Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണീരടക്കാനായില്ല, നിറകണ്ണുകളോടെ മേജർ രവി

major-ravi-niranjan മേജർ രവി, നിരഞ്ജൻ

ഭാരതത്തിന്റെ അതിരുകാക്കുന്നവർക്ക് അഭ്രപാളിയിലൂടെ നിരവധി തവണ ബിഗ് സല്ല്യൂട്ട് നൽകിയ വ്യക്തിയാണ് മേജർ രവി. രവി വരച്ചിട്ട കീർത്തിചക്രയിലെ ജയ്‌യുടെ ജീവിതം പോലെ ലഫ്നന്റ് കേണൽ നിരഞ്ജന്റെ ജീവിതം എരിഞ്ഞടങ്ങിയപ്പോൾ മേജർ രവിയ്ക്ക് പറയാനുണ്ട് ഒരുപാട്. നിരഞ്ജന്റെ ഓർമ്മകളിൽ നിറഞ്ഞ മണ്ണാർക്കാട് എളുമ്പിലശേരി കളരിക്കൽ തറവാട്ടിലെ സംസ്ക്കാര ചടങ്ങിൽ പങ്കെടുത്തതിനെക്കുറിച്ചും മേജർ രവി സംസാരിക്കുന്നു.

നിരഞ്ജന്റെ ഓർമകളുള്ള കളരിക്കൽ തറവാട്

പട്ടാളക്കാരനാണെങ്കിലും ചില സമയം നമ്മുടെ ഉള്ളിലെ മൃദുലവികാരങ്ങൾ പുറത്തുവന്നു പോകും. കരയാൻ പാടില്ല എന്ന് അറിയാം എങ്കിലും ഞാൻ കരഞ്ഞു പോയി. കണ്ണീരടക്കാൻ നന്നായി പാടുപെട്ടു. അവിടുത്തെ അന്തരീക്ഷം അങ്ങനെയായിരുന്നു. ഞാൻ അണിഞ്ഞ അതേ യൂണിഫോം അണിഞ്ഞ നിരഞ്ജന്റെ മരണാനന്തര ചടങ്ങിൽ കണ്ണുനനയാതെ നിൽക്കാനായില്ല.

അവിടെ കൂടിയിരുന്ന ആയിരങ്ങളുടെ കണ്ണും നിറഞ്ഞൊഴുകുകയായിരുന്നു. ആരും ഒരു അക്ഷരം പോലും സംസാരിച്ചിട്ടില്ല. പക്ഷെ വീട്ടുകാർ കുറേയൊക്കെ ധൈര്യം സംഭരിച്ചു വരുന്നുണ്ട്. എല്ലാം പൊട്ടിതകർന്ന അവസ്ഥയിൽ നിന്നും ആ കുടുംബം കരകയറാൻ തുടങ്ങി. എന്റെ കണ്ണു നിറഞ്ഞപ്പോൾ അവർ ഇങ്ങോട്ട് control man എന്നാണ് പറഞ്ഞത്. നമുക്ക് ആകെ അവർക്ക് ഈ സമയത്ത് നൽകാൻ പറ്റുന്ന ഒരിറ്റ് സാന്ത്വനം മാത്രമാണ്. എല്ലാവരും ഒപ്പം ഉണ്ട് എന്ന തോന്നൽ. ഞാൻ ഇതിനു മുമ്പ് ഒരുതവണ നിരഞ്ജന്റെ ഭാര്യാപിതാവിനെ കണ്ടിട്ടുണ്ട്. ഇന്ന് അവിടെ ചെന്നപ്പോഴാണത് മനസ്സിലായത്. അദ്ദേഹം ഇറങ്ങാൻ നേരം എന്നെ കെട്ടിപിട്ടിച്ചിട്ട് നിങ്ങൾ വന്നല്ലോ, ഓർത്തല്ലോ അതു മതി എന്നു പറഞ്ഞു. ഒന്നും മിണ്ടാനാകാതെ നിന്നു പോയി.

major-ravi

വീരമൃത്യുവിലും വർഗീയ വിഷം കലരുന്നു

അൻവർ സാദിഖ് എന്ന പെരിന്തൽമണ്ണ സ്വദേശിയാണ് അത്തരമൊരു വൃത്തികേട് നടത്തിയത്. നാലുവർഷമായി പലയിടത്തും അയാളുടെ പേര് ഉയർന്നു കേട്ടിട്ടുണ്ട്. അപ്പോഴൊന്നും പൊലീസ് ഒന്നും ചെയ്യാതെ ഇരുന്നു. ഇന്നു പക്ഷെ അയാൾക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിടച്ചത് ചെയ്ത പ്രവർത്തി അത്രയധികം മോശമായതുകൊണ്ടാണ്.

എന്നാൽ ഒരു അൻവർ സാദിഖ് ഫേസ്ബുക്കിൽ മോശം എഴുതിയെന്നുവെച്ച് എല്ലാം മുസ്ലീം സഹോദരങ്ങളും മോശക്കാരല്ല. ഇവനെപ്പോലെയുള്ളവർ ചെയ്യുന്ന പ്രവൃത്തി ഒരു സമുദായത്തെ മുഴുവൻ കുറ്റക്കാരായി ചിത്രീകരിക്കുകയാണ്. രാജ്യത്തെ ഒറ്റിക്കൊടുത്ത രഞ്ജിത്ത് ഹിന്ദുവല്ലേ. ഹിന്ദുക്കളിലും മുസ്ലീങ്ങളിലും നല്ലതും ചീത്തയുമുണ്ട്. പെരിന്തൽമണ്ണയിൽ ഞാൻ പോയിരുന്നു. അവിടെ എനിക്ക് അറിയാവുന്ന ഒരുപാട് മുസ്ലീം സഹോദരന്മാരുണ്ട്, അവരെല്ലാം കണ്ണുനിറഞ്ഞാണ് നിരഞ്ജനെക്കുറിച്ച് സംസാരിച്ചത്. നേരിട്ട് സംസാരിക്കാൻ ചങ്കൂറ്റമില്ലാത്തവരാണ് ഫേസ്ബുക്കിലൂടെ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിൽ അടിപ്പിക്കാൻ നോക്കുന്നത്. മതവും രാഷ്ട്രീയവുമൊക്കെ മറന്ന് ഇന്ത്യ എന്ന് ഒറ്റവികാരത്തിൽ ജീവിക്കേണ്ട സമയം അതിക്രമിച്ചു. ദേശത്തിന്റെ അഖണ്ഡതയ്ക്ക് കൂട്ടായ്മ സമീപനമാണ് വേണ്ടത് അല്ലാതെ പരസ്പരം കുറ്റപ്പെടുത്തൽ അല്ല.

major-ravi-image

മോദിയെ കുറ്റം പറയേണ്ട

പത്തോൻകോട്ട് ആക്രമണത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റം പറയുന്നത് ശരിയല്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞുതീർത്ത് നയതന്ത്രബന്ധം ഉണ്ടാക്കിയെടുക്കാനാണ് അദ്ദേഹം പാകിസ്ഥാനിൽ പോയത്. ഇത് ഇല്ലാതാക്കാനാണ് പത്താൻകോട്ടിൽ ആക്രമണം അഴിച്ചുവിട്ടത്. പത്താൻകോട്ട് ആക്രമണത്തിന്റെ പേരിൽ പാകിസ്ഥാനുമായുള്ള ചർച്ചകൾ മോദി ഉപേക്ഷിക്കാൻ പാടില്ല എന്നാണ് എനിക്ക് പറയാനുള്ളത്.

രാജ്യസ്നേഹിയാകാൻ പട്ടാളക്കാരൻ ആകേണ്ട

യുദ്ധം വരുമ്പോഴും ഇത്തരം അവസരങ്ങൾ വരുമ്പോഴും മാത്രം പ്രകടിപ്പിക്കേണ്ട ഒന്നല്ല രാജ്യസ്നേഹം. രാജ്യസ്നേഹം പ്രകടിപ്പിക്കാൻ പട്ടാളക്കാരൻ തന്നെ ആകണമെന്നില്ല. പത്താൻകോട്ടെ കാർഡ്രൈവർ അയാൾക്ക് ലഭിച്ച വിവരങ്ങൾ പൊലീസിന് കൈമാറിയിരുന്നെങ്കിൽ ഒരുപക്ഷെ നിരഞ്ജൻ എന്നും ജീവനോടെ ഉണ്ടായിരുന്നേനേം. കേവലമൊരു കാർഡ്രൈവർക്ക് തന്റെ രാജ്യസ്നേഹം തെളിയിക്കാൻ പറ്റിയ ഒരു അവസരമായിരുന്നു. അത് അയാൾ ഇല്ലാതെയാക്കി.

പെരിന്തൽമണ്ണയിലുള്ള ഒരു ബാങ്ക് ഓഫീസർ നൽകിയ നിർണ്ണായക വിവരമല്ലേ കാശ്മീരിലുള്ള മലയാളി ഭീകരരെ കണ്ടെത്താൻ സഹായിച്ചത്. അയാൾക്ക് ബാങ്കിൽ പണം എത്തുന്നത് കണ്ട് മിണ്ടാതിരുന്നാൽ മതിയാരുന്നല്ലോ. ഒരോ പട്ടാളക്കാരനും മരിക്കുമ്പോൾ മാത്രം രാജ്യസ്നേഹത്തെക്കുറിച്ച് സംസാരിക്കുന്നതിൽ അർഥമില്ല. ഓരോ ശ്വാസത്തിലും വേണ്ട ഒന്നാണ് രാജ്യസ്നേഹം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.