Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുടി നീണ്ടാൽ വീട്ടുകാർ പറയും കട്ട് !

Jomon3

ക്യാമറാമാന്റെ കാഴ്ചയാണ് സിനിമയുടെ ജീവൻ. ഒരു കാറ്റിൽ, മഴയിൽ, വെയിൽ ചില്ലകളിലെല്ലാം സിനിമ സ്പന്ദിക്കുന്നു. പ്രേക്ഷകനും മാറി. ആരാണു സംവിധായകൻ എന്നു നോക്കുന്നതുപോലെ ആരാണു ക്യാമറാമാൻ എന്നും അവർ ലെൻസുവച്ചു നോക്കുന്നു. ചിലരുടെ പേരുകൾക്കു കയ്യടിക്കുന്നു. ക്യാമറ: ജോമോൻ ടി. ജോൺ എന്നെഴുതി വരുമ്പോഴുള്ള കയ്യടിയുടെ കനം ജോമോന്റെ മികവിനുള്ള അംഗീകാരമാണ്. മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാർഡുമായി ജോമോൻ ഇപ്പോൾ ആ കയ്യടിക്ക് കയ്യൊപ്പിടുന്നു. നീന, എന്നു നിന്റെ മൊയ്തീൻ, ചാർലി തുടങ്ങി ജോമോന്റെ ക്യാമറകളുടെ ഭ്രമണം വിജയപഥങ്ങളിലൂടെ തുടരുന്നു. ജോമോൻ ടി. ജോൺ സംസാരിക്കുന്നു.

*പ്രയത്നത്തിന്റെ ഫലം *

ശരിക്കും പേടിച്ചാണു ചാർലി ചെയ്തത്. സ്ക്രിപ്റ്റ് വായിച്ചപ്പോൾ മുതൽ ഒരു പേടിയുണ്ടായിരുന്നു. ഇതൊരു നൂലിന്മേൽക്കളിയാകുമല്ലോ എന്നു തോന്നി. പക്ഷേ, സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് ധൈര്യം തന്നു കൂടെനിന്നു. മാർട്ടിനിൽ പൂർണ വിശ്വാസമർപ്പിച്ചാണു ഞാൻ ക്യാമറയെടുത്തത്. ആ പ്രയത്നം അംഗീകരിക്കപ്പെട്ടതിൽ സന്തോഷമുണ്ട്.

Jomon_4

*കടലിലെ ചാർലി *

കൊച്ചി ഷിപ്പ്‌യാർഡിൽനിന്ന് ബോട്ടിൽ പോയി പുറംകടലിലാണു ചാർലിയിലെ ഒരു പാട്ടുസീൻ ചെയ്തത്. രണ്ടുദിവസം കടലിലായിരുന്നു ഷൂട്ടിങ്. വൈകിട്ട് മൂന്നു മണിക്കു പോയി ആറരയോടെ തിരിച്ചുവരും. പാട്ടുസീനിലെ വൈഡ് ഷോട്ടുകളെല്ലാം കടലിൽവച്ച് എടുത്തു. ബോട്ട് ഒരു യാഡിൽ കയറ്റിവച്ച് ബാക്ഗ്രൗണ്ട് കട്ട് ചെയ്താണു ബാക്കി സീനുകളെടുത്തത്. കടലിൽവച്ചു റിയൽ ഷോട്ടുകളെടുത്തപ്പോൾ ശരിക്കും വലഞ്ഞുപോയി. കടലിൽ പോകാൻ പ്ലാൻ ചെയ്ത ദിവസങ്ങളിലൊന്നിലാണ് എറണാകുളം ജെട്ടിയിലെ ബോട്ട് ദുരന്തം ഉണ്ടായത്. അന്നു ഷൂട്ടിങ് മാറ്റിവച്ചു

*കാലത്തിനൊത്ത മാറ്റം *

ചാപ്പാ കുരിശിൽനിന്നു ചാർലിയിലെത്തുമ്പോഴേക്കും സാങ്കേതികവിദ്യയിലും ക്രിയേറ്റിവിറ്റിയിലും സിനിമാട്ടോഗ്രഫി കുറെ മാറിയിട്ടുണ്ട്. ഡിജിറ്റൽ സിനിമയുടെ തുടക്കകാലത്താണു ചാപ്പാ കുരിശ് ചെയ്യുന്നത്. ഇപ്പോൾ സിനിമ പൂർണമായും ഡിജിറ്റൽ ആയിക്കഴിഞ്ഞു. പുതിയ ക്യാമറകൾ വന്നു, കുറച്ചുകൂടി പെർഫക്‌ഷൻ കിട്ടിത്തുടങ്ങി. സിനിമ കാലത്തിനൊത്ത് അതിവേഗം മാറുകയാണ്. . *സർവകലാശാല *

jomon1

ഇതൊരു ഡെയ്‌ലി ലേണിങ് പ്രോസസ് ആണ്. ഓരോ സിനിമയും ഓരോ എക്സ്പീരിയൻസായിട്ടാണു ഞാൻ എടുത്തിട്ടുള്ളത്. പുതിയ സംവിധായകർ, നടന്മാർ, ടെക്നീഷ്യൻസ്..ജീവിതത്തിലൂടെ ഒരുപാട് ആളുകൾ പുതിയ അറിവുകളും അനുഭവങ്ങളുംതന്നു കടന്നുപോകുന്നു. ഓരോരുത്തരിൽനിന്നും നമുക്ക് ഒത്തിരി കാര്യങ്ങൾ പഠിക്കാനുണ്ടാകും. സിനിമ ഒരു വലിയ സർവകലാശാലയാണ്

*പേടിച്ചുപോയ പിക്കറ്റ് 43 *

ഏറെ കായികാധ്വാനം വേണ്ടിവന്ന സിനിമയാണു പിക്കറ്റ് 43. കാൽമുട്ടുവരെ പുതഞ്ഞുപോകുന്ന മഞ്ഞിലായിരുന്നു ഷൂട്ടിങ്. ഒരിടത്തു വച്ച ക്യാമറ മറ്റൊരിടത്തേക്കു മാറ്റിവയ്ക്കാൻ അരമണിക്കൂറെങ്കിലും വേണം. ദിവസവും അഞ്ചുപേരെങ്കിലും അവിടെ വെടിവയ്പിൽ മരിക്കാറുണ്ട്. മൈൻ പൊട്ടിയാലും ഏൽക്കാത്ത ആയ വണ്ടിയിലായിരുന്നു യാത്ര. അന്നു കൂടെയുണ്ടായിരുന്ന പട്ടാളക്കാർ പറഞ്ഞത് ഇന്നും ഉൾക്കിടിലത്തോടെ ഓർക്കുന്നു: വെടിയുണ്ടകൾ വണ്ടിയുടെ ഗ്ലാസിൽ പതിക്കുമ്പോൾ നല്ല ശബ്ദമുണ്ടാകും. പേടിക്കരുത്. എന്നിട്ടും ഞാനും നല്ല ധൈര്യം സംഭരിച്ചാണ് ആ സിനിമ ഷൂട്ട് ചെയ്തത്.

*ബോറാണെങ്കിൽ പറയും *

തിരക്കഥ വായിക്കുമ്പോൾ ഞാൻ എന്റെ മനസ്സിൽ തോന്നുന്ന ചില ആശയങ്ങൾ സംവിധായകരുമായി പങ്കുവയ്ക്കാറുണ്ട്. വിഷ്വൽ ട്രീറ്റ്മെന്റ് നന്നാക്കുന്നതിൽ മാത്രമല്ല, ചില സീനുകൾ വായിച്ചുകേൾക്കുമ്പോൾ, ഇതു ബോറാവില്ലേ എന്നും ചോദിക്കാനുള്ള സ്വാതന്ത്ര്യം എനിക്കു സംവിധായകർ തന്നിട്ടുണ്ട്. എന്നുവച്ചു ഞാൻ സ്ക്രിപ്റ്റ് തിരുത്തുന്നയാളാണെന്നു വിചാരിക്കരുത്. നമ്മൾ വർക്ക് ചെയ്യുന്ന ടീമിൽ ഞാൻ എന്റെ അഭിപ്രായങ്ങൾ പറയുന്നുവെന്നു മാത്രം.

*ഫാഷൻ എനിക്കു പാഷൻ *

ചിലർക്കു പൊളിറ്റിക്സും ചിലർക്കു സ്പോർട്സും താൽപര്യമുള്ളതുപോലെയാണ് എനിക്കു ഫാഷൻ. ചില ഫാഷൻ മാഗസിനുകൾ വീട്ടിൽ വരുത്തുന്നുണ്ട്. ഫാഷൻ കൃത്യമായി ഫോളോ ചെയ്യുന്നത് എന്റെ ഒരു പാഷൻ ആണെന്നു പറയാം. ചില ട്രെൻഡുകൾ പരീക്ഷിക്കുകയും ചെയ്യുന്നു. താടിയിലും മുടിയിലും കാണുന്ന പണികളൊക്കെ അങ്ങനെ വരുന്നതാണ്. സ്കൂളിൽ പഠിക്കുന്ന കാലത്തേ ഇതൊക്കെ താൽപര്യമായിരുന്നു. പക്ഷേ, മുടി നീണ്ടു വളരുമ്പോഴേക്കും വീട്ടുകാർ പിടിച്ചു വെട്ടിച്ചുകളയും.

Your Rating: