Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.ടി സാർ എവിടെയാ ?

soubin-shahir സൗബിൻ ഷാഹിർ

2015ൽ ഏറ്റവുമധികം നേട്ടം നേടിയ താരങ്ങളിലൊരാളാണ് സൗബിൻ ഷാഹിർ. പ്രേമത്തിലെ പി.ടി സാർ മുതൽ ചാർലിയിലെ കള്ളൻ വരെയുള്ള കഥാപാത്രങ്ങൾ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. തൊട്ടതെല്ലാം പൊന്നാക്കിയ താരം പുതുവർഷ പ്രതീക്ഷകളുമായി മനോരമ ഓൺൈലനിൽ...

സൗബിന്റെ കരിയറിൽ 2015 എന്ന വർഷം എങ്ങനെയുണ്ടായിരുന്നു?

നല്ലതായിരുന്നു. 2015 സിനിമാപരമായും അല്ലാതെയും നല്ല വർഷമായിരുന്നു. എന്നു വച്ച് അതിനു മുൻപുള്ള വർഷങ്ങൾ മോശമായിരുന്നു എന്നല്ല.

കഴിഞ്ഞ വർഷം ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു വേഷമായിരുന്നു പ്രേമത്തിലെ പി.ടി മാഷ്. പ്രേമത്തിനു മുൻപ് വരെ ഒരു കോമഡി റോളിലേക്ക് ആരും സൗബിനെ പ്രതീക്ഷിച്ചു കാണില്ല.

എനിക്കും ഉണ്ടായിരുന്നില്ല അങ്ങനെ ഒരു പ്രതീക്ഷ. ആ ഒരു റോൾ കിട്ടിയപ്പോൾ ചെയ്തു. ആദ്യം എനിക്കു കിട്ടിയത് പി.ടി മാഷ് ആയിട്ടാല്ലായിരുന്നു, വേറേ ഒരു മാഷിന്റെ റോൾ ആയിരുന്നു. ക്ലാസൊക്കെ എടുക്കണം. അതിനാൽത്തന്നെ അതു പഠിക്കാനായി ഒരു ടെക്സ്റ്റ് ബുക്കും തന്നിരുന്നു. ബുക്കൊക്കെ കിട്ടിയപ്പോൾ ഞാൻ ഇനി വീണ്ടും പഠിക്കണമല്ലോ എന്ന വിഷമമായിരുന്നു എനിക്ക്. എന്നാലും കഷ്ടപ്പെട്ട് ഡയലോഗെല്ലാം പഠിച്ചു.

vinay-soubin

ഇതെങ്ങനെ ശരിയാകും എന്നൊക്കെ ചിന്തിച്ചിരുന്നപ്പോഴാണ് ഷൂട്ടിങിനു രണ്ടു ദിവസം മുൻപ് അൽഫോൻസ് വിളിച്ച് ആ മാഷിനെ മാറ്റി അവിടെ പി.ടി മാഷ് ആക്കിയാലോ എന്നു ചോദിക്കുന്നത്. ഡയലോഗൊക്കെ പഠിച്ചിരുന്നുവെന്ന് ഞാൻ അൽഫോൻസിനോടു പറഞ്ഞു. കുഴപ്പമില്ല നമുക്ക് പി.ടി മാഷ് ആക്കാമെന്നു പറഞ്ഞ് അൽഫോൻസ് ഫോൺ കട്ട് ചെയ്തു. അത് കഴിഞ്ഞപ്പോൾ എനിക്കു സന്തോഷമായി. യഥാർത്ഥത്തിൽ അവിടെ ഒരു പി.ടി മാഷിനെക്കൂടി ആഡ് ചെയ്താൽ കൊള്ളാമായിരുന്നുവെന്ന് അങ്ങോട്ടു പറയണമെന്നു കരുതി ഇരുന്ന എനിക്കു തന്നെ ആ റോൾ ഇങ്ങോട്ടു വന്നു. അത് പ്രേക്ഷകർ സ്വീകരിച്ചതിൽ അതിയായ സന്തോഷം.

പി.ടി മാഷിന്റെ ആ ഡാൻസ് സ്റ്റെപ്പ് സ്വന്തം സ്റ്റൈലിൽ ഉണ്ടാക്കിയതാണോ?

അത് ശരിക്കും ക്ലാസിൽ അകപ്പെട്ട് ടേൺ ചെയ്യുന്ന ഒരു സ്റ്റെപ്പാണ്. അങ്ങനെയൊന്നുമല്ല, വളരെ മനോഹരമായി ചെയ്യുന്ന ഒരു സ്റ്റെപ്പാണത്. പ്രേക്ഷകരെ ചിരിപ്പിക്കാൻ വേണ്ടി മാത്രം അത് വൃത്തികേടായി ചെയ്തിരിക്കുന്നുവെന്നേയുള്ളു. അൽഫോൻസും നമ്മളെല്ലാവരും ഒരു ടീമായിട്ടായിരുന്നു അവിടെ വർക് ചെയ്തിരുന്നത്. എന്തെങ്കിലും ഉണ്ടെങ്കിൽ തുറന്നു പറയാനുള്ള ഒരു സ്പേസ് ഉണ്ടായിരുന്നു. എല്ലാ സെറ്റിലും ഇതുപോലെ സ്പേസ് ഉണ്ടാകാറുണ്ട്. എന്നാലും ഇവിടെ സുഹൃത്തുക്കളാകുമ്പോൾ നമുക്ക് അങ്ങനെ ചെയ്താലോ എന്ന് ധൈര്യത്തോടെ ചോദിക്കാൻ പറ്റും.

premam-dance

ഏറ്റവും പുതിയ ചിത്രമായ ചാർലിയിലേക്കെത്തുമ്പോൾ, ശ്രദ്ധിക്കപ്പെട്ടത് സൗബിന്റെ വളരെ നാച്വറലായ അഭിനയമാണ്. ചേച്ചി എന്ന ആ വിളിക്കു തന്നെ ഒരു സുഖമുണ്ടായിരുന്നു?

അങ്ങനെ ഉണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് മാർട്ടിനും ടീമിനും അവകാശപ്പെട്ടതാണ്. മാർട്ടിൻ പറഞ്ഞതു പോലെയാണ് ചെയ്തിരിക്കുന്നത്. ഇതിലെ കള്ളൻ അത്ര വലിയ കള്ളനൊന്നും അല്ലല്ലോ? ഏത് ഇരുട്ടത്തു നിന്നാലും തിരിച്ചറിയാൻ പറ്റുന്ന തരത്തിലുള്ള ഇടിവെട്ട് കളർ വസ്ത്രവുമിട്ട് ടൈം പാസിനു മോഷ്ടിക്കുന്ന കള്ളനല്ലേ. ഈ കള്ളൻ എല്ലാവരുമായും സംസാരിക്കും. ഈ സിറ്റുവേഷനു യോജിച്ച രീതിയിൽ ചേച്ചി എന്നു വിളിച്ചെന്നേയുള്ളു.

soubin

സംവിധായകൻ എന്ന റോളിൽ കാണാൻ സാധിക്കുമോ? ഇത് അഭിനയ രംഗത്ത് സഹായകമായിട്ടുണ്ടോ?

സംവിധാനം ആലോചിക്കുന്നുണ്ട്. പ്ലാനിങ് ഉണ്ട്. പക്ഷേ അത് എന്നുണ്ടാകുമെന്ന് കൃത്യമായി പറയാൻ സാധിക്കില്ല. അസോസിയേറ്റ് ആയി പ്രവർത്തിച്ചതുകൊണ്ടു തന്നെ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒരു ആർട്ടിസ്റ്റ് അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ അത് ശരിയായില്ല, എന്ന് സംവിധാകൻ പറഞ്ഞ് വിണ്ടും ശരിയായ രീതിയിൽ ചെയ്യിപ്പിക്കുമ്പോൾ നമുക്കും മനസിലാകും അവിടെ എന്താണ് സംവിധായകൻ പ്രതീക്ഷിക്കുന്നതെന്ന്. ഫാസിൽ സാർ, റാഫി–മെക്കാർട്ടിൻ, അമൽ നീരദ്, സിദ്ദിഖ് തുടങ്ങിയവരോടൊപ്പമെല്ലാം ഫുൾ ടൈം അസോസിയേറ്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്. ഇത് ശരിക്കും ഗുണം ചെയ്തിട്ടുണ്ട്.

fahad-soubin

ദിലീപിന്റെ കോമഡിയെക്കാളും പ്രേക്ഷകർ കൈയടിച്ചത് സൗബിന്റെ കോമഡിക്കായിരുന്നല്ലോ?

അത് കൗണ്ടർ അടിക്കുന്നതു കൊണ്ടാകും. ഞാൻ‌ അസോസിയേറ്റായി പ്രവർത്തിക്കുന്ന സമയം മുതലേ ദിലീപേട്ടനെ പരിചയമുണ്ട്. സ്പോട്ടിലാകും പല കോമഡികളും ഉണ്ടാകുന്നത്. ദിലീപേട്ടനുമായി സംസാരിക്കുന്നതിനിടയിൽ കോമഡികൾ വരും. പരിചയം ഉള്ളതുകൊണ്ടു തിരിച്ച് കൗണ്ടറുകളും അടിക്കും.

soubin-dileep

മോഹൻലാലിനോടൊപ്പം ലോഹത്തിലും അഭിനയിച്ചിരുന്നുവല്ലോ?

ലാലേട്ടനോടൊപ്പം വർക് ചെയ്തത് നല്ല അനുഭവം ആയിരുന്നു. കാമറയ്ക്കു മുന്നിൽ ലാലേട്ടനൊടൊപ്പം ഒരു വേഷം ചെയ്യാൻ സാധിക്കുമെന്ന് വിചാരിച്ചിട്ടേ ഇല്ല. ഒരു രംഗം എടുക്കുമ്പോൾ അത് ഇങ്ങനെ ചെയ്താൽ കുറച്ചു കൂടി നന്നാകും എന്നൊക്കെ അദ്ദേഹം പറഞ്ഞുതരും. വളരെ നല്ല അനുഭവങ്ങളും അഭിനയത്തിന്റെ കുറേ പാഠങ്ങളും ലാലേട്ടനിൽ നിന്നും പഠിക്കാൻ സാധിച്ചു.

അൻവറിന്റെ സെറ്റിൽ മഴ പെയ്യിക്കുന്ന ഒരു ഫോട്ടോ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ടല്ലോ?

അത് ഞാൻ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുന്ന സമയത്തുള്ളതാണ്. കേരളം മൊത്തം മഴ പെയ്യിക്കുന്ന ഒരു സീനായിരുന്നു. ഇങ്ങനെയുള്ള പരിപാടികളൊക്കെ ചെയ്യാൻ വലിയ ത്രില്ലായിരുന്നു.

soubin-anwar

സൗബിൻ അഭിനയിച്ചതെല്ലാം ഹിറ്റ് ചിത്രങ്ങൾ? എങ്ങനെയാണ് കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത്?

എല്ലാം ഹിറ്റ് ചിത്രങ്ങളല്ല. ഫ്ലോപ്പ് ആയ ചിത്രങ്ങളുമുണ്ട്. എന്നെ സംബന്ധിച്ച് ആ ചിത്രങ്ങളും എനിക്ക് ഇഷ്ടമാണ്. ഞാൻ അങ്ങനെ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതല്ല. എനിക്കു തരുന്ന വേഷങ്ങൾ ഞാൻ ചെയ്യുന്നു. അവർ തരുന്നതല്ലേ നമുക്ക് സ്വീകരിക്കാൻ പറ്റൂ, അല്ലാതെ ഇന്ന വേഷം ചെയ്യണമെന്ന് ആവശ്യപ്പെടാൻ പറ്റില്ലല്ലോ? ഇപ്പോൾ പ്രേമം എടുത്താലും അതല്ലെങ്കിൽ ചാർലിയോ ചന്ദ്രേട്ടൻ എവിടെയാ.. അങ്ങനെ ഏതെടുത്താലും അതിലെ ഞാൻ ചെയ്ത കാരക്ടറിന് എന്നെ മനസിൽ കണ്ടിട്ടാണ് അവർ വിളിക്കുന്നത്. എനിക്കു ചെയ്യാൻ പറ്റുന്ന വേഷങ്ങൾ ഞാൻ ചെയ്യുന്നു.

മഹേഷിന്റെ പ്രതികാരത്തിലും സൗബിൻ ഉണ്ടല്ലോ?

അതേ. ക്രിസ്പിൻ എന്നാണ് കാരക്ടറിന്റെ പേര്. മഹേഷിന്റെ ഭാവന സ്റ്റുഡിയോയുടെ അടുത്തുള്ള ബേബി ആർട്സ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പയ്യനായാണ് അഭിനയിച്ചിരിക്കുന്നത്. ഒരു മുഴുനീള കഥാപാത്രമാണ്.

jinu-soubin

ആഷിഖ് അബുവുമായുള്ള സൗഹൃദത്തെക്കുറിച്ച്?

ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. പണ്ടു മുതലേ അറിയാം. ദിവസവും കാണാറുണ്ട്.

അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്കുള്ള രംഗപ്രവേശം എങ്ങനെയായിരുന്നു?

അച്ഛൻ പ്രൊഡക്ഷൻ കൺട്രോളറായിരുന്നു. ഡിഗ്രി ഒന്നാം വർഷം പഠിക്കുമ്പോഴാണ് ഈ മോഹം മനസിൽ കടന്നു കൂടിയത്. വീട്ടിൽ പറഞ്ഞപ്പോൾ അവരും വിചാരിച്ചു എന്തായാലും പഠിക്കണില്ല, പിന്നെ ഇതാണ് ആഗ്രഹമെങ്കിൽ അതു നടക്കട്ടെയെന്ന്. ആദ്യം സിദ്ദിഖ് സാറിന്റെ കൂടെ ക്രോണിക് ബാച്ചിലറിലായിരുന്നു അസോസിയേറ്റ് ചെയ്തത്. ആദ്യമായി അഭിനയിച്ചത് അന്നയും റസൂലിലുമായിരുന്നു?

അസിസ്റ്റന്റിൽ നിന്ന് അഭിനയത്തിലേക്ക് എങ്ങനെ എത്തി?

രാജീവ് രവി സുഹൃത്തായിരുന്നു. അതിലുപരി ഒരു ചേട്ടനെ പോലെയാണ്. ഫഹദും സുഹൃത്താണ്. അതു പോലെ തന്നെ ഷൈനും. അന്നയും റസൂലിലും ആ റോൾ വന്നപ്പോൾ വേറേ ആരെയും പരിഗണിക്കണ്ട നമ്മൾ തന്നെ ചെയ്താൽ മതിയെന്ന് രാജീവ് പറഞ്ഞു. ഞാനും ഷൈനും സാധാരണ സംസാരിക്കുന്നതു പോലെ തന്നെ ചെയ്താൽ മതിയെന്നു പറഞ്ഞു. അതനുസരിച്ച് ചെയ്തു.

alphonse-soubin

ഇനി അസിസ്റ്റന്റ് ആയി പ്രവർത്തിക്കുമോ?

എനിക്ക് ഇഷ്ടമുള്ള ആൾക്കാരുടെ കൂടെ പ്രവർത്തിക്കാൻ താൽപര്യമേ ഉള്ളൂ.

പുതിയ ചിത്രങ്ങൾ?

മഹേഷിന്റെ പ്രതികാരം, അനുരാഗ കരിക്കിൻവെള്ളം, ഡാർവിന്റെ പരിണാമം, മുത്തുഗൗവ്, ഹലോ നമസ്തേ, കലി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.