Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജൂഡ് ആന്റണി ഫെയ്സ്ബുക്ക്ഡ്

jude ജൂഡ് ആന്റണി

രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും കലാകരന്‍മാര്‍ക്കും ജനങ്ങളുമായി നേരിട്ടു സംവദിക്കാന്‍ കഴിയുന്ന ഒരു വേദിയായി ഇന്ന് സോഷ്യല്‍ മീഡിയ ഫ്ലാറ്റ്ഫോമുകള്‍ മാറി കഴിഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വോട്ട് അഭ്യര്‍ഥന മുതല്‍ പുത്തന്‍ സിനിമയുടെ റിലീസ് വിശേഷങ്ങള്‍ വരെ ഇവിടെ പങ്കുവെക്കപ്പെടുന്നു. ബീഫ് ഫെസ്റ്റിവലും കിസ് ഓഫ് ലൗവും ഓണ്‍ലൈന്‍ പെണ്‍വാണിഭവും ബാര്‍ കോഴയും തെരുവുനായ്ക്കളും തുടങ്ങി സൂര്യന് കീഴിലുള്ള എന്തിനെക്കുറിച്ചും ഇന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നു. ഒരേസമയം ആരോഗ്യകരമായ സംവാദങ്ങളുടെയും അരാജകത്വത്തിന്‍റെയും വര്‍ഗീയതയുടെ വിഷം തുപ്പുന്ന അസഹിഷണതയുടെയുമൊക്കെ ഇടമായി സോഷ്യല്‍ മീഡിയമാറുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായി തന്‍റെ അഭിപ്രായങ്ങള്‍ പങ്കുവെക്കുകയും അഭിനന്ദനങ്ങള്‍ക്കൊപ്പം വിമര്‍ശനങ്ങളും ഏറ്റുവാങ്ങുകയും ചെയ്യുന്ന യുവ സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് തന്‍റെ സോഷ്യല്‍ മീഡിയ നയം വ്യക്തമാക്കുകയാണ് ഇവിടെ.

‘ഒരു സിനിമ ചെയ്തപ്പോഴേക്കും നീ അഭിപ്രായം പറയാന്‍ മാത്രം വളര്‍ന്നോ’ നിരന്തരം ഉയര്‍ന്നു കേള്‍ക്കുന്ന ഒരു ചോദ്യമായിരിക്കുമല്ലോ ഇത്

തീര്‍ച്ചയായിട്ടും. ‍ഞാന്‍ അത്തരം ചോദ്യങ്ങളെ ഗൗനിക്കാറില്ല. സിനിമ ചെയ്യുന്നതിനു മുമ്പും ഞാന്‍ ഫെയ്സ്ബുക്കില്‍ ആക്റ്റീവായിരുന്നു. അന്നും ഞാന്‍ സ്വതന്ത്രമായി എന്‍റെ അഭിപ്രായങ്ങള്‍ തുറന്നു എഴുതിയിട്ടുണ്ട്. ഒരു സിനിമ ചെയ്തതു കൊണ്ട് ഞാന്‍ വലിയ സെലിബ്രെറ്റിയായി എന്നും ഇനി എല്ലാ വിഷയത്തിലും കേറി അഭിപ്രായം പറഞ്ഞു കളയാം എന്നും ഞാന്‍ കരുതിയിട്ടില്ല. എനിക്കു ആശയങ്ങള്‍ പങ്കുവെക്കണമെന്നും പ്രതികരിക്കണമെന്നും തോന്നുന്ന വിഷയങ്ങളിലാണ് ഞാന്‍ അഭിപ്രായം പറയുന്നത്.

Jude Anthany Joseph in I Me Myself - PT 1/3

ഞാന്‍ സാധാരണ മനുഷ്യനും പ്രേക്ഷകനുമാണ്. എന്‍റെ അഭിപ്രായങ്ങളെ അങ്ങനെ കണ്ടാല്‍ മതി. ആരോഗ്യകരമായ വിമര്‍ശനങ്ങളോടും തമാശകളോടും അസഹിഷ്ണതയില്ല. പക്ഷേ ഒരു പരിചയവും ഇല്ലാത്തവരൊക്കെ വന്ന് എന്‍റെ വാളില്‍ കേറി പച്ചതെറി വിളിക്കുകയും തന്തക്കു വിളിക്കുകയും ചെയ്താല്‍ എന്‍റെ പ്രതികരണവും അതേ നാണയത്തിലാകും.

പിന്നെ ഒരാള്‍ക്ക് ഒരു അഭിപ്രായം പറയാന്‍ പ്രത്യേക യോഗ്യതകളോ മാനദണ്ഡങ്ങളോ വേണമെന്നു ഞാന്‍ കരുതുന്നില്ല. നീ ഒരു സിനിമയല്ലേ ചെയ്തുള്ളു അപ്പോഴേക്കും നിനക്ക് ഇത്രയും അഹങ്കാരമോ, നിനക്ക് എന്ത് യോഗ്യതയുണ്ട് വിമര്‍ശിക്കാന്‍ എന്നുള്ള മട്ടിലുള്ള പൊങ്കലകള്‍ നിത്യവും കാണാറുണ്ട്. ഞാന്‍ ഒരു സാധാരണ പ്രേക്ഷകന്‍ എന്ന നിലയിലാണ് എന്‍റെ അഭിപ്രായങ്ങള്‍ പറയുന്നത് അല്ലാതെ സിനിമ ബുദ്ധിജീവിയാകാന്‍ ശ്രമിക്കാറില്ല. ഇവിടെ ഒരു ബാങ്ക് ഉദ്ദ്യോഗസ്ഥനോ അധ്യാപകനോ ഡോക്ടര്‍ക്കോ സ്വതന്ത്രമായി അഭിപ്രായം പറയാം. ഒരു സിനിമക്കാരന്‍ പ്രതികരിച്ചാല്‍ മാത്രം അവന് ജാഡയാണ് അഹങ്കാരമാണ് എന്നൊക്കെ പറയും. ആത്യന്തികമായി എല്ലാവരും മനുഷ്യന്‍മാര്‍ തന്നെയല്ലേ.

jude-nivin

ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന യുവ സംവിധായകരില്‍ ഒരാളാണ് ആഷിക്ക് അബു. യുവനിരയില്‍ ശ്രദ്ധേയമായ ചില പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള സംവിധായകനാണ് അദ്ദേഹം. ആ പ്രതീക്ഷയോടെയാണ് ഞാന്‍ റാണി പത്മിനിക്കു പോയത്. എന്നിലെ പ്രേക്ഷകനെ ആ ചിത്രം നിരാശപ്പെടുത്തിയതു കൊണ്ടാണ് അതിനെക്കുറിച്ച് നെഗറ്റീവായി പ്രതികരിച്ചത്. ഈ മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഒരാള്‍ എന്ന നിലയില്‍ റിലീസിങ് ദിവസം തന്നെ അങ്ങനെയൊരു പ്രതികരണം നടത്താന്‍ പാടില്ലായിരുന്നു എന്നു ബോധ്യപ്പെടത്തു കൊണ്ടാണ് ആ പോസ്റ്റ് പിന്‍വലിച്ചത്.

എന്‍റെ അഭിപ്രായ പ്രകടനങ്ങള്‍ കാരണം നാളെ എന്‍റെ സിനിമക്കു പ്രേക്ഷകരുടെ എണ്ണം കുറയും എന്ന് കരുതി മിണ്ടാതെ ഇരിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അത് ഭീരുത്വവും അരാഷ്ട്രീയവും ആണ്. ഇന്നലെ വരെ എങ്ങനെയായിരുന്നുവോ ഞാന്‍ നാളെയും അങ്ങനെ തന്നെയായിരിക്കും. സിനിമ സംവിധായകനായതു കൊണ്ട് മറ്റാര്‍ക്കും വേണ്ടി മാറാനോ കൂടുതല്‍ മാന്യന്‍ ആകാനോ ഞാന്‍ ഉദ്ദേശിക്കുന്നില്ല.

ഒരു വിരലും ഇന്‍റര്‍നെറ്റും ഉണ്ടെങ്കില്‍ ആര്‍ക്കും എന്തും പറയാം. ചിലരൊക്കെ അവരുടെ മാനസിക സംഘര്‍ഷം തീര്‍ക്കുന്നത് മറ്റൊരാളുടെ തന്തക്ക് വിളിച്ചിട്ടാകും അത്തരക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് അനാവശ്യ പ്രധാന്യം നല്‍കേണ്ടതില്ല.

jude-mohanlal

ആദ്യ ഷോയുടെ ആദ്യപകുതിയില്‍ തന്നെ റിവ്യൂ വരുന്നു. സോഷ്യല്‍ മീഡിയയാണോ സിനിമയുടെ ജയ-പരാജയങ്ങള്‍ തീരുമാനിക്കുന്നത്

ഒരിക്കലും അല്ല. ആര്‍ക്കും മോശമായ ഒരു സിനിമയെ എഴുതി വിജയിപ്പിക്കാനോ നല്ലൊരു സിനിമയെ എഴുതി തോല്‍പ്പിക്കാനോ പറ്റില്ല. ഒരു സിനിമയുടെ ജയ-പരാജയങ്ങളുടെ ആക്കം കൂട്ടാനോ കുറക്കാനോ മാത്രമേ സോഷ്യല്‍ മീഡിയക്കു കഴിയു. എന്‍റെ സിനിമ നല്ലതാണെങ്കില്‍ ഓടും മോശമാണെങ്കില്‍ പ്രേക്ഷകര്‍ തിരസ്കരിക്കും അത്രേയുള്ളു. സോഷ്യല്‍ മീഡിയ ഇത്രയും ആക്റ്റീവാണെങ്കിലും നമ്മുടെ സുഹൃത്തുകളോ ഫാമിലിയിലുള്ള ആരെങ്കിലുമായി ഒരു സിനിമ പോയി കണ്ടു ഇഷ്ടപ്പെട്ട് അളിയാ നീ ആ പടം കാണാണം എന്നു പറയുന്ന മൗത്ത് പബ്ലിസിറ്റി തന്നെയാണ് ഇന്നും സിനിമയുടെ ഏറ്റവും വലിയ മാര്‍ക്കറ്റ്.

ഫേയ്സ്ബുക്കില്‍ ഇല്ലാത്തവരും ഫേയ്സ്ബുക്ക് മാത്രമല്ല ലോകമെന്നും വിശ്വസിക്കുന്നവരും കൂടി ചേരുന്നതാണ് പ്രേക്ഷകര്‍ എന്ന ബോധ്യവും ഉണ്ട്. എന്‍റെ സിനിമ മോശമാണെങ്കില്‍ അതിനെ വിമര്‍ശിക്കാം. പക്ഷേ എന്‍റെ സിനിമ നല്ലതാണെങ്കിലും എന്നോടുള്ള ദേഷ്യം സിനിമയോടു തീര്‍ക്കുന്ന പ്രവണതകളോട് യോജിപ്പുണ്ടാവില്ല.

താങ്കളുടെ ഫെയ്സ്ബുക്ക് പോസ്റ്റുകളില്‍ ഏറ്റവും സംതൃപ്തി നല്‍കിയവ

വിവാദ വ്യവസായി നിഷാം കാറിടിച്ച് കൊലപ്പെടുത്തിയ ചന്ദ്രബോസിന്‍റെ വീട് ഞാനും ഭാര്യയും സന്ദര്‍ശിച്ചിരുന്നു. അവിടെവെച്ച് അദ്ദേഹത്തിന്‍റെ അമ്മ ബോസിന്‍റെ മകള്‍ എന്‍ഞ്ചിനീയറിങ് വിദ്യാര്‍ഥിനിയാണെന്നും പഠന ചെലവുകള്‍ ഉണ്ടെന്നുള്ള കാര്യങ്ങളും സൂചിപ്പിച്ചത്. ഞാന്‍ അന്ന് തന്നെ അവരുടെ അക്കൗണ്ട് നമ്പറും മറ്റും വെച്ച് ഒരു പോസ്റ്റ് ഇട്ടിരുന്നു. മൂന്നു ദിവസത്തിനുള്ളില്‍ രണ്ടു ലക്ഷത്തോളം രൂപ ആ അക്കൗണ്ടിലേക്ക് എത്തിയെന്നു ബ്രാഞ്ച് മനേജര്‍ വിളിച്ച് അറിയിച്ചപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.

Jude Anthany Joseph in I Me Myself

പിന്നിടൊരിക്കല്‍ അന്ധനായ ഒരാള്‍ക്ക് വാഹനം വാങ്ങാന്‍ സഹായിക്കണമെന്നു പറഞ്ഞ് പോസ്റ്റ് ഇട്ടിരുന്നു. അതിനു തണുപ്പന്‍ പ്രതികരണമാണ് ലഭിച്ചത്. അദ്ദേഹത്തിന്‍റെ അക്കൗണ്ടിലേക്ക് കാര്യമായ തുകയൊന്നും എത്തിയില്ല. എന്നാല്‍ എന്‍റെ പോസ്റ്റ് കാണാന്‍ ഇടയായ ഒരു സുഹൃത്ത് സഹായ ഹസ്തവുമായി എത്തുകയും അദ്ദേഹത്തിന്‍റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിയുകയും ചെയ്തു.

പലരുടെയും ആക്റ്റീവിസം ഫേയ്സ്ബുക്കില്‍ മാത്രം ഒതുങ്ങി പോകുന്നുണ്ടോ

അങ്ങനെ ജനറലൈസ് ചെയ്യാന്‍ പറ്റില്ല. ഫേയ്സ്ബുക്കിലും നല്ല ആളുകളും കള്ള നാണയങ്ങളും ഉണ്ട്. വെറുതെ നാട്ടുകാരെ പറ്റിക്കാന്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നവരുമുണ്ട്. വളരെ ആത്മാര്‍ഥമായി ഈ ഫ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തുന്നവരുമുണ്ട്.

ഫെയ്സ്ബുക്ക് എന്ന മാധ്യമത്തിന്‍റെ സാധ്യതകള്‍ പോസ്റ്റീവായി ഉപയോഗപ്പെടുത്തുന്ന ഒന്ന്-രണ്ട് ആളുകളെ പറയാമോ

കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. അദ്ദേഹത്തിനു നിലവില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഒന്നും ഉണ്ടെന്ന് തോന്നുന്നില്ല. അദ്ദേഹം അഭിപ്രായം പറഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്‍റെ ഗുഡ് വില്ലിനെ അത് ബാധിക്കാന്‍ പോകുന്നില്ല. തെരുവുനായ്ക്കളുടെ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അദ്ദേഹം പ്രതികരിച്ചത് അഭിനന്ദാര്‍ഹമാണ്.

ഡോ. തോമസ് ഐസക്ക്. അദ്ദേഹം തന്‍റെ മണ്ഡലത്തില്‍ ഒട്ടേറെ നല്ലകാര്യങ്ങള്‍ ജനപങ്കാളിത്തതോടെ നടപ്പാക്കുന്നുണ്ട്. അദ്ദേഹത്തിനു രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടാകാം. പക്ഷേ അദ്ദേഹം ജനങ്ങള്‍ക്കൊപ്പം തോളോട് തോളായി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രവൃത്തി ചെയ്തിട്ടാണ് അദ്ദേഹം അത് ഫേയ്സ്ബുക്കില്‍ ഷെയര്‍ ചെയ്യുന്നത്. അല്ലാതെ വെറും ഷോ ഓഫ് മാത്രമല്ല.

ഫെയ്സ്ബുക്കിലൂടെ പ്രണയിച്ചു വിവാഹം

മറ്റു പലരേയും പോലെ ഞാനും മാട്രിമോണിയല്‍ സൈറ്റ് വഴി വധുവിനെ അന്വേഷിച്ചു തുടങ്ങിയിരുന്നു. അതിലൊരു കുട്ടിയുമായി ഫേയ്സ്ബുക്കിലൂടെ സംസാരിച്ചും തുടങ്ങിയിരുന്നു. പരസ്പരം മനസ്സിലാക്കിയിട്ടു മതിയല്ലോ കല്ല്യാണം എന്നായിരുന്നു ചിന്ത. പെട്ടെന്നൊരു ദിവസം തന്‍റെ അമ്മയ്ക്കു താല്‍പര്യമില്ല, ഈ സിനിമക്കാരൊക്കെ എത്രകാലം തിളങ്ങി നില്‍ക്കും ഭാവിയുണ്ടോ എന്നുള്ള സംശയങ്ങള്‍ പ്രകടിപ്പിച്ചപ്പോള്‍ ഞാന്‍ ആലോചന അവിടെ ഉപേക്ഷിച്ചു. പക്ഷേ പിന്നീട് ഫേയ്സ്ബുക്കിന്‍റെ സാധ്യത മനസ്സിലാക്കുകയും അതിനെ കുറച്ചു കാലം മാട്രിമോണിയല്‍ സൈറ്റായി കരുതുകയും ചെയ്തു. അതിനിടയില്‍ യാദ്യചികമായി സംഭവിച്ചതാണ് പ്രണയം. ഫേയ്സ്ബുക്കിലൂടെ പ്രണയിച്ചുവെന്നത് വലിയ ആനകാര്യമായിട്ടൊന്നും ഞാന്‍ കരുതിന്നില്ല. എന്‍റെ കാര്യത്തില്‍ ഫേയ്സ്ബുക്ക് ഒരു നിമിത്തമായി എന്നു മാത്രം. അതുകൊണ്ട് നാളെ മുതല്‍ എല്ലാവരും ഫേയ്സ്ബുക്കിലൂടെ മാത്രമേ പ്രേമിക്കാവു എന്നു ‍ഞാന്‍ പറയില്ല. എന്‍റെ ഭാര്യയായ പെണ്‍കുട്ടി ഇങ്ങനെ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എന്നിലേക്ക് എത്തിചേരുമായിരുന്നു എന്നു തന്നെയാണ് എന്‍റെ വിശ്വാസം.

jude-family

ഫേയ്സ്ബുക്ക് മാത്രമല്ല ജൂഡ് ആന്തണിയുടെ ലോകം, പുതിയ സിനിമയുടെ എഴുത്തു ജോലികള്‍ പുരോഗമിക്കുന്നു. കുടുംബത്തിനും കൂട്ടുകാര്‍ക്കുമൊത്തുള്ള സമാന്തരമായ മറ്റൊരു ലോകവും അദ്ദേഹത്തിനുണ്ട്. അത്താണിയിലെ എന്തെങ്കിലും കവലയിലോ പച്ചക്കറി കടയിലോ കള്ളിമുണ്ടും ഉടുത്ത് കഷണ്ടി കേറിയ മൂടിയുമായി നിങ്ങള്‍ ചിലപ്പോള്‍ അദ്ദേഹത്തെ കണ്ടുമുട്ടിയേക്കാം. ഫേയ്സ്ബുക്കിലാണെങ്കിലും പുറത്താണെങ്കിലും തനി നാടനായി തന്നെ തുടരാനാണ് അദ്ദേഹത്തിന് ഇഷ്ടം.

അടുത്ത പടം ഓൾ ഇന്ത്യ റിലീസ്

ഓം ശാന്തി ഓശാന കേരളത്തിന് പുറത്ത് റിലീസ് ചെയ്തിരുന്നു. എന്നാൽ മലയാളസിനിമ റിലീസ് ചെയ്യാൻ പറ്റാത്ത മറ്റൊരുപാട് സ്ഥലങ്ങൾ ഇന്ത്യയിൽ ഉണ്ട്. ഗുജറാത്ത് , രാജസ്ഥാൻ പോലുള്ള സ്ഥലങ്ങൾ.

അടുത്ത പടം പുറത്തിറങ്ങുന്പോൾ കൂവിതോൽപ്പിക്കാമെന്ന് പറഞ്ഞ് വെല്ലുവിളിച്ചിരിക്കുന്ന ഫെയ്സ്ബുക്ക് ആളുകൾക്ക് വേണ്ടിയാണ് ഈ ഓൾ ഇന്ത്യ റിലീസ്. അവർക്ക് വേണ്ടി എത്ര കഷ്ടപ്പെട്ട് ആണെങ്കിലും അടുത്ത പടം ഞാൻ ഓൾ ഇന്ത്യ റിലീസ് ചെയ്യും.