Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുണ്ടയെപ്പോലുള്ള എന്നെ കമൽസാർ യേശുവാക്കി

tini-tom

രണ്ട് ഓണച്ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മലയാളികളെ കുടുകുടെ ചിരിപ്പിക്കുന്ന ടിനി ടോം. അതും രണ്ട് സൂപ്പർ താരങ്ങൾക്കൊപ്പം സംവിധായക കുലപതികളുടെ ചിത്രത്തിൽ. കമലിന്റെ ഉട്ടോപ്യയിലെ രാജാവിൽ മമ്മൂട്ടിക്കൊപ്പവും രഞ്ജിതിന്റെ ലോഹത്തിൽ മോഹൻലാലിനൊപ്പവും ഉള്ള അനുഭവങ്ങൾ മനോരമ ഓൺലൈനുമായി അദ്ദേഹം പങ്കുവയ്ക്കുന്നു.

രണ്ട് ഓണച്ചിത്രങ്ങൾ, അതും സൂപ്പർസ്റ്റാറുകൾക്കൊപ്പം

അതേ അതേ, എന്റെ സാനിധ്യമുണ്ടായിരുന്ന രണ്ട് ചിത്രങ്ങളാണ് ഓണത്തിന് റിലീസായത്. അതും മലയാളത്തിലെ രണ്ട് സൂപ്പർ സ്റ്റാറുകൾ, രണ്ട് മികച്ച സംവിധായകർ. ലോഹത്തിന്റെ കാര്യം പറയുകയാണേൽ ഒരു മുഴുനീള കഥാപാത്രത്തിന്‍റെ സാന്നിധ്യമുണ്ടെങ്കിലും ഞാനും ലാലേട്ടനും തമ്മിൽ ഒരു കോംബിനേഷൻ സീനേ ഉണ്ടായിരുന്നുള്ളു. എന്നോട് റഫറൻസ് പറഞ്ഞിരുന്നത് അമ്പിളി ചേട്ടനെ(ജഗതി ശ്രീകുമാർ) മനസിൽ കാണാനാണ്. രാത്രി 12 മണിക്കാണ് ആ സീൻ ഷൂട്ട് ചെയ്തത്. ഇതിനു മുൻപ് ഞാൻ ലാലേട്ടനൊപ്പം സ്പിരിറ്റ്, ഒന്നാമൻ എന്നീ രണ്ട് ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. സ്പിരിറ്റിലാണെങ്കിൽ ലാലേട്ടന്റെ മദ്യപാന സ്വഭാവം നിർത്തുന്ന ആളായിട്ടായിരുന്നു. അതും രഞ്ജിത് സാറിന്റെ ചിത്രമായിരുന്നു. അന്ന് സാർ പറഞ്ഞിരുന്നത് നിന്റെ ഒറ്റ ഉപദേശം കാരണം മദ്യപാനം നിർത്തണം. അത്രയും ഡെപ്ത് ആ വാക്കുകളിൽ ഉണ്ടാകണം എന്നാണ്.

എനിക്കാണെങ്കിൽ ഓർമവച്ച കാലം മുതൽ എന്റെ അച്ഛനോടു മദ്യപാനം നിർത്താൻ പറയുന്ന ഓർമ ഉണ്ടായിരുന്നു. അതിന്റെ സ്വാധീനത്തിൽ ഞാൻ അഭിനയിച്ചു, വളരെ ഗംഭീരമായിട്ടു തന്നെ. ആ സീൻ ഷൂട്ട് ചെയ്ത് കഴിഞ്ഞ ശേഷം ആർട്ട് ഡയറക്ടർ സന്തോഷ് രാമൻ എന്റെ അടുത്ത് വന്നു പറഞ്ഞു യഥാർഥത്തിൽ ഈ റോൾ ചെയ്യേണ്ടിയിരുന്നത് അമ്പിളി ചേട്ടനായിരുന്നു. അദ്ദേഹം അപകടം പറ്റി കിടപ്പായതുകൊണ്ടാണ് എനിക്ക് ചെയ്യേണ്ടി വന്നതെന്ന്. എന്തായാലും ആ സീൻ ഷൂട്ട് ചെയ്ത് കഴിഞ്ഞ ശേഷം പറഞ്ഞത് നന്നായി, ഒരുപക്ഷേ അതിനു മുൻപാണ് പറഞ്ഞിരുന്നതെങ്കിൽ എനിക്ക് അത്രയും നന്നായി ചെയ്യാൻ കഴിയുമായിരുന്നില്ല. എത്ര ശ്രമിച്ചാലും അമ്പിളി ചേട്ടന്‍റെ റെയ്ഞ്ചിൽ എത്താൻ എനിക്ക് പറ്റില്ലല്ലോ. ആ പേടിയിൽ ഞാൻ തകർത്തഭിനയിച്ച് ചിലപ്പോൾ കുളമാക്കിയെന്നും വരുമായിരുന്നു.

അതേ രീതിയിൽ അതേ ആൾക്കാരോടൊപ്പമാണ് ലോഹത്തിലും ചെയ്തിരിക്കുന്നത്. ലാലേട്ടൻ, രഞ്ജിത് സർ ഇതിന്റെ ആർട്ട് ഡയറക്ടറും സന്തോഷ് രാമൻ തന്നെ. ഷൂട്ടിനു മുൻപ് എന്താണ് കാരകടർ എന്നോ എന്ത് ഡയലോഗാണെന്നോ ഒന്നും എനിക്ക് അറിയില്ലായിരുന്നു. ട്രോളി ഇട്ട് ഒറ്റ സ്ട്രെച്ചിൽ ഷൂട്ട് ചെയ്യണം. അപ്പോൾ നമ്മുടെ കൂടെയുള്ളവർ അത്രയും നമ്മളെ കംഫർട്ടബിൾ ആക്കുന്നവരായിരിക്കണം. ലാലേട്ടന്റെയും രഞ്ജിത് സാറിന്റെയും സപ്പോർട്ട് ഉള്ളതു കൊണ്ടു മാത്രമാണ് ആ വേഷം ഭംഗിയായി ചെയ്യാൻ സാധിച്ചത്.

ഉട്ടോപ്യയിലെ രാജാവ് ഒരു പൊളിറ്റിക്കൽ സറ്റയർ ആണ്. ഇതിൽ യേശു ക്രിസ്തുവിന്റെ പ്രതിമയായിട്ടാണ് അഭിനയിച്ചിരിക്കുന്നത്. ജോയി മാത്യു സ്വാതന്ത്ര്യസമര സേനാനിയുടെ പ്രതിമയായും. ഞങ്ങൾ തമ്മിലുള്ള സംഭാഷണമാണ്. തൃശൂർ ഭാഷയാണ് ഇതിൽ സംസാരിക്കുന്നത്. മമ്മൂക്കയെ കുറിച്ച് പറയുകയാണെങ്കിൽ അദ്ദേഹം അപ് ടു ഡേറ്റ് ആണ്. അടുത്ത വർഷം ഇറങ്ങുന്ന കാമറയെക്കുറിച്ചു വരെ ഇപ്പോൾ അദ്ദേഹം സംസാരിക്കും. ഈ രണ്ടു പേരോടൊപ്പവും രണ്ട് ഓണച്ചിത്രങ്ങൾ, അതും രണ്ട് ഗംഭീര സംവിധായകർക്കൊപ്പം. അതിന്റെ സന്തോഷത്തിലാണ് ഞാൻ.

യേശുവായപ്പോഴുള്ള അനുഭവം?

ചിത്രീകരണത്തിന് അവിടെ ചെന്നപ്പോൾ പ്രൊഡക്ഷൻ കൺട്രോളറാണ് എന്നോടു പറഞ്ഞത് യേശുവായിട്ടാടാ അഭിനയിക്കേണ്ടതെന്ന്. കേട്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു പോയി. എന്റെ ഈ രൂപം വച്ച് എങ്ങനെ യേശു ആകും. എന്റെ രൂപമാണെങ്കിൽ ഒരു ഗുണ്ടയുടേതും. അദ്ദേഹമാണ് പറഞ്ഞത് നീ കമൽ സാറിനെ വിളിച്ചു ചോദിക്കാൻ. ആ പ്രതിമയ്ക്കാണെങ്കിൽ ക്രിസ്തുവുമായി രൂപസാദൃശ്യം കുറവാണ്. പട്ടണം റഷീദ് ആണ് എന്നെ യേശുവാക്കി മാറ്റിയത്. മേക്ക് അപ് ചെയ്തു കഴിഞ്ഞപ്പോൾ ഞാൻ തന്നെ ഞെട്ടി. രണ്ടു മൂന്നു മണിക്കൂർ കൊണ്ട് അദ്ദേഹം എന്നെ ചിത്രത്തിനു വേണ്ട യേശുവിന്റെ രൂപത്തിലാക്കി മാറ്റി. സംവിധായകന്റെ ഉൾക്കാഴ്ച അപ്പോഴാണ് മനസിലായത്.

എന്തുകൊണ്ടാണ് യേശുവായി തിരഞ്ഞെടുത്തതെന്ന് കമലിനോടു ചോദിച്ചിരുന്നോ?

ചോദിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് ഇതിലെ യേശു ഹ്യൂമർ ആയി സംസാരിക്കുന്ന ആളാണ്. രൂപവും വേണം മലപ്പുറം സ്്ലാങ് സംസാരിക്കുകയും വേണം. ഇതു രണ്ടും കൂടി ചെയ്യാൻ പറ്റുന്ന ആൾ എന്ന നിലയിലാണ് എന്നെ പരിഗണിച്ചത്. ആ ഭാഗങ്ങൾ നന്നായി ചെയ്യാൻ കഴിഞ്ഞുവെന്നും ഞാൻ വിശ്വസിക്കുന്നു.

ഓണത്തിനു കണ്ട അത്ഭുതം

ഓണം ഇപ്പോഴും മാറ്റമൊന്നുമില്ല. പൂക്കളം ഇടുന്നു, സദ്യ ഉണ്ടാക്കുന്നു. ഊഞ്ഞാലാടുന്നു, പിന്നെ പായസം മാത്രം കുറേ ടൈപ്പുകൾ ഇറങ്ങിയെന്നു മാത്രം. ഇപ്പോൾ ഓണത്തിനു ഞാൻ കണ്ട ഒരു അത്ഭുതം എന്നു പറയുന്നത് ഒരു ചാനലിൽ കൊച്ചിയിൽ നടന്ന ബോട്ടപകടവും മരണവും എല്ലാം ലൈവായി റിപ്പോർട്ട് ചെയ്യുന്നു. ദുഃഖം തളം കെട്ടി നിൽക്കുന്ന അന്തരീക്ഷം. മറ്റൊരു ചാനലിൽ ഓണാഘോഷം തകർക്കുന്നു. അവിടെ ആഘോഷം.