Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുദേവ് ഇപ്പോൾ ‘ഫിറ്റ്’ ആണ്

sudhev-nair സുദേവ് നായർ

മലയാള സിനിമയ്ക്കൊരു ചരിത്രമുണ്ട്. പിൽക്കാലത്തു പ്രശസ്തരാകുന്ന പലരേയും തുടക്കത്തിൽ അംഗീകരിക്കാതെ പോയൊരു ചരിത്രം. അനാർക്കലിയിലെ ദീരജ് നയ്യാരെ മലയാള സിനിമ പ്രേക്ഷകർ ശ്രദ്ധിക്കുമ്പോൾ, അതിനൊക്കെ മുൻപു തന്നെ മലയാളി കാണാതെ പോയൊരു സിനിമയിലൂടെ ആദ്യ സംസ്ഥാന അവാർഡ് ദീരജ് നയ്യാരിനെ അവതരിപ്പിച്ച സുദേവ് നായരെ തേടിയത്തിയപ്പോൾ ഒക്കെ ചരിത്രം ആവർത്തിക്കപ്പെടുകയായിരുന്നു.

കാഴ്ചയിൽ ഒരു നോർത്ത് ഇന്ത്യൻ ലുക്ക് ഉണ്ടെങ്കിലും മുംബെയിൽ ജനിച്ചു വളർന്ന ഒരു മലയാളിയാണു സുദേവ്. അനാർക്കലി കണ്ടിറങ്ങിയ പ്രേക്ഷകൻ ദീരജ് നയ്യാർ ആരെന്നു അന്വേഷിച്ചെത്തുന്നതു ഈ വർഷം പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര അവാർഡിലെ മികച്ച നടനുള്ള പുരസ്ക്കാരം നിവിൻ പോളിക്കൊപ്പം പങ്കിട്ട സുദേവിലാണ്.

കാമ്പുള്ള തിരക്കഥകൾക്കൊണ്ടു സമ്പന്നമായ മലയാള സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹവുമായാണു കുറച്ചു വർഷങ്ങൾക്കു മുൻപ് സുദേവ് കേരളത്തിലെത്തിയത്. ഒരുപാടു ചാൻസുകൾ അന്വേഷിച്ചുപോയെങ്കിലും ഒന്നും ശരിയായില്ല. ഒടുവിൽ തിരിച്ചു മുംബെയിൽ എത്തിയ സുദേവിനെ ആദ്യം സ്വീകരിച്ചതാവട്ടെ ബോളിവുഡ് സിനിമയാണ്.

സൗമിക് സെൻ സംവിധാനം ചെയ്ത ഗുലാബ് ഗാങ് എന്ന ഹിന്ദി സിനിമയ്ക്കു ശേഷമാണ് ആദ്യ മലയാള സിനിമയായ മൈ ലൈഫ് പാർട്ട്നർ സുദേവിനു ലഭിക്കുന്നത്. സിനിമ റിലീസ് ചെയ്യുവാൻ വൈകിയെങ്കിലും കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച അഭിനേതാവിനുള്ള അവാർഡ് ഈ സിനിമയിലൂടെ കിട്ടിയപ്പോൾ സന്തോഷം

ആദ്യ ചിത്രം അധികം പ്രേക്ഷകരിലേക്കെത്തിയില്ലെങ്കിലും മലയാളത്തിലെ രണ്ടാമത്തെ സിനിമ അനാർക്കലി സുദേവിന്റെ ജീവിതത്തിനു തന്നെ ഒരു മാറ്റം വരുത്തി. ആ മാറ്റങ്ങളേക്കുറിച്ചും തന്റെ സിനിമ മോഹങ്ങളേക്കുറിച്ചും സുദേവ് മനോരമ ഓൺലൈനിനോട്....

∙അനാർക്കലി ജീവിതത്തിൽ എന്തു മാറ്റമാണ് വരുത്തിയത്

ഇപ്പോൾ ധാരാളം വിളികൾ വരുന്നുണ്ട്. എനിക്ക് ശരിക്കും ഒരു ആശ്വാസം നൽകിയ സിനമ. അനാർക്കലി റിലീസ് ചെയ്തതോടെ റോളുകൾ തേടിപ്പോകേണ്ട അവസ്ഥ ഇല്ലാതായി. നല്ല സ്ക്രിപ്റ്റുകൾ തേടി വരുന്നു. പുതിയ സ്ക്രിപ്റ്റുകളൊക്കെ എനിക്ക് സംവിധായകർ അയച്ചു തരുന്നുണ്ട്.

mia-sudhev

∙അനാർക്കലിയിലെ വെള്ളത്തിൽ ചാടിയുള്ള സീനുകൾ യഥാർഥത്തിൽ ചെയ്തതാണോ

അതെ. അതു ഞാൻ ഒറിജിനൽ ആയിട്ടു തന്നെ ചെയ്തതാണ്. ആദ്യം അവർ എനിക്കായി ഡ്യൂപ്പിനെ തയ്യാറാക്കിയിരുന്നു. എന്നാൽ സ്റ്റണ്ട് രംഗങ്ങളിലൊക്കെ ചെയ്യാൻ എനിക്ക് താൽപര്യമുള്ളത് കൊണ്ട് ഞാൻ തന്നെ ആ സീനുകൾ ചെയ്തോളാമെന്നു പറഞ്ഞു

∙എങ്ങനെയാണു അനാർക്കലിയിലേക്കു ക്ഷണം ലഭിക്കുന്നത്?

പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഞാൻ വിദ്യാർഥിയായിരുന്നു. അവിടെ ഉണ്ടായിരുന്ന ഒരു ഫാൽക്വൽറ്റിസ് സജീവ് സാർ ഒരു ആക്ടിങ് ലാബ് നടത്തുന്നുണ്ട്. അദ്ദേഹം വഴിയാണ് എന്റെ ഫോട്ടോസ് അനാർക്കലിയുടെ സംവിധായകൻ സച്ചിയുടെ ഒരു അസിസ്റ്റന്റ് കാണുന്നത്. അങ്ങനെയാണ് അവർ എന്നെ കാസ്റ്റ് ചെയ്യുന്നത്. എനിക്ക് സംസ്ഥാന അവാർഡ് നേടിത്തന്ന ‘ മൈ ലൈഫ് പാർട്ട്‌നർ’ എന്ന സിനിമയും സജീവിലൂടെത്തന്നെയാണ് എന്നെ തേടിവന്നത്.

sudhev-anarkali

∙പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് നൽകിയ സുഹൃത്താണല്ലോ യുവ നടൻ വിനയ് ഫോർട്ട്. നിങ്ങൾ തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചു പറയൂ...

ഞാൻ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയപ്പോൾ എന്റെ സീനിയർ ആയിരുന്നു വിനയേട്ടൻ. ഞാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയപ്പോൾ അവർ കോഴ്സ് പൂർത്തിയാക്കി പോകുവാൻ തയ്യാറെടുക്കുകയായിരുന്നു. ആ സമയത്ത് വിനയേട്ടൻ ഒരു ഫൈനൽ പ്ലേയുടെ റിഹേഴ്സലിന്റെ തിരക്കിലും. ആ നാടകവും അതിലെ വിനയേട്ടന്റെ പ്രകടനവുമൊക്കെ കണ്ടു ഞാൻ വളരെ ‘ ഇംപ്രസ്ഡ്’ ആയി.

പിന്നീടു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ കോഴ്സ് കഴിഞ്ഞു ഞാൻ ആദ്യം കേരളത്തിലാണെത്തുന്നത്. മലയാള സിനിമയിൽ ഒരു ചാൻസ് തേടി. അന്നു വിനയേട്ടനും സ്വന്തം പാത കണ്ടുപിടിക്കാനുള്ള തത്രപ്പാടിലായിരുന്നു. എനിക്കു കേരളത്തിലുള്ള പിന്തുണ വിനയേട്ടൻ ആയിരുന്നു. ഇപ്പോഴും ഒരു പ്രൊജക്ട് വന്നാൽ ഞാൻ അദ്ദേഹത്തോടു ചർച്ച ചെയ്യാറുണ്ട്.

∙കംപ്യൂട്ടർ എഞ്ചിനിയർ ആയ സുദേവ് ഇത്രയും നല്ല ഭാവിയുള്ള ഒരു കരിയർ വിട്ടു സിനിമയിൽ എത്തിയത് സിനിമയോടുള്ള അതിയായ ആഗ്രഹം കൊണ്ടാണല്ലോ. എന്തായിരുന്നു സിനിമ ഇത്രത്തോളം ഇഷ്ടപ്പെടാൻ കാരണം?

ആദ്യമൊക്കെ സിനിമയോടുള്ള ഇഷ്ടം അതു തരുന്ന ഗ്ലാമർ ജീവിതത്തോടുള്ള ഇഷ്ടമായിരുന്നു. ജീവിതത്തേക്കാൾ വലിയൊരു ലോകമാണ് സിനിമ നൽകുന്നത്. ചെറുപ്പം മുതൽക്കേ ഞാൻ ബ്രേക്ക് ഡാൻസൊക്കെ ചെയ്തിരുന്നു. സ്റ്റേജിൽ പെർഫോം ചെയ്തു കഴിയുമ്പോൾ കിട്ടുന്ന അഭിനന്ദനങ്ങളൊക്കെ ഇഷ്ടമായിരുന്നു. ലൈംലൈറ്റിൽ നിൽക്കുമ്പോൾ കിട്ടുന്ന പ്രശസ്തി തന്നെയായിരുന്നു ആദ്യം സിനിമയോടടുപ്പിച്ചത്.

എന്നാൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്റെ കാഴ്ചപ്പാടുകൾ ആകെ മാറ്റി. അവിടെ പഠിച്ച മൂന്ന് വർഷങ്ങളാണ് സിനിമയെ പുനർനിർവചിക്കാൻ എനിക്ക് പ്രേരണയായത്. ലോക സിനിമയിലേക്കുള്ള തുറന്നുകാട്ടൽ വ്യക്തിത്വത്തിനു തന്നെ ഒരു വികാസവും അവിടെ സംഭവിച്ചു. ആ മൂന്നു വർഷക്കാലം ഞാൻ കാമ്പസിനു പുറത്തുപോയി ഒരു സിനിമ കണ്ടിട്ടില്ല. നടനായും സ്വഭാവനടനായും വില്ലാനായുമൊക്കെ വൈവിധ്യമുള്ള വേഷങ്ങൾ ചെയ്യുവാനുള്ള താൽപര്യവും സിനിമയെ ഗൗരവമായി കാണാനും ഞാൻ പഠിച്ചത് അവിടെനിന്നുമാണ്.

prithvi-sudhev

∙സുദേവ് എഴുതി സംവിധാനം ചെയ്ത വെബ് സീരീസ് ‘ നോട്ട് ഫിറ്റ്’ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ഹിറ്റ് ആണ്. സ്വന്തം അനുഭവമാണോ ഇതിനു പിന്നിൽ?

അതെ. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുമിറങ്ങി ഒന്നര വർഷം ഞാൻ സ്വന്തമായൊരു മേൽവിലാസം സിനിമയിൽ ഇല്ലാത്ത ഒരാളായിരുന്നു. അതുണ്ടാക്കാനുള്ള പരക്കം പാച്ചിലിൽ ഒരുപാടാളുകൾ നോട്ട് ഫിറ്റ് എന്നു പറഞ്ഞു എന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. ആ അനുഭവങ്ങൾ തന്നെയാണ് നോട്ട് ഫിറ്റ് എന്ന വെബ് സീരീസിലുള്ളത്. അതു കൊണ്ടാവും പ്രേക്ഷകർക്കും അതിലൊരു ഒറിജിനാലിറ്റി തോന്നുന്നത്. ഇപ്പോഴും ഞാൻ അതിന്റെ വർക്കുമായി തിരക്കിലാണ്.

∙മുംബൈയിൽ ജനിച്ചു വളർന്ന ഒരാൾ സിനിമ ആഗ്രഹിക്കുമ്പോൾ ബോളിവുഡിലെ ഖാൻമാരാവും പ്രിയതാരങ്ങൾ. എന്നാൽ മോഹൻലാലിനേയും മമ്മൂട്ടിയേയും ഇഷ്ടപ്പെടാൻ കാരണമെന്താണ്?

മുംബൈയിൽ ജനിച്ചു വളർന്നെങ്കിലും ഞാൻ ഒരു മലയാളിയാണ്. അമ്മ എറണാകുളം ജില്ലയിലെ പരവൂരിനടുത്തുള്ള കോട്ടുവള്ളി സ്വദേശിയും അച്ഛൻ പാലക്കാടു സ്വദേശിയുമാണ്. അച്ഛന്റെ അച്ഛൻ മുംബൈയിൽ സെറ്റിൽ ആയ ആളും അമ്മ ജോലിക്കുവേണ്ടി മുംബൈയിൽ വന്ന ആളുമാണ്. വീട്ടിൽ എല്ലാവരും മലയാളമാണു സംസാരിക്കുന്നത്. ടി വിയിൽ കാണുന്ന സിനിമകൾ മലയാളം ആണ്.

ഞാൻ കണ്ടുവളർന്ന സിനിമകൾ ‘നിറക്കൂട്ടും’, ‘നാടോടിക്കാറ്റു’മൊക്കെയാണ്. പിന്നീടു പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയപ്പോൾ ലോക സിനിമയിലേക്കു എക്സ്പോസർ ലഭിച്ചത്. അപ്പോഴും മമ്മൂട്ടിയോടും മോഹൻലാലിനോടുമുള്ള ഇഷ്ടവും ബഹുമാനവും കൂടിയതേ ഉള്ളൂ. ലോകത്തിലെ തന്നെ മികച്ച നടന്മാരാണവർ. കൈകാര്യം ചെയ്യുന്ന വിഷയങ്ങളിലുള്ള സമൃദ്ധി മലയാള സിനിമയിൽ കൂടുതലാണ്. അത്തരം സിനിമകൾ ചെയ്യുന്നതാണ് എല്ലാവരും മമ്മൂട്ടിയേയും മോഹൻലാലിനേയും ഇഷ്ടപ്പെടാൻ കാരണം. ഞാനും അങ്ങനെ തന്നെ.

∙പുതിയ മലയാള സിനിമ കമ്മിറ്റ് ചെയ്തിട്ടുണ്ടോ?

കെ.ആർ രാജേഷ് എന്ന പുതിയൊരു സംവിധായകന്റെ സിനിമയാണ് അടുത്ത പ്രൊജക്ട്. മിയയാണ് ചിത്രത്തിലെ നായിക.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.