Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമയില്‍ എനിക്ക് ഗോഡ്ഫാദര്‍ ഇല്ല

unni-mukundhan ഉണ്ണി മുകുന്ദന്‍

നമ്മൾ വീഡിയോഗെയിം കളിച്ച് തോറ്റുപോകുന്ന അവസ്ഥയിൽ ഒരു ലൈഫ് കിട്ടുമ്പോൾ തോന്നുന്ന സന്തോഷമില്ലേ? ജീവിക്കാൻ വീണ്ടും ഒരു അവസരം കിട്ടുമ്പോഴുള്ള സന്തോഷം? അത്തരമൊരു സന്തോഷത്തിലാണ് ഉണ്ണീമുകുന്ദൻ. സിനിമാജീവിതത്തിൽ തോറ്റുപോകുമെന്നു തോന്നിയ അവസരത്തിൽ ഉണ്ണിയെ തേടിവന്ന ജീവിതമായിരുന്നു വിക്രമാദിത്യൻ, അത് കൊടുത്തതാകട്ടെ ലാൽജോസും. കെ.എൽ-10-പത്ത് എന്ന സിനിമയിലൂടെ ലാൽജോസ് പിന്നെയും ഉണ്ണിയുടെ ജീവിതത്തിൽ വെളിച്ചം വീശി. പുതിയ സിനിമ കെ.എൽ-10-പത്തിനെക്കുറിച്ചും ലാൽജോസ് എന്ന രക്ഷകനെക്കുറിച്ചും ഉണ്ണിമുകുന്ദൻ മനസ്സുതുറക്കുന്നു.

വിക്രമാദിത്യന് ശേഷമുള്ള മുഴുനീള കഥാപാത്രമാണോ കെൽ-10-പത്ത്?

അതെ. മലബാറിന്റെ പശ്ചാതലത്തിലുള്ള കഥയാണ് കെ.എൽ-10. അഹമ്മദ് എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. നാട്ടിൻപുറത്തൊക്കെ കാണുന്ന വളരെ സാധാരണക്കാരനായ പയ്യനായിട്ടാണ് അഭിനയിക്കുന്നത്. ഞാൻ ആദ്യമായി മലബാർ ഭാഷ സംസാരിക്കുന്നതും കെ.എൽ-10ലാണ്. റൊമാന്റിക്ക് കോമഡി ചിത്രം കൂടിയാണ് കെ.എൽ-10 പത്ത്.

kl-10

എന്തുകൊണ്ടാണ് ഒരു സിനിമയ്ക്കു ശേഷം ഇത്രയധികം ഇടവേളകൾ വരുന്നത്?

ഒരു കഥ കേട്ടാൽ എനിക്ക് ചെയ്യാൻ പറ്റുന്നതാണെങ്കിൽ എന്റെ സമയം മുഴുവൻ ആ കഥാപാത്രത്തിനു വേണ്ടി ഞാൻ നൽകും. ഈ സിനിമയ്ക്കു വേണ്ടി ഞാൻ ഫുട്ബോൾ കളിക്കാൻ പഠിച്ചു. വിക്രമാദിത്യത്തിനു വേണ്ടി ഉണ്ടാക്കിയ മസിലൊക്കെ കുറച്ചു. തനി നാട്ടിൻപുറത്തുകാരന്റെ വേഷവും ഭാവവുമൊക്കെയാണ് ഇതിൽ. അതിനായി കുറച്ചു സമയം വേണ്ടിയിരുന്നു. പിന്നെ വിക്രമാദിത്യനു മുമ്പുതന്നെ ഇതിന്റെ സംവിധായകൻ മുഹസിനുമായി എനിക്ക് പരിചയമുണ്ടായിരുന്നു. അന്നു തന്നെ കഥ എന്നോട് പറഞ്ഞതാണ്. അന്ന് ഞാൻ കരിയറിൽ തകർന്നിരിക്കുന്ന സമയമാണ്. വിക്രമാദിത്യൻ ഓടുകയാണെങ്കിൽ ഞാൻ ഈ സിനിമ ചെയ്യാം എന്നാണ് പറഞ്ഞത്. വിക്രമാദിത്യൻ വിജയിച്ചതിനു ശേഷമാണ് കെ.എൽ-10പത്തിൽ അഭിനയിക്കാൻ തയ്യാറാകുന്നത്. വിക്രമാദിത്യൻ തന്നെ ആത്മവിശ്വാസമാണ് എന്റെ സിനിമാജിവിതം തിരിച്ചുപിടിക്കാൻ സഹായിച്ചത്.

ലാൽജോസാണോ സിനിമാജീവിതത്തിലെ ഗോഡ്ഫാദർ?

ലാൽ ജോസ് എന്ന വ്യക്തി ഇല്ലായിരുന്നെങ്കിൽ ഇന്നിപ്പോൾ ഇതുപോലെ സംസാരിക്കാൻ ഞാൻ ഉണ്ടാകില്ലായിരുന്നു. സിനിമകളൊന്നുമില്ലാതെ, ഫോണിൽ ഒരു കോൾ പോലും വരാതെ ആകെ തകർന്നിരിക്കുന്ന സമയത്താണ് ലാൽജോസ് സർ എന്നെ വിളിക്കുന്നതും വിക്രമാദിത്യനിലെ വിക്രമാകാൻ ക്ഷണിക്കുന്നതും. നമ്മൾ വീഡിയോഗെയിം കളിച്ച് തോറ്റുപോകുന്ന അവസ്ഥയിൽ ഒരു ലൈഫ് കിട്ടുമ്പോൾ തോന്നുന്ന സന്തോഷമില്ലേ? ജീവിക്കാൻ വീണ്ടും ഒരു അവസരം കിട്ടുമ്പോഴുള്ള സന്തോഷം? അത്തരമൊരു സന്തോഷമായിരുന്നു എനിക്ക് അന്ന്. പുതുജീവിൻ കിട്ടിയ സന്തോഷം. നമ്മൾ ഹിറ്റ് ആയി നിൽക്കുമ്പോൾ വിളിക്കാൻ ഒരുപാടു പേരുണ്ടാകും പക്ഷെ ഒന്നുമില്ലാതെ നിൽകുമ്പോൾ സഹായിക്കാൻ ആരും കാണില്ല, ലാൽജോസ് സാറിനെപ്പോലെ ചിലരല്ലാതെ. എന്റെ സിനിമാജീവിതത്തിൽ എനിക്ക് കടപ്പാടുള്ള ഒരേയൊരു വ്യക്തി സാറാണ്.

unni

എൽ.ജെ ഫിലിംസ് എന്ന കമ്പനിയുടെ രൂപത്തിലും ലാ‍ൽജോസ് ഉണ്ണിയുടെ ജീവിതത്തിൽ രക്ഷകനായതെങ്ങനെയാണ്?

കെ.എൽ-10-പത്ത് എന്ന സിനിമയുടെ നിർമാണത്തിന് ആദ്യം ഒരു കമ്പനി വന്നു, പക്ഷെ വിതരണത്തിന് ആരും ആദ്യം തയ്യാറായില്ല. അതുകൊണ്ട് അവർ സിനിമയിൽ നിന്നും മാറി. കുറ്റം പറഞ്ഞിട്ട് കാര്യമില്ല, എന്നെപ്പോലെ അധികം മാർക്കറ്റ് ഇല്ലാത്ത ഒരാൾക്കു വേണ്ടി കാശുമുടക്കാൻ ആരു തയ്യാറായെന്നു വരില്ല. അപ്പോഴും എന്റെ മനസ്സിൽ ആദ്യം വന്നത് ലാൽജോസ് സാറിന്റെ മുഖമാണ്. മുഹസിന്റെ കൈയ്യിൽ ഒരു കഥയുണ്ട്, സർ കേട്ടുനോക്കാമോ എന്നു ചോദിച്ചു. സിനിമ എൽ.ജെ ഫിലിംസ് ഏറ്റെടുത്താൽ നല്ലതായിരിക്കുമെന്ന പ്രതീക്ഷയിലാണ് കഥ പറഞ്ഞത്. പക്ഷെ കഥ കേട്ടുകഴിഞ്ഞ ഉടൻ സർ സ്വന്തം പോക്കറ്റിൽ നിന്ന് കാശെടുത്ത് തന്നിട്ട് എൽ.‍ജെ ഫിലിംസ് തന്നെ ഇത് പ്രൊഡ്യൂസ് ചെയ്യുമെന്നും പറഞ്ഞു. അറിയാതെ കണ്ണുനിറഞ്ഞു പോയ നിമിഷമായിരുന്നു. എന്നെപ്പോലെയുള്ള പുതുമുഖങ്ങളെ പ്രമോട്ട് ചെയ്യാൻ തോന്നിയത് സാറിന്റെ നല്ല മനസ്സാണ്.

unni-lal-jose ലാല്‍ ജോസിനൊപ്പം ഉണ്ണി മുകുന്ദന്‍

ആർക്കും കിട്ടാത്ത നല്ല ഒരു തുടക്കമായിരുന്നല്ലോ ഉണ്ണീമുകുന്ദന് എന്ന നടന് കിട്ടിയത്. എന്നിട്ടും എവിടെയാണ് പാളിപ്പോയത്?

എന്റെ സിനിമയും ജീവിതവും എല്ലാം തീരുമാനിക്കുന്നത് ഞാൻ തന്നെയാണ്. എനിക്ക് ആശ്രയിക്കാൻ ഒരു ഗോഡ്ഫാദറുമില്ലാതെയാണ് ഞാൻ സിനിമയിൽ വന്നത്. നന്ദനത്തിന്റെ തമിഴ് പതിപ്പായ ശീടനിലൂടെ. പൃഥ്വിരാജ് അഭിനയിച്ച കഥാപാത്രത്തെയാണ് തമിഴിൽ ഞാൻ അഭിനയിച്ചത്. നല്ല തുടക്കം തന്നെയായിരുന്നു. പക്ഷെ പിന്നീടങ്ങോട്ട് വന്നപ്പോൾ യാതൊരു സിനിമാപശ്ചാത്തലമില്ലാത്ത ഗോഡ്ഫാദറൊന്നുമില്ലാത്ത ഒരാൾക്ക് സംഭവിക്കാവുന്നത് തന്നെയാണ് എനിക്കും സംഭവിച്ചത്. പല വേഷങ്ങളിൽ നിന്നും എന്നെ ഒഴിവാക്കി, പലരുടെയും പകരക്കാരനായി, കുറച്ചു കഴിഞ്ഞപ്പോൾ ആരും വിളിക്കാത്ത അവസ്ഥ വരെയെത്തി. പിന്നെ ആ സമയത്ത് ഞാൻ എടുത്ത ചില നിലപാടുകളും എനിക്ക് തിരിച്ചടിയായിട്ടുണ്ട്. സിനിമയെന്ന ബിസിനസ്സിനെക്കുറിച്ച് ഒന്നുമറിയാതെ വന്ന സിനിമാമോഹിയായ ഒരാൾക്ക് സംഭവിക്കാവുന്ന തെറ്റുകളാണ് എനിക്കും പറ്റിയത്. നല്ല ഒരു പ്രൊഡക്ഷൻ ഹൗസിന്റെ അഭാവം, മല്ലുസിങ്ങിലെ പോലെ എനിക്ക് ഒരു റഫ് ആൻഡ് ടഫ് ലുക്കേ ചേരൂ എന്ന ചിന്ത അതൊക്കെ തിരിച്ചടികളായിട്ടുണ്ട്.

ഒരുപാടു പ്രതീക്ഷയോടെ ചെയ്ത സിനിമയാണ് സാമ്രാജ്യം 2, സാമ്രാജ്യത്തിനും ഇതേ അവസ്ഥയുണ്ടായി. പതിനേഴ് മിനുട്ട് മാത്രമേ ഞാന്‍ആ സിനിമയിലുള്ളു. അതിൽ നിന്നെല്ലാം എന്നെ കരകയറ്റിയത് ലാൽജോസ് സർ തന്ന ആത്മവിശ്വാസമാണ്. വിക്രമാദിത്യന് എന്നെ ക്ഷണിക്കുമ്പോൾ ഞാൻ ചോദിച്ചൂ സർ വേറെ ആരെയെങ്കിലും പോരെ എനിക്ക് ഇതു തന്നാൽ സിനിമയെ ബാധിക്കില്ലേ എന്ന്. അദ്ദേഹം പറഞ്ഞു ഈ റോൾ നിനക്കുള്ളതാണ്, നിനക്ക് മാത്രമേ ചെയ്യാൻ സാധിക്കൂ, നിനക്കിത് നന്നായി ചെയ്യാൻ സാധിക്കുമെന്ന വിശ്വാസം എനിക്കുണ്ടെന്ന്. ആ വിശ്വാസമാണ് എനിക്ക് കരിയറിലൊരും രണ്ടാം ജന്മം നൽകിയത്.

unni-muhsin കെ.എല്‍ 10 പത്തിന്‍റെ സംവിധായകന്‍ മുഹ്സിനൊപ്പം

പരാജയങ്ങളിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ടാണോ കെ.എൽ-10 പത്ത് എന്ന സിനിമ ചെയ്തിരിക്കുന്നത്?

എനിക്ക് മാത്രമല്ല, എന്നപ്പോലെയുള്ള കുറച്ചു പുതുമുഖങ്ങൾക്ക് നല്ലൊരു തുടക്കം നൽകുന്ന സിനിമ കൂടിയായിരിക്കുമിത്. ഈ സിനിമ വിജയിച്ചാൽ ചെറുപ്പകാരായ ആളുകളുടെ സിനിമ നിർമിക്കാൻ നിർമാതാക്കൾ തയ്യാറാകും. ലാൽജോസിനെപ്പോലെ ഒരാൾക്ക് ഇത്തരം സിനിമകൾ ഇനിയും ചെയ്യാനുള്ള പ്രചോദനമായിരിക്കും സിനിമകയുടെ വിജയം. അജുവർഗീസിനൊപ്പമുള്ള എന്റെ ആദ്യ സിനിമ കൂടിയാണിത്. അജു ഇതിനോടകം മലബാർ പശ്ചാതലത്തിലുള്ള രണ്ടു ഹിറ്റ് സിനിമകളുടെ ഭാഗമായ വ്യക്തിയാണ്. അജുവിന്റെ ആ പരിചയവും സിനിമയെ സഹായിച്ചിട്ടുണ്ട്. ചാന്ദിനി എന്ന പുതുമുഖമാണ് ഇതിലെ നായിക. പ്രേക്ഷകർക്ക് എന്നോടുള്ള വിശ്വാസം തിരിച്ചുപിടിക്കാനുള്ള ശ്രമം കൂടിയാണ് ഈ സിനിമ. സിനിമ വിജയിച്ചാൽ എന്റെ ജീവിതത്തിലെ ആദ്യ സോളോ ഹിറ്റ് കൂടിയായിരിക്കുമിത്. നല്ല സിനിമകളെ പ്രേക്ഷകർ പ്രോത്സാഹിപ്പിക്കാറുണ്ട്. ഈ സിനിമയേയും പ്രോത്സാഹിപ്പിക്കുമെന്ന വിശ്വാസത്തിലാണ് സിനിമ ചെയ്തത്.

ഏതാണ് ഇനി വരാനിരിക്കുന്ന സിനിമകൾ?

ഇതിഹാസ ടീമിന്റെ സ്റ്റൈലാണ് പുതിയ ചിത്രം. പേരു പോലെ തന്നെ യൂത്ത് ഓറിയന്റഡ് സിനിമയാണ് സ്റ്റൈൽ. കാറ്റും മഴയുമാണ് വേറെയൊരു ചിത്രം. സുകൃതത്തിന്റെ സംവിധായകൻ ഹരികുമാര്‍സാറിന്റെ സിനിമയാണ് കാറ്റും മഴയും. അത് പോസ്റ്റ് പ്രൊഡക്ഷനില്‍മുടങ്ങിപ്പോയതാണ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ഏറ്റെടുത്താണ് സിനിമ പൂര്‍ത്തിയാക്കിയത്. ആ ചിത്രം ഉടന്‍തിയറ്ററുകളിലെത്തും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.