Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഗ്രഹമുണ്ട്, ന്യൂ ജനറേഷൻ സംവിധായകർ വിളിച്ചിട്ടില്ല

വെറുതെ കുറച്ചു പാട്ടുപാടി ഡാൻസ് കളിച്ചു പോകുന്ന നടിമാർക്ക് പഞ്ഞമില്ലാത്ത ചലച്ചിത്രരംഗത്ത് വേറിട്ട കഥാപാത്രങ്ങൾക്കൊണ്ട് മാത്രം ശ്രദ്ധിക്കപ്പെട്ട നടിയാണ് ജ്യോതി കൃഷ്ണ. രഞ്ജിത്തിന്റെ ‘ഞാൻ’ ഉൾപ്പെടെയുളള ചിത്രങ്ങളിലൂടെ നിരൂപക പ്രശംസ നേടിയ ജ്യോതി എല്ലാത്തിനോടും വ്യക്തമായ കാഴ്ചപ്പാടുളള പെൺകുട്ടിയാണ്. കുഞ്ചാക്കോ ബോബന്റെ നായികയായി ഗോഡ് ഫോർ സെയ്ൽ തുടങ്ങിയ ചിത്രങ്ങളിലൂടെ മുൻനിര താരങ്ങളുടെ നായികയായ ജ്യോതി ഇപ്പോൾ ജിത്തു ജോസഫ് - ദിലീപ് ചിത്രം ലൈഫ് ഓഫ് ജോസുകുട്ടിയിൽ ശ്രദ്ധേയ വേഷത്തിലുണ്ട്. പുതിയ ചിത്രങ്ങൾ സമ്മാനിക്കുന്ന സന്തോഷം മനോരമ ഓൺലൈൻ എെ മി മൈസെൽഫ് ചാറ്റ് ഷോയിൽ പങ്കിടുകയാണ് ജ്യോതി.

ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമെന്ന പേടിയുണ്ട്

എനിക്കു കിട്ടുന്നതെല്ലാം നാടൻ കഥാപാത്രങ്ങളാണ്. നാടൻ കഥാപാത്രങ്ങളിലേക്കു മാത്രം പരിഗണിക്കുകയും മോഡേൺ വേഷങ്ങളിലേക്ക് വിളിക്കാതിരിക്കുകയും ചെയ്യുമ്പോൾ വിഷമമുണ്ട്. മൂന്നു വർഷമായി ഞാൻ ഇൻഡസ്ട്രിയിൽ വന്നിട്ട്. അതുകൊണ്ട് ഇനി ഇത്തിരി മോഡേൺ ആകാനാണ് തീരുമാനം. മുടി വെട്ടിയതും വണ്ണം കുറച്ചതുമൊക്കെ അതിനുവേണ്ടിയാണ്. ഇനി ഞാൻ കമ്മിറ്റ് ചെയ്തിരിക്കുന്ന സിനിമകളിൽ മോഡേൺ കഥാപാത്രങ്ങളാണ് ചെയ്യുന്നത്. അത് റിലീസ് ആയിട്ടു വേണം ഇനി ഞാൻ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമോ എന്നറിയാൻ. മോഡേൺ ആവാൻ തീരുമാനിച്ചെങ്കിലും ഭയങ്കര വൾഗർ ആയി എക്സ്പോസ് ചെയ്തു നടക്കുന്ന ഒരു ക്യാരക്ടർ ചെയ്യാൻ സാധ്യതയില്ല. എന്നെ ന്യൂ ജനറേഷനിൽപ്പെട്ട ഒറ്റ സംവിധായകരും അഭിനയിക്കാൻ വിളിച്ചിട്ടില്ല. അവരോടൊപ്പം സിനിമ ചെയ്യാൻ എനിക്ക് ആഗ്രഹമുണ്ട്.

jyothy

അഭിനയിക്കാൻ ആഗ്രഹമുളള റോൾ - കോൾ ഗേൾ!

എനിക്കു അഭിനയിക്കാൻ വളരെ ഇഷ്ടമുളള കഥാപാത്രമാണ് കോൾ ഗേൾ. അങ്ങനെ ഒരു കഥാപാത്രം ചെയ്യണം എന്ന് ഞാൻ എപ്പോഴും മനസിൽ വിചാരിക്കാറുണ്ട്. അതിനെ ഒരിക്കലും പുച്ഛിച്ചു കാണരുത്. ഗംഭീരമായി പെർഫോം ചെയ്യാൻú പറ്റുന്ന ക്യാരക്ടർ ആണ് അങ്ങനെയുളളവരുടെ ജീവിതം. എനിക്കു ഭയങ്കര ഇഷ്ടമാണത്. അങ്ങനെ ഒരു റോൾ വന്നാൽ ഞാൻ എന്തായാലും ചെയ്യും. ആ ചാൻസ് ഒരിക്കലും മിസ് ചെയ്യില്ല.

എന്റെ എറ്റെം ഡാൻസ് ഉടൻ വരും

ഞാൻ ഉറപ്പായും എറ്റെം ഡാൻസ് ചെയ്യും. എനിക്കു ചെയ്യാൻ പറ്റുന്ന സംഭവം ആയതുകൊണ്ടാണ് ഞാനതു ചെയ്യാൻ പോകുന്നത്. ബിക്കിനിയൊക്കെ ഇട്ടു വരുന്ന എറ്റെം ഡാൻസ് അല്ല ഇത്, ഡപ്പാൻ കൂത്ത് സ്റ്റൈലിൽ ഉളള ഒന്നായിരിക്കും. എന്തായാലും ഇൗ അവസരം നഷ്ടപ്പെടുത്തില്ല. കാരണം ഞാൻ ഡാൻസർ ആണെന്ന് ആർക്കും അറിയില്ല. ‘‘ജ്യോതിയോ.. ഡാൻസ് കളിക്കുവോ, ആ കുട്ടിക്കു ഭയങ്കര തടിയല്ലേ...’’ ഇങ്ങനെയാണ് എന്നെക്കുറിച്ചു പലരും ചോദിക്കുക. അതൊന്നു മാറ്റിയെടുക്കണം എന്നു വിചാരിച്ചിരിക്കുകയാണ് ഞാൻ. എന്തായാലും എറ്റെം ഡാൻസ് ചെയ്യാൻ പോകുകയാണ്.

അഭിനയം, ജീവിതത്തിലും!

എനിക്ക് ഇഷ്ടമില്ലാത്ത കാര്യം മുഖത്തു നോക്കി പറയുന്ന ആളാണ് ഞാൻ. സിനിമയിൽ അതു നടക്കില്ല. ജീവിതത്തിൽ അഭിനയിക്കേണ്ട അവസ്ഥയാണ് സിനിമാ ലോകത്ത്. നമ്മുടെ യഥാർത്ഥ വ്യക്തിത്വം പുറത്തു കാണിച്ചാൽ പലർക്കും അത് ഇഷ്ടമാവില്ല. പ്രതികരിച്ചാൽ അവൾക്ക് അഹങ്കാരമാണ്, അവൾ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറയും.

ഞാൻ ഇതുവരെ കഥ മുഴുവനും കേട്ടു ചെയ്ത സിനിമ ഒന്നോ രണ്ടോ എണ്ണമേയുളളൂ. സ്ക്രിപ്റ്റ് വായിക്കണം, കഥ കാണണം എന്നൊന്നും ഇതുവരെ പറഞ്ഞിട്ടില്ല, സത്യമായിട്ടും പേടിച്ചിട്ടാണ് അതു ചോദിക്കാത്തത്. സംവിധായകൻ രഞ്ജിത്തിന്റെ ഒക്കെ സിനിമ വരുമ്പോൾ എനിക്കു സ്ക്രിപ്റ്റ് വായിക്കണം എന്നൊക്കെ പറയാൻ മാത്രം ഞാൻ വളർന്നിട്ടില്ല. വൺലൈൻ മാത്രം കേട്ട് അതിൽ നിന്ന് സങ്കൽപ്പിച്ചെടുക്കും എന്റെ കഥാപാത്രത്തിന് എങ്ങനെയൊക്കെ പെർഫോം ചെയ്യാനുണ്ടാകും എന്ന്. അല്ലാതെ ഞാൻ സ്ക്രിപ്റ്റ് വായിച്ച് സിനിമ ചെയ്തിട്ടില്ല.

എന്നെ ആരും പീഡിപ്പിച്ചിട്ടില്ല!

സർ സിപി എന്ന ചിത്രവുമായി ബന്ധപ്പെട്ട ഇഷ്യു എന്നെ വളരെ നെഗറ്റീവ് ആയിട്ടാണ് ബാധിച്ചത്. അന്ന് ഞാൻ കൊടുത്ത പരാതി അല്ല ഇന്റർനെറ്റിലും മറ്റു മീഡിയകളിലുമൊക്കെ വന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരിൽ ഒരാൾ എന്നെ പീഡിപ്പിച്ചു, റൂമിൽ വിളിപ്പിച്ചു, അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്നൊക്കെ വാർത്ത വന്നു. അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. പ്രതിഫലത്തിന്റെ കാര്യത്തിൽ മാത്രമേ ഞാനും പ്രൊഡക്ഷൻ കൺട്രോളറും തമ്മിൽ പ്രശ്നം ഉണ്ടായിട്ടുളളൂ. കുറച്ചു മോശമായി എന്നോടു സംസാരിച്ചു. അതുമാത്രമേ ഞാൻ അമ്മ സംഘടനയിൽ പരാതിപ്പെട്ടൊളളൂ. എന്നാൽ അതൊന്നുമല്ല പിന്നീട് പ്രചരിച്ചത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.