Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലവനാണ് ആ സെൽഫി എടുത്തത്!

prajith

രണ്ടു പതിറ്റാണ്ടിലേറെയായി ഈ കോഴഞ്ചേരിക്കാരൻ സിനിമയിൽ എത്തിയിട്ട്. അസിസ്റ്റൻറായും ചീഫ് അസോസിയേറ്റായും അറുപതോളം ചിത്രങ്ങൾ. കൂടെ പ്രവർത്തിച്ചവരിൽ തനിക്ക് മുന്നെയും പിന്നെയും വന്നവരൊക്കെ സ്വതന്ത്ര സംവിധായകരായപ്പോഴും അദ്ദേഹം ക്ഷമയോടെ കാത്തിരുന്നു. ഒരു വടക്കൻ സെൽഫിയെന്ന തന്റെ കന്നി ചിത്രം തിയറ്ററുകളിൽ ആഘോഷമായി മാറുമ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുമ്പോഴും അഹങ്കാരത്തിന്റെ ഒരു കണിക പോലുമില്ല, വാക്കുകളിൽ തികഞ്ഞ മിതത്വം, ടീം വർക്കിന്റെ വിജയം എന്നു പറഞ്ഞ് വിജയത്തിന്റെ ക്രെഡിറ്റിൽ നിന്ന് സ്വന്തം പേര് സ്വയം ചെറുതാക്കുന്നു.

മലയാളത്തിലെ യുവ സംവിധായകരും അണിയറപ്രവർത്തകരുമെല്ലാം സ്നേഹത്തോടെയും ബഹുമാനത്തോടെയും പ്രജിത്തേട്ടൻ എന്നു വിളിക്കുന്ന പ്രജിത്ത് ഗോപിനാഥ് ഒരു മാതൃകയാണ്. സിനിമ സ്വപ്നങ്ങളെ പിന്തുടരുന്ന യുവാക്കൾ കണ്ടു പഠിക്കേണ്ട മാതൃക. പ്രജിത്തിന്റെ വേറിട്ട സിനിമ വഴികളിലൂടെ...

സിനിമയിലേക്കുള്ള വഴി?
ഞാൻ എറണാകുളം സെൻറ് ആൽബർട്ട്സ് കോളജിലാണ് പഠിച്ചത്. ആൽബർട്ട്സിലെ പഠനകാലത്താണ് കൂടുതൽ സിനിമകൾ കാണാൻ തുടങ്ങിയത്. കോളജിനു മുന്നിലെ സരിത, സവിത, സംഗീത തിയറ്ററുകളിൽ വന്നിരുന്ന സിനിമകൾ മിക്കതും കാണുമായിരുന്നു. ഈ കാലത്ത് ഞാൻ താമസിച്ചിരുന്നത് തൃപ്പുണിത്തുറയിലാണ്. ക്യാമറമാൻ വിപിൻ മോഹൻ എന്റെ അയൽവാസിയായിരുന്നു. വിപിൻ മോഹനിലൂടെയും ക്യാമറമാൻ പി. സുകുമാറിലൂടെയുമാണ് ഞാൻ സിനിമയെ കൂടുതൽ അടുത്തറിയുന്നത്. ഇവർ ഇരുവരുമാണ് സിനിമയിലേക്ക് എനിക്ക് വഴിയൊരുക്കി തരുന്നതും.(വിപിൻ മോഹന്റെ മകൾ മഞ്ജിമയാണ് വടക്കൻ സെൽഫിയിലെ നായിക, നായികയുടെ പിതാവിന്റെ വേഷം ചെയ്തിരിക്കുന്നത് പി. സുകുമാറാണ്)

1994ൽ അസിസ്റ്റൻറ് ഡയറക്ടർ, 2000ത്തിൽ ചീഫ് അസോസിയേറ്റ് ഡയറക്ടർ, സ്വതന്ത്ര സംവിധായകനാകുന്നത് 2015ൽ... വൈകിപ്പോയെന്നു തോന്നുന്നുണ്ടോ?
ഒരിക്കലും ഇല്ല. എന്നെ സംബന്ധിച്ചിടത്തോളം 1994 മുതൽ ചെയ്യുന്ന ഓരോ വർക്കും ഞാൻ വളരെ ആസ്വദിച്ചാണ് ചെയ്തത്. എന്നോട് വളരെ അടുപ്പമുള്ള ആളുകളുടെ സിനിമയിലാണ് ?ഞാൻ കൂടുതൽ പ്രവർത്തിച്ചതും. ഒരുപാട് സംവിധായകർക്കൊപ്പം വ്യത്യസ്ത സിനിമകളിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചു. സംവിധായകൻ, സഹസംവിധായകൻ എന്നൊരു വേർതിരിവ് എന്നെ സംബന്ധിച്ചിടത്തോളം ഇല്ല. നമ്മൾ ചെയ്യുന്ന ജോലി ആത്മാർഥമായും ആസ്വദിച്ചും ചെയ്യുക എന്നതാണ് എന്റെ പോളിസി.ഒരുപാട് നല്ല ബന്ധങ്ങൾ, സൗഹൃദങ്ങൾ ലഭിച്ചു. എനിക്ക് നിരാശയും പരിഭവങ്ങളും ഇല്ല, ഞാൻ ഹാപ്പിയാണ്. എബ്രിഡ് ഷൈൻ, ജൂഡ് ആന്റണി ജോസഫ്, വിനീത് ശ്രീനിവാസൻ, സലാം ബാപ്പു, രഞ്ചിത്ത് ശങ്കർ ഇവരോടൊക്കെ സഹോദരതുല്യമായ സ്നേഹമുണ്ട്.

സഹസംവിധായകനായി പ്രവർത്തിച്ച സിനിമയിൽ ഏറ്റവും പ്രിയപ്പെട്ടവ?
എബ്രിഡ് ഷൈനിന്റെ 1983, ബാബു തിരുവല്ലയുടെ തനിയെ, രഞ്ജിത്ത് ശങ്കറിന്റെ പാസഞ്ചർ ഈ ചിത്രങ്ങളെല്ലാം വളരെ ആസ്വദിച്ചു ചെയ്തവയാണ്.

വടക്കൻ സെൽഫി സംഭവിക്കുന്നത് എങ്ങനെയാണ്?
വിനീത് ശ്രീനിവാസനും വിനോദ് ഷൊർണ്ണൂറും (നിർമ്മാതാവ്) മുൻകൈയ്യെടുത്തതുകൊണ്ടാണ് വടക്കൻ സെൽഫി സാധ്യമായത്. ഇരുവരും വളരെ അടുപ്പമുള്ളവരാണ്. സിനിമയ്ക്കു വേണ്ടി പല സബ്ജക്റ്റുകളും ചർച്ച ചെയ്തിരുന്നു. അവസാനം ആ ചർച്ചകൾ സെൽഫിയിൽ എത്തി നിന്നു. ഇപ്പോഴത്തെ യുവാക്കളുടെ ഇഷ്ടങ്ങളും പ്രശ്നങ്ങളുമൊക്കെ ഹ്യൂമറസായി അവതരിപ്പിക്കാനാണ് ആദ്യം മുതൽ ശ്രമിച്ചത്. ജീവിതത്തെ അലസമായി കാണുന്ന ഇപ്പോഴത്തെ യുവാക്കൾ എങ്ങനെയാണ് ഒരു പ്രതികൂല സാഹചര്യത്തെ നേരിടുക, അത് എങ്ങനെ അവരുടെ വ്യക്തിത്വത്തെ സ്വാധീനിക്കും ഇതൊക്കെയാണ് സിനിമയിലൂടെ ചർച്ച ചെയ്യാൻ ശ്രമിച്ചതും. പല യുവാക്കൾക്കും അവരുടെ ജീവിതവുമായി സിനിമയെ റിലേറ്റ് ചെയ്യാൻ കഴിയുന്നുണ്ടെന്നാണ് പ്രതികരണങ്ങളിൽ നിന്ന് ഞാൻ മനസ്സിലാക്കുന്നത്.

ചിത്രത്തിന്റെ മേക്കിങ്ങിലും ചിത്രത്തിനു ലഭിക്കുന്ന പ്രതികരണങ്ങളിലും ഹാപ്പിയാണോ?
മേക്കിങ്ങിൽ പൂർണ തൃപ്തിയുണ്ട്. എനിക്ക് ഇത് എന്റെ ആദ്യ ചിത്രമാണെന്ന തോന്നൽ ഒരിക്കലും ഉണ്ടായിരുന്നില്ല. ഷാൻ, വിനീത്, നിവിൻ, അജു അങ്ങനെ ചിത്രത്തിലുള്ളവർ എല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെയാണ്, ആ കെമിസ്ട്രി ചിത്രത്തിനു ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. ക്യാമറമാൻ ജോമൻ ടി. ജോൺ, കോസ്റ്റ്യും ഡിസൈനർ സമീറ സനീഷ്, ആർട്ട് ഡയറക്ടർ അജയ് മങ്ങാട്, എഡിറ്റർ രഞ്ജൻ എബ്രഹാം എന്നിവരുടെ പേരുകൾ പ്രത്യേകം പരാമർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പടം റിലിസ് ചെയ്യുന്നതിന്റെ തലേദിവസം മാത്രം അൽപം ടെൻഷനുണ്ടായിരുന്നു. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. ഒരുപാട് മേസേജുകളും ഫോൺകോളുകളും ലഭിക്കുന്നുണ്ട്. കെപിഎസി ലളിതയെ പോലുള്ളവർ നേരിട്ട് വിളിച്ച് നന്നായി എന്നു പറയുമ്പോൾ കൂടുതൽ സന്തോഷം.

‘എന്നെ തല്ലേണ്ടമ്മാവാ സോങ് മേക്കിങ് ഏറെ ശ്രദ്ധിക്കപ്പെട്ടല്ലോ?
അതിന്റെ എല്ലാ ക്രെഡിറ്റും ക്യാമറമാൻ ജോമൻ ടി. ജോണിനും വിനീത് ശ്രീനിവാസനും അവകാശപ്പെട്ടതാണ്. ആദ്യം ഈ ഗാനവും സാധാരണ രീതിയിൽ തന്നെയാണ് പ്ലാൻ ചെയ്തിരുന്നത്. കൈകോട്ടും സോങും ഇതും ഒരേ പാറ്റേണിൽ വേണ്ട എന്നു പിന്നീട് തീരുമാനിച്ചു. പുതിയൊരു ശൈലി പരീക്ഷിക്കാൻ പൂർണ പിന്തുണ നൽകിയത് ജോമോനും വിനീതുമാണ്.

പല തലമുറയിൽപ്പെട്ട സംവിധായകരുമായി പ്രവർത്തിച്ചിട്ടുണ്ടല്ലോ? ന്യൂജനറേഷൻ, ഓൾഡ് ജനറേഷൻ പദപ്രയോഗങ്ങളെപ്പറ്റിയുള്ള അഭിപ്രായം?
ന്യൂജനറേഷൻ എല്ലാ കാലത്തുമുണ്ട്. പത്മരാജനും കെ.ജി. ജോർജുമൊക്കെ അവരുടെ കാലത്തെ ന്യൂജനറേഷൻ സംവിധായകരാണെന്ന് പറയാം. അതുവരെ ആവർത്തിച്ചു വന്നിരുന്ന കഥപറച്ചിൽ ശൈലിയിൽ നിന്ന് വേറിട്ട് സഞ്ചരിച്ചവരാണ് അവർ. വ്യത്യാസം അന്ന് ആരും അതിനെ ന്യൂജനറേഷൻ എന്ന് പേരിട്ടു വിളിച്ചില്ല, ഇന്ന് അങ്ങനെ വിളിക്കുന്നു, അത്രമാത്രം.

താങ്കളും താങ്കളുടെ തലമുറയിൽപ്പെട്ടവരും സംവിധായകാരകാൻ 15ഉം 20ഉം വർഷം വരെ കാത്തിരിക്കേണ്ടി വന്നു പുതിയ തലമുറയിൽപ്പെട്ടവർക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാണല്ലോ?
ഒരു പരിധിവരെ സാങ്കേതികവിദ്യയിലുള്ള പുരോഗതി കാര്യങ്ങൾ എളുപ്പമാക്കുന്നുണ്ട്. എനിക്ക് തോന്നുന്നത് സിനിമയിൽ വരുന്നതിനു മുമ്പ് തന്നെ സിനിമയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ പുതിയ തലമുറക്ക് അവസരങ്ങളുണ്ട്. ഹ്രസ്വചിത്രങ്ങളിലൂടെ കൃത്യമായി ഗൃഹപാഠം ചെയ്യാനുള്ള അവസരവും അവർക്ക് ലഭിക്കുന്നുണ്ട്. ആത്യന്തികമായി അവരുടെ പ്രതിഭ കൊണ്ടു തന്നെയാണ് അവർ ഉയർന്നു വരുന്നത്. 1983 ഒരുക്കിയ എബ്രിഡ് ഷൈനും പാസഞ്ചർ ഒരുക്കിയ രഞ്ജിത്ത് ശങ്കറുമൊന്നും ആരെയും അസിസ്റ്റ് ചെയ്തവരോ, ഷോർട്ട് ഫിലിം എടുത്ത് നടന്നവരോ അല്ല. കഴിവ് തന്നെയാണ് മാനദണ്ഡം എന്ന് അവരുടെ സിനിമകൾ കാണുമ്പോൾ നമുക്ക് ബോധ്യമാകും.

പുതിയ സിനിമകൾ
ആലോചനകൾ നടക്കുന്നു. കൂടുതൽ നല്ല സിനിമകളുടെ ഭാഗമാകാനും ആസ്വദിച്ചു ജോലി ചെയ്യാനും ആഗ്രഹിക്കുന്നു. അടുത്ത സുഹൃത്തുകളുടെ സിനിമയിൽ ചീഫ് അസോസിയേറ്റായി ഇനിയും പ്രവർത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. തിരക്കഥ എഴുത്ത് എനിക്ക് പറ്റിയ പണിയല്ല എന്ന ഉത്തമ ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ നല്ല കഥകൾക്കു വേണ്ടി കാത്തിരിക്കുന്നു. വടക്കൻ സെൽഫിക്കു നൽകുന്ന പിന്തുണക്കു പ്രേക്ഷകരോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഒപ്പം ഇതൊരു ടീം വർക്കിന്റെ വിജയമാണെന്നു ഓർമപ്പെടുത്തുന്നു.