Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാടകത്തിന്റെ ബെല്ലടിച്ച് സിനിമയിലേക്ക്

sunil-sugatha

നാട്ടിൽ നിന്നും ഇക്കണോമിക്സിൽ ഒരു ബിരുദവുമായി മുംബെയിൽ എത്തി ഒരു വൻ ഹോട്ടൽ ശൃംഖലയിൽ ജോലി ചെയ്യുന്ന കാലത്താണ് നാടകം സുനിൽ സുഖദയെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്. അതിനുമുൻപ് വല്ലപ്പോഴുമൊക്കെ ഒരു നാടകം കളിച്ച പരിചയമേ ഉണ്ടായിരുന്നുള്ളൂ. മുംബെയിൽ നാടകങ്ങൾ കണ്ടു കണ്ടു നടന്ന ദിവസങ്ങൾക്കൊടുവിൽ ഒരുൾവിളി ഉണ്ടായി; ‘എന്റെ തട്ടകം നാടകമാണ്’. അങ്ങനെ നേരെ തൃശൂരിലേക്ക് വണ്ടി കയറി. ജീവിതത്തിന്റെ യൗവനത്തിൽ നാടകത്തേയും കൂടെ കൂട്ടി. അതെ, നാടകം പിന്നീട് സുനിലിന് സിനിമയിലേക്കും വാതിൽ തുറന്ന് കൊടുത്തു. ചുരുങ്ങിയ കാലം കൊണ്ട് അറുപതിലധികം സിനിമകൾ വ്യത്യസ്തമായ വേഷങ്ങൾ ‘ആമേനി’ലെ കപ്യാരായും, ‘ഇമ്മാനുവലി’ലെ ജോസഫ് ആയും എത്രയേറെ വൈവിധ്യം നിറഞ്ഞ വേഷങ്ങളിൽ സുനിൽ സുഖദയെ നമ്മൾ കണ്ടു.

നാടകവും സിനിമയും ഇഴപിരിയാതെ മുന്നോട്ടു കൊണ്ടുപോകുന്ന സുനിൽ വീണു കിട്ടിയ അൽപം സമയം മനോരമ ഓൺലൈനിനൊപ്പം.

∙നാടകം ‘ബെസ്റ്റ് ആക്ടർ’ നെ തന്നു. ആദ്യം കിട്ടിയ സിനിമയെക്കുറിച്ചു പറഞ്ഞു തുടങ്ങാം....

‘സ്പൈനൽ കോഡ്’ എന്നൊരു നാടകം ഞാൻ എറണാകുളത്ത് കളിച്ചിരുന്നു. അതുവരെ കണ്ടിട്ടുള്ള നടന്മാരിൽ നിന്നും വ്യത്യസ്തമായ പുതിയ മുഖങ്ങളെ തേടി സംവിധായകൻ മാർട്ടിൻ പ്രക്കാട്ടും ആ ഷോ കാണാൻ വന്നിരുന്നു. അങ്ങനെ ഞാനും എനിക്കൊപ്പം അഭിനയിച്ച മൂന്നു പേരും മാർട്ടിൻ പ്രക്കാട്ടിന്റെ ബെസ്റ്റ് ആക്ടർ എന്ന സിനിമയിലൂടെ ബിഗ് സ്ക്രീനിൽ എത്തി. ഒരു ചായക്കടക്കാരനായിട്ടായിരുന്നു ഞാൻ അതിൽ.

∙പിന്നീടുള്ള സിനിമ അവസരങ്ങൾ ഈ ഒരൊറ്റ കഥാപാത്രത്തെ ആസ്പദമാക്കിയായിരുന്നോ?

പിന്നീട് ഒരു നല്ല ഇടവേള തന്നെ ഉണ്ടായി എന്നു പറയണം. കുറേക്കാലങ്ങൾക്കു ശേഷം തൃശൂർക്കാരൻ കൂടിയായ നടൻ ഷൈൻ ടോം ചാക്കോ പറഞ്ഞിട്ട് സമീർ താഹിർ അദ്ദേഹത്തിന്റെ ‘ചാപ്പാ കുരിശി’ലേക്ക് എന്നെ കാസ്റ്റ് ചെയ്തു. അതായിരുന്നു ശരിക്കും ഒരു ബ്രേക്ക്. പിന്നിട് ധാരാളം സിനിമകൾ കിട്ടി.

sunil-sugatha-amen

∙കുറച്ചു നാളുകൾ കൊണ്ട്തന്നെ ധാരാളം വേഷങ്ങൾ കിട്ടാൻ എന്താണ് കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ?

ഒരു പക്ഷേ വൈവിധ്യമാർന്ന വേഷങ്ങൾ ചെയ്തതുകൊണ്ടാവാം അതുമല്ലെങ്കിൽ എന്റെ സ്വഭാവം ഒരു കാരണമായിരുന്നിരിക്കാം. പിന്നെ എന്തുണ്ടെങ്കിലും ആളുകൾക്ക് ഇഷ്ടപ്പെടണം. ഞാൻ അഭിനയിക്കുന്നത് ആളുകൾക്ക് ഇഷ്ടമാവുന്നുണ്ടാവാം. എന്തൊക്കെ ഘടകങ്ങൾ അനുകൂലമായാലും ഭാഗ്യവും കൂടി തുണച്ചാൽ കൂടുതൽ അവസരങ്ങൾ തേടി വരും എന്നാണ് എനിക്ക് തോന്നുന്നത്.

∙ഉണ്ടായിരുന്ന ജോലി കളഞ്ഞ് നാടകം എന്നൊക്കെപ്പറഞ്ഞിറങ്ങിയപ്പോൾ അധ്യാപകൻ കൂടിയായിരുന്ന അച്ഛൻ എതിർത്തില്ലേ?

ഇല്ല. എന്തിന് എതിർക്കണം? ഞാൻ പഠിക്കേണ്ട സമയത്ത് പഠിച്ചു. ജോലി ചെയ്യേണ്ട സമയത്ത് ജോലി ചെയ്തു. നാടകത്തിലേക്കെന്നു പറഞ്ഞിറങ്ങിയത് മുപ്പത്തിയഞ്ചാം വയസിലാണ്. ആ പ്രായത്തിൽ നമ്മുടെ തീരുമാനങ്ങളെ ആരും അങ്ങനെ എതിർക്കില്ലല്ലോ?

∙കോമഡിയും വില്ലത്തരവുമൊക്കെ എങ്ങനെ ഒരുമിച്ചു കൊണ്ടുപോകുന്നു?

നമുക്ക് കിട്ടുന്ന വേഷങ്ങൾ നന്നായി ചെയ്യുക എന്ന തരക്കാരനാണ് ഞാൻ. വാണിജ്യ സിനിമകളിൽ നമ്മൾ ഒരു വേഷം നന്നാക്കിയാൽ അതുപോലെ ഒരുപാട് വേഷങ്ങൾ തുടർന്നും ലഭിക്കും. അത്തരം വേഷങ്ങൾ ചെയ്യുന്നവർക്ക് കൂടുതൽ അവസരങ്ങൾ ഉണ്ടാകും. നല്ല വേഷങ്ങൾ ചെയ്യുവാനും നമുക്ക് സാധിക്കും എന്നു നമ്മൾ തെളിയിച്ചാൽ കോമഡിയിലോ വില്ലനിസത്തിലോ ടൈപ്പ് ചെയ്യപ്പെട്ടു പോവില്ല. ‘ ഇന്ന വേഷങ്ങളേ ചെയ്യൂ’ എന്നു ഞാൻ ഒരിക്കലും വാശി പിടിക്കാറേ ഇല്ല.

sunil-sugatha-punyalan

∙ആമേൻ ചെയ്തുകഴിഞ്ഞപ്പോൾ ആ ഗ്രാമവാസികൾ താങ്കളെ ഒരു കപ്യാരായിത്തന്നെ അംഗീകരിച്ചല്ലോ?

‘ആമേൻ’ സിനിമ ഷൂട്ട് ചെയ്തു ഗ്രാമത്തിലെ ആളുകൾ മാത്രമല്ല. സിനിമ കണ്ട സകല ക്രിസ്ത്യാനികളും ഞാൻ ഒരു ‘ അസൽ കപ്യാരു തന്നെ’യാണെന്നു അംഗീകരിച്ചു. തിരക്കഥാകൃത്തിന്റെ മികവായിരുന്നു ആ സിനിമയ്ക്ക്. ആ വേഷം ചെയ്യുന്നതിന് മുമ്പായി ഞാൻ ഒരു പള്ളിയിൽ കപ്യാരെ കാണാൻ പോയി. അവിടെ കപ്യാരായി എത്തിയത് 25 വയസുള്ള മീശ വച്ച ഒരു ചെക്കനായിരുന്നു. അത് എനിക്ക് പറ്റിയ ഇമേജ് ആയിരുന്നില്ല. പിന്നീട് സംവിധായകൻ പറഞ്ഞ കാര്യങ്ങൾ ഭാവനയിലിട്ടു ഞാൻ കണ്ടു പരിചയിച്ച കപ്യാർമാരെ മനസിൽ വച്ചായിരുന്നു ആമേൻ ചെയ്തത്. ആമേനിലെ പോലെ ഉപജാപങ്ങൾ മെനയുന്ന കപ്യാർ മിക്ക ക്രിസ്ത്യാനികൾക്കും പരിചിതനായിരുന്നു.

∙മമ്മൂക്കയോടൊപ്പം ‘ഇമ്മാനുവേലി’ൽ ചെയ്തതും ഒരു വ്യത്യസ്തമായ വേഷമാണ്

പലപ്പോഴും വഴിമുട്ടി നിൽക്കുന്ന ഇമ്മാനുവേലിന്റെ മുൻപിൽ വഴി വിളക്കാകുന്നതും ജോസഫേട്ടനാണ്. പഴയ കാലത്തിന്റെ പ്രതാപം വിടാത്ത ഒരു കച്ചവടക്കാരൻ. എന്നാൽ പുതിയ കാലത്തിലെ മാറ്റങ്ങളുടെ കുത്തൊഴുക്കിനൊപ്പം നീങ്ങാൻ അദ്ദേഹത്തിനു സാധിക്കുന്നില്ല. ഇത്തരം ജോസഫേട്ടൻമാരെ തൃശൂരിന്റെ ബിസിനസ് ഭൂപടത്തിൽ ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. ഒരു നടനെ വാർക്കുന്നത് അയാളുടെ അനുഭവങ്ങളിൽ കൂടിയാണ്. ആ അനുഭവത്തോടൊപ്പം ലാൽ ജോസിനേയും കമലിനേയും പോലുള്ള സംവിധായകർ ഒരു നടനെ നല്ല രീതിയിൽ ഉയർത്തിക്കൊണ്ടു വരുമ്പോൾ ആ വേഷം ശ്രദ്ധിക്കപ്പെടുന്നു.

∙അടുത്തിടെ ചെയ്ത വേഷങ്ങളിൽ മനസിൽ തട്ടിയത്?

‘വർഷം’ ആണ് അടുത്തിടെ ചെയ്തതിൽ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു സിനിമ. അതിൽ ഒരു കുട്ടിയുടെ അച്ഛനാണ്. നിസ്സഹായതയും സ്വാർഥതയും ഉള്ള ഒരു അച്ഛൻ. അയാളുടെ സ്വാർഥത സ്വാഭാവികമായി വരുന്നതാണ്.

∙താങ്കൾ സൂപ്പർസ്റ്റാർമാരിൽ ഏറ്റവും കൂടുതൽ അഭിനയിച്ചിരിക്കുന്നത് മമ്മൂക്കയോടൊപ്പമാണ്. അദ്ദേഹത്തിന്റെ മകൻ ദുൽഖറിനൊപ്പവും സിനിമകൾ ചെയ്തു. എന്താണ് അച്ഛനും മകനും തമ്മിലുള്ള വ്യത്യാസം?

ബെസ്റ്റ് ആക്ടർ, ഇമ്മാനുവൽ, വർഷം തുടങ്ങിയ എല്ലാ സിനിമകളിലും മമ്മൂക്കയ്ക്കൊപ്പവും , പട്ടംപോലെ, ഉസ്താദ് ഹോട്ടൽ തുടങ്ങിയ സിനിമകളിൽ ദുൽഖർ സൽമാനൊപ്പവും ഞാൻ അഭിനയിച്ചു

ഒരു ആക്ടർ എന്ന നിലയിൽ മമ്മൂക്ക വളരെ സപ്പോർട്ടീവ് ആണ്. പുറമേ ഒരു ജാഡ കാണിക്കുമെങ്കിലും, അടുത്തു കഴിഞ്ഞാൽ അദ്ദേഹം വളരെ ഫ്രണ്ട് ലി ആണ്.

മമ്മൂക്കയേപ്പോലൊരാളുടെ മകനായി ജനിച്ചതിൽ അഹങ്കരിക്കാൻ എല്ലാ സാഹചര്യങ്ങളുമുണ്ട് ദുൽഖറിന്. എന്നാൽ അഹങ്കാരത്തിനുപകരം വിനയം കൊണ്ട് നമ്മെ കീഴ്പ്പെടുത്തും ദുൽഖർ. പ്രായത്തിൽ കവിഞ്ഞ ഒരു പക്വത അദ്ദേഹത്തിനുണ്ട്.

∙ഇന്നസെന്റിനെ പോലെയാണ് താങ്കൾ എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?

ഇന്നസെന്റിനോട് മാത്രമല്ല, എം എസ് തൃപ്പൂണിത്തുറയോടൊക്കെ എന്നെ ആളുകൾ താരതമ്യപ്പെടുത്തിയിട്ടുണ്ട്. ആദ്യത്തെ ഒരു നോട്ടത്തിൽ ആളുകൾക്ക് തോന്നുന്നതാവാം അത്. എനിക്കിവരിൽ നിന്നെല്ലാം വളരെ വ്യത്യാസമുണ്ട്. ഞാൻ വളരെ ബഹുമാനിക്കുന്ന ആളാണ് ഇന്നസെന്റ് ചേട്ടൻ. സിനിമാ മേഖലയിൽ ഇതിനോടകം തന്നെ തന്റെ സ്ഥാനം ഉറപ്പിച്ച അദ്ദേഹത്തെ അനുകരിക്കേണ്ട ആവശ്യമില്ല.

sunil

∙ജഗതി ശ്രീകുമാർ സിനിമയിൽ നിന്നും മാറി നിന്ന സമയത്താണ് താങ്കളുടെ വരവ്. തമാശയിൽ അദ്ദേഹത്തിനു പകരക്കാരനായി എന്ന് ചിലരൊക്കെ പറയാറുണ്ടോ?

ജഗതി ശ്രീകുമാർ മാത്രമല്ല ഒടുവിൽ ഉണ്ണിക്കൃഷ്ണൻ പോലെയുള്ള ഒരുപിടി നല്ല കലാകാരന്മാരെ നമുക്ക് നഷ്ടപ്പെട്ട ഒരു ഗ്യാപ് ആയിരുന്നു അത്. ഞാൻ ആർക്കും പകരമല്ല. അങ്ങനെ പകരക്കാരനാകുവാൻ സാധിക്കില്ല. ഇനി ആർക്കെങ്കിലും ജഗതി ശ്രീകുമാറിനെപോലൊരു അനുഗ്രഹീത നടന് പകരക്കാരൻ ആവാൻ സാധിക്കുമോ എന്നു തന്നെ അറിയില്ല.

∙ഇപ്പോൾ ചെയ്യുന്ന സിനിമ ഏതാണ്?

കമൽ സാർ സംവിധാനം ചെയ്യുന്നത് ‘ഉട്ടോപ്യയിലെ രാജാവ്’ എന്ന ചിത്രത്തിൽ സോമൻ തമ്പി എന്നാണ് കഥാപാത്രത്തിന്റെ പേര്. മമ്മൂക്കയുടെ അമ്മാവനായിട്ടാണ് ഞാൻ. കുറച്ചു പ്രത്യേകതകൾ ഇതിനുണ്ട്. തമാശയും വില്ലനിസവും ഫാന്റസിയുമെല്ലാം ഇതിൽ സമന്വയിപ്പിച്ചിരിക്കുന്നു. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്യുന്ന ‘ഞാൻ സംവിധാനം ചെയ്യുന്നു’ എന്ന സിനിമയിലും ഒരു വേഷമുണ്ടെനിക്ക്.

∙കുടുംബം?

അമ്മയും രണ്ടു സഹോദരന്മാരും സഹോദരിമാരും ചേർന്നതാണ് എന്റെ കുടുംബം.

മുംബെയിൽ നിന്നും തിരിച്ചെത്തി നാടകത്തിലേക്കിറങ്ങുമ്പോൾ ഒരു സുഹൃത്ത് നാടകത്തിനുവേണ്ടി അടിച്ച നോട്ടീസിൽ സുനിൽ സുഖദ എന്ന പേര് ചേർത്തു. ഒരു പാട് സുനിൽമാർ നാട്ടിലുണ്ടായിരുന്നതു കൊണ്ട് പെട്ടെന്ന് തിരിച്ചറിയാനാണ് വീടിന്റെ പേരായ ‘സുഖദ’ കൂട്ടുകാരൻ സുനിലിനൊപ്പം ചേർത്തത്. ആ പേരു പിന്നെ മാറ്റിയില്ല. സിനിമ കഴിഞ്ഞുള്ള ഇടവേളകളിൽ നാടകത്തിന്റെ തിരശീലയ്ക്കു പിന്നിലെത്തുന്ന സുനിൽ വീണ്ടും അടുത്ത ബെല്ലിനായി കാത്തിരിക്കുന്നു.‌