Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാണ് ക്യാമറയിലൂടെ കണ്ടതിൽ ഏറ്റവും സുന്ദരി? ജോമോൻ പറയുന്നു

jomon-t-john

മലയാളത്തിലെ യുവ ഛായാഗ്രാഹകരില്‍ ഏറ്റവും ശ്രദ്ധേയനായ ആളാണ് ജോമോൻ ടി ജോൺ. 2011ൽ 'ചാപ്പാകുരിശ്' എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ജോമോൻ പിന്നീട് ബ്യൂട്ടിഫുൾ, തട്ടത്തിൻ മറയത്ത്, അയാളും ഞാനും തമ്മിൽ, തിര, എ ബി സി ഡി, ചാർലി, എന്നു നിന്റെ മൊയ്തീൻ, ജേക്കബിന്റെ സ്വർഗരാജ്യം തുടങ്ങി പതിനഞ്ചോളം ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച് കഴിഞ്ഞു. ഇവയിൽ എല്ലാ ചിത്രങ്ങളും സൂപ്പർഹിറ്റുകളും.

ജോമോന്റെ ക്യാമറ കണ്ണുകളിൽ സുന്ദരിമാരായ ഒരുപാട് നടിമാരെ നമ്മൾ കണ്ടു. എന്നാൽ അതിൽ ജോമോന് ഏറ്റവും സുന്ദരിയായി തോന്നിയ നടി ആരായിരിക്കും ? പ്രേക്ഷകർക്കും അത് അറിയാൻ ആഗ്രഹമില്ലേ? ഏറ്റവും ബുദ്ധിമുട്ടേറിയ സിനിമ ഏത്? ഇതിനെല്ലാം ഉത്തരം ജോമോൻ തന്നെ പറയുന്നു.

∙ ജോമോന്റെ ക്യാമറയിൽ നടിമാർ ഏറെ സുന്ദരികളാണ്?

ഒരുപാട് പരസ്യങ്ങളിൽ ഞാൻ അസിസ്റ്റ് ചെയ്തിട്ടുണ്ട്. പരസ്യലോകത്ത് തീമിനൊപ്പം തന്നെയോ അതിന്റെ മേലെയോ ആണ് സൗന്ദര്യപരമായ കാര്യങ്ങൾക്കു കൊടുക്കുന്ന ശ്രദ്ധ. ചർമത്തിന്റെ തിളക്കം മുഖത്തിന്റെ ആംഗിൾ, ലുക്സ്... ഇതിനെല്ലാം പരസ്യരംഗത്ത് പ്രാധാന്യമേറെയാണ്. സിനിമയിലെക്കാളും ഇത്തിരി മുകളിലാണ് ഞാൻ അസിസ്റ്റ് ചെയ്യുന്ന കാലത്ത് കൂടുതലും പരസ്യത്തിൽ വർക്ക് ചെയ്തിട്ടുള്ള കാരണം ഈയൊരു കാര്യം മനസിൽ കയറിയിട്ടുണ്ട്. പിന്നെ എനിക്കിഷ്ടമാണ് ഒരാൾ നന്നായിട്ടിരിക്കുന്നത് കാണാൻ. നമ്മൾ വയ്ക്കുന്ന ലൈറ്റ് പോലെയിരിക്കും ചർമത്തിന്റെ തിളക്കം. അത് ശ്രദ്ധിക്കാറുണ്ട്.

Jomon_4

∙ ആരാണ് ക്യാമറയിലൂടെ കണ്ടതിൽ ഏറ്റവും സുന്ദരി?

എല്ലാവരും സുന്ദരികളാണ്. തട്ടത്തിൻ മറയത്തിലെ ഇഷയെ കേരളത്തിലെ ആണുങ്ങൾക്ക് ഒരുപാടിഷ്ടപ്പെട്ടെന്നു തോന്നുന്നു. അതിൽ കുറച്ച് ആർട്ടിഫിഷ്യൽ ലൈറ്റിങ് ആണ്. സൗന്ദര്യം ആ സിനിമയിൽ കുറച്ച് കൂടുതലായി വേണം. അതിനായി ഓവർ ലൈറ്റ് ചെയ്തു അതിൽ. അതുപോലെ, ആവശ്യമുള്ള സ്ഥലങ്ങളിൽ നമ്മൾ കുറച്ച് കൂടുതൽ ശ്രദ്ധിക്കാറുണ്ട്. അല്ലാത്തിടത്ത് വളരെ നോർമലായിട്ടാണ് ചെയ്യുന്നത്. മൊയ്തീനിലെ ഉൽസവത്തിന്റെ സീൻ എനിക്ക് ഒരുപാടിഷ്ടമുള്ളതാണ് അതൽപം സൗന്ദര്യം കൂട്ടി കാണിക്കേണ്ട സീനായിരുന്നു. അതുപോലെ മുറിയിൽ വച്ച് ടൊവിനോ പാർവതിയെ പ്രൊപ്പോസ് ചെയ്യുന്ന സീനും ആ സീനുകളിൽ കുറച്ചധികം ശ്രദ്ധിച്ചാണ് ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് ആ സീനുകൾ സ്റ്റാൻഡ് ഔട്ട് ചെയ്യുന്നത്.

parvathy

∙ ഏറ്റവും വെല്ലുവിളിയായി തോന്നിയ സിനിമ?

ഇതുവരെ വെല്ലുവിളി ആയിട്ടൊന്നും തോന്നിയിട്ടില്ല. എത്ര കഠിനാധ്വാനവും കഷ്ടപ്പാടും ആണെങ്കിലും അത് ആസ്വദിച്ചാണ് ചെയ്യുന്നത്. മൊയ്തീൻ ഞാനിന്നുവരെ ചെയ്യാത്ത തരം സിനിമയായിരുന്നു. തടിവീടും മനയും പഴയ അന്തരീക്ഷവും മഴയുടെ മൂഡും. തടിവീടു പോലുള്ള സ്ഥലത്ത് ലൈറ്റ് ചെയ്യാനൊക്കെ ബുദ്ധിമുട്ടുണ്ട്. പക്ഷേ നമ്മളിതു വരെ ചെയ്യാത്ത ഒന്ന് ചെയ്തു തീർക്കുന്നതിന്റെ ത്രില്ലുണ്ടായിരുന്നു.

jomon-vimal

∙ മോഹിപ്പിക്കുന്ന സിനിമാട്ടോഗ്രഫി ആരുടേതാണ്?

രാജ്യാന്തര തലത്തിൽ ഈ വർഷത്തെ ഓസ്കർ കിട്ടിയ ഇമ്മാനുവൽ ലുബസ്കി (റവ്നന്റ്), റോജർ ഡിക്കൻസ് ഇവരുടെ രണ്ടു പേരുടെയും സിനിമകൾ കൃത്യമായി കാണാറുണ്ട്. ഇന്ത്യൻ സിനിമയിൽ കെ യു മോഹനൻ, അനിൽ മേത്ത, രാജീവ് രവി ഇവരെയൊക്കെ ഏറെ ഇഷ്ടമാണ്.

∙ അഭിനേതാക്കളുടെ പ്രകടനം കണ്ട് വിസ്മയിച്ച നിമിഷം?

അങ്ങനെ ചോദിച്ചാൽ അത് കുഴപ്പിക്കുന്ന ചോദ്യമാണ്. ദുൽഖറിന്റെ കൂടെ ഞാൻ മൂന്ന് സിനിമ ചെയ്തു. രാജൂന്റെ കൂടെ മൂന്ന് സിനിമ, നിവിന്റെ കൂടെ മൂന്ന് സിനിമ, ഫഹദിന്റെ ഒരു സിനിമ. എല്ലാത്തിലും നല്ല നല്ല അഭിനയ മുഹൂർത്തങ്ങൾ കണ്ടിട്ടുണ്ട്. വിക്രമാദിത്യനിൽ ലെനയും ദുൽഖറും തമ്മിലുള്ള ഒരു സീൻ ഉണ്ട്. അമ്മ അവന് ഇന്റർവ്യൂ കാർഡ് കൊടുക്കാതെ ചീറ്റ് ചെയ്ത ശേഷമുള്ളത്. അതെനിക്ക് ഇഷ്ടപ്പെട്ട രംഗമായിരുന്നു. ചാപ്പാ കുരിശിൽ ഫഹദ് രാവിലെ എണീറ്റ് കംപ്യൂട്ടർ തുറന്നിട്ട് അവന്റെ ക്ലിപ്പിങ് കാണുന്ന സീനുണ്ട്. ഫഹദ് അത് തുറന്നു നോക്കി ഇരിക്കുന്ന ഒരു ഇരിപ്പ... ഡയലോഗ്സ് ഒന്നുമില്ല. ഭയങ്കര നിശബ്ദത. റൂമിൽ ഞാനും സമീറിക്കയും മാത്രം. ബാക്കി ഫുൾ ക്രൂ പുറത്താണ്. ആ സീൻ ഷൂട്ട് ചെയ്യുമ്പോ എന്റെ നെഞ്ച് ഇങ്ങനെ കിടന്ന് പടപടാ മിടിക്കുകയായിരുന്നു. എന്താണെന്നറിഞ്ഞു കൂടായിരുന്നു. അതുപോലെ രാജൂന്റെ ‘അയാളും ഞാനും തമ്മി’ലെ അഭിനയ മുഹൂർത്തങ്ങൾ. ജേക്കബിന്റെ സ്വർഗരാജ്യത്തിലെ നിവിന്റെ പ്രകടനം.

∙ സിനിമയല്ലാതുള്ള ഇഷ്ടങ്ങൾ

ലോങ് ഡ്രൈവുകൾ. പിന്നെ മ്യൂസിക്. എല്ലാത്തരം പാട്ടും ഞാൻ ആസ്വദിക്കും. എല്ലാത്തരം പാട്ടിന്റെയും കളക്ഷനുണ്ട്. ട്രാവൽ ചെയ്യുന്നതും ഷൂട്ട് ചെയ്യുന്നതുമൊക്കെ പാട്ടു കേട്ടുകൊണ്ടാണ്. ഇപ്പോഴും ഒരു മ്യൂസിഷ്യൻ ആകാൻ പറ്റാത്തതിൽ ഖേദിക്കുന്ന ആളാണ് ഞാൻ.

വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജോമോൻ ഇക്കാര്യം വ്യക്തമാക്കിയത്. അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം