Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വിയെക്കുറിച്ചുള്ള എല്ലാ ധാരണകളും മാറി

Major Ravi മേജർ രവി

എന്റെ സിനിമകൾ വരുന്നതിന് മുമ്പ് പട്ടാളക്കാരെ വളരെ മോശമായ രീതിയിലല്ലേ ചിത്രീകരിച്ചിരുന്നത്? കീർത്തിചക്ര എന്ന ഒരു സിനിമ കൊണ്ട് ആ ലേബൽ മാറ്റാൻ എനിക്ക് സാധിച്ചൂ. പട്ടാളkക്കാർക്ക് സിനിമയിലൂടെ അത്രയെങ്കിലും അന്തസ്സ് നേടികൊടുക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്. എനിക്കെതിരെ യാതൊരു പണിയുമില്ലാത്തവരാണ് അപവാദങ്ങൾ പരത്തുന്നത്. മേജർ രവിയുടെ വാക്കുകൾക്ക് ദേശസ്നേഹിയായ പട്ടാളക്കാരന്റെ സ്വരമായിരുന്നു. വിവാദങ്ങളെക്കുറിച്ചും പിക്കറ്റ് 43 യെക്കുറിച്ചും മോഹൻലാലുമായുള്ള സൗഹൃദത്തെക്കുറിച്ചും മനോരമ ഓൺലൈനിനോട് മേജർ രവി മനസ്സു തുറക്കുന്നു.

∙ പുതിയ സിനിമ പിക്കറ്റ് 43 യുടെ പ്രത്യേകതകൾ എന്തെല്ലാമാണ്?

യുദ്ധമല്ലാതെ സമാധാനം മാത്രം ആഗ്രഹിക്കുന്ന ഒരു ഇന്ത്യൻ പട്ടാളക്കാരന്റെയും പാകിസ്ഥാനി പട്ടാളക്കാരന്റേയും സൗഹൃദത്തിന്റെ കഥയാണ് പിക്കറ്റ് 43. അയൽരാജ്യത്ത് കാവൽ നിൽക്കുന്ന പട്ടാളക്കാരനുമായി പൃഥ്വിരാജിന്റെ ഹരീന്ദ്രൻ എന്ന കഥാപാത്രത്തിന്റെ സൗഹൃദമാണ് ഈ സിനിമ. മനുഷ്യബന്ധങ്ങൾക്ക് സൗഹൃദമെന്ന വികാരത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയാണിത്.

∙ ഇന്ത്യയും—പാകിസ്ഥാനും തമ്മിലൊരു സൗഹൃദം സിനിമയിൽ മാത്രമല്ലേ സാധ്യമാകുന്നത്?

യുദ്ധം അധികാരികളുടെ മനസിൽ മാത്രമാണ്. മനസുകൊണ്ടെങ്കിലും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൗഹൃദം ആഗ്രഹിക്കുന്നവരാണ് ഇരുരാജ്യങ്ങളിലെയും ജനങ്ങൾ. അത്തരം സാധാരണക്കാരുടെ കഥയാണ് പിക്കറ്റ് 43. സിനിമയിൽ പൃഥ്വിരാജിന്റെ കഥാപാത്രത്തോട് പാകിസ്ഥാനി സൈനികർ പറയുന്ന ഒരു വാചകമുണ്ട് എനിക്കൊരിക്കലെങ്കിലും ഇന്ത്യയിൽവരണമെന്നുണ്ട്, എന്നിട്ട് വേണം ഉമ്മയെ ഉപ്പൂപ്പയുടെ പഞ്ചാബിലുള്ള കബറിടം കാണിക്കാനെന്ന്. ഇതു കേട്ട് പൃഥ്വിരാജിന്റെ കഥാപാത്രം തോക്കെടുക്കുന്നില്ല പകരം നീ ധൈര്യമായിട്ട് വാടാ, നിന്നെ ഞാൻ കൊണ്ട് കാണിക്കാം. വാഗാ അതിർത്തിയിൽ എത്തിയിട്ട് ഹവിർദാർ ഹരീന്ദ്രന്റെ സുഹൃത്താണെന്ന് പറഞ്ഞാൽ മതി എന്നാണ് പറയുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പക ഇവരുടെ സൗഹൃദത്തിന് തടസ്സമേയല്ല. എന്നെങ്കിലും ഒരിക്കൽ ഇന്ത്യയും പാകിസ്ഥാനും സുഹൃത്തുകളാകും എന്ന് വിശ്വസിക്കുന്നവരാണ് ഓരോ സൈനികരും. അധികാരികൾ ഉത്തരവിടുന്നത് കൊണ്ടാണ് അവർ നിറയൊഴിക്കുന്നത്.

ഹരീന്ദ്രൻ തനിക്ക് മുറിവേറ്റ് കിടക്കുമ്പോഴും ആലോചിക്കുന്നത് പിക്കറ്റ് 43യിൽ തന്നോടൊപ്പം പാറാവ് നിന്ന പാകിസ്ഥാനിസൈനിക സുഹൃത്തിനെക്കുറിച്ചാണ്. അയാൾക്ക് എന്ത് സംഭവിച്ചു എന്നറിയാതെ താൻ വരില്ല എന്ന് ഹരീന്ദ്രൻ വാശിപിടിക്കുന്നുണ്ട്. അധികാരികൾക്ക് തോന്നാത്ത മനുഷ്യത്വവും സൗഹൃദവുമാണ് സാധാരണക്കാരനുള്ളത് എന്ന് കാണിച്ചു തരുന്ന സിനിമയായിരിക്കും പിക്കറ്റ് 43.

∙ മേജർ രവി പ്രേക്ഷകനു നൽകുന്ന വിഷ്വൽ ട്രീറ്റുകൂടിയാണോ പിക്കറ്റ് 43?

ആരും ഇതുവരെ സിനിമയിൽ കാണാത്ത സ്ഥലങ്ങളിലായിരുന്നു ഷൂട്ടിങ്ങ്. ഹരീന്ദ്രന്റെ ഏകാന്തത ചിത്രീകരിക്കാൻ അതുപോലെ ഒറ്റപ്പെട്ട സ്ഥലം ആവശ്യമായിരുന്നു. മഞ്ഞുവീഴുന്ന താഴ്വരകളാണ് ഒറ്റപ്പെട്ട അവസ്ഥ ചിത്രീകരിക്കാൻ തിരഞ്ഞെടുത്തത്. ക്യാമറ എവിടെ വച്ചാലും അവിടെയെല്ലാം മഞ്ഞു മാത്രം. വളരെ സാഹസികമായിട്ടാണ് ഓരോ രംഗവും ചിത്രീകരിച്ചത്. ആ അർത്ഥത്തിൽ പിക്കറ്റ് 43 ഒരു വിഷ്വൽ ട്രീറ്റ് കൂടിയായിരിക്കും.

∙ മേജർ രവിയെ വർഗീയ വാദിയെന്ന് വിളിച്ചവർക്കുള്ള മറുപടി എന്താണ്?

എന്നെ വർഗീയവാദിയെന്ന് വിളിച്ചവർക്കുള്ള മറുപടിയാണ് ഈ സിനിമ. യാതൊരു പണിയുമില്ലാത്ത കുറേ സൈറ്റുകളാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. എന്റെ സിനിമ കണ്ടിട്ടുള്ള പ്രേക്ഷകന് അറിയാം ആ സിനിമകൾ തരുന്ന സന്ദേശം എന്താണെന്ന്. യഥാർത്ഥ മുസ്ലീമുകൾ ഒരിക്കലും രാജ്യത്തിന് നേരെ തിരിയില്ല. ഇന്നത്തെ സാഹചര്യത്തിൽ യഥാർത്ഥ എന്നത് അടിവരയിടേണ്ടതാണ്.

എന്റെ സിനിമയിലൂടെയും ഞാൻ കാണിക്കാൻ ശ്രമിക്കുന്നത് ഇതു തന്നെയാണ്. കുരുക്ഷേത്ര സിനിമയിൽ സിദ്ദിഖിന്റെ കഥാപാത്രം പറയുന്നുണ്ട് ഇനിയെങ്കിലും ഞങ്ങളെ ഇന്ത്യൻ മുസ്ലീംസ് എന്ന് മാറ്റി ഇന്ത്യൻസ് എന്ന് വിളിക്കുമല്ലോ എന്ന്. ഏത് സംവിധായകനാണ് ഇതുപോലൊരു ശക്തമായ ആശയം സിനിമയിലൂടെ നൽകിയിട്ടുള്ളത്. എന്റെ സിനിമകളുടെ ഉദ്ദേശം ദേശസ്നേഹം വളർത്തുക എന്നുള്ളതാണ്. അല്ലാതെ വർഗീയത പ്രചരിപ്പിക്കുകയല്ല.

പട്ടാളക്കാരെക്കുറിച്ചുള്ള ചിന്താഗതി തന്നെ കുരുക്ഷേത്ര എന്ന ഒറ്റ സിനിമകൊണ്ട് മാറ്റാൻ കഴിഞ്ഞു. അതിനുമുമ്പുവരെ പട്ടാളക്കാരെ കോമാളിയായിട്ടാണ് സിനിമകൾ ചിത്രീകരിച്ചത്. അതിനൊരു മാറ്റം വരുത്താൻ സാധിച്ചതിൽ അഭിമാനമുണ്ട്. എന്റെ സിനിമകൾ വരാൻ കാത്തിരിക്കുന്ന ഒരു പ്രേക്ഷക സമൂഹമുണ്ട്, അവർക്ക് മനസ്സിലാകും എന്റെ സിനിമകളുടെ ആശയം എന്താണെന്ന്. എന്നെ വളർത്തിയത് പ്രേക്ഷകരാണ്. ഞാൻ അവരോട് സംസാരിക്കുന്നത് എന്റെ സിനിമകളിൽ കൂടെയുമാണ്.

∙ താങ്കളുടെ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനത്തെക്കുറിച്ചും ആരോപണം ഉയർന്നിരുന്നു. അതിനെക്കുറിച്ച്

ഇത് കലികാലമാണ്. ഈ കാലത്ത് ഇതല്ല ഇതിനപ്പുറം സംഭവിക്കും. ഞാൻ പറഞ്ഞില്ലേ ഒരു പണിയുമില്ലാത്ത അസൂയക്കാർ പടച്ചു വിടുന്ന വ്യാജവാർത്തകളാണ് ഇതെല്ലാം. ആരോപണമുയർന്നെങ്കിൽ സത്യാവസ്ഥ ചോദിക്കാതെ ഇഷ്ടമുള്ളത് എഴുതുകയാണ് അവർ ചെയ്യുന്നത്. എനിക്കെതിരെ വാർത്ത കൊടുത്ത പത്രം പിന്നീട് മാപ്പ് പറഞ്ഞിരുന്നു. പക്ഷെ ഒരു മാപ്പു പറച്ചിൽ തീരുന്നതല്ലല്ലോ പ്രശ്നം. അതുകൊണ്ട് ഇത്തരം വ്യാജവാർത്തകൾ ചമച്ച സൈറ്റുകൾക്കെതിരെ നിയമ നടപടിയ്ക്ക് പോകാനാണ് തീരുമാനം. പ്രശ്സതരായവരെ കരിവാരി തേയ്ക്കുക ഇവരുടെ നേരംപോക്കായി മാറിയിരിക്കുന്നു. കുറേ ലൈക്കും കമന്റും കിട്ടാൻ എന്തും ചെയ്യുന്ന അവസ്ഥ അവസാനിപ്പിക്കണം.

∙ പിക്കറ്റ് 43യിലേക്ക് മടങ്ങി വരാം. എന്തുകൊണ്ടാണ് മോഹൻലാലിനെ മാറ്റി പൃഥ്വിരാജിനെ നായകനാക്കിയത്

ലാലിനെവച്ച് തന്നെ സിനിമ ചെയ്യാനായിരുന്നു തീരുമാനം. പ്രൊഡ്യൂസറുടെ കൈയ്യിൽ നിന്ന് അഡ്വാൻസും വാങ്ങി. അന്നു രാത്രി മോഹൻലാൽ എന്നെ വിളിച്ചിട്ട് ചോദിച്ചു. ഈ കഥാപാത്രത്തിന് എന്റെപ്രായം ഒരു തടസ്സമല്ലേ രവി എന്ന്. ഇതിലെ കഥാപാത്രത്തിന് കാമുകിയുണ്ട്, അവളെ വിവാഹം കഴിക്കാൻ സാധിക്കാതെ വരുമ്പോൾ അയാൾ അനുഭവിക്കുന്ന മാനസിക പ്രയാസമുണ്ട്. അതൊക്കെ കുറച്ചുകൂടി പ്രായം കുറഞ്ഞ ആരെങ്കിലും ചെയ്യുന്നതല്ലേ നല്ലത് എന്ന് ലാൽ തന്നെയാണ് ഇങ്ങോട്ട് ചോദിച്ചത്. ലാലിന് പകരം ആര് എന്നതായിരുന്നു എന്റെ മനസ്സിലെ സംശയം. ആ ചോദ്യം അങ്ങോട്ട് തന്നെ ചോദിച്ചപ്പോൾ ലാൽ തന്ന ഉത്തരമാണ് പൃഥ്വിരാജ്.

∙ പൃഥ്വിരാജിനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായം എന്താണ് അഹങ്കാരിയാണെന്ന് തോന്നിയിട്ടുണ്ടോ?

ഈ സിനിമയ്ക്ക് മുമ്പ് പൃഥ്വിയെ എനിക്ക് വ്യക്തിപരമായി അറിയില്ലായിരുന്നു. പലരും എന്നോട് പറഞ്ഞു അവനെ വേണോ അവനാളു പ്രശ്നക്കാരനാണ്, അഹങ്കാരിയാണ് എന്നൊക്കെ. ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുമ്പുള്ള ദിവസം പൃഥ്വി എന്നോട് വന്നു ചോദിച്ചു ചേട്ടാ എത്ര മണിക്കാണ് ഷൂട്ടിങ്ങ്. ഒരു ഏഴു മണിയോടെ പുറപ്പെടാമെന്ന് പറഞ്ഞു. .ഏകദേശം മൈനസ് 22 ആയിരുന്നു ആ സമയത്തെ കാലാവസ്ഥ. പിറ്റേന്ന് കാലത്ത് ഏഴുമണിക്ക് ഞാൻ കാണുന്നത് മേക്കപ്പ് സഹിതമിട്ട് തയ്യാറായി ഇരിക്കുന്ന പൃഥ്വിരാജിനെയാണ്.

അന്ന് ഞാൻ അത്രയും കാലം പൃഥ്വിയെക്കുറിച്ച് കേട്ട എല്ലാ ധാരണകളും തിരുത്തി. സിനിമ തീരുന്നത് വരെ എല്ലാ സഹകരണവും ഉണ്ടായിരുന്നു. 35 ദിവസമായിരുന്നു ഷൂട്ടിങ്ങിന് തീരുമാനിച്ചത്. 22 ദിവസം കൊണ്ട് ഷൂട്ടിങ്ങ് എനിക്ക് പൂർത്തിയാക്കാൻ സാധിച്ചു. പൃഥ്വി ഉൾപ്പെടുന്ന ടീമിന്റെ സഹകരണം ഒന്നു കൊണ്ടുമാത്രമാണ് അത് സാധിച്ചത്. മോഹൻലാലിൽ കണ്ട അതേ ആത്മാർഥത പൃഥ്വിരാജിലും കാണാൻ സാധിച്ചിട്ടുണ്ട്.

∙ കാണ്ഡഹാർ എന്ന സിനിമ വേണ്ട രീതിയിൽ വിജയിച്ചില്ല എന്ന് തോന്നിയിട്ടുണ്ടോ?

കാണ്ഡഹാർ പരാജയപ്പെട്ടെങ്കിൽ അത് എന്റെമാത്രം തെറ്റാണ്. അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിൽ കുറച്ചുകൂടി ശ്രദ്ധിക്കാമായിരുന്നു. മോഹൻലാലും അമിതാഭ് ബച്ചനും മാത്രമുണ്ടെങ്കിൽ സിനിമ വിജയിക്കില്ല. അതിൽ അമിതാഭ് ബച്ചന്റെ മകനായി അഭിനയിച്ച നടനെ തിരഞ്ഞെടുത്തതിൽ തെറ്റുപറ്റി. കഥ മുന്നോട്ട് കൊണ്ടു പോകുന്നതിൽ അയാൾ ഒരു ഘടമായിരുന്നു. പക്ഷെ അദ്ദേഹത്തിനത് അഭിനയിച്ച് ഫലിപ്പിക്കാൻ സാധിച്ചില്ല. കാണ്ഡഹാറിന് സംഭവിച്ചത് അതാണ്.

∙ ഷങ്കറിന്റെ ഐ.യെ പേടിച്ചിട്ടാണ് മേജർരവി സിനിമയുടെ റിലീസ് മാറ്റിവച്ചതെന്നും വാർത്തകൾ വരുന്നുണ്ട്. അതിനെക്കുറിച്ച്?

തമിഴ് സിനിമയ്ക്ക് നല്ലവേരോട്ടമുള്ള മണ്ണാണ് കേരളം. ഇവിടെ ഒരു ബിഗ്ബജറ്റ് തമിഴ് സിനിമ ഇറങ്ങിയാൽ തിയറ്റുകൾ മിക്കതും അതിനായിരിക്കും ലഭിക്കുക. ആദ്യത്തെ ഒരാഴ്ച്ച ഈ ഓളമുണ്ടാകും. അതൊന്ന് കഴിയട്ടെ എന്ന് കരുതിയാണ് റിലീസിങ്ങ് നീട്ടിയത്. പിന്നെ അസൂയാലുക്കളുടെ സന്തോഷത്തിന് ഷങ്കറിനെ പേടിയാണെന്ന് പറയാം. എന്റെ അമ്മ പറയാറുണ്ട് നല്ല മാങ്ങ ഉള്ള മാവിലെ കല്ലെറിയാറൊള്ളു എന്ന്. എനിക്കെതിരെ വരുന്ന ആരോപണങ്ങളെയും അങ്ങനെ കാണാനാണ് ഇഷ്ടം. കല്ലെറിയണ്ടവർ എറിയട്ടെ, മാങ്ങ ഉള്ളതു കൊണ്ടല്ലേ എറിയുന്നത്, അല്ലെങ്കിൽ എറിയില്ലല്ലോ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.