Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയന് ഒപ്പം പുതിയവർ

പ്രിയദര്‍ശന്‍

ഫോണിന്റെ മറുവശത്തെ ശബ്ദം പ്രിയദർശനു പരിചിതമായിരുന്നില്ല. അത് അൽഫോൻസ് പുത്രൻ ആയിരിക്കാനിടയില്ല എന്നുറപ്പായിരുന്നു തന്റെ പുതിയ സിനിമയുടെ രണ്ടുമിനിറ്റ് ട്രെയ്‌ലർ ചെയ്തുതരാൻ മലയാളത്തിലെ രണ്ടു വമ്പൻ ഹിറ്റുകളുടെ സംവിധായകൻ ഇങ്ങോട്ടു വിളിക്കാനിടയില്ലെന്നു തന്നെ പ്രിയൻ കരുതി. തൊട്ടടുത്ത നിമിഷം ഫോണിൽ മെസേജ് വന്നു. താൻ അൽഫോൻസ് പുത്രൻതന്നെയാണെന്നും ട്രെയ്‌ലർ തയാറാക്കാൻ അനുവദിക്കണമെന്നും പറയുന്ന മെസേജ്. പ്രിയൻ തിരിച്ചു വിളിച്ചു. അൽഫോൻസ് പുത്രൻ വന്നു. അങ്ങനെ ഒപ്പത്തിന്റെ രണ്ടു മിനിറ്റുള്ള ട്രെയ്‌ലർ അൽഫോൻസ് പുത്രൻ ഒരുക്കി.

പുതിയ തലമുറ എന്നെ ഇഷ്ടപ്പെടുന്നു. ഓർമിക്കുന്നു എന്നതു തന്നെ ബഹുമതിയാണ്. അവരുടെ സിനിമാലോകവും ശരിക്കുള്ള ലോകവുമൊന്നും എനിക്കു പരിചിതമായവയല്ല. എന്നെ അമ്പരിപ്പിച്ച സിനിമകളാണ് അൽഫോൻസ് പുത്രൻ ചെയ്തത്. ആ സംവിധായകൻ എന്റെ സിനിമയുടെ ട്രെയ്‌ലർ തയാറാക്കിയെന്ന് പുതിയ തലമുറ എനിക്കു തരുന്ന സമ്മാനമായി കരുതുന്നു. ഒപ്പം എന്ന സിനിമയുടെ എല്ലാ വിഭാഗത്തിലുമുള്ളതു പുതിയ തലമുറയാണ്. പലർക്കും ഇത് ആദ്യ അവസരമാണ്. അവരിൽ പലരും കിലുക്കം പോലുള്ള സിനിമകളുടെ സീനുകൾ വരെ ക്രമത്തിൽ മനസിലിട്ടു നടക്കുന്നു. അവരുടെ കൂടെ സിനിമ എടുക്കാനായി എന്നതു കാലം കാത്തുവച്ച സമ്മാനം തന്നെ-പ്രിയൻ പറയുന്നു.

നാലാം തലമുറയിലെ റോൺ

മായ എന്ന തമിഴ് സിനിമ കണ്ടു പലരും പേടിച്ചതിന്റെ കാരണക്കാരിൽ ഒരാളാണു റോൺ. മായയുടെ പിന്നണി ശബ്ദം സൃഷ്ടിച്ചതു റോൺ ആണ്. നാലു തലമുറയായി റോണിന്റെ കുടുംബം സംഗീതവാദ്യക്കാരാണ്. പിയാനിസ്റ്റായ റോൺ ലണ്ടൻ ട്രിനിറ്റി കോളജിൽ നിന്നാണു പഠനം പൂർത്തിയാക്കിയത്. അത്ഭുതമായിരുന്നു. പ്രിയൻസാറിനെ ദുരെനിന്നു കണ്ട പരിചയമേ ഉള്ളൂ. ഷൂട്ട് ചെയ്ത ഭാഗങ്ങൾ കണ്ടപ്പോൾ മനസിലായി മുന്നിലുള്ളതു വലിയ വഴിയാണെന്ന്. മോഹൻലാലിനെപ്പോലൊരു നടൻ അന്ധനായി അഭിനയിക്കുന്നു. ആ കഥാപാത്രത്തെ നയിക്കേണ്ടത് എന്റെ പിന്നണി സംഗീതമാണ്. ആ കഥാപാത്രം ഉൾക്കണ്ണിൽ കാണുന്നതെല്ലാം ഞാൻ പിന്നണിയിലൂടെ കാണുന്നവരിലെത്തിക്കണം. ആദ്യം ചെയ്തതു വില്ലൻ കഥാപാത്രത്തിന്റെ തീം മ്യൂസിക് ആണ്. രണ്ടു മിനിറ്റോളം അതുകേട്ട പ്രിയൻസാർ ചിരിച്ചുകൊണ്ടു പുറത്തു തട്ടി. അതൊരു ധൈര്യമായിരുന്നു. കാഴ്ചയില്ലാത്ത ആൾക്കു ഭയമില്ല. എന്നാൽ കാണികളിൽ അതുണ്ടാക്കുകയും വേണം. ശബ്ദം കൊണ്ടു അതു ചെയ്യുകയായിരുന്നു ഏറെ പ്രയാസം.

ശബ്ദം തേടി പോകുന്നവർ

priyadarshan

ലോകത്തു എവിടെ ശബ്ദം കേട്ടാലും ഇവർ ശ്രദ്ധിക്കും. ആ ശബ്ദം ഉണ്ടാക്കുന്നത് എങ്ങനെയെന്നു വീട്ടിൽ പോയി പരിശീലിക്കും. തകരപ്പാട്ട ഉരുട്ടിയും കടലാസിൽ വെള്ളമൊഴിച്ചും മരങ്ങൾ കുലുക്കിയും അടുക്കളയിലെ സ്പൂണും പ്ലേറ്റുമെല്ലാം നീക്കിവച്ചും മിക്സി ഓൺ ചെയ്തുമെല്ലാം ഇവർ ശബ്ദം തേടിക്കൊണ്ടിരിക്കും. നടക്കുന്നതും വാതിലടയ്ക്കുന്നതും കാർ വരുന്നതും മഴ പെയ്യുന്നതും തുടങ്ങി മനുഷ്യ ശബ്ദമല്ലാത്ത ശബ്ദങ്ങളെല്ലാം പുനർസൃഷ്ടിക്കുന്നതു സൗണ്ട് ഡിസൈനർമാരാണ്.വിഷ്ണു ഗോവിന്ദും ശ്രീശങ്കറുമാണ് ഒപ്പം എന്ന സിനിമയുടെ ശബ്ദ സംവിധായകർ-സൗണ്ട് ഡിസൈനേഴ്സ്

പ്രേമം എന്ന സിനിമ കണ്ട പ്രിയദർശൻ ഫേയ്സ് ബുക്കിൽ എഴുതി  ഈ സിനിമയുടെ സൗണ്ട് ഡിസൈനർമാർ ചെയ്തതു മനോഹരമായ ജോലിയാണ് മലയാള സിനിമയിലെ പുതിയൊരു വാതിലാണ് അവർ തുറക്കുന്നത്. അതു വായിച്ച് അന്തംവിട്ടുപോയ വിഷ്ണു ഗോവിന്ദനെയും ശ്രീശങ്കറിനെയും മാസങ്ങൾക്കു ശേഷം പ്രിയൻ വിളിച്ചു. പ്രേമത്തിനുശേഷം ചാർലി, കലി തുടങ്ങിയ സിനിമയുടെ സൗണ്ട് ഡിസൈനിങ് ഇവരുടേതായിരുന്നു. രണ്ടു പേരും കിലുക്കമെന്ന സിനിമയെ പാഠപുസ്തകം പോലെ കരുതുന്നു.

പ്രേമം കാണുമ്പോൾ അതിലെ ശബ്ദം ഷൂട്ട് ചെയ്യുമ്പോൾ പുറത്തുവച്ചു റെക്കോർഡ് ചെയ്തതാണെന്നു തോന്നും. ആ ശബ്ദമെല്ലാം സ്റ്റുഡിയോവിലുണ്ടാക്കി ഈ രണ്ടുപേരും എന്നെ അത്ഭുതപ്പെടുത്തി. വർഷങ്ങൾക്കു മുൻപു ഞാൻ കിലുക്കത്തിൽ സൗണ്ട് ഡിസൈനറെ കൊണ്ടുവന്നപ്പോൾ പലരും നെറ്റി ചുളിച്ചു. വർഷങ്ങൾക്കു ശേഷം ഈ കുട്ടികളെ ഞാൻ കാണുന്നു-പ്രിയൻ പറഞ്ഞു.

mohanlal-priyadarshan

ഫോർ മ്യൂസിക്സ്

സംഗീതത്തിലൂടെ മാത്രം ജീവിക്കുമെന്ന സ്വപ്നവുമായി ജീവിച്ച നാല് യുവാക്കൾ. എല്ലാവരെയും പോലെ ആദ്യം ആൽബം ചെയ്തു. പിന്നീടു കുറെ വാതിലുകൾ മുട്ടി നോക്കി, അവസാനം നാലും നാലു വഴിക്കു പിരിയാൻ തീരുമാനിച്ചു. പക്ഷേ അവർ എന്നും ഒപ്പം തന്നെയായിരുന്നു. പ്രിയദർശൻ സിനിമ ചെയ്യുന്നുവെന്ന കേട്ടറിഞ്ഞ അവർ നാലുപേരും നിർമാതാവായ ആന്റണി പെരുമ്പാവൂരിനെ തേടി ചെല്ലുന്നു.

പ്രിയദർശനെ കാണാൻ വഴിയൊരുക്കിയത് ആന്റണി. ചെയ്ത പാട്ടുകളുടെ സിഡിയുമായി ചെന്നൈ ഫോർഫ്രെയിം സ്റ്റഡിയോവിന്റെ മുറ്റത്തു കാത്തുനിന്ന അവരോടു പ്രിയൻ അധിക സമയം ചെലവഴിച്ചില്ല. സിഡി മുഴുവൻ കേട്ടില്ല. പറഞ്ഞതിത്രമാത്രം-എന്റെ കൂടെയുള്ളവർ ഒരു സാഹചര്യം വിശദീകരിച്ചുതരും. അതിനു പാട്ടു ചിട്ടപ്പെടുത്തി വരിക.

ജിം ജേക്കബും വിബിമാത്യുവും എൽദോസ് ഏലിയാസും ജസ്റ്റിൻ ജയിംസും ചേർന്ന ഫോർ മ്യൂസിക്സ് എന്ന സംഘം സംഗീതവുമായി ഒരാഴ്ചയ്ക്കു ശേഷമെത്തി. പാട്ടുകേട്ട പ്രിയൻ കൈ നീട്ടി. നന്നായി ചെയ്തിട്ടുണ്ട്. ഈ പാട്ട് നമ്മൾ എടുക്കുന്നു. രണ്ടാമത്തെ പാട്ടു കേട്ടു കഴിഞ്ഞു പറഞ്ഞു ഇതും എടുക്കുന്നു. രണ്ടുപാട്ടുകൂടി വേണം. അങ്കമാലി ആഴകം മുക്കന്നൂർ പള്ളിയുടെ സംഗീത സംഘത്തിൽ കണ്ടുമുട്ടിയ നാലുപേർ സംഗീതത്തിലൂടെയാണു പിരിയാതെ ജീവിച്ചത്. ആ നാലുപേരും ഒപ്പം ചേർന്നുതന്നെ ഒപ്പത്തിനു സംഗീതമൊരുക്കിയിരിക്കുന്നു.

ആ തലമുറയുടെ കണ്ണികളും

സഹോദര തുല്യം സ്നേഹിച്ച രണ്ടുപേരുടെ മക്കൾ സംവിധാന സഹായിയായി എത്തുക. പ്രിയദർശൻ സിനിമാജീവിതം തുടങ്ങുമ്പോൾ നിഴലായി കൂടെനിന്ന സുരേഷ് കുമാറിന്റെ മകൾ രേവതി ഈ സിനിമയിലെ സഹ സംവിധായകയാണ്. മറ്റൊരാൾ ഐ വി ശശിയുടെ മകൻ അനി ഐ.വി ശശിയും . അനി നേരത്തെ പ്രിയന്റെകൂടെ വന്നതാണ്. ഹിന്ദി സിനിമയിൽ ജോലി ചെയ്തിരുന്ന രേവതി എത്തിയത് ഈ സിനിമയിലാണ് . രഞ്ജിത്തിന്റെ സംവിധാന സാഹായിയായിരുന്ന അർജുൻ ബാലകൃഷ്ണനും ഇത്തവണ പ്രിയനോടൊപ്പം ചേർന്നിട്ടുണ്ട്. എല്ലാം മക്കളുടെ പ്രായമുള്ളവർ. എം ജി രാധാകൃഷ്ണന്റെ മകൻ രാജാകൃഷ്ണനാണു പ്രിയദർശന്റെ സൗണ്ട് എൻജിനീയർ. രാജാകൃഷ്ണൻ എന്ന മൃദംഗവാദകനെ പ്രിയൻ കൈ പിടിച്ചു ചെന്നെയിലേക്കു കൊണ്ടുവന്നു. സൗണ്ട് എൻജിനീയർ ആക്കിയതാണ്. പൂച്ചയ്ക്കൊരു മൂക്കുത്തി എന്ന എന്റെ സിനിമ റിലീസ് ചെയ്തിട്ടു 32 വർഷമായി. കിലുക്കം റിലീസ് ചെയ്തു 25 വർഷമായി. ഈ സിനിമകൾ റിലീസ് ചെയ്യുമ്പോൾ ജനിക്കുകപോലും ചെയ്യാത്ത കുട്ടികൾ എന്റെ സിനിമ അവരെ സിനിമയിലേക്കു വരാൻ പ്രചോദിപ്പിച്ചിരുന്നു എന്നു പറയുമ്പോഴാണു വന്ന വഴികളിൽ ചെറിയ ചിത്രങ്ങളെങ്കിലും വരച്ചിടാൻ കഴിഞ്ഞുവെന്നു തോന്നുന്നത്-പ്രിയൻ പറയുന്നു.

Your Rating: