Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടമ്മമാർ അഭിനേതാക്കളായി, ഞാൻ പുറത്തായി

kanakalatha കനകലത

ചലച്ചിത്രത്തിനപ്പുറം എവിടെ വച്ചു കണ്ടാലും ചേച്ചിയെന്ന് വിളിച്ച് ഓടിച്ചെല്ലാനുള്ള അടുപ്പം സൃഷ്ടിച്ച കുറേ കഥാപാത്രങ്ങൾ. കനകലത എന്ന അഭിനേത്രിയുടെ കലാജീവിതത്തിൽ വന്നുപോയത് ഇത്തരം വേഷങ്ങളാണ്. സിനിമയിലെ ഏറ്റവും അടുപ്പമുള്ള ഫ്രെയിമുകളിലിരുന്നു പ്രേക്ഷകനെ നോക്കി ചിരിച്ച കനകലത എവിടെ പോയെന്ന് ചിന്തിച്ചവർ ഉണ്ടാകാം. കനകലത അഭിനയ ജീവിതത്തിൽ ഇടവേളയെടുത്തിരുന്നുവോ അതോ മാറ്റിനിർത്തപ്പെട്ടതാണോ. ഇത്രയും നാൾ പ്രേക്ഷകർ സ്വയം കണ്ടെത്തിയ ഉത്തരങ്ങളിലെ ശരിയെന്താണ്. കനകലത സംസാരിക്കുന്നു.

കാമ്പുള്ള നിരവധി വേഷങ്ങളുണ്ടായിരുന്നു. എന്നിട്ടും ഇപ്പോൾ കനകലത സജീവമല്ലല്ലോ?

ഞാനെങ്ങും പോയില്ല അതുമാത്രമാണ് ഉത്തരം. ഒരുപാടൊരുപാട് വിജയിക്കുന്ന ചിത്രങ്ങളിൽ ഇല്ലായിരുന്നുവെന്നേയുള്ളൂ. അങ്ങനെയുള്ള ചിത്രങ്ങളിലുൾപ്പെട്ടാലല്ലേ എപ്പോഴും ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ നില്‍ക്കാനാകൂ. കഴിഞ്ഞ വർഷം ഇറങ്ങിയ സിനിമകളൊന്നും അധികം വിജയിച്ചില്ല. സീരിയലിൽ ഞാൻ പക്ഷേ സജീവമായിരുന്നു. സിനിമ എന്റെ ജീവിതമാണ്. അതുവിട്ടെങ്ങും പോയില്ല. പിന്നെ പണ്ടത്തെ പോലെ അത്രയും നിറഞ്ഞുനിൽക്കുന്നില്ലെന്നു മാത്രം. അതിനൊരുപാട് കാരണങ്ങളുണ്ട്. ഒന്നാമത് സിനിമയിൽ പുരുഷ ആധിപത്യമാണ്. അവരാണ് നിറഞ്ഞു നിൽക്കുന്നത്. പണ്ടത്തെ പോലെ ശക്തമായ സഹനടി വേഷങ്ങൾ, ഹാസ്യ വേഷങ്ങൾ അതൊന്നും ഇപ്പോഴില്ല. അതുകൊണ്ടു തന്നെ ആരെയെങ്കിലും വച്ച് ചെയ്താൽ മതി അത്തരം ‌വേഷങ്ങൾ എന്ന നിലയിലേക്കെത്തി. ഒരുപാടൊരു പേർ സിനിമയിലേക്ക് കടന്നുവന്നു. രാഷ്ട്രീയത്തിൽ പോലും ഒന്നുവന്നെത്തണമെങ്കിൽ ചില മാനദണ്ഡങ്ങളുണ്ട്. സിനിമയിലിപ്പോൾ അതുപോലുമില്ല.

Priyam Comedy Scene

വീട്ടമ്മമാരായി ഇരുന്നവർ വരെ സിനിമയിൽ ഒരു കൈ നോക്കാൻ തയ്യാറായി വന്നപ്പോൾ അതൊരു തൊഴിലായി എടുത്ത എന്നെപോലുള്ളവർ പുറത്തായി. നമുക്ക് തരുന്നതിന്റെ നാലിലൊന്ന് പ്രതിഫലം കൊടുത്താൽ പോലും അവർ അഭിനയിക്കാൻ തയ്യാർ. പിന്നെ നല്ല സ്ത്രീവേഷങ്ങളുള്ള സ്ക്രിപ്റ്റും ഇപ്പോഴില്ല. സ്ക്രിപ്റ്റിൽ വേഷമില്ലെങ്കിൽ പിന്നെന്തു ചെയ്യും. സംവിധായകരായും ഒരുപാട് പുതിയ ആളുകൾ വന്നു. അവർ പുതിയ ആളുകളെ പരീക്ഷിച്ചു. അത് കാലത്തിന്റെ മാറ്റമാണ്. അതിലൊന്നും പരാതിയില്ല.

സീരിയലിൽ കൂടുതൽ ശ്രദ്ധിച്ചത് ദോഷമായോ?

ശരിയാണ്. സീരിയലിൽ നല്ല കഥാപാത്രങ്ങൾ വന്നപ്പോൾ അതിലേക്ക് തിരിഞ്ഞു. ആ സമയം ഡേറ്റൊക്കെ ക്ലാഷായി കുറേ ചിത്രങ്ങൾ പോയി. അതിൽ പല സിനിമകളും ഹിറ്റായി. അത്തരം അവസരങ്ങൾ നഷ്ടമായതിൽ സങ്കടമുണ്ട്. എല്ലാവരും സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ സിനിമ കിട്ടിയാൽ അത് കളഞ്ഞിട്ട് പോകും. പക്ഷേ ഞാനത്രത്തോളം അർപ്പണ ബോധത്തോടെയും ആത്മാർഥതയോടെയും അഭിനയത്തെ സമീപിക്കുന്നതുകൊണ്ടും നമ്മളെ പോലുള്ള സീനിയർ താരങ്ങൾ അങ്ങനെ കാണിക്കാൻ പാടില്ലെന്ന് ചിന്തിക്കുന്നതുകൊണ്ടും അങ്ങനൊന്നും ചെയ്തില്ല.

തിളക്കത്തിൽ കാവ്യാ മാധവന്റ അമ്മ വേഷം ചെയ്യാൻ വിളിച്ചിരുന്നു. കാക്കക്കും പൂച്ചക്കും കല്യാണം, ഒരു വിനയൻ ചിത്രം, പിന്നെ തമിഴ് ചിത്രം അതെല്ലാം ഈ ഡേറ്റ് ക്ലാഷ് കാരണം ഇല്ലാതായി. അതുകൊണ്ടിപ്പോൾ സീരിയൽ കുറച്ചു. ഇനി സിനിമയില്‍ ശ്രദ്ധിക്കണം. ചില നല്ല വേഷങ്ങൾ വന്നിട്ടുണ്ട്.

450ലേറെ സീരിയലുകളിൽ അഭിനയിച്ചു?

സ്ത്രീകൾക്ക് പ്രാധാന്യം നൽകിയ ഒരുപാട് സീരിയലുകൾ. ഒരെണ്ണത്തിനു പിന്നാലെ വന്നതെല്ലാം നല്ല കഥാപാത്രങ്ങൾ. അങ്ങനെ സീരിയലിൽ സജീവമായതാണ്. 450 സീരിയലല്ല. അഞ്ഞൂറിനു മേൽ സീരിയലുകൾ ചെയ്തിട്ടുണ്ട്. അറുന്നൂറ് ടെലിഫിലിമുകളിലും അഭിനയിച്ചു. ശ്രീകുമാരൻ തമ്പിയുടെ അക്ഷയപാത്രം, പ്രേയസി, പാലിയത്തച്ഛൻ, വാവ തുടങ്ങി ഒരുപാട് നല്ല വേഷങ്ങൾ ലഭിച്ചിരുന്നു.

Priyapetta Nattukare Malayalam Movie Comedy Scene Kalabhavan Mani Jagathy Sreekumar Kanakalatha

സീരിയലിലെ സ്ത്രീകളിലെന്ത് സ്വാഭാവികതയാണുള്ളത്?

അതും ശരിയാണ്. വിവാഹം, വിവാഹമോചനം, അമ്മായിയമ്മ പോര് അങ്ങനെയുള്ളവ തന്നെയാണ് സീരിയലിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നത്. സ്ത്രീകളും കുട്ടികളുമാണ് അധികവും സീരിയൽ കാണുന്നത്. അവരിലൊരു വലിയ വിഭാഗം ഇത്തരം കാര്യങ്ങൾ കൂടുതൽ കാണാൻ ആഗ്രഹിക്കുന്നു. എല്ലാ പ്രേക്ഷകരും അങ്ങനെയല്ല. കുറച്ചുകൂടി നല്ല പ്രമേയങ്ങൾ സീരിയലിൽ വരണം എന്നാഗ്രഹിക്കുന്നവരുമുണ്ട്. എന്നാൽ സീരിയൽ കുറേ എപ്പിസോഡുകൾ കഴിയുമ്പോൾ ആളുകളെ പൾസ് അറിയാൻ ഒരു ശ്രമം നടത്തും. അതിനെ അടിസ്ഥാനമാക്കിയാണ് പിന്നെ മുന്നോട്ടു പോകുന്നത്.

സീരിയലിലെ ഷൂട്ടിങ് ഈ തട്ടുകട പോലെയാണ്. ഒരിടത്തിരുന്നു എഴുതുന്നു അതേ കാര്യം മറ്റേയറ്റത്ത് ഷൂട്ട് ചെയ്യുന്നു. കാണാൻ കൂടുതൽ ആളുകളുണ്ടാകുമ്പോൾ പ്രമേയയവും അങ്ങനെയാകും. അഭിനേതാക്കൾക്കും ഒന്നും ചെയ്യാനാകില്ല. പിന്നെ നിങ്ങൾ പറഞ്ഞപോലെ ധാർമികതയുടെ പ്രശ്നമുണ്ടിവിടെ. അതിനെ കുറിച്ച് ചിന്തിക്കേണ്ടത് ചാനൽക്കാരാണ്. ഇത്തരം സീരിയൽ വേണ്ടെന്ന് അവർ തീരുമാനിക്കണം.

സിനിമയാണ് കൂടുതൽ കംഫർട്ടിബിൾ

സിനിമയാണ് എനിക്ക് കൂടുതൽ കംഫർട്ടിബിൾ. കാരണം ഞാൻ മരിച്ച് മണ്ണടിഞ്ഞ് അറുപത് കൊല്ലം കഴിഞ്ഞാലും എന്റെ സിനിമകൾ ടിവിയിലെങ്കിലും വരും. ഒരുപാട് ചാനലുകളുണ്ടല്ലോ അവരത് കാണിക്കും എന്റെ ചരമവാര്‍ഷികത്തിനെങ്കിലും കാണിക്കും. പക്ഷേ എത്രനാൾ സംപ്രേഷണം ചെയ്ത സീരിയലായാലും എത്രയാളുകൾ കണ്ടാലും അതിന്റെ സംപ്രേഷണം നിർത്തിക്കഴിഞ്ഞാല്‍ ആളുകളുടെ മനസിൽ നിന്ന് മറയും. പിന്നെയവർ അടുത്ത സീരിയലിലേക്ക് പോകും. പിന്നെ സിനിമയാണെനിക്ക് ജീവിതം തന്നത്. ഒരു വീടു വയ്ക്കാൻ. നന്നായി ജീവിക്കാൻ സാധിച്ചത് എല്ലാം സിനിമ കാരണമാണ്.

സിനിമ നല്ല വേഷങ്ങൾ തന്നില്ലേ?

ഹാസ്യ വേഷങ്ങൾ, സഹനടി വേഷങ്ങളൊക്കെ ചെയ്ത് പ്രേക്ഷക ശ്രദ്ധ കിട്ടിയിട്ടുണ്ട്. ഇപ്പോൾ അഭിനയിക്കുന്ന അനീസ്യ എന്നത് എന്റെ മുന്നൂറാമത്തെ ചിത്രമാണ്. പക്ഷേ ഈ സിനിമകളിലൊന്നും എന്റെ കയ്യൊപ്പ് പതിപ്പിക്കാൻ തക്ക വേഷം കിട്ടിയില്ല. ആ നൊമ്പരം മനസിലുണ്ട്. രാജസേനൻ, ഹരിദാസ്, വിനയൻ, പിന്നെ നാസറിന്റെ കുറേ ചിത്രങ്ങൾ അവരുടെയൊക്കെ കുറേ ചിത്രങ്ങളിൽ അഭിനയിച്ചു. ഒരുപാട് ഹിറ്റായ ചിത്രങ്ങള്‍.

ഏത് കാരക്ടറും ചെയ്യാമെന്ന വിശ്വാസമെനിക്കുണ്ട്. എന്നിട്ടും നല്ല കഥാപാത്രങ്ങള്‍ കിട്ടിയില്ല. അതെന്റെ ഭാഗ്യക്കേട് മാത്രമാണെന്നാണ് ഞാൻ വിശ്വസിക്കുന്നു. നല്ല വേഷങ്ങൾ ചെയ്യുക. അവാർഡുകൾ കിട്ടുക. അതെല്ലാം ഒരു ഭാഗ്യമാണ്. അതെനിക്കില്ലാതെ പോയി.

നാടകജീവിതത്തെ കുറിച്ച്?

എന്റെ പതിനാലാം വയസിൽ തുടങ്ങിയ അഭിനയമാണ്. മനപൂർവ്വം അഭിനയം തിരഞ്ഞെടുത്തതല്ല. കൊല്ലം ആശ്രാമത്തെ എന്റെ വീടിനടുത്ത് കവിയൂർ പൊന്നമ്മയുടെ അച്ഛനും അമ്മയും സഹോദരങ്ങളും കുടുംബം താമസത്തിനെത്തിയതാണ് വഴിത്തിരിവായത്. കവിയൂർ രേണുകയെന്ന പേര് എടുത്ത് പറയണം. അവരാണെന്റെ ഗുരു. ആദ്യ ട്രൂപ്പ് കടപ്പാക്കട സരിതയായിരുന്നു. പക്ഷേ അവരുടെ നാടകമല്ല ഞാൻ ആദ്യം ചെയ്തത്. കൊട്ടാരക്കര ശ്രീധരൻ നായർ, കുണ്ടറ ദാസ് അദ്ദേഹത്തിന്റെ ഭാര്യ കാ‍ഞ്ചന, എന്നിവരൊക്കെയാരുന്നു അന്ന് സരിതയുടെ അഭിനയിച്ച രാജയോഗം എന്ന നാടകത്തിൽ അഭിനയിച്ചത്.

Achante Ponnumakkal Malayalam Movie Scene

കൊല്ലം സുരേഷ് ആയിരുന്നു ആ നാടകത്തിന്റെ സംവിധാനം. ഞാൻ നായിക വേഷത്തിൽ കുറേ നാൾ റിഹേഴ്സൽ ചെയ്തു. പക്ഷേ നാടകം ആദ്യമായി അരങ്ങിലെത്തുന്നതിന്റെ തലേന്ന് എന്നെ മാറ്റി. അഭിനയിക്കാൻ‌ അറിയില്ലെന്ന കാരണത്താൽ. കൊല്ലം ട്യൂണയുടെ സൗഗന്ധികം ആണ് എന്റെ ആദ്യ നാടകം. എന്നാൽ രാജയോഗം കളി തുടങ്ങി പിറ്റേ വർഷം നായിക‌യെ കിട്ടാതെ വന്നതിനാൽ എന്നെ തന്നെ തേടിവന്നു റിഹേഴ്സല്‍ മാത്രം നടന്ന നായികാ വേഷം ഞാൻ ഒരു വർഷത്തിനു ശേഷം സ്റ്റേജിൽ ചെയ്തു. പിന്നെ കാളിദാസ കലാകേന്ദ്ര, സംഘചേതന, ആരാധന തുടങ്ങി കേരളത്തിലെ പ്രമുഖമായ എട്ട് ട്രൂപ്പുകളിൽ ഒമ്പത് വർഷം അഭിനയിച്ചു. പിന്നീടാണ് സിനിമയിലെത്തുന്നത്. ഉണർത്തു പാട്ട് ആണ് ആദ്യ ചിത്രം. പിഎ ബക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു അത്. ആദ്യം നാടകത്തിലൊന്നും അഭിനയിക്കുന്നത് വീട്ടിലിഷ്ടമല്ലായിരുന്നു. പിന്നെ കലയാണെന്റെ വഴിയെന്ന് വീട്ടിൽ മനസിലാക്കിയപ്പോൾ എന്നാൽ പിന്നെ അത് തന്നെയാകട്ടേയെന്ന് തീരുമാനിക്കുകയായിരുന്നു.

പുതിയ ചിത്രങ്ങൾ ഏതൊക്കെയാണ്?

അർജുൻ വിനു സംവിധാനം ചെയ്യുന്ന അനീസ്യയിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. ശോശാമ്മ എന്നാണ് കാരക്ടറിന്റെ പേര്. പിന്നെ തമിഴിൽ ബിനീഷ് രാജ് സംവിധാനം ചെയ്യുന്ന ഇലയിൽ എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങും നടക്കുന്നു. മുഹമ്മദ് റാഫിയുടെ ഡാക ഡോക ഡങ്ക, അനൂപ് രാജിന്റെ സമാർട്ട് ബോയ്സ്, വിശ്വകുമാറിന്റെ സ്മാർട്ട് ബോയ്സ് തമിഴിൽ കാതൽ മനമേ, നാടോടിക്കൂട്ടം എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ളത്. പിന്നെ ആറോളം ചിത്രങ്ങൾ കമ്മിറ്റ് ചെയ്ത് കഴിഞ്ഞു.

നേരത്തെ തമിഴിൽ പോകേണ്ടിയിരുന്നോ?

തമിഴിൽ നമുക്ക് വ്യത്യസ്തമായതും നല്ലതുമായ ഒരുപാട് കഥാപാത്രങ്ങൾ കിട്ടും. മലയാളത്തേക്കാൾ നല്ല പ്രതിഫലവുമാണ്. പിന്നെ നേരത്തേ പോകേണ്ടിയിരുന്നുവെന്ന് ചോദിച്ചാൽ, എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ, അത്രേയുള്ളൂ.

ജഗതി ചേട്ടനെ കാണാനുള്ള കരുത്തില്ല

സുകുമാരി ചേച്ചി, ജഗതി ചേട്ടൻ ഇവരോടൊക്കെ ഒരുപാട് അടുപ്പമുണ്ട്. ജഗതി ചേട്ടനൊപ്പമാണ് ഒരുപാട് വേഷങ്ങൾ ചെയ്തിട്ടുള്ളത്. കൂടെ അഭിനയിക്കുന്നവരുടെ അഭിനയം ഏറ്റവും നല്ലതാക്കാൻ തനിക്കൊപ്പമെത്തിക്കാൻ അല്ലെങ്കില്‍ അതിനേക്കാൾ മേലെയാക്കാൻ അദ്ദേഹം എന്തും ചെയ്യും. വയ്യാതെ കിടക്കുന്ന അദ്ദേഹത്തെ പോയി കണ്ടില്ല. അതിനുള്ള കരുത്തില്ല. അങ്ങനെ കിടക്കുന്നത് കാണാൻ വയ്യ. കൽപനയുമായും നല്ല അടുപ്പമായിരുന്നു. ആ മരണത്തിന്റെ ഷോക്ക് ഇതുവരെ മാറിയിട്ടില്ല.

കുടുംബം?

അച്ഛൻ പരമേശ്വരൻ പിള്ള എന്റെ ചെറുപ്പത്തിലേ മരിച്ചു. അമ്മയുടെ വിയോഗം അഞ്ചു വർഷം മുൻപാണ്. വിവാഹം കഴിച്ചു. പക്ഷെ ഡിവോഴാസായി. കുട്ടികളൊന്നുമില്ല. ഇപ്പോൾ ചേച്ചിയാണ് കൂടെയുള്ളത്. അവർ വിവാഹിതയല്ല. സഹോദരന്റെ മകളും അവളുടെ കുട്ടിയും ഞങ്ങൾക്കൊപ്പമുണ്ട്. അതാണ് എന്റെ കുടുംബം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.