Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹേഷിന്റെ ചാച്ചനും ജിംസിയുടെ അമ്മച്ചിയും

kj-antony-fahad ഫഹദിനും അപർണയ്ക്കുമൊപ്പം ആന്റണിയും ഭാര്യ ലീനയും

ഫഹദ് ഫാസിൽ നായകനായ മഹേഷിന്റെ പ്രതികാരം മലയാളക്കരയാകെ നെഞ്ചേറ്റുമ്പോൾ വെള്ളിത്തിരയിലെ വെള്ളി നക്ഷത്രങ്ങൾക്കൊപ്പം ആദ്യമായി സിനിമയിൽ സാന്നിധ്യമറിയിച്ചവരും തിളങ്ങുകയാണ്. സംവിധാനത്തിലെ തുടക്കക്കാരന് താരങ്ങളെ കാസ്റ്റ് ചെയ്യുന്ന കാര്യത്തിൽ പതിറ്റാണ്ടുകളുടെ പരിചയമുണ്ടെന്ന് തോന്നിപ്പോകും മഹേഷിന്റെ പ്രതികാരം കണ്ടാൽ. ചിത്രത്തിൽ ഫഹദിന്റെ ചാച്ചനും അമ്മച്ചിയുമായി എത്തിയ ജോഡികൾ പ്രേക്ഷകരുടെ മനസ്സിൽ ഒട്ടിപ്പോ മന്ത്രം ചൊല്ലിയപോലെ കേറി പറ്റിയതും അത് കൊണ്ട് തന്നെയാണ്.

സുഹൃത്തിന്റെ മാതാപിതാക്കളും അമേച്വർ നാടകരംഗത്ത് വർഷങ്ങളുടെ പരിചയവുമുള്ള കെ ജെ ആന്റണിയെയും ഭാര്യ ലീന ആന്റണിയെയും ദിലീഷ് പോത്തൻ കണ്ടെത്തിയത് ഈ വിജയം മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ്. ചിത്രത്തിൽ ചാച്ചൻ ഹിറ്റ്‌ ആയപ്പോൾ , 75ാം വയസ്സിൽ തന്നെ തേടി വന്ന സിനിമാ ഭാഗ്യം ഭാര്യ ലീനക്ക് ഒപ്പം ആസ്വദിക്കുകയാണ് കെ ജെ ആന്റണി.

kj-antony

മഹേഷിന്റെ പ്രതികാരം നാടകം തന്ന ഭാഗ്യം

1950 ൽ ബാലനടനായി നാടകത്തിൽ അരങ്ങേറ്റം കുറിച്ചയാളാണ് ഞാൻ. അഭിനയിക്കാനുള്ള ഇഷ്ടം കൊണ്ട് , പിന്നീട് അമേച്വർ നാടക വേദിയുടെ ഭാഗമായി. കൊച്ചിൻ കലാകേന്ദ്ര എന്ന പേരിൽ സ്വന്തമായി ഒരു ട്രൂപ് ഉണ്ടാക്കി. 25 ൽ പരം നാടകങ്ങൾ എഴുതി, സംവിധാനം ചെയ്തു. നാടകവേദിയിൽ അത്യാവശ്യം പേരുണ്ട് എന്നുതന്നെ പറയാം. ഈ സമയത്താണ്, ഞാനും എന്റെ ഭാര്യയും ചേർന്ന് അമ്മയും തൊമ്മനും എന്ന നാടകം ചെയ്യുന്നത്. 2 പേര് മാത്രം കഥാപാത്രങ്ങളായി എത്തുന്ന ആ നാടകം മകന്റെ സുഹൃത്ത് കൂടിയായ ദിലീഷ് പോത്തൻ ശ്രദ്ധിച്ചിരുന്നു. പിന്നീട് എന്നെ വിളിച്ച് , ഇങ്ങനെ ഒരു വേഷമുണ്ട് ചെയ്യാമോ എന്ന് ചോദിച്ചു. ചെയ്യാം എന്ന് പറഞ്ഞു എങ്കിലും ഞാൻ അതത്ര കാര്യമാക്കി എടുത്തിരുന്നില്ല . പിന്നീട് ദിലീഷ് എന്റെ വീട്ടിൽ വന്ന് സ്ക്രീൻ ടെസ്റ്റ്‌ നടത്തി. അപ്പോഴാണ്‌ ആ വാക്ക് വെറും വാക്കല്ല, ഞാൻ സിനിമയിൽ അഭിനയിക്കാൻ പോകുകയാണ് എന്ന് ഞാൻ മനസിലാക്കിയത്.

Fahadh Faasil | Exclusive Interview | I Me Myself | Manorama Online

ചാച്ചനും അമ്മച്ചിയും ജീവിതത്തിലും ചാച്ചനും അമ്മച്ചിയും തന്നെ

സിനിമയിൽ അമ്മച്ചിയായി അഭിനയിച്ചത് എന്റെ ഭാര്യയാണ്. അത് കൂടുതലാർക്കും അറിയില്ലെന്ന് മാത്രം. അമേച്വർ നാടകവേദിയിൽ വച്ച് പരിചയപ്പെട്ടവരാണ് ഞങ്ങൾ. നല്ല വരുമാനം ലഭിക്കുന്ന ജോലി പോലും ഉപേക്ഷിച്ച്, നാടകമേ ജീവിതം എന്ന് ചിന്തിച്ച ഞങ്ങൾ പിന്നീട് ജീവിതത്തിലും ഒന്നിക്കാൻ തീരുമാനിച്ചു. നൂറുകണക്കിന് വേദികളിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഒടുവിൽ സിനിമയിൽ അവസരം ലഭിച്ചപ്പോഴും ഞങ്ങൾ ഒരുമിച്ചു തന്നെ വന്നത് ദൈവഭാഗ്യം എന്നല്ലാതെന്തു പറയാൻ. നാട്ടിൽ ഞങ്ങൾ അറിയപ്പെടുന്നത് ചാച്ചൻ എന്നും അമ്മച്ചി എന്നും തന്നെയാണ്. അത് കൊണ്ട് തന്നെയാണ് സിനിമയിലും ആ വിളി തന്നെ ഉപയോഗിച്ചത്.

kj-antony-aparna

എല്ലാവരും ചിരിപ്പിച്ചപ്പോൾ ചാച്ചൻ കരയിപ്പിച്ചു

പഴയകാല ഫോട്ടോഗ്രാഫറുടെ റോൾ ആണ് സിനിമയിൽ എനിക്ക്. ആദ്യമായി ചെയ്ത കഥാപാത്രം മനോഹരമായി എന്ന് ആളുകൾ പറയുമ്പോൾ അതിൽ വല്ലാത്ത സന്തോഷമുണ്ട്. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ വച്ചു നോക്കുമ്പോൾ വ്യത്യസ്തമായ കഥാപാത്രം എന്ന് തന്നെ പറയാം. കാരണം, ഇതൊരു മുഴുനീള കോമഡി സിനിമയാണ്. ഇതിൽ എല്ലാവരും പ്രേക്ഷകരെ ചിരിപ്പിക്കുമ്പോൾ ചാച്ചൻ എന്ന എന്റെ കഥാപാത്രം സീരിയസ് ആണ്. ചാച്ചൻ ചിരിപ്പിക്കുകയല്ല, ചിന്തിപ്പിക്കുകയാണ് ചെയ്യുന്നത്.

leena-antony

സിനിമ ഞാൻ വിചാരിച്ചതു പോലയേ അല്ല !

അമേച്വർ നാടകവേദിയുടെ പരിമിതമായ അറിവിൽ നിന്നും നോക്കുമ്പോൾ സിനിമാലോകം എന്നെ എങ്ങനെ ഉൾക്കൊള്ളും ഷൂട്ടിങ്ങ് എങ്ങനെ ആയിരിക്കും ജാഡക്കാർ ഉണ്ടാകുമോ തുടങ്ങി ഒട്ടനവധി ആശങ്കകൾ ഉണ്ടായിരുന്നു. എന്നാൽ ഷൂട്ടിങ്ങിന് എത്തിയ ആദ്യ ദിനം തന്നെ അത്തരം ധാരണകൾ അസ്ഥാനത്തായി. ഞങ്ങൾ ഒരു കുടുംബം പോലെയാണ് ഷൂട്ടിങ്ങ് പൂർത്തിയാക്കിയത്. സീനിയർ - ജൂനിയർ വ്യത്യാസമില്ലാതെ കളിയും ചിരിയുമായി ഒറ്റക്കെട്ടായാണ് ഞങ്ങൾ സിനിമ പൂർത്തിയാക്കിയത്.

ഫഹദിന്റെ സ്വന്തം ചാച്ചൻ

പൊതുവെ നായകനായി അഭിനയിക്കുന്ന ആൾ എങ്ങനെ പെരുമാറും എന്നതിനെപ്പറ്റി ഒരു ആശങ്ക എല്ലാ പുതുമുഖങ്ങൾക്കും ഉണ്ടാകുമല്ലോ, എന്നാൽ ഫഹദ് നമ്മളെ എങ്ങനെ ഉൾക്കൊള്ളും എന്ന കാര്യത്തിൽ അത്തരമൊരു സംശയം വേണ്ട. സിനിമയ്ക്ക് അകത്തും പുറത്തും ഒരേ പോലെയാണ് ഫഹദിന്റെ പെരുമാറ്റം. സിനിമയുടെ രീതികള പൊതുവെ പരിചയമില്ലാത്ത എനിക്ക്, ചാച്ചാ എന്ന് വിളിച്ച് എല്ലാം പറഞ്ഞു തന്നു. അടുത്തടുത്ത മുറികളിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. ഷൂട്ടിങ്ങിന്റെ ഇടവേളകളിലൊക്കെ ചാച്ചാ അമ്മച്ചി എന്ന് വിളിച്ച് ഞങ്ങളോട് ഒരു മകനെ പോലെ വർത്തമാനം പറയുമായിരുന്നു ഫഹദ്.

Maheshinte Prathikaaram | Fahad Faasil, Dileesh Pothan, Aashiq Abu | Manorama Online

എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ....

നാടകത്തിൽ സജീവമായിട്ട്, 66 വർഷങ്ങളോളമായി. എന്നിട്ടും എന്തുകൊണ്ട് സിനിമയിലെത്താൻ വൈകി എന്ന് ചോദിച്ചാൽ, എല്ലാത്തിനും അതിന്റേതായ സമയമുണ്ട് എന്നല്ലാതെ എന്ത് പറയാനാണ്. സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഈ വരവ് വൈകിപ്പോയി എന്ന് എനിക്ക് തോന്നുന്നില്ല. ഇതൊരു തുടക്കം അത്രതന്നെ.

സിനിമയിൽ വന്നശേഷം ജീവിതം മാറിയിട്ടില്ല

നാടകത്തിൽ നിന്നും വിഭിന്നമായി ചുരുങ്ങിയ സമയം കൊണ്ട്, ഒത്തിരിപേർ തിരിച്ചറിയുന്നു , അഭിനന്ദിക്കുന്നു എന്നത് ഒഴിച്ചാൽ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ആ അഭിനന്ദനങ്ങൾ തന്നെ ഏറ്റവും വലിയ കാര്യം. ആ സന്തോഷം ഞാൻ ശരിക്കും ആസ്വദിക്കുന്നുണ്ട്. സിനിമയിൽ നിന്നും ജയസൂര്യ , ചില സംവിധായകർ ഒക്കെ വിളിച്ച് അഭിനന്ദിച്ചു. ഇതൊന്നും ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്തതാണ്.

ഇനി സിനിമയിൽ തന്നെ

ആദ്യചിത്രത്തിൽ ശ്രദ്ധിക്കപ്പെട്ടത് കൊണ്ട് തന്നെ വേറെയും അവസരങ്ങൾ വരുന്നുണ്ട്. എല്ലാം ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. പൊതുവെ പ്രായമായവരുടെ കഥാപാത്രങ്ങൾ ചെയ്യാൻ ആൾ കുറവായതിനാൽ ഇനിയും അവസരങ്ങൾ ഏറെയുണ്ട് എന്നെനിക്ക് തോന്നുന്നു (ചിരിക്കുന്നു)...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.