Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാലിനൊപ്പം ഒരു വേഷം തരൂ; ജിസേൽ തക്റാൾ

gizel-mohanlal

ജിസേൽ തക്റാൾ രാജ്യാന്തര മോഡലും ബോളിവുഡ് താരവുമാണ്. ബിഗ് ബോസ് സീസൺ 9ൽ മൽസരാർഥിയായിരുന്ന ജിസേൽ.പ്രിയങ്ക ചോപ്രയ്ക്കു പിന്നാലേ ഹോളിവുഡ് സീരിസിൽ അഭിനയിക്കാനൊരുങ്ങുന്ന ഇന്ത്യൻ താരം കൂടിയാണ്. മലയാളം പച്ചവെള്ളം പോലെ പറയുന്ന ജിസേൽ പാതി മലയാളി കൂടിയാണ്. ജിസേലിനെ പരിചയപ്പെടാം.

∙കേരളവുമായുള്ള ബന്ധം ?

ഞാൻ പകുതി മലയാളിയാണ്. അതിൽ ഏറെ അഭിമാനിക്കുന്ന വ്യക്തി കൂടിയാണ്. അച്ഛൻ പഞ്ചാബിയും അമ്മ മലയാളിയുമാണ്. ആലപ്പുഴ മാരാരിക്കുളത്താണു അമ്മ വീട്. അമ്മയുടെ സഹോദരി തങ്കമ്മയാണു അവിടെ താമസിക്കുന്നത്. തങ്കമ്മ അമ്മച്ചിയെ കാണാൻ ഞാൻ ആറു മാസത്തിലൊരിക്കൽ കേരളത്തിൽ വരാറുണ്ട്. അമ്മ (പൊന്നമ്മ) രാജസ്ഥാനിൽ ജോലിക്കായി വന്നപ്പോഴാണു അച്ഛനെ (അശോക് തക്റാൽ) വിവാഹം കഴിക്കുന്നത്. ഏറെക്കാലം രാജസ്ഥാനിലായിരുന്നു. അമ്മ ഇപ്പോൾ എന്റെയൊപ്പം മുംബൈയിലാണു താമസം. അച്ഛൻ ആദ്യം ആർമിയിലായിരുന്നു. പിന്നീട് സ്വന്തം ബിസിനസുണ്ടായിരുന്നു.

∙മോഡലിങ് ?

ഇന്ത്യയിലും ദുബായിലുമായിട്ടാണു പഠനം. സ്കൂളിങ് കഴിഞ്ഞപ്പോൾ തന്നെ മോഡലിങ് രംഗത്തേക്കു കടന്നു. 2008ൽ ടർക്കിയിൽ നടന്ന ഫോഡ് ഇന്റർനാഷണൽ മോഡൽ മൽസരമാണു വഴിത്തിരിവായത്. യൂറോപ്പിലും ടർക്കിയിലും ഏറെക്കാലം മോഡലിങ് രംഗത്തു സജീവമായിരുന്നു. 2011 കിങ് ഫിഷർ കലണ്ടർ ഷൂട്ടിനായാണു വീണ്ടും ഇന്ത്യയിലെത്തുന്നത്. മുംബൈയിലാണ് ഇപ്പോൾ സ്ഥിര താമസം. ലാക്മെ ഫാഷൻ വീക്കിലും ടിവി ഷോകളും ചെയ്തു. ഒരു തവണ കൊച്ചി ഫാഷൻ വീക്കിലും പങ്കെടുത്തിട്ടുണ്ട്.

gizel

∙സിനിമ ?

മസ്തിസാദേ, ക്യാ കൂൾ േഹ ഹം 3 എന്നിവയിലാണു അഭിനയിച്ചത്. തുഷാർ കപൂറായിരുന്നു രണ്ടു ചിത്രങ്ങളിലും പ്രധാന വേഷം ചെയ്തത്. ബാലാജി ടെലിഫിലിംസിന്റെ മൂന്നു ചിത്രങ്ങളാണു കരാറുള്ളത്. ബോളിവുഡിലെ വില്ലൻ കഥാപാത്രങ്ങളിലൂടെ പ്രശസ്തനായ ഗുൽഷൻ ഗ്രോവറിനൊപ്പം ബാഡ്മാൻ എന്ന വെബ് സിനിമയിൽ അഭിനയിക്കുകയാണിപ്പോൾ. മഹേഷ് ഭട്ട്, ഷൂജിത്ത് സിർക്കാർ, മനീഷ കൊയ്‌രാള, റിഷി കപൂർ എന്നിവർ ചിത്രത്തിൽ അതിഥി താരങ്ങളാണ്. സൗമിക് സെന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹോളിവുഡ് സീരിസും ഈ വർഷമുണ്ടാകും.

∙ചിത്രങ്ങൾ പലതും സെക്സ് കോമഡി ഗണത്തിലുള്ളതാണ് ?

ഇന്റർനാഷണൽ മോഡലിങ് രംഗത്തു നിന്നു വരുന്നവർക്കു തുടക്കത്തിൽ ബോളിവുഡിൽ ഇത്തരം റോളുകളാണ് ലഭിക്കുന്നത്. ആദ്യം ഇത്തരം വേഷങ്ങൾ സ്വീകരിക്കണോ എന്ന കാര്യത്തിൽ എനിക്കു സംശയമുണ്ടായിരുന്നു. തീവ്രവാദിയായി വേഷമിട്ടാൽ നമ്മൾ യാഥാർത്ഥ ജീവിതത്തിൽ തീവ്രവാദിയാകുന്നിലല്ലോ. തുടക്കക്കാരി എന്ന നിലയിൽ നമ്മൾ ആഗ്രഹിക്കുന്ന വേഷങ്ങൾ കിട്ടണമെന്നില്ല. ഇപ്പോളെനിക്കു കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. തനി ഇന്ത്യൻ കഥാപാത്രമായി അഭിനയക്കണമെന്നാണു ആഗ്രഹം. ഏറെക്കാലം നാടകകമ്പനികളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിട്ടുണ്ട്. നല്ല കഥാപാത്രങ്ങൾ ലഭിക്കാൻ കാത്തിരിക്കയാണ്.

∙പ്രിയങ്ക ചോപ്രയ്ക്കു പിന്നാലേ ഹോളിവുഡ് സീരിസിലേക്ക് ?

ഹോളിവുഡ് ഇന്ത്യയിൽ നിന്നുള്ള നടിമാരെ നോക്കിക്കാണുന്ന രീതികളിൽ ഏറെ മാറ്റം വന്നിട്ടുണ്ട്. ഇവിടെ ഏറെ സുന്ദരികളുണ്ടെന്ന കാര്യം അവർക്കറിയില്ലായിരുന്നു. അവർക്കു അങ്ങനെയൊരു എക്സ്പോഷർ നമ്മുടെ താരങ്ങളെ സംബന്ധിച്ചില്ല. പതിയെ ആ സ്ഥിതിക്കു മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. പ്രിയങ്ക ചോപ്ര ഞങ്ങൾക്കെല്ലാവർക്കുമായി ഒരു വഴിതുറന്നു തന്നു. ഹോളിവുഡ് സീരിസിന്റെ ചർച്ചകൾ അവസാന ഘട്ടത്തിലാണ് വൈകാതെ ചിത്രീകരണം ആരംഭിക്കും.

∙മലയാള സിനിമകൾ കാണാറുണ്ടോ ?

മിക്കതും കാണാറുണ്ട്. പ്രൃഥിരാജിന്റെ പിക്കറ്റ് 43യാണ് അവസാനം കണ്ടത്. പ്രൃഥിരാജിന്റെ സിനിമകൾ ഇഷ്ടമാണ്. മോഹൻലാൽ സാറിന്റെ സിനിമകളും ഏറെയിഷ്ടമാണ്.അദ്ദേഹത്തോടൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. മലയാള സിനിമകൾ ബോളിവുഡിൽ നിന്നു തീർത്തും വ്യത്യസ്തമാണ്. യാഥാർത്ഥ്യങ്ങളോട് ഏറെ ചേർന്നു നിൽക്കുന്നതാണു മലയാള സിനിമ. നടിമാർക്ക് കേരളത്തിൽ ഏറെ അഭിനയ സാധ്യതയുള്ള വേഷങ്ങൾ ലഭിക്കുന്നുണ്ട്. കാവ്യ മാധവനാണു എന്റെ പ്രിയതാരം. അവസരം കിട്ടിയാൽ സ്വന്തം നാട്ടിലെ സിനിമയിൽ അഭിനയിക്കുന്നതിൽ സന്തോഷമേയുള്ളൂ.

∙വർക്ക് ഒൗട്ടും ഡയറ്റും

ഡയറ്റും പൂർണ്ണമായി പാലിക്കാറുണ്ട്. 14 വയസു മുതൽ പൂർണ വെജിറ്റേറിയനാണ്. കപ്പ ഇഷ്ടമാണ്. കഴിവതും എണ്ണ കുറയ്ക്കാറുണ്ട്. എണ്ണയിൽ വറുത്തതൊന്നും കഴിക്കാറില്ല.സാലഡകളാണു ഭക്ഷണത്തിൽ കൂടുതൽ. സംസ്കരിച്ച ഭക്ഷണ പദാർത്ഥങ്ങളോ മാംസാഹാരമോ കഴിക്കാറില്ല. നമ്മൾ കഴിക്കുന്ന വസ്തുക്കൾ പോലെയിരിക്കും നമ്മളെ കാണാൻ.കൂടുതൽ നാരുകളടങ്ങിയ ഭക്ഷണത്തിനാണു മുൻഗണന. കേരളത്തിൽ വരുമ്പോളാണു ഞാൻ കൈവിട്ടു ഭക്ഷണം കഴിക്കുന്നത്. പപ്പടവും അവിയലും തോരനും എല്ലാം അകത്താക്കും. വർഷത്തിൽ ഒന്നോ രണ്ടോ തവണ ഡയറ്റ് തെറ്റിച്ചാൽ കുഴപ്പമില്ലെന്നാണ് എന്റെ വിശ്വാസം. വർക്ക് ഒൗട്ട് കാര്യമായി ചെയ്യാറില്ല. നടപ്പും യോഗയും മാത്രമേയുള്ളു.

Your Rating: