Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ലിജോമോള് നമ്മുടെ മുത്തല്ലേ’

lijumol-actress ലിജു മോൾ

ആരാ...രണ്ടക്ഷരമാത്രമുള്ളൊരു കുഞ്ഞു ചോദ്യം. ഈ ഒരൊറ്റ രംഗത്തിനു ശേഷം സിനിമ കണ്ടിരുന്നവരുടെ ഉള്ളിലും ഒരുപാട് കൗതുകത്തോടെ വന്ന ചോദ്യം ഇതുതന്നെയാകും. ആരാണ് ഈ കുട്ടി. ‘സോണിയ നമ്മുടെ മുത്തല്ലേ’ എന്ന് ക്രിസ്പിൻ ബേബിച്ചായനോട് പറഞ്ഞ പോലെ പ്രേക്ഷകരും പറഞ്ഞു, അതെ ഈ കുട്ടി മിടുക്കിയാണ്.

lijomol3.jpg.image.784.410

മഹേഷിന്റെ പ്രതികാരമെന്ന ചിത്രത്തിലൂടെ മലയാളത്തിന് സ്വാഭാവിക അഭിനയത്തിന്റെ ചേലുള്ള മറ്റൊരു കുഞ്ഞുനടിയെ കൂടി ലഭിച്ചിരിക്കുന്നു. ലിജു മോൾ. ചിത്രത്തിലെ സോണിയ എന്ന കഥാപാത്രം ലിജോമോളുടെ ജീവിതത്തിലെ ആദ്യ അഭിനയ അനുഭവമാണ്. പക്ഷേ ചിത്രം കണ്ടവർക്ക് അത് വിശ്വസിക്കാനായിട്ടില്ല. ലിജോമോൾ തന്നെ പറയട്ടെ, എങ്ങനെയാണ് സിനിമ ജീവിതത്തിലേക്ക് വന്നതെന്ന്.

ഇതൊന്നും എന്റെ കഴിവല്ല

അഭിനയവും ഞാനും തമ്മിൽ മുൻപരിചയമൊന്നുമില്ല. ഒരു നാടകമോ മോണോ ആക്ടോ ഒന്നും ഇന്നേവരെ ജീവിതത്തിൽ ചെയ്തിട്ടില്ല. മഹേഷിന്റെ പ്രതികാരമെന്ന ചിത്രത്തിലെ അഭിനയത്തിന് ഇതുവരെ നല്ല അഭിപ്രായമേ ലഭിച്ചിട്ടുള്ളൂ. പക്ഷേ ഒരു കാര്യം ഞാനുറപ്പിച്ച് പറയാം ഇതൊന്നും എന്റെ കഴിവല്ല. ദിലീഷ് പോത്തനെന്ന സംവിധായകനും നല്ല ആത്മവിശ്വാസം നൽകിയ ഒരു ഷൂട്ടിങ് സംഘവുമില്ലായിരുന്നുവെങ്കിൽ എനിക്കൊരിക്കലും ഈ ചിത്രത്തിൽ അഭിനയിക്കാനാകുമായിരുന്നില്ല... ഈ റോൾ നന്നായിട്ടുണ്ടെങ്കില്‍ അതിന്റെ ഫുൾ ക്രെഡിറ്റ് അവര്‍ക്ക് നല്‍കണം. ആദ്യ സീൻ മരണവീട്ടിൽ വച്ചുള്ളതായിരുന്നു. ഞാൻ അപ്പനെ നോക്കി ചിരിക്കുന്നതായിട്ടുള്ളത്. അതൊരു കുഞ്ഞു ഷോട്ടായിരുന്നു. ആദ്യ ടേക്കിൽ തന്നെ ശരിയായി. അപ്പോഴേക്കും ഓടിവന്ന് എല്ലാവരും അഭിനന്ദിച്ചു. ഇതുപോലെ കുഞ്ഞു കുഞ്ഞു കാര്യങ്ങളിൽ പോലും പ്രോത്സാഹനം തരുന്ന ഒരു ടീമിനൊപ്പം വർക്ക് ചെയ്തതുകൊണ്ടാണ് എനിക്ക് സോണിയായി മാറാനായത്. നല്ല വാക്കുകൾ കേൾക്കാനായത്.

lijumol-soubin

എനിക്കുറപ്പായിരുന്നു എന്നെ വിളിക്കില്ലെന്ന്

ചിത്രത്തിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് പരസ്യമുണ്ടായിരുന്നല്ലോ. ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് ഞാൻ ഇതറിയുന്നത്. അത് ഞാനും വായിച്ചു. പക്ഷേ മനസിലൊരിടത്തും ഫോട്ടോ അയച്ചേക്കാമെന്ന തീരുമാനം എനിക്ക് വന്നില്ല. എന്നെകൊണ്ട് കഴിയില്ലെന്ന് എനിക്കുറപ്പായതുകൊണ്ടു തന്നെ. പക്ഷേ എന്റെ ഒരു സുഹൃത്ത് ഒരുപാട് നിർബന്ധിച്ചു. ഫോട്ടോ അയയ്ക്കാൻ. എന്തുകൊണ്ടാണ് ആ കുട്ടി അങ്ങനെ പറഞ്ഞതെന്ന് എനിക്കറിയില്ല. പിന്നെ ഫോട്ടോ അയയ്ക്കുമ്പോഴും എനിക്കുറപ്പായിരുന്നു എന്നെ വിളിക്കാൻ പോകുന്നില്ലെന്ന്. പ്രതീക്ഷകളൊക്കെ തെറ്റിച്ച് ഓഡിഷന് ക്ഷണം വന്നു. പക്ഷ അപ്പോഴും ഞാൻ കൂളായിരുന്നു. എനിക്ക് കിട്ടാൻ പോകുന്നില്ല. വെറുതെ പോയി വന്നേക്കാമെന്ന ചിന്ത. പക്ഷേ സെലക്ട് ആയെന്ന നിമിഷം മുതൽ വല്ലാത്ത ടെൻഷനായിരുന്നു. ഈ ചിത്രവും അഭിനയവുമൊന്നും ഞാനെന്റെ ജീവിതത്തിൽ പ്രതീക്ഷിച്ചതേയല്ല. അപ്രതീക്ഷിതമായി സംഭവിച്ചതാണ്. സത്യം.

Fahadh Faasil | Exclusive Interview | I Me Myself | Manorama Online

റോൾ നേടിയത് കഥ പറഞ്ഞ്

എന്നെ ഓഡിഷനിൽ സെലക്ട് ചെയ്യില്ലെന്ന് തന്നെയാണ്ഞാൻ വിചാരിച്ചിരുന്നത്. അതുകൊണ്ട് വലിയ ടെൻഷനൊന്നുമില്ലായിരുന്നു. അപരിചിതനായ ഒരാള്‍ വീട്ടിൽ വരുന്നു അയാളോട് ആരാ എന്ന് ചോദിക്കണം. പിന്നെ അയാൾ ആളത്രക്ക് ശരിയല്ലെന്ന മട്ടിൽ പെരുമാറണം. ഇത് രണ്ടും സിനിമയിൽ വന്നു. പിന്നെ മൂന്നാമത്തെ ടാസ്ക്, ഒരു സുഹൃത്തിന് സിനിമാ കഥ പറഞ്ഞുകൊടുക്കുന്നതെങ്ങനെയെന്ന് കാണിക്കണം. ഇതു മൂന്നുമാണ് ഓഡിഷനിൽ ചെയ്തത്.

ഞാൻ ഇടുക്കിക്കാരിയാ പക്ഷേ...

എങ്ങനെയാണ് ഇത്രേം സ്വാഭാവികതയോടെ അഭിനയിക്കാൻ സാധിച്ചതെന്നു ചോദിച്ചാല്‍ അത് സംവിധായകന്റെ മിടുക്കാണ്. വലിയ ടെൻഷനിലായിരുന്നു ഞാൻ. ദിലീഷ് ചേട്ടൻ ഒറ്റക്കാര്യമേ പറഞ്ഞുള്ളൂ. നീ വീട്ടിലെങ്ങനെയാണോ പെരുമാറുന്നത് അതുപോലെ ചെയ്താൽ മതി. അഭിനയിക്കുന്നുവെന്ന് ചിന്തിക്കുകയേ വേണ്ട. ഞാൻ ഇടുക്കിക്കാരിയാണ്. പക്ഷേ എന്നെ കഥാപാത്രമായി തീർച്ചപ്പെടുത്തുമ്പോൾ ദിലീഷ് ചേട്ടന് ഇതറിയില്ലായിരുന്നു. ഞാനും സോണിയയെ പോലെയാണെന്ന് പറയാനാകില്ല. പക്ഷേ എവിടെയൊക്കെയോ ചില സാമ്യങ്ങളുണ്ട്....

liju-mol-actress

ജയസൂര്യയുടെ വാക്കുകൾ

സിനിമാ രംഗത്ത് നിന്ന് ജയസൂര്യ വിളിച്ചിരുന്നു. സിനിമ കണ്ടു. അഭിനയം നന്നായിട്ടുണ്ടെന്ന് പറഞ്ഞു. നല്ല കഴിവുണ്ട്. നമുക്കൊരുമിച്ച് സിനിമ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. ഇതായിരുന്നു അദ്ദേഹം പറഞ്ഞത്. ഒരുപാട് സന്തോഷം തോന്നി കേട്ടപ്പോൾ.

അലൻസിയറും സൗബിനും...

ഷൂട്ടിങ് സെറ്റ് മൊത്തത്തിൽ ഒരുപാട് ഫ്രണ്ട്‌ലിയായിരുന്നു. എങ്കിലും എനിക്കേറ്റവും കൂടുതൽ കോമ്പിനേഷൻ സീനുകളു‌ണ്ടായിരുന്ന സൗബിൻ ചേട്ടനും അലൻസിയർ അങ്കിളുമായാണ് ഏറ്റവും അധികം അടുപ്പമുള്ളത്. ഷൂട്ടിങ് ഇടവേളകളിൽ ഒത്തുകൂടം. ഒരുപാടു നേരം വർത്തമാനം പറഞ്ഞിരിക്കും. രണ്ടു പേരും അഭിനയം നന്നാക്കാൻ വേണ്ടതെല്ലാം ചെയ്തു തന്നു.

liju-soubin

സൗബിൻ ചേട്ടൻ പറഞ്ഞു നീ കാമറയുടെ മുന്നിലാണ് നിൽക്കുന്നതെന്ന് ചിന്തിക്കുകയേ അരുത്. നമ്മുടെ യഥാർഥ ജീവിതത്തിൽ ഇങ്ങനെയൊരു സന്ദർഭം വന്നാൽ എന്തു ചെയ്യും. അതുപോലെയേ പെരുമാറാവൂ. ഷൂട്ടിങ് കാണാനും മറ്റുമായി നമുക്ക് ചുറ്റും ആളുകളുണ്ടെന്ന് ചിന്തിക്കാനേ പാടില്ല. സ്വാഭാവിക അഭിനയം അങ്ങനെയാണ് വരിക. സൗബിൻ ചേട്ടൻ പറഞ്ഞു.

പിന്നെ നിങ്ങൾ പറഞ്ഞപോലെ ബേബിച്ചായൻ-സോണിയ കോമ്പിനേഷനെ ആളുകൾ ഇഷ്ടപ്പെടുന്നുവെങ്കിൽ അതിനു കാരണം അലൻസിയറെന്ന നടൻ കാരണമാണ്. ഷൂട്ടിങിനിടയിലെ ഇടവേളയിൽ പോലും അപ്പനെ പോലെയാണ് അദ്ദേഹം പെരുമാറിയത്. ഒരു അപ്പന്റെ സ്നേഹം നിറഞ്ഞ ആ പെരുമാറ്റം എന്റെ അഭിനയം കുറേ എളുപ്പമാക്കി. സത്യത്തിൽ അപ്പോഴൊന്നും അഭിനയിക്കുന്നാതായി തോന്നിയില്ല. എനിക്കും അത്രയേറെ ഇഷ്ടമായി അദ്ദേഹത്തെ. ആ അച്ഛൻ മകൾ ബന്ധത്തിൽ എന്റെ റോൾ മനോഹരമായിട്ടുണ്ടെങ്കിൽ ആ സ്നേഹം തന്നെയാണ് അതിനു കാരണം.

അത് ഒരൊന്നൊന്നര മാറ്റം...

ഞാൻ പറഞ്ഞല്ലോ ഇതെന്റെ ആദ്യ സിനിമാനുഭവമാണെന്ന്. ഷൂട്ടിങിനിടയിൽ ഏറ്റവും അത്ഭുതപ്പെടുത്തിയത് ഫഹദ് ചേട്ടന്റെ മാറ്റമാണ്. അദ്ദേഹം നന്നായി സംസാരിക്കും. കഥാപാത്രമായി അദ്ദേഹം മാറുന്നത് ശരിക്കും അത്ഭുതപ്പെടുത്തി. ഇടവേളകളിൽ പോലും മഹേഷായി പെരുമാറുന്ന പോലെ തോന്നി. അതൊരു ഒന്നൊന്നര അനുഭമായിരുന്നു.

Dileesh Pothan | Exclusive Interview | I Me Myself | Manorama Online

അവരൊക്കെ ചോദിച്ചു നീ ഇതെങ്ങനെ ചെയ്തുവെന്ന്

എന്റെ സുഹൃത്തുക്കൾക്കൊന്നും വിശ്വസിക്കാനായില്ല ഞാൻ സിനിമയിൽ അഭിനയിച്ചുവെന്ന്. പണ്ട് സ്കൂളിൽ പഠിച്ചവരും ഒപ്പം ജോലി ചെയ്തവരുമെല്ലാം നമ്പറൊക്കെ സംഘടിപ്പിച്ച് വിളിച്ചു. അവരൊക്കെ ചോദിക്കുവാ നീ ഇതെങ്ങനെ ചെയ്തു...നിനക്കിതെന്തുപറ്റിയൊന്നൊക്കെ. അപ്പോൾ തന്നെ അറിയാമല്ലോ ഞാനും ഈ പറഞ്ഞ അഭിനയവുമായി എത്രത്തോളം അടുപ്പമുണ്ടായിരുന്നുവെന്ന്. ഞാൻ ഇടയ്ക്കു വച്ച് ഒരു ചാനലിൽ ജോലി ചെയ്തിരുന്നു. അന്ന് വാർത്ത വായിക്കാനൊക്കെ ഭയങ്കര മടിയായിരുന്നു. കാമറ പേടി തന്നെയായിരുന്നു. ആ ഞാനാണ് ഇങ്ങനൊക്കെ ചെയ്തത്. എനിക്കൊപ്പം ജോലി ചെയ്തവർക്കും ഭയങ്കര സർപ്രൈസ് ആയിരുന്നു ഞാൻ സിനിമയിൽ അഭിനയിക്കുന്നുവെന്ന് പറഞ്ഞപ്പോൾ.

എന്റെ അമ്മയ്ക്കു പോലും സിനിമ കണ്ടപ്പോഴാണ് വിശ്വാസം വന്നതെന്ന് തോന്നുന്നു. നന്നായി ചെയ്തിട്ടുണ്ട്. ഇനി സിനിമ കിട്ടിയാൽ നീ ചെയ്തോ എന്നായിരുന്നു അമ്മയുടെ വാക്കുകൾ.

lijomol1.jpg.image.784.410

സിനിമയിലെ ആദ്യ പ്രതിഫലം

സിനിമയിലെ ആദ് പ്രതിഫലം സ്പെഷ്യൽ ആണ്. പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാലയിലാണ് പഠിക്കുന്നത്. ഇവിടെ അധികം ആരും അറിഞ്ഞിട്ടില്ല. ക്ലാസിൽ ആകെ മൂന്ന് മലയാളി സുഹൃത്തുക്കളേയുള്ളൂ. അതുകൊണ്ട് ആർക്കും കാര്യമായി ചെലവൊന്നും ചെയ്യേണ്ടി വന്നില്ല. പിന്നെ വീട്ടിലെല്ലാവർക്കും ഡ്രസ് എടുത്തു. ഞാനും സ്വന്തമായി കുറേയെടുത്തു. അതാണ് പ്രതിഫലംകൊണ്ടു ചെയ്തത്.

ഇനി

പോണ്ടിച്ചേരി സർവ്വകലാശാലയിൽ ലൈബ്രറി സയൻസിൽ എംഎ ചെയ്യുന്നു. ഇതിനു മുൻപ് രണ്ടു വർഷം ജേണലിസ്റ്റായി ജോലി നോക്കിയിട്ടുണ്ട്. ജേണലിസത്തിൽ നിന്ന് ഓടിപ്പോയതല്ല. അതൊരുപാട് തിരക്കുള്ള ജോലിയല്ലേ. ലീവൊന്നും കിട്ടില്ല. പിന്നെ എനിക്ക് എം എ ചെയ്യണമായിരുന്നു. അങ്ങനെയാണ് ലൈബ്രറി സയന്‍സ് പഠിക്കാനെത്തുന്നത്. പഠിച്ച് പിഎച്ച്ഡി എടുക്കണം. ലക്ചർ ആകണം എന്നൊക്കെയായിരുന്നു ഇതുവരെയുള്ള പ്ലാൻ. ഇനി സിനിമ ചെയ്യുമോയെന്ന് ചോദിച്ചാൽ, നല്ല കഥയും പിന്നെ മഹേഷിന്റെ പ്രതികാരം പോലെ നന്നായി സപ്പോർട്ട് ചെയ്യുന്ന ടീമുമാണെങ്കിൽ ചിലപ്പോൾ ചെയ്തേക്കാം. അങ്ങനെയേ സിനിമയിലെ ഭാവി പരിപാടികളെ കുറിച്ചെനിക്ക് ഇപ്പോൾ പറയാനാകൂ.

കുടുംബം

ഇടുക്കിയാണ് സ്വദേശം. അച്ഛൻ രാജീവ്. കൃഷിയും ചെറിയ കടയുമൊക്കയുണ്ട് അച്ഛന്. അമ്മ ലിസമ്മയ്ക്ക് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലാണ് ജോലി. അനിയത്തി ലിയ എംബിഎ ചെയ്യുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.