Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാഞ്ചനമാലയ്ക്കു പിന്നിൽ ഏഷണിക്കാരുടെ കൂട്ടം: വിമൽ

kanchanamala-vimal കാഞ്ചനമാല, ആർ എസ് വിമൽ

എന്നു നിന്റെ മൊയ്തീൻ എന്ന സിനിമ പ്രഖ്യാപിച്ചതു മുതൽ വിവാദങ്ങളും സിനിമയ്ക്ക് പിന്നാലെയുണ്ട്. സിനിമ ബോക്സോഫീൽ വിജയമാകുമ്പോഴും കാഞ്ചനമാലയും സിനിമയുടെ അണിയറപ്രവർത്തകരും തമ്മിലുള്ള ശീതയുദ്ധം തുടർന്നുകൊണ്ടിരിക്കുന്നു. കാഞ്ചനമാലയുടെ ആരോപണങ്ങൾക്കുള്ള മറുപടി എന്നു നിന്റെ മൊയ്തീൻ എന്ന സിനിമയാണെന്നു പറഞ്ഞ് മൗനം പാലിച്ച സംവിധായകൻ ആർ.എസ്.വിമൽ ആദ്യമായി കാഞ്ചനമാലയ്ക്ക് മറുപടി നൽകുന്നു.

മൊയ്തീനും കാഞ്ചനമാലയും തീയറ്ററിൽ ഹിറ്റാണ് എന്നാൽ യഥാർഥ കാഞ്ചനമാലയും സിനിമയുടെ അണിയറപ്രവർത്തകരും തമ്മിലുള്ള പ്രശ്നങ്ങൾ തീരുന്നില്ലല്ലോ?

ഞാൻ ഒരു കാര്യം തിരിച്ച് ചോദിച്ചോട്ടെ സിനിമ ഇറങ്ങുന്നതിനു മുമ്പും കാഞ്ചനമാലയും മൊയ്തീൻ സേവാസമിതിയും എല്ലാം അവിടെ തന്നെയുണ്ടായിരുന്നു. എന്നാൽ അവരെ നാലാൾ അറിഞ്ഞതും മുക്കത്തേക്ക് സഹായപ്രവാഹം ഒഴുകിയതുമെല്ലാം സിനിമ വന്നതിനുശേഷമാണ്. സിനിമയേയും എന്നെയും കിട്ടുന്ന അവസരങ്ങളിലെല്ലാം അവഹേളിക്കുകയും ചീത്തപറയുകയും ചെയ്തിട്ട് അവർ സിനിമയുടെ ഗുണഭോക്താവാകുന്നത് ഇരട്ടത്താപ്പാണ്.

നിങ്ങൾക്കറിയാമോ സിനിമ ഇറങ്ങിയ ശേഷം കാഞ്ചനമാലയെ കാണണണെങ്കിൽ ടോക്കൺ കൊടുക്കണം. അവർ സേവാസമിതിയിൽ പട്ടുസാരിയൊക്കെ ഉടുത്തിരിക്കും, കാണാൻ ചെല്ലുന്നവർ ടോക്കൺ എടുക്കുന്നതോടൊപ്പം സേവാസമിതിയ്ക്ക് വേണ്ടി സംഭാവനകളും നൽകും. ഇന്ന് കോഴിക്കോട്ട് എന്ത് സാംസ്കാരിക പരിപാടിയുണ്ടെങ്കിലും കാഞ്ചനമാല വേദിയിലുണ്ടാകും, മാധ്യമങ്ങളിൽ എന്തിനെയും ഏതിനെയുക്കുറിച്ച് അവർ അഭിപ്രായങ്ങൾ പറയും. ഇതൊക്കെ ഒരു സിനിമ നൽകിയ മൈലേജ് അല്ലേ. എന്നിട്ടും സിനിമയേയും എന്നെയേയും കിട്ടുന്ന വേദികളിലെല്ലാം അപമാനിക്കുക.

ഒന്നുങ്കിൽ അവർ ഈ അപമാനിക്കൽ നിർത്തണം അത് അല്ലെങ്കിൽ അവർ അവരുടെ നിലപാടിൽ ഉറച്ചുനിൽക്കണം. സിനിമ ഇറങ്ങുന്നതിന് മുമ്പ് പറഞ്ഞിരുന്നത് ഇത് എന്റെ കഥയല്ല എന്ന് അല്ലേ? ആ നിലപാട് തന്നെ തുടരണം. അവരുടെ കഥയല്ലെങ്കിൽ പിന്നെ എന്തിനാണ് മൊയ്തീൻ സേവാസമിതിയുടെ പേരിൽ മറ്റുള്ളവർ നൽകുന്ന സൗജന്യങ്ങൾ വാങ്ങുന്നത്. മൊയ്തീനോട് യഥാർഥ സ്നേഹമുണ്ടെങ്കിൽ കാഞ്ചനേട്ടത്തി ഈ സൗജന്യങ്ങൾ നിരസിക്കുകയാണ് ചെയ്യേണ്ടത്.

മൊയ്തീൻ സേവാസമിതിയുടെ പ്രവർത്തനങ്ങൾ നടക്കാൻ ആളുകളുടെ സഹായം ആവശ്യമല്ലേ?

എന്നു നിന്റെ മൊയ്തീൻ എന്ന സിനിമയ്ക്കു വേണ്ടും ആറു വർഷം എന്റെ കുടുംബത്തെപ്പോലും മറന്ന് മുക്കത്ത് കഴിഞ്ഞ ആളാണു ഞാൻ. അന്ന് കാഞ്ചനേട്ടത്തി തന്നെയാണ് അവരുടെ കോടികണക്കിനുള്ള സ്വത്തുകൾ എന്നെ കാണിച്ചു തന്നത്. സംശയമുണ്ടെങ്കിൽ നിങ്ങൾ മുക്കത്ത് പോയിനേരിട്ട് അന്വേഷിക്കും. മുക്കത്തെ വലിയ ജന്മികുടുംബത്തിലെ അംഗമാണ് കാഞ്ചനമാല. അവകാശികളില്ലാതെ ലക്ഷകണക്കിനല്ല കോടികണക്കിന് സ്വത്തുകളാണ് അവർക്കുള്ളത്.

അവരുടെ സ്വത്തില്‍ നിന്ന് പണമെടുത്ത് ഒരു മെഴുകുതിരി പോലും മൊയ്തീന് വേണ്ടി അവര്‍ കത്തിച്ചിട്ടില്ല. കാഞ്ചനമാലയുടെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ, എന്റെ സ്വത്തിൽ നിന്നെടുത്ത് ഉറപ്പായും സേവാസമിതിക്കായി ചെലവഴിച്ചേനേം. മൊയ്തീനെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന കാഞ്ചനേട്ടതി മൊയ്തീനോട് നീതി പുലർത്തേണ്ടത് ഇങ്ങനെയല്ലേ? ത്യാഗനിർഭരമായ ജീവിതം എന്ന് പറഞ്ഞതുകൊണ്ടു മാത്രം ആയില്ല, അത് പ്രവൃത്തിയിലും വേണം. കാഞ്ചനയ്ക്കും മൊയ്തീനും അവരുടെ പ്രണയത്തിനും വേണ്ടി ഞാന്‍ ത്യാഗം ചെയ്തു എന്ന് തന്നെയാണ് വിശ്വാസം. എന്റെ സിനിമ മുടക്കാന്‍ ശ്രമിച്ചപ്പോഴും ഇല്ലാതാക്കാന്‍ നോക്കിയപ്പോഴും എന്നെയും പ്രൊഡ്യൂസറേയും കണ്ണീരിലാഴ്ത്തിയിട്ടും അവരെ സിനിമയിലൂടെ വീണ്ടും വിശുദ്ധയാക്കുകയല്ലേ ഞങ്ങൾ ചെയ്തത്. ഇന്ന് കാഞ്ചനേട്ടത്തിക്ക് കിട്ടുന്ന ഈ സ്നേഹവും സഹതാപമുമൊക്കെ പാർവതി എന്ന അഭിനേത്രിയുടെ മികച്ച അഭിനയത്തിലൂടെ കിട്ടുന്നതാണ്. ഇത്തരം ജൽപ്പനങ്ങളിലൂടെ സിനിമയിലൂടെ ഞാൻ വിശുദ്ധയായി വളർത്തിയെടുത്ത കാഞ്ചനമാലയുടെ മുഖത്ത് കാറിതുപ്പുകയാണ് യഥാർഥ കാഞ്ചനമാല ചെയ്യുന്നത്.

എങ്ങനെയാണ് സംവിധായകനും കാഞ്ചനമാലയും തമ്മിൽ ഇത്ര ശത്രുക്കളാകുന്നത്?

ഇന്നും ഞാൻ വിശ്വസിക്കുന്നില്ല ഇതൊക്കെ കാഞ്ചനേട്ടത്തി തനിയെ ചെയ്യുന്നതും പറയുന്നതുമാണെന്ന്. അവരെ ഏഷണികൂട്ടാൻ കൂറെ ആളുകൾ കൂടെയുണ്ട്, അവരുടെ താൽപ്പര്യാർഥമാണ് കാഞ്ചനേട്ടത്തി ഇങ്ങനെ ചുടുചോറുവാരുന്നത്. തിരക്കഥാരചനയുടെ സമയത്തൊന്നും ഞങ്ങൾ തമ്മിൽ യാതൊരു പ്രശ്നവുമില്ലായിരുന്നു, സിനിമയോട് പൂർണ്ണയോജിപ്പ് തന്നെയായിരുന്നു. എന്നാൽ സിനിമ 90ശതമാനം പൂർത്തിയായി കഴിഞ്ഞപ്പോൾ എനിക്ക് ഒരു വക്കീൽ നോട്ടീസ് കിട്ടി. അഞ്ച് കോടി രൂപ ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്.

കാഞ്ചനേട്ടത്തിക്കൊപ്പം അവരുടെ കുടുംബാംഗങ്ങളെല്ലാം ഒപ്പിട്ട നോട്ടീസാണ്. അതിലൊരു സഹോദരിയുടെ ഒപ്പ് കളളയൊപ്പാണെന്നാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത്. പടം നിര്‍ത്തിവയ്ക്കണമെന്നാണ് അതിലെ ആവശ്യം. എന്റെ വീട് നെയ്യാറ്റിന്‍കരയായതിനാല്‍ പാറശാല,നെയ്യാറ്റന്‍കര,വഞ്ചിയൂര്‍ എന്നീ കോടതികളിലെല്ലാം ഉറക്കമൊഴിഞ്ഞ് ചെന്ന് കവിയറ്റ് ഫയല്‍ ചെയ്താണ് ഷൂട്ടിംഗ് തുടര്‍ന്നത്. ഇത് അറിഞ്ഞ് കാഞ്ചനേട്ടതി എനിക്കെതിരെ കോടതിയില്‍ നേരിട്ട് പോയി. സിനിമ അവരെയും വീട്ടുകാരെയും അവഹേളിക്കുന്നു എന്നവർ കോടതിയിൽ പറഞ്ഞു. പന്ത്രണ്ട് ദിവസത്തെ ഷൂട്ടിങ്ങ് മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.

അഞ്ച് കോടി നല്‍കിയാല്‍ മാത്രമേ സിനിമ വീണ്ടും ചിത്രീകരിക്കാനും പുറത്തിറക്കാനും അനുവദിക്കൂ എന്നായിരുന്നു അവരുടെ നിബന്ധന. പക്ഷേ കോടതിവിധി ഞങ്ങള്‍ അനുകൂലമായി. കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. കോടതി വിധി പ്രകാരമാണ് ചിത്രം പുറത്തിറക്കിയതും. ഇപ്പോള്‍ കാഞ്ചനേട്ടത്തി പൊതുവേദിയില്‍ പറയുന്നു കേസ് പിന്‍വലിക്കാമെന്ന്. എന്തിന് കേസ് പിന്‍വലിക്കണം? കോടതി തള്ളിയ കേസ് ഇനി ആരാണ് പിന്‍വലിക്കേണ്ടത്.

തിരക്കഥ വായിക്കാൻ കൊടുത്തില്ല എന്നൊരു ആരോപണവും ഉയർന്നിരുന്നല്ലോ?

ആ ആരോപണത്തിനെതിരെ റഷീദ്ക്ക (ബി.പി റഷീദ്) മാനനഷ്ടത്തിന് കേസ് കൊടുത്തിട്ടുണ്ട്. തിരക്കഥയിൽ കാഞ്ചനമാലയുടെ കുടുംബത്തെ അധിക്ഷേപിച്ചു എന്നുപറഞ്ഞാണ് അവർ പ്രശ്നമുണ്ടാക്കിയത്. സിനിമ ഒരു സ്വതന്ത്രമാധ്യമമാണ്. അവർ പറയുന്ന കാര്യങ്ങൾ മാത്രംചേർത്ത് ഒരു സിനിമ എടുക്കാൻ പറ്റില്ല, മൊയ്തീൻ-കാഞ്ചനമാല പ്രണയം മാത്രം വിഷയമാക്കിയെടുത്ത ഒരു സ്വതന്ത്രആവിഷ്ക്കാരമാണ് എന്റെ സിനിമ. മുക്കത്തു നിന്നും കാഞ്ചനമാലയിൽ നിന്നുമൊക്കെ ഞാൻ അറിഞ്ഞ വിവരങ്ങൾവെച്ച് ഞാൻ ഉണ്ടാക്കിയ പ്രണയബിംബങ്ങളാണ് സിനിമയിലെ മൊയ്തീനും കാഞ്ചനമാലയും. ‌

സിനിമ ഇറങ്ങിക്കഴിഞ്ഞപ്പോൾ ഈ ബിംബങ്ങൾക്ക് എത്രമാത്രം സ്വീകാര്യതയാണ് കിട്ടിയത്. പണ്ട് ആരുമറിയാതിരുന്ന കാഞ്ചനമാലയെത്തേടി എത്രപേരാണ് വന്നത്. ഇപ്പോൾ അവർ പറയുന്നു എന്റെ സഹോദരിമാർ സിനിമ കണ്ടു, അതിൽ കുഴപ്പങ്ങൾ ഒന്നുമില്ല എന്ന് അവർ പറഞ്ഞൂ എന്ന്. കോടതിയിൽ ജഡ്ജിയുടെ മുന്നിൽ നിന്ന സമയത്ത് ഞാൻ അവരോട് ആണയിട്ടു പറഞ്ഞതാണ് സിനിമ ഇറങ്ങുമ്പോൾ നോക്കിക്കോളൂ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് നിങ്ങളായിരിക്കുമെന്ന്. ഇപ്പോൾ അത് സത്യമായില്ലേ.

അവർ അവരുടെ കുടുംബത്തെക്കുറിച്ച് പറയുന്നതിന്റെ വീഡിയോ എന്റെ പക്കലുണ്ട്, അതെല്ലാം സിനിമയിൽ ചേർത്തിരുന്നെങ്കിൽ കാഞ്ചനമാലയുടെ കുടുംബം അപമാനഭാരം കൊണ്ട് ആത്മഹത്യചെയ്തനേം. അവരെയും കുടുംബത്തെയും നെഗറ്റീവായ് ബാധിക്കുന്ന എല്ലാ സംഗതികളും ഒഴിവാക്കിയാണ് സിനിമ ചെയ്തത്.

ഷൂട്ടിങ്ങ് നടക്കുന്ന സമയത്ത് ഓരോ ദിവസവും അവർ വിളിക്കും, ഓരോ ദിവസത്തെയും വിവരങ്ങൾ ചോദിക്കും. ഒരു ദിവസം കാഞ്ചനേട്ടത്തി ചോദിച്ചൂ ആരാ എന്റെ അച്ഛനായി അഭിനയിക്കുന്നത് എന്ന് ചോദിച്ചു. ഒരു പ്രമുഖമാധ്യമപ്രവർത്തകനും നടനുമായ താരമാണ് ആ റോളിലെന്ന് പറഞ്ഞപ്പോ ആ കോന്തനാണോ എന്റെ അച്ഛനായി അഭിനയിക്കുന്നത് എന്നായിരുന്നു പ്രതികരണം. എന്തുകൊണ്ടാണ് അവർ ഓരോ സമയത്തും ഓരോന്നു പറയുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല, പ്രായത്തിന്റെ പ്രശ്നമാകാം അതുമല്ലെങ്കിൽ ആരുടെയെങ്കിലും വാക്കുകൾകേട്ട് പ്രവർത്തിക്കുന്നതാവാം. ഏതായാലും അവർ സ്വയം വിലകളയുകയാണ്.

സിനിമയിൽ നിന്നും ലാഭമുണ്ടായിട്ടും അണിയറപ്രവർത്തകർ സേവാസമിതിക്ക് വേണ്ടി ഒന്നും ചെയ്തില്ല എന്നും ആരോപണമുണ്ടല്ലോ?

2013ല്‍ സിനിമ തുടങ്ങുന്നതിന് മുമ്പ് അഞ്ച് ലക്ഷം രൂപ ഞങ്ങള്‍ ബിപി മൊയ്തീന്‍ സേവാ മന്ദിറിന് നല്‍കിയിരുന്നു. ഇതൊന്നും ആരും അറിയേണ്ട എന്നുള്ളത് കൊണ്ടാണ് ഇതുവരെ മിണ്ടാതെയിരുന്നത്. ഇപ്പോഴത്തെ ആരോപണങ്ങളാണ് തുറന്നുപറയാന്‍ നിര്‍ബന്ധിതരാക്കുന്നത്. അജിത,മുക്കം ഭാസി എന്നിവരുടെ സാന്നിധ്യത്തിലാണ് ഈ തുക നല്‍കിയത്. രമേശ് നാരായണന്‍ മുഖേനയാണ് പണം നല്‍കിയത്. മൊയ്തീന്‍ സേവാ മന്ദിറിന്റെ പുതിയ കെട്ടിടത്തിന് വേണ്ടിയുള്ള മൊയ്തീന്‍ ടീമിന്റെ ആദ്യ സംഭാവനയുമായിരുന്നു അത്. സേവാമന്ദിരം ഞങ്ങള്‍ പണിത് കൊടുക്കാമെന്ന് തന്നെയാണ് അന്നും ഇന്നും പറയുന്നത്.

വഴക്കുകൾ പറഞ്ഞു തീർത്തുകൂടെ?

കാഞ്ചനേട്ടത്തിയുടെ വാക്കുകൾ എന്നെ വ്യക്തിപരമായി വേദനിപ്പിച്ചിട്ടുണ്ടെങ്കിലും ഞാൻ അവരെ ഒരു അമ്മയുടെ സ്ഥാനത്താണ് കാണുന്നത്. എന്നെ ഇത്രയും ക്രൂശിക്കാൻ മാത്രം ഞാൻ എന്തുതെറ്റാണ് ചെയ്തതെന്ന് പറയൂ. അവരെക്കുറിച്ചുള്ള ഒരു സിനിമ എടുത്തതോ. റീലിസിന്റെ സമയത്ത് കോഴിക്കോട് മുക്കത്ത് പോയപ്പോൾ ഞാൻ കാഞ്ചനേട്ടത്തിയെ കണ്ടില്ല, അതു സത്യമാണ് എന്നാൽ എനിക്കെതിരെ നിയമനടപടിയുമായി നീങ്ങവേ ഞാനെങ്ങിനെ അവരെ പോയി കാണും. എനിക്ക് ഒന്നേ പറയാനുള്ളൂ, സിനിമയിലൂടെ ജനങ്ങൾക്ക് കാഞ്ചനമാലയോട് ഒരു സ്നേഹം തോന്നിയിട്ടുണ്ട്. ഇത്തരം വിടുവായത്തരങ്ങൾ പറഞ്ഞ് ആ ഇഷ്ടം ഇല്ലാതാക്കരുത്.