Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമയുണ്ട് ഇൗ മുഖം

സത്യൻ അന്തിക്കാടിന്റെ ‘പുതിയ തീരങ്ങളിൽ തിരകൾക്കൊപ്പം പൊങ്ങിയുയർന്ന ആ നായികാമുഖം കണ്ട് മലയാളസിനിമ ഒരു നിമിഷം അമ്പരന്നു-ഓർമയുണ്ടല്ലോ ഇൗ മുഖം...!! ഇതെവിടെ..? മറ്റാരെയോ പോലെ! ഓർമയുടെ പഴയ തിരകളിൽ നിന്ന് ഉയർന്നുവന്ന ക്ലാര.....തൂവാനത്തുമ്പിയായി പറന്നു പൊങ്ങിയ അവളുടെ അഴക്. അതിനു പുതിയ കാലത്തിന്റെ പേരായി നമിത പ്രമോദ്.

മേഘം പൂത്തിറങ്ങിയ, കടൽനീലിമയുടെ ചന്തമുള്ള സുമലതയുമായുള്ള സമാനതയാകാം മലയാളസിനിമയിൽ നമിതയുടെ വഴികൾ എളുപ്പമാക്കിയത്. ആത്മവിശ്വാസത്തിന്റെ ഉൗർജവുമായി വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ നമിത മുന്നേറി. ഓരോ നായകനൊപ്പവും ഓരോരോ വേഷങ്ങളും ഭാവങ്ങളുമായി നമിത വ്യത്യസ്തയായി. അഭിനയിച്ച സിനിമകൾ വിജയവും പരാജയവും മാറിമാറി രുചിച്ചെങ്കിലും നമിത എന്നും വിജയിയായി. മൂന്നു വർഷം, എട്ട് സിനിമകൾ— മലയാള സിനിമയിലെ ശ്രദ്ധേയ നായികയായി നമിത മാറിക്കഴിഞ്ഞു. ട്രാഫിക്കിൽ അഭിനയിക്കുമ്പോൾ തിരുവനന്തപുരം കാർമൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായിരുന്നു നമിത.വിനീത് ശ്രീനിവാസൻ നായകനായ ഓർമയുണ്ടോ ഈ മുഖം എന്ന ചിത്രത്തിലെത്തുമ്പോൾ കൊച്ചിക്കാരിയായിക്കഴിഞ്ഞു. എറണാകുളം സെന്റ് തെരേസാസിലെ ഒന്നാം വർഷ സോഷ്യോളജി വിദ്യാർഥിനി.

∙ സുമലതയെപ്പോലെ എന്നാദ്യം പറഞ്ഞതാരാണ് ?

പുതിയ തീരങ്ങളുടെ സെറ്റിൽ നെടുമുടി വേണുവങ്കിളാണ് എനിക്ക് സുമലതയുടെ ഛായയുണ്ടെന്ന് ആദ്യം പറഞ്ഞത്. ആ സിനിമ ചെയ്യുമ്പോൾ എനിക്ക് ഇതിലും വണ്ണമുണ്ടായിരുന്നു. കടപ്പുറത്തുനിന്നുള്ള നായിക. തൂവാനത്തുമ്പികളിലെ സുമലതയുമായി ചിലർ താരതമ്യപ്പെടുത്തിയത് അങ്ങനെയാണ്. സുമലതയെ ഇതുവരെ കണ്ടിട്ടില്ല. കാണണമെന്ന് ആഗ്രഹമുണ്ട്.

∙ പ്രായത്തെക്കാൾ പക്വതയുള്ള കഥാപാത്രങ്ങളാണു പലതും?

ട്രാഫിക് ചെയ്യുമ്പോൾ എന്റെ കൂട്ടുകാർ പറഞ്ഞത് ഒൻപതാം ക്ലാസുക്കാരിയെക്കാൾ വലിപ്പമുണ്ടെന്നായിരുന്നു. സൗണ്ട് തോമയിലെ ശ്രീലക്ഷ്മി, ലോ പോയിന്റിലെ മായ, വിക്രമാദിത്യനിലെ ദീപിക ഇവരെല്ലാം എന്റെ യഥാർഥ പ്രായത്തെക്കാൾ എത്രയോ ഉയരെ നിൽക്കുന്നവരാണ്. പുതിയ സിനിമയായ ഓർമയുണ്ടോ ഈ മുഖത്തിൽ ഞാൻ നിത്യ എന്ന സാൻഡ് ആർട്ടിസ്റ്റാണ്.

കാൻവാസിൽ മണൽ വിതറി ചിത്രമെഴുതുന്ന കലാരൂപമാണിത്. യൂട്യൂബിൽ മറ്റും ഇതിന്റെ വിഡിയോ കണ്ടിട്ടുണ്ടെന്നല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നു. ബാംഗ്ലൂരിൽനിന്നു സാൻഡ് ആർട്ടിസ്റ്റിന്റെ സഹായത്തോടെയാണ് രസകരമായ ഈ കഥാപാത്രംചെയ്തത്.

∙ സത്യൻ അന്തിക്കാടും ലാൽജോസും നൽകിയ ഉപദേശങ്ങൾ?

ജീവിതത്തിൽ എത്ര സിമ്പിളായിരിക്കണമെന്നു പഠിപ്പിച്ചതു സത്യൻ അങ്കിളാണ്. സമയനിഷ്ഠയാണ് എന്തിന്റെയും അടിസ്ഥാനമെന്നും അദ്ദേഹം പഠിപ്പിച്ചു. സത്യൻ അങ്കിളാണ് യഥാർഥ ഗുരു. ലാലു അങ്കിൾ സുഹൃത്തിനേപ്പോലെയാണ്. ഒരു കഥ പോലെഎല്ലാം പറഞ്ഞുതരും.

∙സിനിമയിൽ വന്നിട്ടുമൂന്നു വർഷം. നമിതയുടെ ജീവിതം എങ്ങനെ മാറി?

തിരുവനന്തപുരത്തു നിന്നു കൊച്ചിയിലേക്കു താമസം മാറ്റി. എത്ര ഉയരങ്ങളിൽ എത്തിയാലും അഹങ്കരിക്കരുതെന്നാണ് അച്ഛൻ പഠിപ്പിച്ചിരിക്കുന്നത്. ഉയരങ്ങൾ കണ്ടു ഭ്രമിക്കില്ല. മൂന്നു സിനിമകൾ അടുപ്പിച്ചു വന്നതിനാൽ കോളജിൽ ഹാജർ പ്രശ്നമുണ്ട്. പ്ലസ് ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ് ഉണ്ടായിരുന്നു. സിനിമയ്ക്കിടയിൽത്തന്നെയാണു പ്ലസ്ടു പരീക്ഷ വന്നത്. ആരോഗ്യമന്ത്രി വി.എസ്. ശിവകുമാർ അങ്കിളിന്റെ മകൾ ഗൗരിയുടെ നോട്ട്സ് വായിച്ചു പഠിച്ചതു കൊണ്ടാണു എ പ്ലസ് കിട്ടിയത്.

∙പരസ്യങ്ങൾ?

കണ്ണൻ ദേവനു വേണ്ടി ഒരു പരസ്യം ചെയ്തു. ജ്വല്ലറികൾ ഉൾപ്പെടെ ഒട്ടേറെ ബ്രാൻഡുകളിൽനിന്ന് ഓഫർ വന്നിട്ടുണ്ട്. സിനിമയാണു പക്ഷേ പ്രധാനം. ഞാൻ ഡിസംബറിൽ അഭിനയം നിർത്തുകയാണെന്നു ഫെയ്സ്ബുക്കിലെ വ്യാജ പ്രോഫൈലുകളിൽ പോസ്റ്റുകൾ വന്നിരുന്നു. എനിക്ക് ഒരു പ്രൊഫൈൽ മാത്രമേയുള്ളൂ.