Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടിയെക്കണ്ടാല്‍ മുട്ടുവിറയ്ക്കും

മലയാള നാടകവേദിയില്‍ നിന്നും ചലച്ചിത്ര ലോകത്തേക്ക് എത്തപ്പെട്ടവര്‍ നിരവധിയാണ്. അക്കൂട്ടത്തില്‍പ്പെടുന്ന ഒരാളാണ് വി. ചന്ദ്രകുമാര്‍ എന്ന ശശി കലിംഗ. ജീവിതം മുഴുവന്‍ സംവിധായകന്‍ രഞ്ജിതിനു വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന ശശി കലിംഗയ്ക്ക് അദ്ദേഹം വല്യമ്മാവനാണ്, മമ്മൂട്ടി മൂത്ത ചേട്ടനും മോഹന്‍ലാല്‍ അടുത്ത കൂട്ടുകാരനും. കൂടുതല്‍ വിശേഷങ്ങളുമായി അദ്ദേഹം മനോരമ ഓണ്‍ലൈനില്‍

ശശി കലിംഗ എന്ന നടനെ കണ്ടെത്തിയതാരാണ്?

അത് രഞ്ജിത് സാര്‍ തന്നെ. അദ്ദേഹത്തിന്റെ പലേരി മാണിക്യത്തിലൂടെയാണല്ലോ ഞാന്‍ കാമറയ്ക്കു മുന്നിലേക്കെത്തുന്നത്. വളരെ യാദൃശ്ചികമായി കോഴിക്കോടു വച്ചാണ് ഞാന്‍ രഞ്ജിത് സാറിനെ കാണുന്നത്. ആ കൂടിക്കാഴ്ചയില്‍ എന്റെ ജീവിതം മാറുകയായിരുന്നു. ഓഗസ്റ്റ് 5 മുതല്‍ ഒരു മാസം എവിടേയും പോകരുതെന്നാണ് അദ്ദേഹം എന്നോടു പറഞ്ഞത്. അദ്ദേഹത്തിന്റെ അടുത്ത സിനിമയിലെ വേഷത്തിനായാണ് എന്നെ വിളിച്ചതെന്ന് അറിഞ്ഞപ്പോള്‍ ഒരു തെങ്ങിനെക്കാളും ഉയരത്തിലാണ് ഞാനെന്നു തോന്നി.

സിനിമാഭിനയം എന്ന മോഹം മനസ്സില്‍ ഉണ്ടായിരുന്നോ?

എവിടുന്ന്. എന്നെ ആര് സിനിമയിലെടുക്കാന്‍? ഞാന്‍ ആരാധിച്ചു കൊണ്ടിരുന്നത് പ്രേം നസീറിനെയും അടൂര്‍ ഭാസിയെയുമൊക്കെ ആയിരുന്നു. എല്ലാം ഒരു യോഗം എന്നേ ഇപ്പോള്‍ പറയാന്‍ സധിക്കുന്നുള്ളു. നമ്മള്‍ ഒന്നും പ്രതീക്ഷിച്ചു കൊണ്ടല്ല ജീവിക്കുന്നത്. എല്ലാം ഞാന്‍ രഞ്ജിത് സാറിനു സമര്‍പ്പിക്കുന്നു. അദ്ദേഹം കഴിഞ്ഞേ എനിക്ക് വേറെ എന്തുമുള്ളു. ജീവിതത്തില്‍ നേടിയതും ഇപ്പോള്‍ ഞാന്‍ നിങ്ങളോടു സംസാരിക്കുന്നതുമെല്ലാം ഈ യോഗം ഉള്ളതു കൊണ്ടും രഞ്ജിത് സാര്‍ ഉള്ളതു കണ്ടുമാണ്.

pranchiyettan-movie

പലേരി മാണിക്യത്തിലൂടെയാണ് വന്നതെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ടത് പ്രാഞ്ചിയേട്ടനിലൂടെയാണല്ലോ?

പ്രാഞ്ചിയേട്ടനില്‍ ഞാന്‍ ഒന്നും ചെയ്തിട്ടില്ല. രഞ്ജിത് സാറിനാണ് അതിന്റെ എല്ലാ ക്രെഡിറ്റും. അദ്ദേഹം എന്തു പറഞ്ഞോ അത് അനുസരിക്കുക മാത്രമാണ് ഞാന്‍ ചെയ്തിരിക്കുന്നത്.

ചുരുങ്ങിയ കാലത്തിനുള്ളില്‍ ശശി കലിങ്ക നിരവധി വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഇതില്‍ നെഞ്ചോടു ചേര്‍ത്തു പിടിക്കുന്ന കഥാപാത്രം ഏതായിരിക്കും?

പ്രാഞ്ചിയേട്ടനിലെ അയ്യപ്പന്‍, പലേരി മാണിക്യത്തിലെ മനാലത്ത്. ഞാന്‍ ചെയ്ത കഥാപാത്രങ്ങളെല്ലാം എനിക്ക് ഇഷ്ടപ്പെട്ടതു തന്നെയാണ്.

സുനില്‍ സുഖദയുമായുള്ള കെമിസ്ട്രി?

ഈ കെമിസ്ട്രി എന്നു പറയുന്നതു തന്നെ തെറ്റാണ്. സംവിധായകനും തിരക്കഥാകൃത്തും തരുന്ന വേഷങ്ങള്‍ അഭിനയിക്കുന്നു എന്നേ ഉള്ളു. ഇതില്‍ എന്താണ് കെമിസ്ട്രി? ഞാനും സുനിലും നല്ല സുഹൃത്തുക്കളാണ്. ഞാന്‍ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളാണ് അദ്ദേഹം. നമ്മള്‍ പരസ്പരം ബഹുമാനിക്കുന്നുണ്ട്. അദ്ദേഹവും ഒരു ഡ്രാമ ആര്‍ട്ടിസ്റ്റാണ്. ഇപ്പോഴും അമച്വര്‍ നാടകവേദിയിലെ താരമാണ്.

മമ്മൂട്ടി എന്ന നടനെക്കുറിച്ച്?

അയ്യോ മമ്മൂക്ക എനിക്ക് മൂത്ത ചേട്ടനാണ്. ഇപ്പോളും മമ്മൂക്കയെ കണ്ടാല്‍ എന്റെ കൈയും കാലും വിറയ്ക്കും. മോഹന്‍ലാല്‍ എന്റെ അടുത്ത സുഹൃത്താണ്. രഞ്ജിത്സാര്‍ എനിക്ക് വല്യമ്മാവനാണ്. ഇവരെയെല്ലാം ഞാനേറെ ബഹുമാനിക്കുന്നു. തൊളുകൈകളോടെ മാത്രമേ ഇവരെക്കുറിച്ച് പറയാന്‍ സാധിക്കൂ.

മലയാള സിനിമയില്‍ ഹാസ്യതാരം എന്നു പറയുമ്പോള്‍ തന്നെ ആദ്യം മനസിലേക്കെത്തുന്നത് ജഗതി ശ്രീകുമാറാണ്. അദ്ദേഹത്തെക്കുറിച്ച്?

അമ്പിളി ചേട്ടനെക്കുറിച്ച് ഞാനെന്തു പറയാനാണ്. ഒരു കാരക്ടര്‍ കൈയില്‍ കിട്ടിയാല്‍ പിന്നെ അദ്ദേഹം ആ കാരക്ടറായി മാറുകയാണ്. ഒരു എന്‍സൈക്ളോപീഡിയ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. ഞാനൊന്നും അദ്ദേഹത്തിന്റെ ഏഴ് അയല്‍പക്കത്തു പോലും വരില്ല. ഒരു ജന്‍മം കൂടി ജനിച്ചാല്‍ പോലും അദ്ദേഹത്തിനൊപ്പം എത്താന്‍ സാധിക്കില്ല. എത്രയും പെട്ടെന്ന് അദ്ദേഹം ചലച്ചിത്ര ലോകത്തേക്കു തിരിച്ചു വരട്ടെ എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു.

ചന്ദ്രകുമാറില്‍ നിന്ന് ശശി കലിങ്കയിലേക്കുള്ള മാറ്റം?

എന്റെ യഥാര്‍ഥ പേര് ചന്ദ്രകുമാര്‍ എന്നാണെങ്കിലും വീട്ടില്‍ ശശി എന്നാണ് വിളിച്ചിരുന്നത്. ശശി കോഴിക്കോട് എന്ന പേരിലാണ് നാടകത്തില്‍ അഭിനയിച്ചിരുന്നത്. ശശി കലിംഗ എന്ന പേരു സമ്മാനിച്ചതും രഞ്ജിത് സാര്‍ തന്നെയാണ്. അദ്ദേഹമാണ് നാടകട്രൂപ്പിന്റെ പേരായ കലിംഗ ഒപ്പം ചേര്‍ത്ത് ശശി കലിങ്കയാക്കിത്.

കുടുംബം?

കോഴിക്കോട് കുന്നമംഗലത്താണ് വീട്. ഭാര്യ പ്രഭാവതി.