Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലെനയുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ

lena

അഭിനയിക്കാൻ അറിയാവുന്നവർക്ക് മുന്നിൽ വെള്ളിത്തിരയുടെ ഏതു വാതിലും എപ്പോൾ വേണമെങ്കിലും തുറക്കും. അവരെ സംബന്ധിച്ച് വലിയ സ്ക്രീനെന്നോ ചെറിയ സ്ക്രീനെന്നോ ഇല്ല. ബോളീവുഡെന്നോ കോളീവുഡെന്നോ ഇല്ല. കിട്ടുന്ന കഥാപാത്രങ്ങളോട് നൂറു ശതമാനം നീതിപുലർത്തുക എന്ന ലക്ഷ്യം മാത്രം. ഇതരത്തിൽ വലുപ്പ ചെറുപ്പമില്ലാതെ കിട്ടുന്ന കഥാപാത്രങ്ങളെ ഏറ്റവും മികച്ചതാക്കാൻ ശ്രദ്ധിക്കുന്ന അഭിനയത്രിയാണ് ലെന. സീരിയൽ രംഗത്തു നിന്നും തുടങ്ങിയ ലെനയുടെ യാത്ര ബോളീവുഡിൽ എത്തിയിരിക്കുന്നു. ലെന അഭിനയിച്ച അലിഫ് ദേശീയപുരസ്ക്കാര പട്ടികയിൽ ഇടംനേടിയിരിക്കുന്നു. ഈ അവസരത്തിൽ? ബോളീവുഡ് വിശേഷങ്ങൾ ലെന മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

∙ബോളിവുഡിലെ അരങ്ങേറ്റത്തിന്റെ സന്തോഷത്തിലാണോ?

അതെ. ഒരുപാട് സന്തോഷമുണ്ട്. എയർലിഫ്റ്റ് എന്ന ചിത്രത്തിൽ അക്ഷയ്കുമാറിനൊപ്പമാണ് അഭിനയിക്കുന്നത്. കഹാനി, ബാംഗ് ബാംഗ്, ലൈലാ ഓ ലൈല എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും മലയാളിയുമായ സുരേഷ് നായരുടെ രചനയിലാണ് ഈ ചിത്രം. മലയാളിയായ രാജാ കൃഷ്ണ മേനോനാണ് എയർ ലിഫ്റ്റ് സംവിധാനം ചെയ്യുന്നത്. ഞാൻ അഭിനയിച്ച മലയാളസിനിമകൾ കണ്ടിട്ടാണ് അദ്ദേഹം എന്നെ ഇതിലേക്ക് ക്ഷണിക്കുന്നത്. കഥാപാത്രത്തെക്കുറിച്ച് കൂടുതൽ ഒന്നും പറയാൻ പറ്റില്ല.

∙കോളിവുഡിലെ അരങ്ങേറ്റം എങ്ങനെ ഉണ്ടായിരുന്നു?

തമിഴിൽ ധനുഷിനൊപ്പം അനേഗനിലാണ് അഭിനയിച്ചത്. മലയാളത്തിൽ നിന്നുള്ള താരങ്ങളോട് തമിഴിൽ നല്ല ബഹുമാനമാണ്. ഞാൻ ചെയ്ത കഥാപാത്രങ്ങൾ സംവിധായകൻ നേരത്തെ കണ്ടിരുന്നു. അതിനനുസരിച്ചുള്ള വേഷങ്ങളാണ് ബോളീവുഡിലും കോളീവുഡിലും എനിക്ക് കിട്ടിയത്. ഇൻഡസ്ട്രിയിലെ ഇത്രയും കാലത്തെ അനുഭവമുള്ളതു കൊണ്ട്, അതിന്റെ ബഹുമാനമുണ്ടായിരുന്നു. പുതുമുഖങ്ങൾക്ക് നേരിടേണ്ടി വരുന്ന പോലെയുള്ള വെല്ലുവിളികളൊന്നും എനിക്ക് നേരിടേണ്ടി വന്നിട്ടില്ല.

∙അലിഫിനെക്കുറിച്ചുള്ള പ്രതീക്ഷകൾ?

എന്റെ അഭിനയജീവിതത്തിലെ നാഴികകല്ലാണ് അലിഫ്. ഞാൻ അഭിനയിച്ചതിൽ വച്ച് ഏറ്റവും ശക്തമായ സ്ത്രീകഥാപാത്രമാണ് അലിഫിലെ ഫാത്തിമ.

∙അലിഫ് പോലുള്ള സിനിമകൾ പ്രേക്ഷകനിലേക്ക് അധികം എത്തുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ?

പണ്ടൊക്കെയാണ് സമാന്തര സിനിമകൾ തീർത്തും ശ്രദ്ധിക്കപ്പെടാത്ത ഒരു അവസ്ഥ ഉണ്ടായിരുന്നത്. ഇപ്പോൾ സിനിമയെക്കുറിച്ച് ബോധ്യമുള്ള ഒരു പ്രേക്ഷകസമൂഹം നമുക്ക് ഉണ്ട്. സമാന്തര സിനിമകളെ ഗൗരവമായി തന്നെ അവർ കാണുന്നുണ്ട്. പിന്നെ ഇത്തരം സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള കൂടുതൽ ശ്രമങ്ങളും ചലച്ചിത്രകാരന്മാരുടെ ഭാഗത്തു നിന്നു തന്നെ നടക്കുന്നുണ്ട്.

∙കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുന്ന കാര്യങ്ങൾ?

ഒരു കഥ കേൾക്കുമ്പോൾ എന്റെ വേഷം ചെറുതോ വലുതോ ആകട്ടെ ആ കഥാപാത്രമായി ഞാൻ എന്നെ തന്നെ മനസ്സിൽ കാണും. അങ്ങനെ മനസ്സിൽ കാണുന്ന വേഷം എനിക്ക് സ്വയം നല്ലതാണെന്ന് തോന്നിയാൽ, കഥാപാത്രമായി മാറിയ എന്നെ എനിക്ക് ഇഷ്ടപ്പെട്ടാൽ ആ റോൾ സ്വീകരിക്കും.

∙ഇത്തരമൊരു തിരഞ്ഞെടുപ്പിന്റെ പ്രതിഫലനമായിരുന്നോ വിക്രമാദിത്യനും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ?

ലാൽജോസിനൊപ്പം ഒരു ഇടവേളയ്ക്കു ശേഷം ചെയ്ത സിനിമയാണ് വിക്രമാദിത്യൻ. ഒരു കഥാപാത്രത്തിന്റെ മൂന്നു കാലഘട്ടം അവതരിപ്പിക്കുക ചലഞ്ചിങ്ങ് ആയിരുന്നു. ആ വെല്ലുവിളി ഏറ്റെടുത്താൽ നന്നായിരിക്കുമെന്ന് തോന്നി. അങ്ങനെയാണ് വിക്രമാദിത്യൻ ചെയ്യുന്നത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ ആനി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു കഥാപാത്രമായി. ആനി സിംപിളാണ് എന്നാൽ ബോൾഡുമാണ്. ലളിതമായ ജീവിതത്തിലും എങ്ങനെ കരുത്താകാം എന്ന് കാണിച്ചു തരുന്ന കഥാപാത്രമാണ് ആനി. അടുത്തകാലത്ത് ഇറങ്ങിയ മലയാളസിനിമകളിലെ ഏറ്റവും ബോൾഡായ സ്ത്രീകഥാപാത്രമാണ് ആനി.

∙സ്നേഹവീടിന് ശേഷം സത്യൻ അന്തിക്കാടിനൊപ്പം എന്നും എപ്പോഴും പ്രതീക്ഷകൾ എന്തെല്ലാമാണ്?

പ്രേക്ഷകർ ഒരുപാട് പ്രതീക്ഷിക്കുന്ന സിനിമയാണ് എന്നും എപ്പോഴും. സത്യൻ അന്തിക്കാട്—മോഹൻലാലും—മഞ്ജു ഇവർ മൂവരും ഒന്നിക്കുന്ന സിനിമയിൽ അഭിനയിക്കാൻ സാധിച്ചത് ഭാഗ്യമാണ്. സിനിമയിൽ ഏറെ പ്രാധാന്യമുള്ള ഫറ എന്ന കഥാപാത്രമായിട്ടാണ് ഞാൻ എത്തുന്നത്. സത്യൻ അങ്കിളിനൊപ്പമുള്ള മൂന്നാമത്തെ സിനിമയാണിത്. കൊച്ചു കൊച്ചു സന്തോഷങ്ങളിലാണ് ആദ്യം അഭിനയിച്ചത്. പഠിക്കുന്ന സമയത്തായിരുന്നു കൊച്ചു കൊച്ചു സന്തോഷങ്ങൾ ചെയ്യുന്നത്. അതു കഴിഞ്ഞ് വലിയ ഇടവേളയ്ക്ക് ശേഷമായിരുന്നു സ്നേഹവീട്. സത്യൻ അന്തിക്കാട്—മോഹൻലാൽ ടീമിനൊപ്പമുള്ള എന്റെ രണ്ടാമത്തെ സിനിമ കൂടിയാണ് എന്നും എപ്പോഴും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.