Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ ഇഷ്ട നടൻ മോഹൻലാൽ: നസറുദ്ദീൻ ഷാ

mohanlal-nazarudheenshah

‘ഞാൻ പ്രായമാകുന്നത് ആസ്വദിക്കുകയാണ്’ പ്രായമാകുന്നതിനെക്കുറിച്ചു ചോദിച്ചപ്പോൾ തൂവെള്ള മുടി കാട്ടി നസറുദ്ദീൻ ഷാ പറഞ്ഞതിങ്ങനെ. ‘നീളൻ ക്യൂവിന്റെ മുൻനിരയിൽ കയറി നിന്നാലും ആരും ചോദിക്കില്ല, പ്രായമായവരല്ലേ...’ ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളായ അദ്ദേഹം കുസൃതിച്ചിരിയോടെ പറയുന്നു. പിൻതാങ്ങി ഭാര്യ രത്ന പഥക്കും. തൃപ്പൂണിത്തുറ ജെടി പാക്കിൽ തന്റെ ‘എ വോക്ക് ഇൻ ദ് വുഡ്സ്’ എന്ന നാടകം അവതരിപ്പിക്കാൻ വേണ്ടിയാണു ഷാ കൊച്ചിയിലെത്തിയത്. നസീർ സാബിനൊപ്പം രജത് കപൂറും അരങ്ങിലെത്തിയ നാടകം സംവിധാനം ചെയ്തതു രത്ന പഥക്ക്. വർഷങ്ങൾക്കു മുൻപു കേരളത്തിലൂടെ സഞ്ചരിച്ചതുൾപ്പെടെയുള്ള കഥകൾ അദ്ദേഹം പങ്കുവച്ചു.

നാടകം എന്റെ പ്രതിരോധമാണ്

മികച്ച രചനകളുമായി സംവദിക്കാൻ ലഭിക്കുന്ന അവസരമാണു നാടകം. ഓരോ തവണയും ഓരോ നാടകവും അവതരിപ്പിക്കുമ്പോൾ അതിന്റെ പുതിയ അർഥതലമാണു മനസിലാകുന്നത്. എ വോക്ക് ഇൻ ദ് വുഡ്സ് എന്ന നാടകം തന്നെയെടുക്കുക. ഇരുന്നൂറിലേറെ വേദികളിൽ ഇത് അവതരിപ്പിച്ചിട്ടുണ്ട്. ഓരോ തവണയും ആളുകൾ കയ്യടിക്കുമ്പോൾ, നന്നായിട്ടുണ്ടെന്ന് അഭിനന്ദിക്കുമ്പോൾ സന്തോഷം തോന്നും. പക്ഷേ, അതിലും വലുത് ഓരോ തവണ പ്ലേ ചെയ്യുമ്പോഴും ആ രചനയ്ക്കു കിട്ടുന്ന പുതിയ അർഥതലങ്ങളാണ്. മറ്റൊരു കാര്യം ഓരോ നാടകവും ചില വിഷയങ്ങളിലുള്ള നമ്മുടെ പ്രതിരോധവും അഭിപ്രായവുമാണെന്നതാണ്. പല വിഷയങ്ങളിലെയും നമ്മുടെ ചിന്തകളാണു നാടകമായി എത്തുക.

സിനിമയുടെ തലം ചെറുത്

സിനിമയിൽ ക്യാമറയോടെയാണു ആശയവിനിമയം നടത്തുന്നത്. അഭിനയിച്ചതിന്റെ ബാക്കി ക്യാമറയിൽ നിന്നു മനസിലാക്കാൻ സാധിക്കില്ല. എന്നാൽ, നാടകത്തിൽ അങ്ങനെയല്ല. തൊട്ടുമുന്നിലിരിക്കുന്നയാളുടെ മുഖത്തുണ്ട് എന്താണു നമ്മൾ അഭിനയിക്കുന്നതെന്ന്. അയാൾ അതെങ്ങനെ സ്വീകരിക്കുന്നുവെന്ന്. നാടകത്തിൽ കൂടുതൽ സാങ്കേതിക വിദ്യ കടന്നുവരുന്നതിനോടും അഭിപ്രായമില്ല. സിനിമയിൽ നല്ല രചനകൾ വളരെക്കുറച്ചാണുണ്ടാകുന്നത്. ലോക സാഹിത്യത്തിൽ നിന്നു സിനിമയിലേക്കു കഥകൾ സ്വീകരിക്കപ്പെടുന്നതും കുറവ്.

അപ്പോൾ സിനിമയിൽ അഭിനയിക്കുന്നതെന്തിനെന്ന ചോദ്യത്തിനു പൊട്ടിച്ചിരിയോടെ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: ‘കാശുണ്ടാക്കാൻ’

പുതുതലമുറയിൽ നല്ല കാഴ്ചകൾ

പുതിയ തലമുറയിൽ നിന്ന് ഒട്ടേറെ നല്ല സംവിധായകർ വരുന്നുണ്ട്. മസാൻ, കോർട്ട്, ഹൈവേ എന്നിവയെല്ലാം മികച്ച സിനിമകളാണ്. നല്ല സംവിധായകർ പലരും കടന്നുവരുന്നുണ്ടെങ്കിലും പിന്നീട് ഇവരെല്ലാം വാണിജ്യപാതയുടെ ഭാഗമാവുന്നു. സിനിമയുടെ വെല്ലുവിളി ഇതിനെ അതിജീവിക്കുകയാണ്.

മാതാപിതാക്കളുടെ കുരുക്ക്

കുട്ടികൾക്കു വേണ്ടി പല നാടകങ്ങളും ചെയ്തിട്ടുണ്ട്. പക്ഷേ, ഇതൊന്നും കാണാൻ കുട്ടികൾ വരുന്നില്ല. അതുകൊണ്ടു നാടകം കാണാനെത്തുന്ന മുതിർന്നവരെ കുട്ടികളായി ട്രീറ്റ് ചെയ്യുന്നു. മാതാപിതാക്കളുടെ ചില ധാരണകളാണു കുട്ടികളെ ഇതിൽ നിന്ന് അകറ്റി നിർത്തുന്നത്. എന്നാൽ, പുതിയ തലമുറയിലെ ചെറുപ്പക്കാർക്കു തിയറ്റർ, നാടക രംഗത്തോട് ഇഷ്ടമുണ്ടെന്നതു വലിയ കാര്യമാണ്. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ പൊന്തൻമാടയിൽ നസറുദ്ദീൻ ഷാ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിൽ ഇഷ്ട നടനുണ്ടോ എന്നു ചോദ്യത്തിന് ഉത്തരം പെട്ടെന്നെത്തി: ‘മോഹൻലാൽ’. കേരളത്തെക്കുറിച്ചു ചോദിച്ചപ്പോൾ രത്ന പഥക്കാണു മറുപടി നൽകിയത് കേരളം ഞങ്ങൾക്കേറെ പ്രിയപ്പെട്ട സ്ഥലമാണ്.

വിവാഹം കഴിഞ്ഞ സമയത്തു കേരളം മുഴുവൻ യാത്ര ചെയ്തിരുന്നു. നസറുദ്ദീന്റെ സഹോദരനു കൊരട്ടിയിലായിരുന്നു ജോലി. യാത്രയ്ക്കിടയിൽ എപ്പോഴോ നെടുമുടി വേണു അഭിനയിച്ച ഒരു ചിത്രത്തിന്റെ പോസ്റ്റർ കണ്ടു. അദ്ദേഹത്തിന്റെ പേരിനോടുള്ള കൗതുകം കാരണം ആ സിനിമ കണ്ടു. എത്ര മനോഹരമായാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത്. മലയാളത്തിൽ നിന്ന് അവസാനം കണ്ടതു കുട്ടിസ്രാങ്കാണ്. പൊന്തൻമാടയ്ക്കു ശേഷം ജബ്ബാർ പട്ടേലിന്റെ സിനിമയ്ക്കു വേണ്ടി വർക്കലയിൽ എത്തിയിരുന്നു. ആ ചിത്രം റിലീസായിട്ടില്ല. മലയാളി അനൂപ് കുര്യൻ എന്ന സംവിധായകന്റെ വെയ്റ്റിങ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനു വേണ്ടി ആരുമറിയാതെ കൊച്ചിയിലെത്തിയ വിവരവും നസറുദ്ദീൻ ഷാ പങ്കുവച്ചു.

ജീവിതം നിറയെ സന്തോഷം

എനിക്കു ചെയ്യാൻ ഏറെ ഇഷ്ടമുള്ളതാണ് ഞാൻ ചെയ്യുന്നത്. അതുകൊണ്ടു ജീവിതത്തെക്കുറിച്ചു വളരെ സന്തോഷവാനാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ എന്റെ വഴി തിരഞ്ഞെടുക്കാൻ സാധിച്ചു. പുതിയ കാലത്തെ കുട്ടികളുടെ മുന്നിൽ തിരഞ്ഞെടുക്കാൻ ഒരുപാട് വഴികളുണ്ട്. പലരും കൺഫ്യൂഷനാകാനുള്ള കാരണവും ഇതു തന്നെ. രാജ്യത്തെ അസഹിഷ്ണുതയെക്കുറിച്ചുള്ള ചോദ്യത്തിനു അതൊന്നും കാര്യമായി ബാധിച്ചിട്ടില്ലെന്നായിരുന്നു നസറുദ്ദീൻ ഷായുടെ മറുപടി. എന്നാൽ, ഏതാനും ചില സംഭവങ്ങൾ ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനുപം ഖേറിനോടു ചോദിക്കൂവെന്ന രത്ന പഥക്കിന്റെ മറുപടിയിൽ പൊട്ടിച്ചിരിയോടെ അദ്ദേഹവും പങ്കുചേർന്നു.

Your Rating: