Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേരാ തിരുമേനീ, ജോയ് മാത്യു ഔട്ട്സ്പോക്കണാ

joy-mathew

ബസിലെ ‘കിളി’ ആകാൻ മോഹിച്ചു; ഇപ്പോൾ ലോകം മുഴുവൻ പറന്നു നടക്കുന്നു…പുസ്തക പ്രസാധകനായിരിക്കെ കളസംകീറി; ഇപ്പോഴിതാ പുസ്തകമെഴുതിപ്പോലും കീശ നിറയ്ക്കുന്നു…നക്സൽ കളിച്ചു നടക്കുമ്പോൾ ജയിലിൽ കയറി; പിന്നെ ജയിൽ മേധാവിയുടെ മുന്നിലെത്തുന്നത് മാധ്യമപ്രവർത്തകനായി… അവസരങ്ങൾ പ്രതീക്ഷിച്ചകാലത്ത് സിനിമയിലെ സുഹൃത്തുക്കൾപ്പോലും ഗൌനിച്ചില്ല; ഇപ്പോഴിതാ കൈനിറയെ പടങ്ങൾ…

ഒരിക്കൽ ദുബായ് രാജ്യാന്തര ചലച്ചിത്രോൽസവത്തിന് മമ്മുക്കയുടെ മുന്നിൽ എത്തിയത് ചാനൽ മൈക്കുംപിടിച്ച്; പിന്നെ കാണുന്നത് അതേ റെഡ് കാർപെറ്റിൽ താരത്തിളക്കത്തിന്റെ ഷട്ടർ തുറന്ന്…സ്വപ്നചിത്രം പൂർത്തിയാക്കിയത് പലരുടെയും സാമ്പത്തികസഹായത്താൽ; അവസാനത്തെ കടവുംവീട്ടാൻ തുണയായത് ഇതേ ചിത്രത്തിനു രാജ്യാന്തര ചലച്ചിത്രോൽസവത്തിൽ ലഭിച്ച അവാർഡ് തുക…

നല്ല പ്രായത്തിൽതന്നെ ജീവിതനാണയത്തിന്റെ ഇരുവശങ്ങളും കാണാനായെന്നതാണ് ജോയ് മാത്യുവിന്റെ നേട്ടം. അതുകൊണ്ടുതന്നെ ഈ മാറ്റങ്ങൾ അക്ഷരാർഥത്തിൽ എൻജോയ് ചെയ്യുകയാണ് ജോയ് മാത്യു. കാനഡയിൽ താരനിശയും ചലച്ചിത്രോൽസവവും ഉൾപ്പെടെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായെത്തിയ ജോയ് മാത്യു സെൻസറിങ്ങില്ലാതെ മനസു തുറക്കുന്നു;

ആരാകണമെന്നായിരുന്നു കുഞ്ഞിലത്തെ സ്വപ്നം?

അച്ചൻ.

ജോയ് മാത്യുവോ, അച്ചനോ?

ഞെട്ടി, അല്ലേ? പള്ളീലച്ചനല്ലെടാ, പിള്ളേരടച്ഛൻ…അച്ഛൻ പി. വി. മാത്യുവാണ് എന്റെ മാതൃകാപുരുഷൻ. വീട്ടിലായാലും കടയിലായാലും അച്ഛനൊരു പവറുണ്ടല്ലോ. മൂപ്പരെപ്പോലെ മുണ്ടുടുത്ത നടക്കുന്നതായിരുന്നു അക്കാലത്തെ ഹരം. അതു കഴിഞ്ഞ് ബസിലെ ക്ളീനർ ആയി സ്വപ്നം. ബെല്ലടിച്ചശേഷം ചാടിക്കയറുന്ന ക്ളീനർമാർ പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം ഹീറോ ആണെന്നതായിരുന്നു അതിന്റെ കാരണം.

നടക്കാവ് സ്റ്റേഷനു തൊട്ടടുത്തായിരുന്നു വീടെന്നതിനാൽ, കുട്ടിക്കാലത്ത് പലരുടെയും സ്വപ്നമായ പൊലീസ് ആകണമെന്നു മോഹിച്ചിട്ടേയില്ലെന്നും കള്ളന്മാരുടെ ഭാഗത്തായിരുന്നു എന്നും ജോയ് മാത്യു പറയുമ്പോൾ അതു വെറും തമാശയായി തള്ളേണ്ടതില്ല, ചെറുപ്പകാലത്തുതന്നെ ഉള്ളിലുറഞ്ഞ വിപ്ളവവീര്യമാണ് അതിലൂടെ പുറത്തുവരുന്നത്. തണ്ടും തടിയുമുള്ള പൊലീസുകാരുടെ മുന്നിൽ ലോക്കപ്പിൽ നിൽക്കുന്നവരുടെ ശോചനീയമായ മുഖമായിരുന്നു എപ്പോഴും മനസിലെന്നതായിരുന്നു കാക്കിയോടുള്ള അകൽച്ചയ്ക്ക് കാരണം. ഡ്രൈവർ ആകുകയെന്നതായി പിന്നത്തെ സ്വപ്നം; വീടുതന്നെ ഓടിച്ചുകൊണ്ടുപോകാൻ പറ്റുന്ന ഒരു സംവിധാനവും. “അതുകൊണ്ടാവണം, ഇപ്പോഴും എന്റെയൊരു സ്വപ്നമാണ് കാരവൻ.”

joy-nayagra

നോവലോ കഥയോ നാടകമോ ഒക്കെ വായിക്കുന്പോൾ അതിലെ കഥാപാത്രങ്ങളായി കുറച്ചുകാലത്തേക്കെങ്കിലും മാറുന്ന സ്വഭാവവുമുണ്ടായിരുന്നു കുഞ്ഞു ജോയ് മാത്യുവിന്. ഉറൂബിന്റെ ഉമ്മാച്ചു വായിച്ചുകഴിഞ്ഞ് അമ്മയോട് ചോദിച്ചു ഈ വീട്ടിലെ ചായ്പ് എവിടെയാണെന്ന്. നോവലിലെ അബ്ദുവിനെ ആവാഹിച്ചതാണെന്നറിയാത്തതിനാൽ അധ്യാപികകൂടിയായ അമ്മ എസ്തർ ഒന്നമ്പരന്നു. എന്തായാലും അതോടെ കിടപ്പ് സാധനങ്ങളൊക്കെ സൂക്ഷിക്കാനായുള്ള ചരുമുറിയിലായി ജോയ് മാത്യുവിന്റെ ജീവിതം. സുന്ദരികളും സുന്ദരന്മാരും വായിച്ചുകഴിഞ്ഞപ്പോഴുമുണ്ടായി ഈ പ്രശ്നം. ‘ഭൂമിയുടെ അറ്റം എവിടെയാണെന്ന്’ ചോദിച്ചു നടക്കുന്ന കഥാപാത്രമായി നമ്മുടെ കഥാപുരുഷൻ. അതിനിടെ ആരോ കുഞ്ഞു ജോയ് മാത്യുവിനെ പറഞ്ഞു പറ്റിച്ചു- അച്ചുതണ്ട് കണ്ടുപിടിച്ചു, ചാത്തമംഗലത്ത്. “ഭൂപടത്തിൽ അച്ചുതണ്ട് വരച്ചുകൊടുക്കുന്നതു കണ്ടിട്ടുള്ളതിനാൽ അച്ഛനോടുതന്നെ ഇക്കാര്യം പറഞ്ഞു. അടികിട്ടിയില്ലെന്നെയുള്ളു” എന്നു പറയുമ്പോഴും ജോയ് മാത്യുവിന്റെ മുഖത്തു മന്ദഹാസം.

സ്കൂളിലെത്തിയതോടെ നാടകമായി ഹരം. മൂന്നാം ക്ളാസിലാണ് അഭിനയം തുടങ്ങിയത്. മെഡലും കിട്ടി. അഞ്ചിലെത്തിയപ്പോൾ അവിടെയും ഇവിടെയുംനിന്നും ആശയങ്ങൾ കടമെടുത്ത് നാടകമെഴുതി. ഇപ്പോൾ പത്രപ്രവർത്തകനായ പ്രേംചന്ദായിരുന്നു കൂട്ടുകമ്പനി. കാര്യമായി ക്ളിക്ക് ചെയ്യാതായതോടെ ഫാൻസി ഡ്രസ്സിലേക്കു മാറിയാലോ എന്നുപോലും ചിന്തിച്ചു. സ്വപ്നങ്ങളുടെ ഈ മാറിമറിയലിനു കാരണം ഒരു മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നം അയാളുടെ ഐഡന്റിറ്റി എന്താണെന്ന കണ്ടെത്തലാണെന്നു ജോയ് മാത്യു പറയുന്നു. “ആരെങ്കിലും ആകണമെന്നല്ല, എനിക്കു സന്തോഷം കിട്ടുന്ന കാര്യം എന്താണ് എന്ന ചിന്ത…”. പക്ഷേ നാടകക്കാരനായും സിനിമാക്കാരനായും അറിയപ്പെടാനായിരുന്നു വിധി. സ്കൂളിലും സർകവകാലാശാലയിലും ബെസ്റ്റ് ആക്ടറായിരുന്നു.

joy-mathew

ഇതിനിടെ, വട്ടച്ചിലവിനുള്ള പൈസയ്ക്കായി ചെക്കിങ് ഇൻസ്പെക്ടറായി; അച്ഛനും മറ്റൊരാളും ചേർന്നു നടത്തിയിരുന്ന ബസിൽ. ശമ്പളം പതിനാല് രൂപ. അന്ന് ഇംഗ്ളിഷ് സിനിമാ ടിക്കറ്റിനു രണ്ടു രൂപ. ഗുരുവായൂരപ്പൻ കോളജിൽ പ്രീഡിഗ്രിക്ക് ചേർന്നപ്പോൾ കുട്ടികളൊക്കെ അത്ഭുതത്തോടെ നോക്കുന്നു- ചെക്കിങ് ഇൻസ്പെക്ടറല്ലേ ഇയാൾ. “ഇവിടെ കാനഡയിലാണെങ്കിൽ കുഴപ്പമില്ല, കാരണം ഇന്നു വെയ്റ്ററായി ജോലി ചെയ്യുന്നവൻ നാളെ ഡോക്ടറായി വരും. അവിടെ അതല്ലല്ലോ സ്ഥിതി. ബസിൽ സ്ഥിരമായി യാത്രചെയ്തിരുന്ന ഒരു സുന്ദരി പെൺകുട്ടി വിചാരിച്ചതുതന്നെ ചെക്കിങ് ഇൻസ്പെക്ടർ തന്റെ പുറകെ നടക്കുകയാണെന്നാണ്”.

അടിയന്തരാവസ്ഥ കഴിഞ്ഞകാലം. കരുണാകരനും ജയറാം പടിക്കലും രാജൻ കേസും മധുമാഷിന്റെ ജയിലിൽനിന്നിറങ്ങലുമെല്ലാം നിറഞ്ഞുനിൽക്കുന്ന കാലം. സോഷ്യലിസ്റ്റ് വിദ്യാർഥി പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടു. ഇതിനിടെ, മധുമാഷിന്റെ ‘പടയണി’ നാടകം കാണാനിടയായി. അതുണർത്തിയത് ഇങ്ങനെയും നാടകമാകാം എന്ന ചിന്ത. ആരാധന മൂത്ത് പ്രേംചന്ദിനൊപ്പം മധുമാഷിന്റെ മുന്നിൽ. “നക്സലൈറ്റല്ലേ, വല്ല അബദ്ധവും ചോദിച്ചാൽ, തലവെട്ടിയാലോ എന്നായി ആധി”. പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ മറ്റും കാലമായിരുന്നു അത്. എന്തായാലും രണ്ടും കൽപ്പിച്ചു ചോദിച്ചു- ‘ക്രൂരന്മാരെ കൊല്ലാം. പക്ഷേ പൊലീസുകാരെ കൊല്ലേണ്ട കാര്യമുണ്ടോ?”. മധുമാഷിന്റെ മറുപടി മറുചോദ്യമായിരുന്നു എന്നു ജോയ് മാത്യു ഓർമിക്കുന്നു- “ഒരു നാട്ടിൽ പാവങ്ങളെയും സ്ത്രീകളെയുമെല്ലാം ഉപദ്രവിക്കുന്ന രാക്ഷസനെ കൊല്ലാൻ നാട്ടുകാർ തീരുമാനിക്കുന്നു. അവിടെയുള്ള കാവൽ നായ്ക്ക്കളെ കൊല്ലാതെ അകത്തുപോവാനാവില്ല. എന്തു ചെയ്യും”?

“ശരിയാണല്ലോ, കുറേ ആലോചിച്ചു. വളരെ സിംപിൾ. കാര്യം മനസിലായി. അവിടെനിന്ന് കുറെ പുസ്തകങ്ങളുമായാണ് അന്നു മടങ്ങിയത്. മാർക്സ്, എംഗൽസ്, ലെനിൻ… ചെഗുവേരയുടെ ബൊളീവിയൻ ഡയറി, ഇന്ത്യൻ നിരീശ്വരവാദം… ഇതിൽ ചിലതൊക്കെ ഉറങ്ങാനെ ഉപകരിച്ചുള്ളുവെങ്കിലും മറ്റു ചിലതു മാർക്സിസ്റ്റ് ലൈനിലേക്കു തിരിയുന്നതിനു വഴിയൊരുക്കി. ചാരു മജുംദാറിന്റെ ലൈൻ അജയ്യമാണ് എന്നു മധുമാഷ് പറയുന്പോൾ, എന്നാപ്പിന്നെ അതായിക്കോട്ടെ എന്നായി സ്ഥിതി…”

ഇതാണോ ജീവിതത്തിൽ വഴിത്തിരിവായത്?

“ഇതു മാത്രമല്ല. പോൾ കല്ലാനോടിനെ പരിചയപ്പെട്ടപ്പോഴാണ് ആദ്യമായി ഒരു എഴുത്തുകാരനെയും ചിത്രകാരനെയുമൊക്കെ അടുത്തു കാണുന്നത്. അദ്ദേഹം സമ്മാനിച്ചത് നെരൂദയുടെ ‘സ്മൃതി വിസ്മൃതി’ തർജമ. വായനയെയും എഴുത്തിനെയുമൊക്കെ ഗൌരവമായി കണ്ടുതുടങ്ങിയത് അന്നാണ്. ഇപ്പോഴും ചില വായനശാലകളിൽനിന്നു കത്തുവരാറുണ്ട്- പുസ്തകം തിരിച്ചുകൊടുക്കാനുണ്ടെന്നു പറഞ്ഞു. വിഗ്ഗും കണ്ണടയുമൊക്കെ വച്ചു നടന്നിരുന്ന ‘കെവി’യെയും (കെ. വേണു) ഒളികണ്ണിട്ടു നോക്കിയും നോക്കാതെയുമൊക്കെ പോയിരുന്ന സിവിക് ചന്ദ്രനെയുമൊക്കെ കണ്ടും കേട്ടുമായിരുന്നു പിന്നെയുള്ള കുറെക്കാലം.

അതിലേക്കൊന്നു പോകരുതെന്നും പൊലീസ് പിടിക്കുമെന്നുമൊക്കെ പാർട്ടിക്കാർ ഉപദേശിച്ചപ്പോൾ പോലും നായനാരും പണ്ട് ഇങ്ങനെയായിരുന്നെന്നായിരുന്നു അച്ഛന്റെ പ്രതികരണം. മധു മാഷ് ഒരുക്കിയ മാക്സിം ഗോർക്കിയുടെ ‘അമ്മ’ നാടകത്തിലെ മകൻ പാവേലിന്റെ വേഷവും വഴിത്തിരിവായി. അതാണു ജനകീയ സാംസ്കാരികവേദിക്ക് അടിത്തറ പാകിയ നാടകം. പതിനേഴാം വയസിൽ നൂറോളം വേദികളിൽ കളിച്ചു. പാവേൽ കോടതിമുറിയിൽ നടത്തുന്ന ഒരു പ്രസംഗമുണ്ട്, പത്ത് പേജ് വരും, എനിക്കുതന്നെ ആവേശമായിരുന്നു കാണാപ്പാഠം പഠിച്ച് വേദിയിൽ അവതരിപ്പിക്കാൻ. ആർട്സ് കോളജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ നാടകം എഴുതിത്തുടങ്ങി. ഇടയ്ക്ക് ബാലചന്ദ്രൻ ചുള്ളിക്കാടുമായി തെരുവുനാടകത്തിൽ അഭിനയിച്ചിട്ടുണ്ട്, പിന്നെ ഒന്നിക്കുന്നത് കിങ് ലയർ സിനിമയിൽ.

ഇതിനിടെ, നക്സലൈറ്റ് പ്രസ്ഥാനം തകർന്നു, ജനകീയ സാംസ്കാരികവേദി പിരിച്ചുവിട്ടു, പരിചയക്കാരിൽ ചിലർ ആത്മഹത്യ ചെയ്തു, ചിലരുടെ മാനസികനില തെറ്റി, മറ്റു ചിലർ മദ്യത്തിൽ അഭയംതേടി; }ഞാനും… പിന്നെ പാരലൽ കോളജിൽ പഠിപ്പിച്ചു. നക്സൽ നേതാവ് അജിതയ്ക്കും ഭർത്താവിനുമൊപ്പം ചേർന്ന് ലെൻഡിങ് ലൈബ്രറി തുടങ്ങി, പുസ്തകങ്ങൾ തിരിച്ചും പണവും കിട്ടാതായതോടെ പത്തു മാസം കൊണ്ട് അതു പൂട്ടി. പുണെയിൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാൻ ചെന്നപ്പോഴേക്കും പ്രവേശനസമയം കഴിഞ്ഞെങ്കിലും അവിടെതന്നെ ഹോസ്റ്റലിലും ക്ളാസിലും ലൈബ്രറിയിലുമൊക്കെയായി ഒരു വർഷം കൂടി. ലോക ക്ളാസിക്കുകളെല്ലാം കാണാൻ അവസരം ലഭിച്ചത് അവിടുത്തെ നാഷനൽ ഫിലിം ആർക്കൈവ്സിലെ ജോയിയുമായുള്ള സ്നേഹബന്ധത്തിലാണ്. ജീവിക്കാനായി അമീർ ഹോട്ടലിൽ ഹൌസ് കീപ്പിങ് സൂപ്പർവൈസർ ജോലി. പിറ്റേവർഷം പ്രവേശനപരീക്ഷാ കടന്പ കടന്നു. ഇന്റർവ്യൂവിന്റെ സമയമായപ്പോഴേക്കും ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സമരത്തെക്കുറിച്ചു റിപ്പോർട്ട് എഴുതിയത് പുലിവാലായി. ചേരുംമുന്പുതന്നെ പുറത്താക്കിയെന്നു പറയുന്നതാകും ശരി. അപ്പോഴേക്കും സി. കെ. മുരളീധരന്റെയും കെ. യു. മോഹനന്റെയും ഹരി നായരുടെയുമൊക്കെ ഡിപ്ളോമ പടങ്ങളിൽ നായകനായി, സ്ക്രിപ്റ്റും എഴുതി…

joy-mathew

പിന്നെ മുംബൈ ആയി ആശ്രയം. പത്രപ്രവർത്തന പഠനം, ജേക്കോ ബുക്സിൽ പാർട് ടൈം ജോലി. മക്മില്ലൻ പബ്ളിഷേഴ്സിൽ ജോലി. തിരികെ പോകാമെന്ന പ്രതീക്ഷയിൽ നാട്ടിലേക്കു പോയെങ്കിലും ജോൺ ഏബ്രഹാമിനെ കണ്ടുമുട്ടുന്നു, ‘അമ്മ അറിയാനിൽ’ നായകനാകുന്നു. പിന്നെ രണ്ടര പതിറ്റാണ്ടിലേറെക്കാലം സിനിമയില്ല. ചാൻസ് ചോദിച്ചു പോയതുമില്ല, സിനിമയിലെ സുഹൃത്തുക്കളാകട്ടെ പരിഗണിച്ചതുമില്ല. നക്സലൈറ്റ് ബന്ധമുള്ളതിനാൽ ജോലി കിട്ടാൻ പാട്. അങ്ങനെ ‘ബോധി’യിലൂടെ പ്രസാധനരംഗത്തേക്ക്. ഇതിനിടെ, ടെലിഫിലിം നിർമിച്ചു, ‘സാമൂഹ്യപാഠം’ സിനിമയ്ക്ക് തിരക്കഥയെഴുതി, സൂര്യ ടിവിയുടെ തുടക്കകാലത്ത് കോഴിക്കോട് ബ്യൂറോയുടെ ചുമതലക്കാരനായി… ഒടുവിൽ കടംകയറി, കടൽ കടന്നു.

ദുബായിലെത്തി ‘മാനസി’യിൽ ജോലി തുടങ്ങി, ‘മയൂരി’ മാസിക തുടങ്ങി, പിന്നെ ‘അമൃത’ ടിവിയിൽ. ഇതിനിടെ ക്യാമറ പഠിച്ചു, എഡിറ്റിങ് പഠിച്ചു… ചില വാർത്തകളുടെ വിഷ്വൽസ് കണ്ട്, നീ എന്താടാ അവിടെ സിനിമ പിടിക്കുകയാണോ എന്നു വാർത്താവിഭാഗം മേധാവി നീലൻ ചോദിച്ചിട്ടുണ്ട്. ഇടവേളയിൽ നൂറുകണക്കിനു സിനിമകൾ കണ്ടുതീർത്തു, മലയാളം സിനിമകൾ മാത്രമല്ല കേട്ടോ. മലയാളത്തിൽ നല്ലൊരു സിനിമയെടുക്കാമെന്ന ചിന്തയായി. ‘ഷട്ടർ’ സിനിമയിലേക്കുള്ള വഴി തുറന്നത് അങ്ങനെ. ഷോർട്ട് ഫിലിം ആയിരുന്നു ലക്ഷ്യം. സുഹൃത്ത് സുരേഷിന്റെ പ്രേരണയിലും സഹായത്തിലും ഫീച്ചർ ഫിലിം ആക്കി. അരക്കോടിയെന്ന ബജറ്റിൽ നിന്നില്ല.

ഒരുവഴിക്ക് സുഹൃത്തുക്കളോട് കടംവാങ്ങി, മറുവഴിക്ക് ഞാനറിയാതെ ഭാര്യാസഹോദരൻ സരിൻ തോമസും പണമിറക്കി. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ സത്യൻ പറഞ്ഞത് പണം പലിശയ്ക്ക് കടം വാങ്ങിയതെന്നാണ്. ഒന്നേമുക്കാൽ കോടിക്ക് പൂർത്തിയാക്കി. ചാനൽ സംപ്രേഷണാവകാശം 1.60 കോടിക്കു വിറ്റുപോയതോടെ പിടിച്ചുനിൽക്കാനായി. ഇനി പൈസ ഭാര്യയ്ക്കു തന്നെ തിരിച്ചുകൊടുത്താൽ മതിയെന്ന് അപ്പോഴാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ പറഞ്ഞത്. അങ്ങനെ ഭാര്യ സരിത ആൻ തോമസായി പ്രൊഡ്യൂസർ. മുന്പ് താരങ്ങൾക്കു മുന്നിൽ മൈക്കുമായി കാത്തുനിന്നിട്ടുള്ള ദുബായ് രാജ്യാന്തര ചലച്ചിത്ര മേളയിലായിരുന്നു ‘ഷട്ടറി’ന്റെ രാജ്യാന്തര പ്രീമിയർ. അതിനിടെ, നാട്ടിൽനിന്നൊരു വിളി, കടംവാങ്ങിയ രണ്ടു ലക്ഷം അത്യാവശ്യമായി മടക്കിക്കൊടുക്കാൻ. രണ്ടുദിവസം കഴിഞ്ഞ് തിരുവനന്തപുരത്ത് വന്നാൽ പണം റെഡി എന്നു പറയുമ്പോൾ, കേട്ടുനിന്ന നടൻ ലാൽ ചോദിച്ചു- അന്നത്തേക്ക് പണം എവിടെനിന്നു കിട്ടും?. അത് തിരുവനന്തപുരം രാജ്യാന്തര മേളയിലെ അവാർഡ് എനിക്കാണല്ലോ എന്ന തമാശ പങ്കുവച്ചപ്പോൾ ലാൽ പോലും അന്തിച്ചുപോയി”. രണ്ടുദിവസം കഴിഞ്ഞ് തിരുവനന്തപുരത്ത് എത്തി, അവാർഡും വാങ്ങി, കടവും വീട്ടി…ആറു ഭാഷകളിലേക്കുകൂടി ഷട്ടർ പിന്നെ തുറന്നു.

ഷട്ടർ കഴിഞ്ഞിരിക്കെ അന്നയും റസൂലിൽ ഒരു വേഷം ചെയ്യുന്നു. ഡയലോഗില്ല. ഷട്ടറിന്റെ സൌണ്ട് ഡിസൈനർ രംഗനാഥ് രവി പറഞ്ഞതനുസരിച്ച് ലിജോ ജോസ് പെല്ലിശേരി കാണാനെത്തി. തിരക്കഥ അയച്ചുകൊടുത്തതിനു പിന്നാലെ ചേട്ടൻ അതിലൊരു വേഷം ചെയ്യണം, ഏതാണു താൽപര്യമെന്നു ചോദിച്ചു. ‘ഇഷ്ടം കപ്യാർ സോളമന്റെ വേഷമാണ്, പക്ഷേ പ്രായം അതനുവദിക്കുന്നില്ലല്ലോ’ എന്നു ജോയ് മാത്യു പ്രതികരിച്ചപ്പോൾ വേറെ എന്തു വേഷമാണ് മനസിലുള്ളതെന്നായി ചോദ്യം. ഫാ. ഒറ്റപ്ളാക്കൻ എന്നു മറുപടി പറഞ്ഞതും ഇതു കേൾക്കാനാണു കാത്തിരുന്നതെന്നായി ലിജോ. വ്യത്യസ്ത വേഷമാണെന്നു മനസ് പറയുന്നുണ്ടായിരുന്നതിനാൽ ഷട്ടർ പൂർത്തിയാക്കാനുള്ള അവസാനവട്ട ഒരുക്കത്തിനിടയിലും സമയംകണ്ടെത്തി അഭിനയിച്ചു. പിന്നെ തിരക്കിന്റെ കുപ്പായം അഴിക്കാനായിട്ടില്ല. ഇതുവരെ എഴുപതു പടങ്ങൾ. കോഴിക്കോട്ട് ഈ പടം കാണാനിരിക്കുമ്പോൾ, ഫാ. ഒറ്റപ്ളാക്കന്റെ വില്ലത്തരം ഇഷ്ടപ്പെടാതിരുന്ന വിശ്വാസികളിൽ ആരോ ആണെന്നു തോന്നുന്നു- വെറുതയല്ലെടാ …. മോനെ നിനക്ക് ഷട്ടറിന് അവാർഡ് കിട്ടാത്തതെന്നു വിളിച്ചുപറയുന്നത് കേൾക്കാമായിരുന്നു.

ഈ മാറ്റത്തെ എങ്ങനെയാണ് കാണുന്നത്.

ചില കാര്യങ്ങൾ ഇപ്പോഴും എനിക്കു വിശ്വാസം ആയിട്ടില്ല, ഞാൻ എന്നെത്തന്നെ പിടിച്ച് ഇടയ്ക്ക് മാന്തിയൊക്കെ നോക്കും, തമാശയല്ലിത്. കോഴിക്കോട്ട് വിരാജിച്ചുനടന്ന സ്ഥലത്തൂടെ ഇപ്പോ നടക്കാൻ പറ്റില്ല. ആൾക്കാർ ഫോട്ടോ എടുക്കാൻ വരും. അവിടെയും ഇവിടെയുമെല്ലാം ആളുകൾ സ്നേഹവും പരിഗണനയും നൽകുന്നത് കാണുന്പോൾ എനിക്കു തന്നെയാണോ, ഇതിനു മാത്രം എന്തു ചെയ്തിട്ടാ എന്നു തോന്നാറുണ്ട്. നായക വേഷം അധികം ചെയ്തിട്ടില്ലാഞ്ഞിട്ടും ഈ പ്രായത്തിലും ചെറുപ്പക്കാരാണ് ആരാധകരും ഫ്രണ്ട്സുമൊക്കെ.

joy-mathew

ക്യാംപസ് തിയറ്ററിന്റെ തുടക്കക്കാരനായ ജോയ് മാത്യു, ഡിടിപിയുടെയും ചാനൽ സ്ട്രീമിങ്ങിന്റെയുമൊക്കെ കാര്യത്തിലും ഉസ്താദാണെന്നു വേണമെങ്കിൽ പറയാം. ബോധി ബുക്സുമായി നടക്കുന്നകാലത്ത് ഡെസ്ക് ടോപ് പബ്ളിഷിങ്ങിനെക്കുറിച്ച് പ്രഫസർമാർക്കു വരെ ക്ളാസെടുത്തുകൊടുക്കേണ്ടിവന്നിട്ടുണ്ട്. പ്രാദേശിക ചാനൽ വാർത്തകൾ ലോകമെന്പാടുമുള്ള പ്രവാസികൾക്കായി ഒറ്റ ഹബ്ബിലൂടെ ലഭ്യമാക്കുകയെന്നതായിരുന്നു ചാനൽ സ്ട്രീമിങ്ങിന്റെ ലക്ഷ്യം. ടുജിയും ത്രിജിയുമൊക്കെ വരുംമുന്പായതിനാൽ സ്ട്രീമിങ്ങിനെക്കുറിച്ചു ബോധവൽക്കരണം നടത്തേണ്ട സാഹചര്യമായിരുന്നു. എന്തായാലും കമ്പനി ഉണ്ടാക്കുന്നതിനു മുമ്പേ പദ്ധതി ബഫറിങ്ങിലായെന്നു പറഞ്ഞാൽ മതിയല്ലോ.

സ്വപ്നങ്ങൾ പൂർത്തിയായോ?

എപ്പോഴും എല്ലാവരാലും സ്നേഹിക്കപ്പെടുക എന്നതാണ് എന്റെ ആഗ്രഹം. മരണാനന്തര ബഹുമതിയിൽ ഒരു താൽപര്യവുമില്ല. ജീവിച്ചിരിക്കുമ്പോൾ കിട്ടുന്ന സുഖസൗകര്യങ്ങളും സ്നേഹവുമാണു സ്വപ്നം. അതിനായുള്ള വർക്കുകൾ മാത്രമാണ് എന്റെ സിനിമകൾ. വില്ലൻ വേഷങ്ങൾ ചെയ്യുമ്പോൾപോലും സ്നേഹമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ തെലുങ്കിലുണ്ട്, തമിഴിലുണ്ട്, ഹിന്ദിയിലും. നാടകവേദിയിൽ ഒരു വൺമാൻ ഷോയും മനസ്സിലുണ്ട്. എന്റേതായ ഒരു ചിത്രത്തിന്റെ വർക്ക് ഈ വർഷം തുടങ്ങും. പിന്നാലെ ഏതാനും ചിത്രങ്ങളും പ്രതീക്ഷിക്കാം.

ഗൾഫും കാനഡയുമായൊരു താരതമ്യം?

“അധ്വാനിച്ചു ജീവിക്കാൻ തയാറായുള്ള ആളുകളാണ് ഇവിടെയുള്ളത്. പൌരബോധം ഊട്ടിയുറപ്പിക്കുന്ന നിയമങ്ങളും… ഇവിടെ അധ്വാനിക്കുണ്ടാക്കുന്ന പണത്തിൽ ഏറിയപങ്കും ഇവിടെതന്നെ ചെലവഴിക്കണം. അതിനുള്ള സൌകര്യങ്ങളും ആനുകൂല്യങ്ങളുമുണ്ടാകും.

joy-toronto

കഷ്ടപ്പെടാൻ തയാറുള്ളവർക്ക് പറ്റിയ സ്ഥലമാണ് കാനഡ എന്നാണ് കുറച്ചുദിവസത്തെ അനുഭവത്തിൽനിന്നു മനസിലാക്കാനായതെന്നും പറഞ്ഞാണ്, ടൊറന്റോയ്ക്കു സമീപം ബ്രാംപ്ടണിൽ ഉറ്റചങ്ങാതി റജി സുരേന്ദ്രന്റെ വീട്ടിലെ കൂടിച്ചേരലിനു തലാക്ക് ചൊല്ലിയത്. അടുപ്പക്കാരും പരിചയക്കാരുമെല്ലാം പിന്നെയും കാത്തുനിൽക്കുകയാണ്, ജോയ് മാത്യുവിനൊപ്പം സംസാരിച്ചിരിക്കാൻ, ഓർമകൾ പങ്കുവയ്ക്കാൻ, ചിത്രങ്ങളെടുക്കാൻ…

എൻജോയ്മെന്റ്: പുതുതായി ആരെങ്കിലും മുന്നിൽപ്പെട്ടാൽ നിരുപദ്രവകരമെന്നു തോന്നുന്ന ചോദ്യമെറിയുന്ന ശീലമുണ്ട് ചില വടക്കൻ അമേരിക്കക്കാർക്ക്- നമ്മുടെ സഭക്കാരനാ അല്ലിയോ…?, എന്ന ലൈനിൽ. ഏതു സഭക്കാരനാണെന്ന് അറിയാനുള്ള ഒരു തന്ത്രം. അത്തരക്കാർക്കു മുഖമടച്ചു കൊടുക്കാൻ പാകത്തിനുള്ള ഒരു മറുപടിയും സമ്മാനിച്ചാണ് ജോയ് മാത്യു മടങ്ങുന്നതെന്നാണ് അടുപ്പക്കാർ പറയുന്നത്. ഇത്തരത്തിൽ ആരോ അടവുനയവുമായി മുന്നിലെത്തിയതും, “അല്ല കമ്യുണിസ്റ്റാ” എന്ന സ്റ്റൈലൻ മറുപടി കൊടുത്തതും നിമിഷവേഗത്തിലായിരുന്നെന്ന് ഇവർ അടക്കംപറയുന്നു. നേരാ തിരുമേനീ, ജോയ് മാത്യു ഔട്ട്സ്പോക്കണാ; പക്ഷേ അഭിനയകാന്തിയുടെ കാര്യത്തിൽ ഔട്ട്സ്റ്റാൻഡിങ്ങും…

Your Rating: