Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നെ അങ്ങനെ വിരട്ടല്ലേ

jude

സംവിധായകൻ ജൂഡ് ആന്തണി ജോസഫ് ഫെയ്സ്ബുക്കിൽ എന്തു പറഞ്ഞാലും വിവാദമാണ്. ജൂഡിനെ എതിർത്തും അനുകൂലിച്ചും ഒരുപാടുപേർ സമൂഹ മാധ്യമങ്ങളിലെത്തുന്നു. എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന തരത്തിൽ അഭിപ്രായം പറ‍ഞ്ഞു നല്ല കുട്ടിയാകാൻ താനില്ലെന്നാണ് അതേക്കുറിച്ചു ജൂഡ് പറയുന്നത്. ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിനെക്കുറിച്ചു ജൂഡ് ആന്തണി ഫെയ്സ്ബുക്കിലിട്ട പോസ്റ്റും പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നു. തന്റെ സിനിമകളെയും ഫെയ്സ്ബുക്കിലെ നിലപാടുകളെയും പറ്റി ജൂഡ് പറയുന്നു...

ഇന്ത്യൻ ചെഗുവേര എന്നു ദേശീയ മാധ്യമങ്ങൾ വിളിക്കുന്ന വിദ്യാർഥി നേതാവാണു കനയ്യ കുമാർ. അങ്ങനെയൊരാളെ ഈ രീതിയിൽ വിമർശിച്ചാൽ കനയ്യയെ ഇഷ്ടപ്പെടുന്നവർ പ്രതികരിക്കില്ലേ? ശരിക്കും കനയ്യയെപ്പറ്റി എന്താണു ജൂഡ് ആന്തണിയുടെ അഭിപ്രായം?

ചെഗുവേര എവിടെ നിൽക്കുന്നു, കനയ്യ എവിടെ നിൽക്കുന്നു എന്നൊക്കെ നമുക്ക് എല്ലാവർക്കും അറിയാം. ഇവിടെ അതല്ല പ്രശ്നം. കനയ്യ നല്ല ആത്മാർഥതയുള്ള ചെറുപ്പക്കാരനാണ്. നമ്മളിലൊരാളാണ്. നന്നായി പഠിക്കുന്നവനും ക്യാംപസിന്റെ ആവശ്യങ്ങൾക്കു വേണ്ടി സ്വന്തം കാര്യം പോലും നോക്കാതെ ഇറങ്ങിപ്പുറപ്പെട്ടവനുമാണ്. പക്ഷേ, ആ ചെറുപ്പക്കാരനെ പാർട്ടിക്കാർ മുതലെടുക്കുന്നു. നേതാവായി പൊക്കിക്കൊണ്ടു നടക്കുന്നു. എന്നാൽ, മറ്റുള്ളവർക്കു വേണ്ടി ഇറങ്ങിത്തിരിച്ച കനയ്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇപ്പോൾ കൂടെയുള്ള ആരും തിരിഞ്ഞു നോക്കുക പോലുമില്ല. എന്റെ കൂടെ പഠിച്ച ഒരു കൂട്ടുകാരൻ ഇതുപോലെ രാഷ്ട്രീയത്തിലിറങ്ങി എല്ലാം നഷ്ടപ്പെടുത്തിയിട്ടുണ്ട്. അവനും പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നു. ആ അനുഭവം ഓർത്താണ് ഞാൻ അങ്ങനെയൊരു പോസ്റ്റ് ഇട്ടത്.

Jude Anthany Joseph in I Me Myself - PT 3/3

ജൂഡിന്റെ ആദ്യസിനിമയിലെ നായകൻ സഖാവായിരുന്നു. എന്താണു ജൂഡിന്റെ രാഷ്ട്രീയം?

എന്തായാലും ഞാൻ ഒരു വലതുപക്ഷക്കാരനല്ല. അന്നും ഇന്നും കമ്യൂണിസത്തിലാണു വിശ്വസിക്കുന്നതും. ഈ മണ്ണും വായുവും വെള്ളവുമെല്ലാം ആളുകൾക്കു തുല്യമായി പങ്കുവയ്ക്കാനുള്ളതാണെന്നു തന്നെയാണു ഞാൻ കരുതുന്നത്. പക്ഷേ, പണത്തിന്റെ കാര്യത്തിൽ മാത്രം അതു നടക്കില്ല. അതു തുല്യമാക്കാനായി ഉള്ളവനിൽനിന്നു പണം പിടിച്ചുവാങ്ങുന്നതു ശരിയല്ലല്ലോ. അവിടെയാണ് എനിക്കുള്ള അഭിപ്രായവ്യത്യാസം. എങ്കിലും, എന്റെ രാഷ്ട്രീയവും സിനിമയും രണ്ടുതന്നെയാണ്.

ക്യാംപസിൽ പഠിക്കുമ്പോൾ രാഷ്ട്രീയമുണ്ടായിരുന്നോ? വിദ്യാർഥി രാഷ്ട്രീയം മോശമാണെന്നാണോ കരുതുന്നത്?

ഞാൻ പ്രീഡിഗ്രിക്ക് ആലുവ യുസി കോളജിലും ബിടെക്കിന് കാസർകോട് എൽബിഎസ് എൻജിനീയറിങ് കോളജിലുമാണു പഠിച്ചത്. യുസിയിലെ വിദ്യാർഥി രാഷ്ട്രീയം ശരിക്കും നമ്മൾ മാതൃകയാക്കേണ്ടതാണ്. അവിടെ എസ്എഫ്ഐയും കെഎസ്‌യുവും എഐഎസ്എഫും എബിവിപിയും എല്ലാവരുമുണ്ട്. ഒരു പാർട്ടി മാത്രമുള്ള കോളജ് രാഷ്ട്രീയം നല്ലതല്ല. ശക്തിയുള്ള രണ്ടു പാർട്ടികളെങ്കിലും എല്ലാ കോളജിലും വേണം. യുസി കോളജിൽ ഞാൻ ആദ്യം എസ്എഫ്ഐ ആയിരുന്നു. അന്നൊക്കെ കൂട്ടുകാർ എസ്എഫ്ഐക്കാരായതുകൊണ്ടാണ് അവരുടെ കൂടെ കൂടിയത്. പിന്നെ കെഎസ്‌യുക്കാർ കൂട്ടുകാരായപ്പോൾ ഞാനും കെഎസ്‌യുവായി. അപ്പോഴൊക്കെ മറ്റുള്ളവർ എന്നോടു ചോദിക്കുമായിരുന്നു, നീ ശരിക്കും ഏതാ പാർട്ടി എന്നൊക്കെ. ഏതു പാർട്ടി എന്നതല്ലല്ലോ, ആരു നല്ലതു പറയുന്നു എന്നതല്ലേ നമ്മൾ നോക്കേണ്ടത്. എൽബിഎസിൽ എത്തിയപ്പോൾ പഠിക്കാൻ വായ്പ എടുക്കേണ്ടി വന്നുവെന്നതിനാൽ രാഷ്ട്രീയത്തിൽനിന്നു വിട്ടുനിന്നു.

ഇനി മുതൽ ജൂഡിന്റെ സിനിമ ബഹിഷ്കരിക്കുമെന്നും ചിലർ പറയുന്നുണ്ടല്ലോ?

സിനിമ കാണുന്നതും കാണാതിരിക്കുന്നതും അവരവരുടെ ഇഷ്ടം. നല്ല സിനിമയാണെങ്കിൽ എത്രയാളുകൾ ബഹിഷ്കരണം പ്രഖ്യാപിച്ചാലും വിജയിക്കും. ചീത്ത സിനിമയാണെങ്കിൽ എത്രയാളുകൾ അനുകൂലിച്ചിട്ടും കാര്യവുമില്ല. എന്റെ സിനിമയും എന്റെ അഭിപ്രായവും രണ്ടാണ്. കാണേണ്ടവർക്കു കാണാം. ഇല്ലാത്തവർ കാണണ്ട. ആളുകൾക്ക് ഇഷ്ടമുള്ള കാര്യം പറയുമ്പോൾ എല്ലാവരും അനുകൂലിക്കും.

ജൂഡിനെ വിമർശിക്കുന്നവരെ തിരിച്ചു ചീത്ത പറയുന്നതും അതിനു ശേഷം കമന്റ് ഓപ്ഷൻ ബ്ലോക്ക് ചെയ്യുന്നതും ശരിയാണോ?എന്നെ ചീത്ത പറയുന്നവരെ മാത്രമേ ഞാൻ തിരിച്ച് എന്തെങ്കിലും പറഞ്ഞിട്ടുള്ളൂ. മാന്യമായ രീതിയിൽ സംസാരിച്ചാൽ മാന്യമായി മറുപടി പറയും. ഇവിടെ അതല്ലല്ലോ നടക്കുന്നത്. തെറ്റു ചൂണ്ടിക്കാണിക്കുന്നതും, ഇതു ശരിയല്ല, നിങ്ങളെപ്പോലെ സ്ഥാനത്തിരിക്കുന്നവർ ഇങ്ങനെയല്ല പറയേണ്ടത് എന്നൊക്കെ കമന്റ് ഇട്ടാൽ മനസ്സിലാക്കാം. അതിനു പകരം കേട്ടാലറയ്ക്കുന്ന ചീത്തയാണ് ഓരോരുത്തർ പറയുന്നത്. അങ്ങനെയുള്ളവർ തിരിച്ചും തെറി കേൾക്കാൻ ബാധ്യസ്ഥരാണ്.

അടുത്ത സിനിമയെക്കുറിച്ച്? ഫെയ്സ്ബുക്ക് വിമർശനങ്ങൾ ആ സിനിമയുടെ വിജയത്തെ ബാധിക്കുമെന്നു പേടിയുണ്ടോ?

സിനിമ ഓടുമോ ഓടാതിരിക്കുമോ എന്നതിലുപരി നിർമാതാവിന്റെ പണം തിരിച്ചുപിടിക്കാനാകുമോ എന്നാണു ഞാൻ ചിന്തിക്കുന്നത്. അടുത്ത സിനിമ റിലീസിനു മുൻപുതന്നെ മുടക്കുമുതൽ തിരിച്ചുപിടിക്കാനുള്ള വഴിയെല്ലാം ഞാൻ ചെയ്തുവച്ചിട്ടുണ്ട്. എനിക്കങ്ങനെ തുടർച്ചയായി സിനിമകൾ ചെയ്തു കുറെ കാശുണ്ടാക്കി എല്ലാക്കാലത്തും സിനിമയിൽ പിടിച്ചുനിൽക്കണമെന്നൊന്നുമില്ല. അതാണ് സിനിമകൾക്കിടയിൽ ഇടവേളകളുണ്ടാകുന്നത്. പുതിയ ചിത്രമായ ഒരു മുത്തശ്ശിഗദ ഓണത്തിനു റിലീസാകും. ജീവിതത്തിൽ ഏതു പ്രായത്തിലും നമ്മുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാമെന്നും അതിന് ഏതു പ്രായവും തടസ്സമല്ലെന്ന സന്ദേശമാണ് ആ സിനിമ നൽകുന്നത്. നല്ല സിനിമയായിരിക്കും എന്നതുകൊണ്ടു തന്നെ അതു വിജയിക്കുമെന്നതിലും എനിക്കു സംശയമില്ല.

Your Rating: