Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിരിക്കാൻ റെഡിയാണോ ?

shafi-dileep ഷാഫി, ദിലീപ്, മംമ്ത

ഷാഫി! ആ പേരു കേൾക്കുമ്പോൾ ചലച്ചിത്ര ആസ്വാദകരുടെ മനസുകളിലൊരു ചിരി വിടരും. കൊട്ടകകളിൽ ചിരിയമിട്ടുകൾ പൊട്ടിച്ചിതറിച്ച ഒരുപിടി ചിത്രങ്ങളാണ് അവർക്കു ഷാഫി. മായാവി, കല്യാണരാമൻ, തൊമ്മനും മക്കളും, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി ബോക്സ് ഓഫിസിൽ പണക്കിലുക്കവും പ്രേക്ഷകരിൽ ചിരിക്കിലുക്കവും സൃഷ്ടിച്ച ചിത്രങ്ങളാണു ഷാഫി സമ്മാനിച്ചത്. ‘101 വെഡ്ഡിങ്സ്’ ആണ് ഒടുവിൽ തിയറ്ററുകളിലെത്തിയ ഷാഫിച്ചിത്രം. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ഷാഫിയുടെ ഒരു ചിത്രമൊരുങ്ങുകയാണ്; ടു കൺട്രീസ്. എന്താകും പുതിയ ചിത്രത്തിൽ അദ്ദേഹം കരുതിവച്ചിരിക്കുക? ‘ തീർച്ചയായും നർമത്തിൽ പൊതിഞ്ഞ ചിത്രം തന്നെയാണു ടു കൺട്രീസ്. അതു പക്ഷേ, എന്റെ പഴയ ചിത്രങ്ങളിൽ നിന്നു വ്യത്യസ്തവുമായിരിക്കും’ - അതെങ്ങനെയെന്നു കേൾക്കാം, ഷാഫിയിൽ നിന്ന്.

∙അതിശയോക്തിയില്ലാതെ

എന്റെ പഴയ ചിത്രങ്ങളിൽ പലതിലും ഒരുപാട് അതിശയോക്തി കാണാം. ടു കൺട്രീസിൽ അത്തരം എക്സാജെറേഷൻസ് കുറവാണ്. സ്വാഭാവികമായ രീതിയിലുള്ള നർമത്തിലൂടെ കഥ പറയുന്ന രീതി. ഇന്നത്തെ കാലത്തിന് അനുസരിച്ചുള്ള ചിത്രമായിരിക്കും ടു കൺട്രീസ്. സ്വാഭാവിക രീതിയിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ വരുന്നത്. പലതും പക്കാ റിയലിസ്റ്റിക്. പുതിയ പ്രേക്ഷകരുടെ കൂടി അഭിരുചികൾ പരിഗണിച്ചാണു ടു കൺട്രീസ് ഒരുക്കുന്നത്. എന്നിൽ നിന്നു പ്രേക്ഷകർ ആഗ്രഹിക്കുന്നത് എന്താണോ അതു തന്നെയാകും പുതിയ ചിത്രവും നൽകുക.

∙ഇന്ത്യയും കാനഡയും

ടു കൺട്രീസിൽ രണ്ടു രാജ്യങ്ങളുണ്ട്. ഇന്ത്യയും കാനഡയും. അതേസമയം, തന്നെ അഭിരുചികളിലും സ്വഭാവത്തിലുമെല്ലാം തീർത്തും വ്യത്യസ്തരായ രണ്ടു വ്യക്തികളുടെ കഥയാണിത്. രണ്ടു ‘കൺട്രി’കളുടെ കഥ. ദിലീപാണ് ഉല്ലാസ് കുമാർ എന്ന നായകനായി എത്തുന്നത്. ദേഹം അനങ്ങാതെ എളുപ്പവഴിയിൽ കാര്യം കാണാൻ ശ്രമിക്കുന്ന സ്വഭാവക്കാരനാണ് ഉല്ലാസ് കുമാർ. കാനഡയിൽ ജനിച്ചു വളർന്ന നായികയെ അവതരിപ്പിക്കുന്നതു മംമ്ത മോഹൻദാസാണ്. ഇവരുടെ ‘കൂട്ടിമുട്ടലും’ രസകരമായ അനുബന്ധ സംഭവങ്ങളുമാണു സിനിമ. ദിലീപും മംമ്തയും മറ്റ് അഭിനേതാക്കളുമെല്ലാം മികച്ച പെർഫോമൻസാണു നൽകിയത്. രോഗാവസ്ഥകളെ അതിജീവിച്ചെത്തിയ മംമ്ത നയാഗ്രയിലെ ചൂടു പോലും പ്രശ്നമാക്കിയില്ല. പോസിറ്റീവ് എനർജിയാണു മംമ്തയുടെ പ്രത്യേകത.

Two Countries Malayalam Teaser Trailer

∙ദൃശ്യഭംഗിയുടെ നയാഗ്ര

കാനഡയും എറണാകുളവുമായിരുന്നു ലൊക്കേഷനുകൾ. നയാഗ്ര വെള്ളച്ചാട്ടം ഉൾപ്പെടെയുള്ള ദൃശ്യങ്ങളുണ്ടാകും, ചിത്രത്തിൽ. ഭംഗിയുള്ള സ്ഥലമാണു കാനഡ. അതുകൊണ്ടു തന്നെ ആരാണു ക്യാമറ ചെയ്തതെന്നു ചോദ്യം സ്വാഭാവികം. വിഖ്യാത ഛായാഗ്രാഹകൻ രവി കെ.ചന്ദ്രന്റെ മകൻ സന്താനകൃഷ്ണനാണു ക്യാമറ. 21 വയസുള്ള സന്താനകൃഷ്ണന്റെ അരങ്ങേറ്റ ചിത്രമാണിത്. മികച്ച വാഗ്ദാനമാണ് ആ ചെറുപ്പക്കാരൻ. കാനഡയിൽ ചിത്രീകരിച്ച ആദ്യ ചിത്രങ്ങളിലൊന്നാകും ടു കൺട്രീസ്. കനഡയിലെ ചിത്രീകരണം 34 ദിവസം നീണ്ടു. ഡോ. ബിജുവിന്റെ ‘വലിയ ചിറകുള്ള പക്ഷികൾ’ പത്തു ദിവസത്തോളം കാനഡയിൽ ചിത്രീകരിച്ചിരുന്നു.

∙രണ്ടു വർഷത്തെ ഇടവേള

ശരിയാണ്. പക്ഷേ, ഞാൻ വെറുതെയിരിക്കുകയായിരുന്നില്ല. പല കഥകൾ ആലോചിച്ചു. 2013 ൽ ഒരു ചിത്രം ചെയ്യണമെന്ന് ആഗ്രഹിച്ചെങ്കിലും ശരിയായില്ല. അപ്പോഴാണു ടു കൺട്രീസിന്റെ കഥ വന്നത്. റാഫിക്കയും (മൂത്ത സഹോദരൻ റാഫി) നജീം കോയയുമാണു കഥ. തിരക്കഥ റാഫിക്ക തന്നെ. ഇടയ്ക്ക്, റിങ് മാസ്റ്ററിന്റെ ചിത്രീകരണവുമായി റാഫിക്ക തിരക്കിലായി. എന്നെ സംബന്ധിച്ചിടത്തോളം രണ്ടു വർഷത്തെ അധ്വാന ഫലമാണു ടു കൺട്രീസ്. ഈ മാസം 24 നു റിലീസ് ചെയ്യും. അഭിപ്രായം, പ്രേക്ഷകർ തന്നെ പറയട്ടെ. ‌

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.