Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുല്‍ഖറിനൊപ്പമുള്ള ആ രംഗം മറക്കാനാകില്ല

anil-alasan അനിൽ

കമ്മട്ടിപ്പാടമെന്ന ചിത്രം പ്രേക്ഷകനു പരിചയപ്പെടുത്തിയത് കാണാതെ പോകുന്ന കുറേ ജീവിതങ്ങളേയും യാഥാർഥ്യങ്ങളേയും കഥാപാത്രങ്ങളേയും മാത്രമല്ല. മികച്ച അഭിനേതാക്കളെ കൂടിയാണ്. സിനിമയില്‍ വന്നുപോയ ഓരോ കഥാപാത്രങ്ങളും പകരംവയ്ക്കാനില്ലാത്ത അഭിനയ ശൈലിയാണ് നമുക്ക് കാണിച്ചു തന്നത്. പ്രേക്ഷകന്റെ ഉള്ളിലങ്ങനെ ആഞ്ഞുതറച്ചുകയറി അവരോരുത്തരും. ഈ വേഷമവതരിപ്പിക്കുവാൻ ഇതിലും മികച്ചൊരാളില്ലെന്ന് ഓരോരുത്തരും നമ്മെക്കൊണ്ട് പറയിപ്പിച്ചു. അഭിനയത്തിന്റെ ആഴമെന്തെന്ന് പറഞ്ഞു തന്ന സിനിമയിലെ ശ്രദ്ധേയ വേഷം ചെയ്തയാളാണ് അനില്‍. നീണ്ട ഇടവേളകൾക്കു ശേഷം സിനിമയിൽ പ്രത്യക്ഷപ്പെടുന്ന അനിൽ കമ്മട്ടിപ്പാടത്തിൽ ചെയ്ത സുരേന്ദ്രനെന്ന കഥാപാത്രം മുതലാളത്തത്തിന്റെ ഏറ്റവും വികലമായ മുഖത്തെയാണ് അവതരിപ്പിച്ചത്.

സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പഠനം പൂർത്തിയാക്കിയ അനിൽ നമ്മളധികം അടുത്തറിയാത്ത നടൻമാരിലൊളാണ്. നാടകക്കളരിയിൽ നിന്ന് രാജീവ് രവി സിനിമയിലേക്ക് കൈപിടിച്ച നടൻമാരിലൊരാള്‍. മലയാള സിനിമയുടെ പുറമ്പോക്കിൽ കുടിലുകെട്ടി കഴിയേണ്ടി വരുമായിരുന്ന അഭിനേതാക്കൾക്ക് അവസരം നൽകിയ സംവിധായകൻ എന്നാണ് അനിൽ രാജീവ് രവിയെ കുറിച്ച് പറയുന്നത്. ഇനിയുമുണ്ട് ആ പുറമ്പോക്കിൽ നടൻമാരും നടിമാരും. പ്രശസ്തമായൊരിടത്തു നിന്ന് അഭിനയം പഠിച്ചെങ്കിലും അനിൽ ഉറച്ചു വിശ്വസിക്കുന്നു അഭിനയം ആരെയും പഠിപ്പിക്കാനൊന്നുമാകില്ല.

anil അയാൾ ഞാനല്ല എന്ന സിനിമയിൽ

രണ്ടോ മൂന്നോ വാക്യങ്ങളിൽ കഥാപാത്രത്തെ പറഞ്ഞു മനസിലാക്കി തരുന്ന സംവിധായകൻ. പുതുമുഖങ്ങൾക്കായി പുതുമുഖങ്ങളെ കണ്ടെത്താതെ, തീയറ്ററുകളിൽ നിന്ന് കണ്ടെത്തി സിനിമയിലെത്തിക്കുന്ന സംവിധായകൻ. കാസ്റ്റിങിൽ ഇത്രയും റിസ്ക് എടുക്കുന്ന സംവിധായകന്‍ മലയാളത്തിൽ മറ്റൊരാളുമില്ല. അതുകൊണ്ടു മാത്രമാണ് സിനിമയിൽ എത്താൻ തനിക്കായത്. സിനിമയ്ക്കൊരു പുതിയ സാംസ്കാരിക തലമാണ് രാജീവ് രവി മുന്നോട്ടു വയ്ക്കുന്നത്. പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രോ‍ഡക്ട് ആയതുകൊണ്ടെയാകാം അത്. അനിൽ പറയുന്നു.

തസ്കരവീരനു ശേഷം പത്തു വർഷം കഴിഞ്ഞാണ് അനിലിലേക്ക് സിനിമ ചെല്ലുന്നത്. അതായിരുന്നു ഞാൻ സ്റ്റീവ് ലോപസ്. അതിനു ശേഷം വലിയ ഇടവേളകളില്ലാതെ സിനിമയിൽ അനിലിന് കഥാപാത്രങ്ങളെ കിട്ടി. സിനിമയില്ലെങ്കിൽ നാടകങ്ങളും ചാനലിലെ ജോലിയും പിന്നെ വീട്ടിലെ കൃഷിയിടത്തുമായാണ് കഴിഞ്ഞു കൂടൽ. നാടകം ഏറെയിഷ്ടം. പിന്നെന്തിന് ചാനലിലെ അവതാരകനായെന്ന് ചോദിച്ചാൽ ഉത്തരം, ജീവിക്കാനായെന്ന്. ചാനൽ തന്നെയാണ് ജീവിതത്തിലേക്ക് ഏറ്റവും നല്ല അനുഭവങ്ങൾ സമ്മാനിച്ചത്. അനിൽ പറഞ്ഞു. ചെയ്ത വേഷങ്ങൾ പോലെ മൂർച്ചയുണ്ട് സംസാരത്തിലും.

കമ്മട്ടിപ്പാടം കൈകാര്യം ചെയ്ത സാമൂഹിക വിഷയം ചര്‍ച്ച ചെയ്യപ്പെടുമ്പോഴും തീയറ്റർ നിറഞ്ഞോടുമ്പോഴും ഒരുപാട് സന്തോഷമുണ്ട് ഈ നടനും. ഒരു നല്ല സിനിമയിൽ, അഭിനേതാക്കളേതെന്ന് തിരിച്ചറിയുവാൻ കഴിവുള്ള സംവിധായകനൊപ്പം പ്രവർത്തിക്കാനായതിലും. കമ്മട്ടിപ്പാടങ്ങൾ എല്ലായിടത്തുമുണ്ട്. എന്റെ നാട്ടിലുമുണ്ട്. എറണാകുളത്തുമുണ്ട്. എവിടെ ചെന്നാലും നമുക്ക് സുരേന്ദ്രൻമാരെ കാണുവാൻ സാധിക്കും.

സിനിമയില്‍ ഒപ്പം അഭിനയിച്ചവരും അവരുടെ അഭിനയം പോലെ കലർപ്പില്ലാത്തവർ എന്ന് അനിൽ പറയുന്നു. ദുൽഖറും വിനായകനും ബാലനും എല്ലാവരുമങ്ങനെ തന്നെ. അനിൽ ചേട്ടാ എന്ന് വിളിച്ച് നല്ല പിന്തുണ തന്നിരുന്നു ദുൽഖർ. അത്രയും ലളിതമായ ഇടപഴകൽ. ദുൽഖറിനൊപ്പമുള്ള ക്ലൈമാക്സ് രംഗമാണ് ആദ്യം ചിത്രീകരിച്ചത്. ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടവും മറക്കാനാകാത്ത നിമിഷവും അതുതന്നെയായിരുന്നു. ഓൺ ദി സ്പോട്ട് ഡബ്ബിങ് ആയിരുന്നു ആ രംഗം.

വിനായകന്റെ അഭിനയം അസാധ്യമാണ്. ഒരു ദേശീയ പുരസ്കാരം ആ നടന് നൽകേണ്ട കാലം കഴിഞ്ഞു. കമ്മട്ടിപ്പാടം എന്ന സിനിമയിലെങ്കിലും അതുണ്ടാകുമെന്ന് കരുതുന്നു. അതാണ് എന്റെ കാഴ്ചപ്പാട്. അത്രയ്ക്ക് മനോഹരമായിട്ടാണ് അദ്ദേഹം കഥാപാത്രത്തെ ആവിഷ്കരിച്ചത്. സംസ്ഥാന-ദേശീയ പുരസ്കാരങ്ങൾ നൽകി ആദരിക്കേണ്ടത്രയും ആഴമുള്ള അഭിനയമായിരുന്നു വിനായകന്റേത്. അനില്‍ പറഞ്ഞു.
 

Your Rating: