Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വിയുടെ തലക്കടിച്ച ആ ചട്ടി ഒറിജിനൽ: മിയ

prithviraj-miya പൃഥ്വിരാജ്, മിയ

പൃഥ്വിരാജുമൊത്തുള്ള മിയയുടെ മൂന്നാമത്തെ ചിത്രമാണ് പാവാട. മെമ്മറീസ്, അനാർക്കലി, പാവാട എന്നിങ്ങനെയുള്ള മൂന്ന് ചിത്രങ്ങളിലെയും മിയയിലെ കഥാപാത്രങ്ങളെ പ്രേക്ഷകർ ഒരുപോലെ ഏറ്റെടുത്തു എന്നതാണ് ശ്രദ്ധേയമായ കാര്യം. പൃഥ്വിരാജുമൊത്തുള്ള കെമിസ്ട്രിയെക്കുറിച്ചും പാവാടയിലെ വിശേഷങ്ങളെക്കുറിച്ചും മിയ മനോരമ ഓൺലൈനോട് സംസാരിക്കുന്നു...

പാവാടയിലെ കഥാപാത്രത്തെക്കുറിച്ച്

സിനിമോൾ എന്ന ഒരു അനാഥയായ നേഴ്സിന്റെ കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്‌. തീരെ പ്രതീക്ഷിക്കാതെ ഒരു പൂർണ മദ്യപാനിയുടെ ഭാര്യ ആവുകയും അതുമൂലം അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകൾ നിറഞ്ഞ മുഹൂർത്തങ്ങളിലൂടെയുമാണ് കഥാപാത്രത്തിന്റെ സഞ്ചാരം. സങ്കീർണതകൾ ഇല്ലാതിരുന്ന ഒരു കഥാപാത്രം ആയിരുന്നതിനാൽ വളരെ അനായാസമായി അവതരിപ്പിക്കാൻ സാധിച്ചു.

പാവാടയുടെ പ്രത്യേകത

പൂർണമായും ഒരു കൊമേർഷ്യൽ സിനിമയുടെതായ എല്ലാ ചേരുവകളും കൂട്ടിചേർത്തുണ്ടാക്കിയ ചിത്രമാണ് പാവാട. പ്രേക്ഷകർക്കിടയിൽ ജിജ്ഞാസ ഉളവാക്കുന്നതും രസകരമായതുമായ നിരവധി രംഗങ്ങൾ ചിത്രത്തിലുണ്ട്. അതിനാ എല്ലാ തരത്തിലുമുള്ള പ്രേക്ഷകരെയും ആകർഷിക്കാൻ ചിത്രത്തിന് കഴിയുന്നുണ്ട്.

mia-prithviraj പൃഥ്വിരാജ്, മിയ

പൃഥ്വി-മിയ കൂട്ടുക്കെട്ടിന്റെ വിജയ രഹസ്യം

പ്രത്യേകിച്ച് സീക്രെട്ട്സ് ഒന്നും തന്നെയില്ല. കൂട്ടായ പരിശ്രമത്തിന്റെയും പൃഥ്വി നൽകിയ പിന്തുണയുടെയും ഫലമെന്ന് മാത്രമേ പറയാൻ സാധിക്കുകയുള്ളൂ. മൂന്ന് സിനിമകളിൽ മാത്രമാണ് ഞാനും പൃഥ്വിയും ഒന്നിച്ചു അഭിനയിച്ചിട്ടുള്ളത്. പൃഥ്വിയോടൊപ്പമുള്ള ആദ്യ രണ്ടു ചിത്രങ്ങളിലും സപ്പോർട്ടിങ് റോൾസ് ആയിരുന്നു അവതരിപ്പിച്ചിരുന്നത്. പാവാടയിൽ ആണ് ആദ്യമായി പൃഥ്വിയുടെ നായികയായി എത്തുന്നത്.

പൃഥ്വിയുടെ തലയിൽ ചട്ടി കൊണ്ട് അടിക്കുന്ന രംഗം

ആ രംഗം ആളുകൾ ശ്രദ്ധിക്കുമെന്ന് സ്ക്രിപ്റ്റ് വായിച്ചപ്പോൾ തന്നെ തോന്നിയിരുന്നു. വ്യക്തിപരമായി നല്ലൊരു ബന്ധം പൃഥ്വിയുമായി ഉണ്ട്. അതുകൊണ്ട് തന്നെ ആ രംഗം അവതരിപ്പിക്കാൻ യാതൊരു തരത്തിലുമുള്ള ഭയവും ഉണ്ടായിരുന്നില്ല. തലയിൽ ചട്ടിവച്ച് അടിക്കുന്ന രംഗമാണ്. ആദ്യം ആർട്ടിഫിഷ്യൽ മത്സ്യം ഉപയോഗിച്ച് രംഗം ഷൂട്ട്‌ ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ രംഗത്തിന്റെ പരിപൂർണതയ്ക്ക് വേണ്ടി പൃഥ്വി തന്നെ ആണ് പറഞ്ഞത് യഥാർത്ഥ മത്സ്യം ഉപയോഗിക്കാമെന്ന്. അദ്ദേഹം നല്ല രീതിയിൽ പിന്തുണ നൽകിയത് കൊണ്ട് വളരെ നന്നായി തന്നെ ആ രംഗം അവതരിപ്പിക്കാൻ സാധിച്ചു. സ്ത്രീകൾക്കൊക്കെ ഒരുപാട് ഇഷ്ടപ്പെടുന്ന രംഗം കൂടിയായിരിക്കും ഇത്.

miya മിയ

പൃഥ്വി എന്ന നടനെക്കുറിച്ച് ?

സ്വന്തം കഥാപാത്രത്തിന് മാത്രം ശ്രദ്ധ നൽകിക്കൊണ്ട് അഭിനയിക്കുന്ന ഒരു വ്യക്തിയല്ല അദ്ദേഹം. ഒപ്പം അഭിനയിക്കുന്നവരെയും കൂടി ശ്രദ്ധിക്കുകയും, തെറ്റുകൾ പറഞ്ഞു മനസിലാക്കി കൊടുത്തു കൊണ്ടുമാണ് അദ്ദേഹം അഭിനയിക്കുന്നത്. അഭിനയിക്കുന്ന സിനിമ എല്ലാ തരത്തിലും ഭംഗിയായി ചിത്രീകരിക്കപ്പെടാൻ വേണ്ടി പ്രവർത്തിക്കുന്ന ഒരാൾ ആണ്.

miya-anarkali

ഡോക്ടർ ഷെറിൻ മാത്യുവിനെ സ്വീകരിച്ചത് നെഞ്ചുറപ്പോടെ

ഒരുപാട് ചിന്തിച്ചു തിരഞ്ഞെടുത്ത കഥാപാത്രമല്ല അനാർക്കലിയിലെ ഡോക്ടർ ഷെറിൻ മാത്യു. വ്യക്തിപരമായി വളരെ അടുപ്പമുള്ള ആളുകൾ തന്നെ ആയിരുന്നു എല്ലാവരും. ഞാൻ ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളുടെ രൂപഭാവങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു രൂപഭാവമായിരുന്നു എനിക്ക് ഈ ചിത്രത്തിൽ. ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായത് കൊണ്ട് ശ്രദ്ധിക്കപ്പെടും എന്ന് വിശ്വാസം ഉണ്ടായിരുന്നു.

mia

റിയൽ ലൈഫ് മിയ

ഡോക്ടർ ഷെറിൻ മാത്യുവുമായി ഒരു പരിധിവരെ എനിക്ക് എന്നെ തന്നെ ബന്ധപ്പെടുത്താൻ സാധിക്കും. തികച്ചും കോട്ടയം ഭാഷ സംസാരിക്കുന്ന ഒരു കഥാപാത്രമാണ് ഡോക്ടർ ഷെറിൻ മാത്യു. ഷെറിൻ മാത്യുവിനെ പോലെ എല്ലാ സമയങ്ങളിലും ബോൾഡ് ആയി നില്ക്കുന്ന ഒരാളല്ല ഞാൻ. മറിച്ച് ബോൾഡ് ആകേണ്ട സമയങ്ങളിൽ ബോൾഡ് ആകുകയും അല്ലാത്ത സമയങ്ങളിൽ വളരെ കൂൾ ആയി പെരുമാറുകയും ചെയ്യുന്ന ഒരാളാണ്.