥ് പിന്നീട് മറ്റു ഭാഷകളിലേക്ക് ചേക്കേറുകയായിരുന്നു. റസൂൽ പൂക്കുട്ടിക്ക് ഓസ്കാർ ലഭിച്ചപ്പോൾ മാത്രം , സൗണ്ട് ഡിസൈനിംഗ് എന്ന വിഭാഗത്തെ ശ്രദ്ധിച്ച പ്രേക്ഷകർക്കുള്ള മറുപടിയാണ് .എന്നതിനുള്ള തെളിവാണ് രംഗനാഥ് രവി. ശബ്ദ പരീക്ഷണങ്ങൾക്ക് ഇന്നത്തെ സാഹചര്യത്തിൽ ബോളിവുഡിനേക്കാൾ നല്ലത് മോളിവുഡ് തന്നെയാണ് എന്ന് അഭിപ്രായപ്പെടുന്ന രംഗനാഥിന്റെ വിശേഷങ്ങളിലേക്ക്...

വസീർ തീയറ്ററുകളിൽ തകർത്ത് ഓടുകയാണല്ലോ, എന്തൊക്കെയാണ് വസീറിന്റെ സൗണ്ട് ഡിസൈനിങ്ങിന്റെ വിശേഷങ്ങൾ?

ഞാൻ ബിജോയ്‌ നമ്പ്യാർക്കൊപ്പം വളരെ ആസ്വദിച്ചു ചെയ്ത ചിത്രമാണ് വസീർ. ചിത്രത്തെകുറിച്ച് നല്ല റിവ്യൂ ലഭിക്കുന്നതിൽ സന്തോഷം. ബിജോയും ഞാനും തമ്മിലുള്ള പരിചയം കൃത്യമായി പറഞ്ഞാൽ 2007 ൽ തുടങ്ങിയതാണ്‌ ഞങ്ങളുടെ സൗഹൃദം. ആ സൗഹൃദ വലയത്തിൽ നിന്ന് കൊണ്ട് ധാരാളം വർക്കുകൾ സിനിമക്ക് അകത്തും പുറത്തുമായി ചെയ്തിട്ടുണ്ട്. ബിജോയിയുടെ കൂടെ വസീർ പോലൊരു ചിത്രം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ബിജോയുടെ കൂടെ സിനിമ ചെയ്യുമ്പോൾ ആവിഷ്കാര സ്വാതന്ത്ര്യം വളരെ കൂടുതലാണ് എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. അത് കൊണ്ട് തന്നെ ശരിക്കും ആസ്വദിച്ച് ജോലി ചെയ്യാനാകും.

renganaath രംഗനാഥ് രവി ചിത്രീകരണത്തിനിടയിൽ

ഞാൻ ഇത് വരെ ശബ്ദ സംവിധാനം ചെയ്തതിൽ വച്ച് ഏറ്റവും വലിയ താര നിരയും മുതൽ മുടക്കുമുള്ള ചിത്രമാണ് ഇത്. ഇതിനു മുൻപ് സൗണ്ട് എഡിറ്ററായി ബിഗ്‌ ബജറ്റ് ചിത്രങ്ങളായ ബാങ്ങ് ബാങ്ങ് , ധൂം 3 എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട് എങ്കിലും സൗണ്ട് ഡിസൈനർ എന്ന നിലയിൽ ആദ്യ ബിഗ്‌ ബജറ്റ് ചിത്രമാണ് ഇത്.

എങ്ങനെയാണ് ശബ്ദ വൈവിധ്യത്തിന്റെ ലോകത്ത് എത്തിച്ചേരുന്നത്?

ഒരു സൗണ്ട് എഡിറ്റർ അല്ലെങ്കിൽ സൗണ്ട് ഡിസൈനർ ആകണം എന്ന് ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല . ഞാൻ ഒരു മ്യുസിഷ്യനായിരുന്നു. വയലിൻ ,ഗിറ്റാർ, കീബോഡ് എന്നിവ വായിക്കുമായിരുന്നു. അതിൽ തിളങ്ങാനാണ് ആഗ്രഹിച്ചതും. ഇതിനിടയിൽ എപ്പോഴോ ശബ്ദങ്ങള്‍ കൊണ്ട് മാജിക് കാണിക്കുന്ന സൗണ്ട് ഡിസൈനിങ് എന്ന രീതി മനസ്സിൽ ഉടക്കി. നോക്കിയപ്പോൾ അവസരങ്ങൾ ഏറെയുണ്ട് എന്ന് മനസിലായി. 2006 മുതൽ ഞാൻ ഈ മേഖലയിൽ സജീവമാണ്.

സൗണ്ട് ഡിസൈനിങ്ങിൽ കരിയർ തുടങ്ങിയത് ഹിന്ദിയിലായിരുന്നു, പിന്നീട് മലയാളത്തിൽ അവസരങ്ങൾ ലഭിച്ചെങ്കിലും ഇവിടെ ചുവടുറപ്പിച്ചില്ല എന്തുകൊണ്ടാണ് അത് ?

സിനിമയിൽ വന്ന ശേഷം കൂടുതൽ സിനിമ ചെയ്യുക എന്നത് മാത്രമല്ല എന്റെ ഉദ്ദേശം. ഞാൻ ചെയ്യുന്ന ജോലിക്ക് സമയം കൂടുതൽ എടുക്കുന്നു എന്നും പണം കൂടുതൽ വാങ്ങുന്ന ആളാണ്‌ എന്നും പൊതുവെ ഒരു ശ്രുതിയുണ്ട്. അത് കൊണ്ട് എനിക്ക് ലഭിക്കുന്ന അവസരങ്ങളും കുറവാണ്. ഒരിക്കൽ ഡിസൈൻ ചെയ്ത സീൻ പിന്നെ കേട്ട് നോക്കുമ്പോൾ എനിക്ക് ഇഷ്ടമായില്ലെങ്കിൽ ഞാൻ അത് വീണ്ടും ഡിസൈൻ ചെയ്യും . ചെയ്യുന്ന കാര്യത്തിന്റെ അല്ലെങ്കിൽ ശബ്ദത്തിന്റെ പെർഫെക്ഷൻ ആണ് എനിക്ക് പ്രധാനം.

double-barrel-team ലിജോ ജോസിനൊപ്പം ഡബിൾബാരലിന്റെ ചിത്രീകരണസമയത്ത്

പണം ലാഭിക്കാൻ വേണ്ടി തൊഴിലിൽ വെള്ളം ചേർക്കാൻ എനിക്കും ഇഷ്ടമല്ല. ഇന്ത്യയിലെ തന്നെ മികച്ച സൗണ്ട് എഡിറ്റർമാരും ഫോളി ആർട്ടിസ്സ്ടുകളുമാണ് എന്റെ കൂടെ വർക്ക് ചെയ്യുന്നത്. ഡബിൾ ബാരൽ എന്ന സിനിമയുടെ കാര്യം എടുത്താൽ, അതിന്റെ ഫോളി ചെയ്തിരിക്കുന്നത് വിദേശത്താണ്. നല്ലതിന് വേണ്ടിയുള്ള ഇത്തരം ചെലവുകൾ ചെയ്യാൻ ഇവിടുത്തെ ബഹുഭൂരിപക്ഷം നിർമ്മാതാക്കൾക്കും താൽപര്യമില്ല.ഇതുകൊണ്ടെല്ലാമാണ് ഞാൻ മറ്റുഭാഷകളിൽ കൂടുതൽ ശ്രദ്ധിക്കുന്നത്.

ബോളിവുഡിൽ ഇപ്പോൾ 25 ഓളം ചിത്രങ്ങൾ പൂർത്തിയായിരിക്കുകയാണ്. മലയാളത്തിലാണോ ബോളിവുഡിലാണോ കൂടുതൽ താൽപര്യം?

അത് ബോളിവുഡിൽ തന്നെയാണ്. കാരണം, ഞാൻ എന്റെ കരിയറിന്റെ തുടക്കത്തിൽ തന്നെ ബോളിവുഡിൽ എത്തിയ വ്യക്തിയാണ് . അത് കൊണ്ട് തന്നെ മുംബൈ നഗരത്തിന്റെ താളത്തിനൊത്ത് ജോലി ചെയ്യാനാണ് ഇഷ്ടപ്പെടുന്നത്. സൗണ്ട് ഡിസൈനിംഗ് എന്ന എന്റെ തൊഴിൽ മേഖലയെ സിനിമയ്ക്ക് പുറത്തും വളർന്നു കാണാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ അത് കൊണ്ട് തന്നെ എന്തോ, മുംബൈയിൽ നിന്ന് ജോലി ചെയ്യുന്നത് തന്നെയാണ് എനിക്കിഷ്ടം . അതിനർത്ഥം മലയാളം സിനിമകൾ ചെയ്യാൻ ഇഷ്ടമല്ല എന്നല്ല. നല്ല പ്രോജക്റ്റുകൾ വന്നാൽ, എപ്പോൾ ചെയ്തു എന്ന് ചോദിച്ചാൽ മതി.

സൗണ്ട് ഡിസൈനർ എന്ന നിലയിൽ ശബ്ദ പരീക്ഷണങ്ങൾക്ക് നല്ലത് ബോളിവുഡ് ആണോ മല്ലുവുഡ് ആണോ ?

സംശയമെന്താ... ശബ്ദ പരീക്ഷണങ്ങൾക്ക് ഇന്നത്തെ സാഹചര്യത്തിൽ നല്ലത് മലയാളം തന്നെയാണ്. ഇവിടെ ചെയ്യുന്ന പോലുള്ള വെറൈറ്റി സംഭവങ്ങൾ ബോളിവുഡിൽ ആവശ്യമില്ല. ബോളിവുഡിലെ മിക്ക സിനിമകളും എന്നും ഒരേ ഫോർമാറ്റിലാണ്. പ്രണയം , പാട്ട് , സംഘടനം സിനിമ കഴിഞ്ഞു. എന്നാൽ മലയാളത്തിൽ അങ്ങനെയല്ല . ഇവിടെ ശബ്ദത്തിനും പ്രാധാന്യമുള്ള ചിത്രങ്ങളാണ് ഇപ്പോൾ ഇറങ്ങുന്നത്. എന്ന് നിന്റെ മൊയ്ദീനിൽ മഴക്ക് ശബ്ദം കൊടുക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ബോളിവുഡ് സിനിമയിൽ സംഘടനത്തിന് ശബ്ദം നൽകുമ്പോൾ ലഭിക്കില്ല.

renganaath-still

എന്ന് നിന്റെ മൊയ്ദീൻ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണല്ലോ?

ഞാൻ സിനിമയുടെ പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കിന്റെ ഭാഗമായി മാത്രമാണ് എന്ന് നിന്റെ മൊയ്ദീനിൽ എത്തുന്നത്. എന്നാലും സിനിമയ്ക്ക് യോജിക്കുന്ന രീതിയിൽ അതിൽ സഹകരിക്കാൻ കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം. എന്നാൽ ഒരു സൗണ്ട് ഡിസൈനർ എന്ന നിലയിൽ എനിക്ക് മലയാളത്തിൽ കഴിഞ്ഞ വർഷം ചെയ്ത സിനിമകളിൽ കൂടുതൽ സന്തോഷം നൽകിയത് ഡബിൾ ബാരൽ എന്ന ചിത്രമാണ്. അതിൽ അത്യാവശ്യം പരീക്ഷണങ്ങൾ ചെയ്യാൻ എനിക്ക് കഴിഞ്ഞു.

സൗണ്ട് ഡിസൈനിങ്ങിന്റെ ഇന്ത്യൻ ഭാവി ?

ശബ്ദത്തിന് കൂടുതൽ സാധ്യതയുള്ള സിനിമകൾ ഇവിടെ ഉണ്ടാകുന്നില്ല എന്നതാണ് പ്രശ്നം, നമ്മുടെ സിനിമ മാറാതെ, സൗണ്ട് ഡിസൈനിങിന് ഇന്ത്യയിൽ വലിയ ഭാവി ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല. റസൂൽ പൂക്കുട്ടിക്ക് ഓസ്കർ ലഭിച്ചപ്പോൾ ഉണ്ടായ കൗതുകത്തെ തുടർന്ന് കുറച്ചു പേർ സൗണ്ട് ഡിസൈനിംഗ് പഠിക്കാൻ ചേർന്നു എന്നത് ഒഴിച്ചാൽ വലിയ മാറ്റം ഒന്നും ഉണ്ടായിട്ടില്ല. ഹോളിവുഡ് സിനിമകൾക്ക് അനുസൃതമായ ശബ്ദ പരീക്ഷണങ്ങൾക്ക് ഒത്ത് നമ്മുടെ സിനിമകളും മാറണം.